ഇവാൻ

5 MINUTES READ

നിശബ്ദതയിലേക്ക് കല്ലുവലിച്ചെറിഞ്ഞതുപോലെ എന്തോ ഒരു ശബ്ദംകേട്ടാണ് ഫാദർ ഫെദലിയർ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നത്. അസ്വസ്ഥതയോടെ ഫാദർ കിടക്കയിൽനിന്ന് പതിയെ എഴുന്നേറ്റിരുന്നു. മേശപ്പുറത്തിരുന്ന മെഴുകുതിരി കത്തിച്ചപ്പോൾ മഞ്ഞ നിറമുള്ള പ്രകാശം മുറിയിലെങ്ങും പരന്നുതുടങ്ങി.

പലകപ്പുറത്ത് ഭാരം വീഴുന്നതുപോലെ രണ്ടു തടിച്ച കാൽപാദങ്ങൾ പുറത്തെവിടെയോ പതിക്കുന്നുണ്ടായിരുന്നു. ആ വരവ് ഫാദർ അറിഞ്ഞു. പുറത്തുനിന്ന് ആരോ തൻ്റെ മുറിക്കുനേരെ ആഞ്ഞുനടക്കുകയാണല്ലോയെന്ന് അദ്ദേഹത്തിന് സംശയമുണ്ടായി.

വൃദ്ധമായ തൻ്റെ ദൃഷ്ടികൾക്കൊണ്ട് ഒരു ചിത്രംപോലെ മുറിയുടെ ചുമരിലേക്ക് ചാഞ്ഞുകിടക്കുന്ന നാഴികമണി ഫാദർ ഏന്തിനോക്കി.

സമയം രണ്ടു മണിയായിരുന്നു.

അർധരാത്രി പിന്നിട്ടു കഴിഞ്ഞ ഈ നേരത്ത് തൻ്റെ മുറിക്കുനേരെ നടന്നുവരുന്നത് ആരാവും? അദ്ദേഹം അത്ഭുതപ്പെട്ടു.

ബൂട്ടുകളുടെ കരച്ചിലായിരുന്നു അതെന്ന് ഫാദറിനു താമസിയാതെ മനസ്സിലായി. ആ ശബ്ദം തൻ്റെ മുറിയുടെ വാതിലിനു സമീപം വന്നുനിന്ന് കിതക്കുന്നതായും അദ്ദേഹത്തിനു തോന്നി. അദ്ദേഹം വാതിലിനു നേരെ നടന്നു.

വാതിലിനടുത്തെത്തിയതും ആരോ ശക്തിയായി അതിൽ മുട്ടി ത്തുടങ്ങി. തകരപ്പാട്ടപ്പുറത്തെ മഴപോലെ അത് ശബ്ദം വക്കുകയായിരുന്നു. ഓടാമ്പൽ നീക്കി ഫാദർ വാതിൽ മലർക്കെ തുറന്നു.

പുറത്ത് കട്ടപിടിച്ച ഇരുട്ടിൻ്റെ നടയിൽ പുരാതന പ്രതിമപോലെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അന്ധകാരത്തിൽ പൂഴ്ത്തിവച്ച ആ മുഖം ശരിക്കു കാണണമെന്ന ഉൽക്കടമായ ആഗ്രഹത്താൽ അദ്ദേഹം കയ്യിലിരുന്ന മെഴുകുതിരി പുറത്തേക്കു നീട്ടിപ്പിടിച്ചെങ്കിലും അപരിചിതൻ ഇരുട്ടിനുനേരെ മുഖം തിരിച്ചുകളയുകയാണ് ചെയ്തത്. മുഖത്തിൻ്റെ പകുതിഭാഗവും തൊപ്പിക്കുള്ളിലായിരുന്നു. എങ്കിലും ഇരുട്ടിനുള്ളിൽ വെള്ളാരങ്കല്ലുകൾപോലെ അയാളുടെ കണ്ണുകൾ തിളങ്ങിക്കൊണ്ടിരുന്നു.

