കോഴിക്കോട്: വിവിധ ലോകരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം മുസ്‌ലിംകൾക്കെതിരായ അസത്യപ്രചാരണമാണെന്ന് ഭരണഘടനാ വിദഗ്ധനും നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ പറഞ്ഞു. നിർബന്ധിത മതപരിവർത്തനംവഴി ഇന്ത്യയിൽ മുസ് ലിംകൾ ഭൂരിപക്ഷമാകുമെന്നും ഭരണം പിടിച്ചടക്കുമെന്നും ചരിത്രപരമായി ഒരു അടിസ്ഥാനവുമില്ലാത്ത കളവാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബുക്പ്ലസ് പുറത്തിറക്കിയ ഇസ് ലാമോഫോബിയ പഠനങ്ങൾ സംവാദങ്ങൾ എന്ന പുസ്തകം കെ.പി കേശവമേനോൻ ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ടി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി. ഹിക്മത്തുള്ള പുസ്തകപരിചയം നടത്തി. ഫാദർ ജോസഫ് പുളിക്കൽ, പി. അംബിക, പുസ്തകത്തിൻ്റെ എഡിറ്റർ സുദേഷ് എം രഘു, ബാബുരാജ് ഭഗവതി, ശരീഫ് സാഗർ, കെ.അബൂബക്കർ, മൻഹർ യു.പി, ശാക്കിർ മണിയറ എന്നിവർ പ്രസംഗിച്ചു.