പരിമിതികൾ അവസാനമല്ല, അവസരമാണ്

3 MINUTES READ

കാഴ്ചകൾ മനുഷ്യന് പരിധിയും പരിമിതിയും സൃഷ്ടിക്കാറുണ്ട്. പണ്ടൊരു രാജാവിന്റെ മകൾക്ക് മാറാരോഗം പിടിപ്പെട്ടപ്പോൾ ചികിത്സിച്ചു ഭേദമാക്കുന്നവർക്ക് ആകർഷണീയമായ സമ്മാനം രാജാവ്  പ്രഖ്യാപിച്ചു. പേരുകേട്ട ധാരാളം വൈദ്യമാർ രോഗത്തിനു മുന്നില്‍ കൈമലർത്തി. ഒടുവില്‍, അറേബ്യയിൽ നിന്നെത്തിയൊരു മനുഷ്യൻ രാജകൊട്ടാരത്തിലെത്തി മകളുടെ അസുഖം ഭേദമാക്കി.

അതീവ സന്തോഷത്തോടെ രാജാവ് ആ മനുഷ്യനോട് ചോദിച്ചു, “നിങ്ങൾക്ക് ഞാൻ എന്താണ് സമ്മാനമായി നൽകേണ്ടത്? “എനിക്കും എന്റെ കൂടെയുള്ളവർക്കും താമസിക്കാൻ കുറച്ചു ഭൂമി മാത്രം നൽകിയാൽ മതി” എന്നായിരുന്നു മറുപടി.

രാജാവ് പറഞ്ഞു, “നിങ്ങൾക്ക് എത്ര ഭൂമി വേണമെങ്കിലും ഞാൻ തരാം. നിങ്ങൾക്ക് ‘ഏറുംപാടം’ വേണോ ‘കണ്ണുംപാടം’ വേണോ?” ചോദ്യം മനസ്സിലാവാതെ അമ്പരന്ന് നിന്ന അയാള്‍ക്ക് രാജാവ് വ്യക്തമാക്കിക്കൊടുത്തു, “ഒരു കല്ലുകൊണ്ട് എറിഞ്ഞാൽ എത്തുന്നിടംവരെയുള്ള ഭൂമി മതിയോ അതോ കണ്ണിന്റെ കാഴ്ചയിൽ അവസാനിക്കുന്നയത്രയും വേണോ..? എത്രയും തരാന്‍ ഞാന്‍ തയ്യാറാണ്…” മാന്യനായ ആ മനുഷ്യൻ സ്വീകരിച്ചത് ഏറുംപാടമായിരുന്നു.

നമ്മുടെ കാഴ്ചകൾക്ക് വിശാലമായ ലോകത്തെ കാണാം. അതിലെ നിറങ്ങൾ, രസങ്ങൾ, സന്തോഷം അങ്ങനെ എല്ലാം കാണാം, ആസ്വദിക്കാം. പക്ഷേ, നമ്മുടെ മിഴികൾക്കപ്പുറത്തുള്ള ചില കാഴ്ചകളുണ്ട്. ആ കാഴ്ചകൾ ഹൃദയം മരുഭൂമി പോലെ വിശാലമായവർക്ക് മാത്രം കാണാൻ സാധിക്കുന്നതാണ്. മിഴികൾക്കപ്പുറത്തെ കാഴ്ചകളിൽ, പരിമിതപ്പെട്ടു ജീവിക്കുന്നവരെ നമുക്കു കാണാം.

ഏതൊരു പരിമിതിയും മനുഷ്യനു മുന്നിലെ അവസാനമല്ല, മറിച്ച് അതൊരു അവസരമാണ്. ആ അവസരത്തെ കൃത്യമായി ഉപയോഗിക്കാൻ അറിയുന്നിടത്താണ് വിജയം. നേരെമറിച്ച് ഈ അവസരത്തെ അവകാശബോധത്തിന്റെ ചിറകിനു കീഴിൽമാത്രം ഒതുക്കിയാൽ എന്നും പരിഭവങ്ങൾ മാത്രം പറഞ്ഞു ജീവിക്കുന്ന ഒരാളായി മാത്രം മനുഷ്യന്‍ മാറും. ആരുടെയൊക്കെയോ സഹായത്തിനായി കാത്തിരിക്കും.