ഇരുട്ടിലെ അപരിചിതനായ സന്ദർശകൻ ഫാദർ ഫെദലിയറെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. വെള്ള ളോഹയണിഞ്ഞ്, വെളുത്ത താടിയിൽ തടവി സ്നേഹത്തിൻ്റെ ഒരു പ്രതീകംപോലെ… ആ കണ്ണുകളിൽ സ്നേഹത്തിൻ്റെ നീർക്കയങ്ങൾ അയാൾ കണ്ടു.

‘ഫാദർ, എനിക്കു കുമ്പസരിക്കണം.’

അയാൾ നേരിയ ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു. വർഷങ്ങൾക്കുശേഷം തുരുമ്പിച്ച പുട്ടു തുറക്കുമ്പോഴുണ്ടാകുന്ന ഒരു ശബ്ദമായിരുന്നു അത്.

ഫാദർ അയാളെ ഒന്നാകമാനം നോക്കി. ശബ്ദംകൊണ്ട് ഒരറുപത് പ്രായം വരും. പക്ഷേ, കാഴ്‌ചയിൽ അതിൻ്റെ പകുതിപോലും തോന്നിച്ചിരുന്നില്ല.

അയാൾ വീണ്ടും ചിലമ്പിച്ച ശബ്ദമുപയോഗിച്ചു

‘എനിക്കു കുമ്പസരിക്കണം.’

ഫാദർ അത്ഭുതത്തോടെ അയാളെ നോക്കി. എന്താണിത്. ഈ അർധരാത്രി കഴിഞ്ഞ സമയത്ത് ഒരു മനുഷ്യൻ വന്ന് കുമ്പസരിക്കണമെന്നു പറയുന്നു. എന്നാൽ ഇരുട്ടിലേക്കു തുറിച്ചുള്ള ആ രണ്ടു വെള്ളാരംകല്ലുകൾ കണ്ടപ്പോൾ തന്നെ അദ്ദേഹം ഉള്ളിലുയർന്ന ചോദ്യങ്ങളമർത്തിവക്കാൻ നിർബന്ധിതനായി.

തിരിപിരിഞ്ഞു കത്തുന്ന മെഴുകുതിരി സ്റ്റാന്റും പിടിച്ച് ഫാദർ പ്രാർഥനാഹാളിലേക്കു പതിയെ നടന്നു. പിന്നിൽ നിശാചരനായ ഒരാത്മാവുപോലെ അപരിചിതനും.

കുമ്പസാരക്കൂട്ടിനുള്ളിൽ കയറിയിരുന്ന് ഫാദർ തെറ്റുകളെ കേൾക്കാൻ കാത്തുനിന്നു. അയാൾ കുമ്പസാരക്കൂട്ടിനു സമീപം മുട്ടുകുത്തി. പിന്നെ പുറംചട്ടകൾ നഷ്ടപ്പെട്ട ഒരു പഴയ വേദപുസ്തകത്തിലെ ഏടുകൾ പതിയെ മറിക്കുന്നതുപോലെ ഭവനഭേദനങ്ങളുടെയും കൊലപാതകങ്ങളുടെയും രക്തത്തിൽ ചുവന്നരാവുകളുടെ കഥകൾ പറഞ്ഞുതുടങ്ങി.

ചോരയിൽ കുളിച്ച ഓരോ രാത്രിയുടെയും കഥകൾ പുറത്തിടുമ്പോൾ ഫാദർ ‘ഓ ജീസസ്’ എന്ന് വിളിച്ചുകൊണ്ടിരുന്നു.

അത് ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രിയായിരുന്നു. എങ്കിലും, ആ രക്തപങ്കിലമായ കഥകൾ അവസാനിച്ചപ്പോഴേക്കും ഫാദർ ഫെദലിയർ വിയർപ്പിൽ മുങ്ങിയിരുന്നു.

ചലനശേഷി നഷ്ടപ്പെട്ടവനെപ്പോലെ അദ്ദേഹം കുമ്പസാരക്കൂട്ടിൽ തരിച്ചിരുന്നു. ഒടുവിൽ എങ്ങനെയൊക്കെയോ ശക്തി സംഭരിച്ച് അതിൽനിന്നും പുറത്തിറങ്ങി.

അപ്പോൾ നാഴിക മണി മുന്നടിച്ചു.

ഫാദർ പ്രാർഥനാഹാളിൽ മുട്ടുകുത്തിയിരുന്ന് കർത്താവിനോട് അയാളുടെ തെറ്റുകൾ പൊറുക്കുന്നതിന് അപേക്ഷിച്ചു.

പ്രാർഥനക്കുശേഷം അദ്ദേഹം തിരിച്ചുനടക്കാൻ ഭാവിക്കുകയായിരുന്നു.

‘ഫാദർ, എനിക്കു കുറച്ച് സംസാരിക്കാനുണ്ട്.’

ഒരു കൊച്ചുകുട്ടി കൊഞ്ചുന്നതു പോലെയായിരുന്നു ആ ശബ്ദം.

അയാൾ ക്രുദ്ധനാവുകയോ മറ്റോ ചെയ്‌താലോ എന്ന് ഫാദർ ഭയന്നിരിക്കണം.

അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു.

പിന്നെ തന്നെ പിന്തുടർന്നു വരാൻ അയാൾക്കനുമതി നൽകി.

ഇയാൾ കുപ്രസിദ്ധ കുറ്റവാളി തന്നെയാണ്- ഫാദർ നടക്കുമ്പോൾ ചിന്തിക്കുകയായിരുന്നു.

തൻ്റെ ഉറക്കറയിലേക്കാണ് അദ്ദേഹം അയാളെ കൂട്ടിക്കൊണ്ട് പോയത്. മുറിയിൽ ചുമരിന് ചേർന്ന് നിർമിച്ച നെരിപ്പോടിൽ തീ
ദുർബലമാവുകയായിരുന്നു. കുറച്ചു വിറകുകളെടുത്ത് ഫാദർ നെരിപ്പോടിൽവച്ചു. ഇളകിയാടുന്ന തീ കഷണങ്ങൾ ഒരു നിമിഷം അയാളുടെ മുഖത്തിനു നേരെയും പാഞ്ഞുപോയി. പെട്ടെന്ന് ഭയപ്പെ ട്ടതുപോലെ അയാൾ പിന്നിലേക്കു മാറി.

കുറച്ചുസമയം നിശബ്ദനായതിനുശേഷം അയാൾ പറഞ്ഞുതുടങ്ങി- “അങ്ങേയ്ക്കറിയാമോ.’

‘ചെറുപ്പത്തിൽ ഉറുമ്പുകൂട്ടത്തിനു നേരെ കല്ലെടുത്തിടുകയോ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയോവരെ ഞാൻ ചെയ്തിട്ടില്ല. അങ്ങനെയൊക്കെ ചെയ്‌തിരുന്ന കുട്ടികളെ നോക്കി വലിയവർ പറയുമായിരന്നു. നീ വലിയ തെമ്മാടിയാകുമെന്ന്. പക്ഷേ, അങ്ങനെയൊന്നും ചെയ്യാത്ത ഈ ഞാൻ…’

അയാളുടെ കണ്ണുകളിൽ വെള്ളം പടർന്നുകിടക്കുന്നത് ഇളകിയാടുന്ന പ്രകാശകിരണങ്ങൾക്കിടയിലൂടെ ഫാദർ കണ്ടു.

അയാൾ തുടർന്നു.

‘ചെറുപ്പത്തിൽ തന്നെ എനിക്കു ബന്ധുക്കളെയൊക്കെ നഷ്ടമായി. ഒരു അനാഥാലയത്തിലായിരുന്നു പിന്നീടു വളർന്നത്. മുതിർന്നപ്പോൾ ഒരു ഹെൽത്ത് ഇൻസ്പെക്ടറാവാനായിരുന്നു ആഗ്രഹം. ദൈവം എന്തുകൊണ്ടോ എനിക്കതു നടത്തിത്തന്നില്ല. അതെ, അവിടം മുതലായിരുന്നു എൻ്റെ സ്വപ്‌നങ്ങൾ കരിഞ്ഞുതുടങ്ങിയത്.’

അയാൾ നിശബ്ദനായി.

പിന്നെ കുറെസമയത്തേക്ക് അയാൾ ശക്തിയായി നിശ്വസിക്കുന്നതു മാത്രമേ ഫാദർ ഫെദലിയറിനു കേൾക്കാൻ സാധിച്ചുള്ളൂ.

“അങ്ങേക്കറിയാമോ. ഒരു ശപിക്കപ്പെട്ട ജന്മമായിരുന്നു എന്റേത്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പരിശീലനകേന്ദ്രത്തിൽനിന്നും ഫീസടക്കാത്ത എന്നെയവർ പുറത്താക്കി. കേന്ദ്രത്തിൻ്റെ ഉടമയോട് ഞാൻ കെഞ്ചിപ്പറഞ്ഞുനോക്കി. അയാൾ ഒന്നിനും തയ്യാറല്ലായിരുന്നു.

ഫാദർ, സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരത്തിന് ക്ഷണികതയുടെ സ്ഥാനമേ ഉള്ളുവെന്ന് ഞാനപ്പോഴേ മനസ്സിലാക്കിയുള്ളൂ. നോക്കി നിൽക്കെ ആ ചില്ലുകൊട്ടാരം തകർന്നടിയുന്നത് ഞാൻ കണ്ടു. നിസ്സഹായനായി നോക്കിനിൽക്കാനല്ലാതെ എനിക്കെന്താവും? ആ കലഹത്തിലെപ്പോഴോ എൻ്റെ കൈകളിൽ പൂന്തോട്ടക്കാരൻ്റെ കത്രിക പ്രത്യക്ഷപ്പെട്ടു. ഞാൻ ആ കത്രിക പരിശീലനകേന്ദ്രം ഉടമയുടെ…
എൻ്റെ ദൈവമേ. എന്തു ശപിക്കപ്പെട്ട നിമിഷമായിരുന്നു അത്.’

അയാൾ ശ്വാസംമുട്ടിയവനെപ്പോലെ കിതക്കാൻ തുടങ്ങി.

‘എന്തുചെയ്യാം. അതോടെ ഞാൻ ഒരു ഭ്രാന്തിൻ്റെ വക്കിലെത്തിയിരുന്നു. പിന്നെയെന്തൊക്കെയാണ് നടന്നത്? കൊലപാതകങ്ങൾ, വീടുകവർച്ചകൾ…’

അയാൾ പറഞ്ഞുനിർത്തി. പിന്നെ ഇരുട്ടിലലയടിച്ചുയരുന്ന ചീവിടുകളുടെ സങ്കീർത്തനത്തിനായ് പുറത്തേക്ക് കാതോർത്തു.

ഫാദർ ഫെദലിയർ അത്ഭുതത്തിൻ്റെ ഒരു പ്രകാശനാളത്തിലായിരുന്നു. ‘ഈ മനുഷ്യൻ!’ ഫാദറിൽനിന്നും ഒരു നിശ്വാസമുയർന്നു.

ആകാംക്ഷയോടെ ഫാദർ ഫെദലിയറുടെ മുഖത്തേക്ക് അയാൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അയാളുടെ മുഖത്തുനോക്കി ഫാദർ അന്നേരം പതിയെ ഒന്നു പുഞ്ചിരിച്ചു. സ്നേഹത്തിൻ്റെ മഞ്ഞുപൊതിഞ്ഞ ഒരു പുൽക്കൊടി ഭാരം ഒരു ഹൃദയത്തിനു മീതെ വന്നുവീഴുന്നതുപോലെയായിരുന്നു അത്.

അയാൾ ഫാദറിൻ്റെ മുറിയിൽനിന്നും പുറത്തിറങ്ങി. പിന്നെ വേഗത്തിൽ ആ ദേവാലയത്തിനു പുറത്തേക്ക് കാലുകൾ വച്ചു.

പിന്തിരിഞ്ഞ് ഒന്നുകൂടെ സെൻ്റ് പീറ്റേഴ്‌സ്‌ബർഗിൻ്റെ പ്രാന്തപ്രദേശത്തുള്ള ദേവാലയത്തെ നോക്കി അയാൾ.

ചന്ദ്രികാർച്ചിതമായ ആ രാത്രി, ദിവാസ്വപ്‌നങ്ങൾ കണ്ടുകൊണ്ട് ദേവാലയം ഉറങ്ങിനിൽക്കുകയാണെന്ന് തോന്നിപ്പിച്ചു. ഇളംനിറത്തിൽ അങ്ങ് ദൂരെ സ്റ്റെപ്പുകൾ മുങ്ങിക്കിടന്നു. ദേവാലയത്തിൽനിന്നും നാഴികമണി ശബ്ദിക്കുന്നത് കേട്ടു.

അയാൾ പതുങ്ങിയ കാറ്റിനെപ്പോലെ തൻ്റെ കാലടികളെ ദേവാലയത്തിനടുത്തുള്ള ഒരു മതിൽക്കെട്ടിനുള്ളിലേക്കു നയിച്ചു.

അനേകം വേദനകൾ സഹിക്കുന്ന, ആത്മാവുകൾ വസിക്കുന്ന, ഒരു പഴയ സെമിത്തേരിയായിരുന്നു അത്.

അയാൾ സെമിത്തേരിയിലെ ഉയർന്ന കുരിശുകളെ വലംവച്ച് ഒടുവിൽ കാടുകൾ പടർന്നുപിടിച്ച മൺകൂനയുള്ള ഒരു കല്ലറക്കു സമീപമെത്തി. പിന്നെ ശർക്കരയിൽ അരിച്ചിറങ്ങുന്ന ഒരു ഉറുമ്പിനെപ്പോലെ ആ കല്ലറക്കുള്ളിലേക്ക് അരിച്ചിറങ്ങി.

ആ കല്ലറക്കു സമീപമുള്ള ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു;

ഇവാൻ ആന്ദ്രെവിച്ച്
ജനനം: 01-09-1836
മരണം: 07-10-1869.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച വാന്‍ഗോഗിന്റെ ചെവി എന്ന പുസ്തകത്തില്‍നിന്ന്)

Story Ivan by VH Nishad from the book Vangoginte Chevei

വാൻഗോഗിന്റെ ചെവി

വി.എച്ച് നിഷാദ്

‘രാമാ… ‘രമേശ് വിളിച്ചപ്പോൾ നിലീന പറഞ്ഞു. ‘എന്നോട് ചോദിച്ചില്ല. നിയ്യ് പിറന്നാൾ സമ്മാനമായി എന്തുതരണമെന്ന്. ഇതാ കേൾക്ക് ഇക്കുറി സമ്മാനമായി എനിക്കുവേണ്ടത് നിന്റെ ചെവിയാണ്. പപ്പടത്തിന് അരികവെട്ടിയതുപോലെ ക്രത്തില്ലാത്ത നിന്റെ മലബാർ ചെവി,  -വാൻഗോഗിന്റെ ചെവി വാൻഗോഗിയൻ ചിത്രപുസ്തകത്തിലെ ഒരു താളിൽ നിന്ന് മുറിഞ്ഞുവീഴുന്ന ചെവി. അതിന്റെ അരികിൽ പൊടിയുന്ന ചോരക്ക് ആസക്തിയുടെ ചൂടിനെക്കാൾ ജീവിതകൗതുകത്തിന്റെ കുളിർമയുള്ള പനിനീർ സ്പർശം അനുഭവിപ്പിക്കുന്ന കഥ. മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ച ‘വ്യാകരണം’, മാതൃഭൂമി വിഷുപ്പതിപ്പ് കഥാപുരസ്കാരം ലഭിച്ച ‘വാൻഗോഗിന്റെ ചെവി, എം.പി നാരായണപിള്ള ചെറുകഥാപുരസ്കാരം ലഭിച്ച ‘സീതാ… നീയേത് ഫ്ലാറ്റിലാണ് ?” തുടങ്ങി പതിനൊന്നു കഥകളുടെ സമാഹാരം.
വി.എച്ച് നിഷാദിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പരിഷ്കരിച്ച പതിപ്പ്.

വി.എച്ച് നിഷാദ്

എഴുത്തുകാരന്‍, അധ്യാപകന്‍
എഴുത്തുകാരന്‍, അധ്യാപകന്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy