ജന്മം നൽകിയ ശേഷം ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാർ എം.ടി യുടെ കൃതികളിൽ സാധാരണമാണ് എന്നൊരു വിശേഷണം പലരും പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. കേരളത്തിൽ അക്കാലത്ത് നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും, മിശ്രവിവാഹത്തോട് അന്നും ഇന്നും സമൂഹം വച്ചുപുലർത്തുന്ന കഠിനമായ വിയോജിപ്പും അത്തരമൊരു സാമൂഹിക പരിതസ്ഥിതി നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളതായി കാണാം. ഈയൊരു പശ്ചാത്തലത്തിൽ ഹിന്ദുവായ ഗോപിയേയും, മുസ്‌ലിമായ ഫാത്തിമയേയും പ്രധാന കഥാപാത്രങ്ങളാക്കി എം.ടി വാസുദേവൻ നായർ എഴുതിയ കൃതിയാണ് ‘പാതിരാവും പകൽവെളിച്ചവും’. ജനസമ്മിതി നേടിയ ‘നാലുകെട്ട്, രണ്ടാമൂഴം’ തുടങ്ങിയ കൃതികളെയെല്ലാം അപേക്ഷിച്ച് അത്രമേൽ വായിക്കാപ്പെടാതെ പോയ എം.ടി യുടെ ആദ്യകാല രചനകളിലൊന്നാണിത്. നാട്ടിലെ പ്രമാണിയും, ഉന്നതജാതിയിൽപ്പെട്ടവനുമായ ഗോപിയുടെ അച്ഛന് ഗോപിയും, ഫാത്തിമയും തമ്മിലുള്ള ബന്ധം ഒട്ടും ദഹിക്കാതെ വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും, അതിനുംമീതെ ഇസ്‌ലാം മതത്തിൽപ്പെട്ടവളുമായ ഫാത്തിമയുമായി മകൻ ബന്ധം സ്ഥാപിച്ചത് തൻ്റെ പേരിനും, പ്രശസ്തിക്കുമേറ്റ കളങ്കമായാണ് അദ്ദേഹം കണ്ടത്. എന്തുവില കൊടുത്തും അതിനെ തടയാനായി മുന്നിട്ടിറങ്ങിയ അദ്ദേഹം ഗോപിയെ ആ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കുകയും, അവനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ച് നാടുകടത്തുകയും ചെയ്യുന്നു.
ഇതേസമയം ഗോപിയുടെ രക്തം ഫാത്തിമയുടെ വയറ്റിൽ ജീവൻ തുടിക്കാൻ തുടങ്ങിയിരുന്നു എന്നിടത്താണ് കഥ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നത്. ഫാത്തിമയറിയാതെ ഗോപി മറ്റൊരു വിവാഹം കഴിച്ച് നാടുവിടുന്ന സമയം ഗോപിയുടെ കുഞ്ഞ് ഫാത്തിമയിൽ ജന്മം കൊണ്ടിരുന്നു. കഥയിലെ പ്രധാന കഥാപാത്രം ഇവിടെ രൂപം കൊള്ളുന്നു ; ഫാത്തിമയുടെയും, ഗോപിയുടെയും ഒരേയൊരു മകൻ, മൊയ്തീൻ. അച്ഛനില്ലാതെയാണ് മൊയ്തീൻ വളരുന്നത്. കൂട്ടിന് ദാരിദ്ര്യവും, ആളുകളുടെ നോട്ടങ്ങളും ചോദ്യങ്ങളും, കൂട്ടിന് തന്ത ഉപേക്ഷിച്ചു പോയവനെന്ന പേരും. വാപ്പയില്ലാത്തതിൻ്റെ കുറവുകൾ മറച്ചുകൊണ്ട് മകനെ വളർത്താൻ ഫാത്തിമ അഹോരാത്രം ശ്രമിച്ചെങ്കിലും പിതാവിൻ്റെ ഉത്തരവാദിത്തത്തിലല്ലാതെ വളരുന്ന കുഞ്ഞുങ്ങളോട് സമൂഹം വച്ചുപുലർത്തുന്ന പക്ഷഭേദങ്ങളും, അവരെ അകറ്റിനിർത്തുന്നതും മൊയ്തീനിലും സാരമായി ബാധിക്കുന്നു. തൻ്റെ കണ്ണ് തുറയുന്നതിന് മുമ്പേ തന്നെയും, മാതാവിനെയും ഉപേക്ഷിച്ചുപോയ പിതാവിനോടുള്ള അമർഷം അങ്ങനെ ഓർമ്മവെച്ച നാൾ തൊട്ടേ മൊയ്തീനിൽ രൂപം കൊള്ളുന്നു. കഥാന്ത്യത്തിൽ, വർഷങ്ങൾക്കുശേഷം മകനെ ഒരുനോക്ക് കാണാനായെത്തുന്ന ഗോപിയോട് അത്രയും കാലം താനും, ഉമ്മയും അനുഭവിച്ച മുഴുവൻ യാതനകളുടെയും ബാക്കിപത്രമായ അമർഷത്തോടും, അരിശത്തോടും കൂടി മൊയ്തീൻ പെരുമാറുന്നു. ഗോപിയെ അവൻ വീട്ടിൽ നിന്നും ഇറക്കിവിടുന്നു.
ജാതിയും, മതവും മാറിയുള്ള വിവാഹങ്ങൾ അന്നും ഇന്നും ദുരഭിമാനമായി കാണുന്ന ജനതയാണ് ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്നത്. അതിൻ്റെ പേരിൽ നടന്ന അറുംകൊലകളെല്ലാം കണ്മുന്നിൽ കണ്ടവരാണ് നമ്മൾ. സ്നേഹത്തെക്കുറിച്ച് കവിത പാടാനറിയാം എന്നതൊഴിച്ച് അത് ജീവിതത്തിലേക്ക് പകർത്തുന്നതിൽ അമ്പേ പരാജയപ്പെട്ടവരാണ് നമ്മൾ. ഗോപിയുടെ അച്ഛൻ സമൂഹത്തിലെ ഓരോരുത്തരുടെയും പ്രതിഫലനമാണ്. ഇങ്ങനെ മറ്റുള്ളവരുടെ ജീവിതങ്ങൾക്ക് മേൽ നമ്മുടെ കടുംപിടുത്തങ്ങളിൽ ബലിനൽകേണ്ടി വരുന്നത് മൊയ്തീനെ പോലുള്ളവരുടെ ജീവിതമാണ്. അവന് നഷ്ടപ്പെട്ട, മനോഹരമായി കടന്നുപോകേണ്ടിയിരുന്ന ബാല്യം തിരിച്ചു നൽകാൻ ആർക്ക് കഴിയും? വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന ഗോപിക്ക് പോലും കഴിയുമോ എന്ന പ്രസക്തമായ ചോദ്യമാണ് ഈ കൃതിയിലൂടെ എം.ടി വായനക്കാർക്ക് മുന്നിൽ വെക്കുന്നത്.
മൊയ്തീനെ പോലെത്തന്നെ ഫാത്തിമയുടെ ജീവിതവും ചർച്ചക്ക് വിധേയമാക്കേണ്ടതാണ്. മൊയ്തീനെ ഓർത്തുക്കൊണ്ട് മാത്രം മറ്റൊരു ജീവിതം തെരഞ്ഞെടുക്കുന്നതിന് ഫാത്തിമ തയ്യാറാകുന്നില്ല. തൻ്റെ കൗമാര കാലഘട്ടത്തിൻ്റെ അവസാന നാളുകൾ ഗോപിക്ക് വേണ്ടിയും, തുടർ ജീവിതം മൊയ്തീന് വേണ്ടിയും അവൾ ഉഴിഞ്ഞുവെക്കുന്നു. തൻ്റെ ഇഷ്ടങ്ങൾ രണ്ട് പുരുഷന്മാർക്ക് മേൽ സമർപ്പിക്കേണ്ടി വന്ന ഒരു സ്ത്രീജന്മം. ഇനി, ഫാത്തിമ വേറെ കല്യാണത്തിന് മുതിർന്നാൽ തന്നെയും, അവളെ തന്റേടിയും, സ്വാർത്ഥയുമായ പെണ്ണായേ സമൂഹം കാണുകയുള്ളൂ എന്നിടത്താണ് സാമൂഹിക വഴക്കങ്ങളുടെ വിരോധാഭാസം നിലകൊള്ളുന്നത്. മൊയ്തീനെ ജീവിതത്തിൽ പലതവണ നാം കണ്ടുമുട്ടിയിട്ടുണ്ട്. ഓരോ ഗ്രാമത്തിലും നൂറുകണക്കിന് മൊയ്തീന്മാർ ഉണ്ട്. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന നായർ നാലുകെട്ടുകളിലും ഇതേ മൊയ്തീന്മാരെ നമുക്ക് കാണാൻ കഴിയും. അക്കാലത്തെ സാമൂഹിക വഴക്കങ്ങളും, അതിന് കുഞ്ഞുജീവനുകൾ വരെ നൽകേണ്ടി വന്ന വിലയും വ്യക്തമായി ആവിഷ്കരിക്കുന്ന മനോഹരമായ വായനാനുഭവം നൽകുന്ന പുസ്തകമാണ് എം.ടി വാസുദേവൻ നായരുടെ ‘പാതിരാവും പകൽവെളിച്ചവും’.