ദിയ നജീബ്
കൂബകൂ.co
“Never go on trips with anyone whom you do not love”
-Heming Way-
ഹെമിംഗ് വേയുടെ ഈ എഴുത്തിനെ തിരുത്തി എഴുതുന്നൊരു കഥാകാരി.ഇഷ്ടമില്ലാത്തവരുടെ കൂടെയുള്ള യാത്രകളെയും പ്രിയപ്പെട്ടവരാക്കുന്ന വഴികൾ.അവരിൽ അനുഭവിച്ച് കണ്ടറിയുന്ന മടുപ്പില്ലാത്ത ദിവസങ്ങൾ, ഓർമകൂട്ടിലേക്ക് സുകൃതം ചൊരിയാൻ പാകത്തിൽ വെളിച്ചം പടർത്തുന്ന പുതിയ ബന്ധങ്ങൾ.
ഓരോ യാത്രകളും പുതിയ കഥകൾക്ക് തുടക്കം കുറിക്കുന്നു. ഹെന്ന മെഹതാറിന്റെ ഏറെ പ്രസിദ്ധി നേടിയ കുബക്കു.കോ അത്തരമൊരു അനുഭവങ്ങളുടെ സഞ്ചാരമാണ്. ഏതൊരു വായനക്കാരനും അവളോടൊപ്പം ലോകം കണ്ട പ്രതീതി. പുതിയ മനുഷ്യരുടെ കൂട്ടു തെളിയിക്കുന്ന ലോകത്തിലെ ജീവിതങ്ങൾ, അവൾ അനുഭവിച്ചു കണ്ടു മറിഞ്ഞ മനുഷ്യത്വത്തിന്റെയും, സ്നേഹത്തിന്റെയും വ്യത്യസ്തമായ ഇടങ്ങൾ. മാസങ്ങളോളം ഓരോ സ്ഥലങ്ങളിലേയും രാവും പകലും തൊട്ടറിഞ്ഞ നിമിഷങ്ങൾ,സ്നേഹം ഒഴുക്കുന്ന മനുഷ്യരുടെ സംസാരങ്ങൾ, നിഷ്കളങ്കമായ ചിരികൾ, അവരിലെ വ്യത്യസ്തമായ സംസ്കാരങ്ങൾ.
‘പെണ്ണെഴുത്തി’ ന്റെ മൂന്നാം സെക്ഷനിലാണ് ഹെന്നത്തിനെ പരിചയപ്പെടുന്നത്.നീണ്ടുപോയ സംസാരങ്ങൾക്കൊടുവിൽ കൂബക്കുവിലേക്ക് ചോദിച്ചിറങ്ങി. കോളേജ് തുറന്ന പാടെയുള്ള ഒഴിവുസമയങ്ങളിൽ വായിച്ചുതീർത്തതാണ്.അതിലപ്പുറം കുബക്കുവിലൂടെയുള്ള യാത്രയിലായിരുന്നു
എന്ന് വേണം പറയാൻ.
കൂബകു (സ്ട്രീറ്റ് ബൈ സ്ട്രീറ്റ് )
കഥാകാരിയുടെ കൊറോണ പൂട്ടിട്ടു പോയ ലോക്ക് ഡൌൺ കാലത്തെയാണ് വിവരിക്കുന്നത്.
സാമൂഹിക -സാമുദായിക ചിത്രങ്ങളെ അനുഭവിച്ചറിഞ്ഞ ഹന്ന മെഹതാർ,ഒട്ടും പരിചയമില്ലാത്ത മനുഷ്യക്കൂട്ടങ്ങളെ സ്വന്തക്കാരായി മുദ്രകുത്തുന്നു.ജയ്പൂരും,രാജസ്ഥാനും,ഡൽഹിയും,കൊൽക്കത്തയും, ബംഗ്ലാദേശും തുടങ്ങി ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ അവസ്ഥകളുടെ അന്തരീക്ഷത്തിൽ നിന്നും കഥകൾ തുറക്കുന്നു.
‘ഒരു ഭാഗത്ത് പ്ലാസ്റ്റിക് അവർ കഴിച്ച് ചത്തു കിടക്കുന്ന പശുക്കളെയും കാളകളെയും ഒക്കെ കാണാം. എന്നാൽ “ഗോ-സംരക്ഷണം” എന്നപേരിൽ ആളുകളെ കൊല്ലുന്ന കാഴ്ചയാണ് അപ്പുറത്ത്.’
ഒരേ രാജ്യത്തെ രണ്ട് കാഴ്ചകൾ കണ്ട് കണ്ണുമിഴിച്ചു പോകുന്നു.
അനാസ്ഥകൾ മൂലം വഴിയാധാരമായി മരിച്ചു ജീവിക്കുന്ന പാവപ്പെട്ട ജനങ്ങൾ.സാമൂഹിക വ്യവസ്ഥകളെ അട്ടിമറിക്കുന്ന അനീതി വ്യക്തമാക്കി തരുന്ന ഭരണവാഴ്ചകൾ!
അതിലപ്പുറം ബന്ധങ്ങളുടെ കെട്ടുറപ്പുള്ള സാമുദായിക അന്തരീക്ഷം പിറക്കുന്ന ഹൃദയങ്ങൾ.എല്ലാത്തിലും അത്ഭുതം കൂറുന്ന കണ്ണുകൾ.സുന്ദരമായ വരികളിൽ എഴുത്തുകാരിയുടെ ഹൃദയമുണ്ട്.അതുകൊണ്ടായിരിക്കും വായനക്കാരിയുടെ ഹൃദയവും ഒരുപോലെ ലോകം കണ്ടത്.
” പ്രപഞ്ചം പോലെ വിസ്മയിപ്പിച്ച
ഒന്നാണ് മനുഷ്യന്റെ മനസ്സും
മനുഷ്യർ തമ്മിലെ ബന്ധങ്ങളും.”
ജീവിതത്തെ കുറിച്ച് ഒരിറ്റുപോലും പരാതിയില്ലാതെ സാധാരണക്കാരൻ ദിവസങ്ങൾ നീക്കുമ്പോഴും, അവരിലെ സന്തോഷങ്ങളിൽ, പ്രാർത്ഥനകളിൽ, മനസ്സുകളിൽ, ഹന്നയുടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറഞ്ഞ പുഞ്ചിരികൾ ബാക്കിയുണ്ടാകും.’അനുഭവങ്ങളുടെ വാക്കുകൾ വിതറുന്നൊരു പുസ്തകം’. വിശാലമായ ഭൂമിയിൽ ഏവരാലും ഓർക്കപ്പെടുന്നവളായി ഇനിയും ജീവിക്കുക.