ജീവിതത്തിൽ 23 വയസ്സുവരെ എന്റെ ദൈവം എന്നെ ഡിസൈൻ ചെയ്തത് ഇരുകാലിൽ നടക്കാൻ പ്രാപ്തിയുള്ള, മലമൂത്ര വിസർജനം നിയന്ത്രണമുള്ള, സംസാരശേഷിയുള്ള, ആലോചനാശേഷിയുള്ള ഒരു മനുഷ്യനായിട്ടാണ്. ഒരു ബാംഗ്ലൂർ യാത്രാ മധ്യേ ഞങ്ങൾ സഞ്ചരിച്ച കാർ തകിടം മറിഞ്ഞ് എത്രയോ അടി താഴ്ചയിൽ പതിക്കുകയും കൂടെ ഇടവും വലവുമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ദൈവത്തിന്റെ പ്ലാനിംഗ് പ്രകാരം ഈ ലോകത്തുനിന്ന് യാത്ര പറഞ്ഞുപോവുകയും ചെയ്തു. പക്ഷേ, എന്റെ കാര്യത്തില്‍ എന്നെയൊരു വീല്‍ചെയറിലിരുത്താനായിരുന്നു ദൈവത്തിന്റെ പ്ലാന്‍.

ഏകദേശം എഴുപത് ശതമാനം തളർത്തി ബാക്കി മുപ്പതിൽ എന്റെ പൂര്‍ണത ഒരുക്കി അവന്‍. ഒരുപാട് സങ്കടപ്പെട്ടെങ്കിലും മനസ്സ് ഒന്നും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. പുതിയ പദ്ധതികൾ രൂപപ്പെടുത്തി, ആ മുപ്പതിലെ എഴുപത് ശതമാനത്തെ തിരിച്ചു പിടിക്കാനുള്ള കഠിനമായ പരിശ്രമങ്ങൾ ഞാനാരംഭിച്ചു. വീൽചെയറിലിരുന്നു അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങി. പതിയെ അക്ഷരങ്ങളെ കാണാൻ വേഗം കുളിയും ഒരുക്കവും കഴിഞ്ഞു സുന്ദരനായി ഒരുങ്ങി വരുന്ന ശീലമായി. ഒടുക്കം അക്ഷരങ്ങൾക്ക് തിരിച്ചും പ്രണയമായി. ഞങ്ങളിൽ ആർക്കാണ് ഏറ്റവും നല്ല പ്രണയമുള്ളതെന്ന് ഞങ്ങള്‍ മത്സരിച്ചു. ഈ പ്രണയം രണ്ട് പുസ്തകങ്ങളിലായി രേഖപ്പെടുത്തിയിടുകയും ചെയ്തു.

പതിയെ എന്നെ എഴുത്തുകാരൻ എന്ന പുതിയ ലേബലിൽ ഡിസൈൻ ചെയ്ത ദൈവം പുതിയ പദ്ധതികൾ ഓരോന്നായി എന്നിൽ ആവിഷ്കരിച്ചു. പത്രങ്ങൾ, ആനുകാലികങ്ങൾ, സോഷ്യൽ മീഡിയ, മാഗസിനുകൾ എന്റെ അക്ഷരങ്ങളെ തേടി വരാൻ തുടങ്ങി. അവർ എന്റെ അക്ഷരങ്ങൾക്കായി പേജുകൾ വരെ ഒഴിച്ചിട്ടു. എഴുത്തുകാരൻ എന്നതില്‍നിന്നും ദൈവം എന്ന വീണ്ടും അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു.

എന്റെ ജന്മദിനത്തിൽ ഒരു ഭാര്യയെ സമ്മാനിച്ച് ഭർത്താവ് എന്ന പുതിയ ഡിസൈനിലേക്ക് മാറ്റി. തുടർന്ന് ജോലി നൽകി മറ്റൊരു ലോകത്തേക്ക് പ്രവേശനം നൽകി. പദ്ധതികൾക്ക് പുതിയ രൂപരേഖ ദൈവം തയ്യാറാക്കി. ഞാൻ എന്റെ പരിശ്രമം മാത്രം തുടർന്നാൽ മതിയായിരുന്നു. ഒരുനാൾ എച്ച്.ആർ മാനേജരോട് “എന്നെ പെർമെനന്റ് സ്റ്റാഫ്‌ ആക്കുമോ?” എന്ന് ചോദിച്ചപ്പോൾ “നിങ്ങൾ ഒബ്സെർവഷനിലാണ്. നോക്കിയിട്ട് അറിയിക്കാം” എന്ന മറുപടി എന്നിലെ പരിശ്രമങ്ങൾക്ക് ആഴം കൂട്ടി. ഇന്ന് അതേ സ്ഥാപനത്തിൽ പന്ത്രണ്ട് വർഷം കഴിയുമ്പോൾ ഡിപ്പാർട്മെന്റ് മാനേജർ, രോഗികളുടെ പരാതികൾ സ്വീകരിച്ചു പരിഹരിക്കുന്ന വിഭാഗം സൂപ്പർവൈസർ, അതേ സ്ഥാപനത്തിലെ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് എന്നിവയായി എന്നെ ദൈവം മാറ്റി.

നിതാന്ത പരിശ്രമങ്ങൾക്കൊടുവില്‍ ഞാനൊരു ഡ്രൈവറായി, സ്വന്തമായി ഒരു വീട് വെക്കാൻ സാധിച്ചു. കൂടാതെ വായനയോടുള്ള പ്രണയം കൊണ്ടുനടന്നപ്പോൾ സൈക്കോളജിക്ക് പുറമേ പ്രൊഫഷണൽ ട്രൈനെറുമായി. ഹിപ്നോട്ടീസം, മെന്റലിസം, NLP, കുട്ടികളിലെ പഠന ക്രമമില്ലായ്മ മാനേജ് ചെയ്യല്‍, വാർധക്യകാല കൗൺസിലിംഗ് തുടങ്ങിയവയും സ്വായത്തമാക്കാനായി. നിലവിൽ അക്ഷരങ്ങളെ മൂന്നാമത്തെ ഒരു പുസ്തകത്തിലാക്കാനുള്ള ശ്രമത്തിലാണ്. ഇതെല്ലാം പറയുമ്പോഴും ഞാൻ തിരിച്ചറിയുന്ന ഏക സത്യം, ദൈവമാണ് ഏറ്റവും മികച്ച ഡിസൈനറും പ്ലാനറും എന്നതാണ്.

മനസ്സ് എന്ന വലിയ ശക്തിക്ക് കീഴ്പ്പെടുത്താനാവാത്ത ഒന്നുമില്ല. ഒരു കൊച്ചുകുഞ്ഞ് കാറിനടിയിൽ കുടുങ്ങുമ്പോള്‍ കുട്ടിയുടെ അമ്മ ഓടി വന്ന് കാർ ഉയർത്തി കുട്ടിയെ രക്ഷിക്കുന്നു. മനുഷ്യന്റെ ഉള്ളിൽ എന്തും ചെയ്യാൻ സാധിക്കുന്ന വലിയ ശക്തിയുള്ള മനസ്സുണ്ട്. അതുകൊണ്ടാണ് ഒരു അമ്മയുടെ കൈകളാല്‍ ഒരു കാറുയര്‍ത്താന്‍ സാധിക്കുന്നത്.

നമ്മുടെ മനസ്സിന് ഭയം, ആത്മവിശ്വാസക്കുറവ് എന്നിവ നൽകി പരിധിവെക്കുകയാണ് നമ്മള്‍തന്നെ. അതനുസരിച്ചു മനസ്സ് പ്രവർത്തിക്കുന്നു എന്നുമാത്രം. നമ്മൾ സ്വയം മാറാനൊരുങ്ങിയാൽ നമ്മുടെ ചുറ്റുപാടും നമുക്കനുസരിച്ചു മാറി തുടങ്ങും. അവിടെ മനുഷ്യന്റെ പരിമിതികൾ പുതിയ നേട്ടങ്ങളിലേക്കുള്ള അവസരങ്ങളായി മാറും.

Leave a Reply

Your email address will not be published. Required fields are marked *

അൻവർ കണ്ണീരി അമ്മിനിക്കാട്

കൗൺസിലിംഗ് സൈക്കോളജിസ്റ്റ്

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy