ഒരു മോഹത്തിന്റെ കഥ

10 MINUTES READ

നിങ്ങൾക്കെൻ്റെ സലാം.

ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം. ഞാൻ ലഫ്റ്റനന്റ് കേണൽ അബൂഅയ്യാദ് അബൂദ്. ദഹീശ അഭയാർഥി ക്യാമ്പിൽനിന്ന് വരുന്നു. ദുർബാൻ ഗ്രാമത്തിലാണ് ജനിച്ചത്. അധിനിവേശക്കാർ ഞങ്ങളെ ഞങ്ങളുടെ വീടുകളിൽനിന്നും ഭൂമിയിൽനിന്നും തുരത്തിയോടിച്ച ശേഷം അതിൻ്റെ പേര് ബൈതുശംസ് എന്നാക്കി. എന്നുവച്ചാൽ സൂര്യൻ്റെ ഗൃഹമെന്ന് അർഥം. അവർ ഇസ്റാഈലികൾ ബൈതുശംസിലെയും ഞങ്ങളുടെ അടുത്തുള്ള ഗ്രാമങ്ങളിലെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ഒരു കല്ലുപോലും പൊക്കിനോക്കാതെ വിട്ടില്ല. അവർ പ്രദേശങ്ങളാകെ കിളച്ചുമറിച്ചു. മണ്ണെണ്ണ വിളക്കുകൾ പോലുള്ള വസ്തുക്കളും ശവപ്പെട്ടികളും മറ്റ് ഒട്ടനവധി വസ്തുക്കളും കണ്ടെടുക്കുന്നതിനും പ്രാചീനകാലത്ത ബൈതുശംസ് രാജ്ഞിയെ കൊണ്ടാടുന്നതിനും വേണ്ടിയായിരുന്നു അത്.

ജറുസലേം-ജഫ്ഫ തീവണ്ടി നിർത്തുന്ന ഒരു സ്റ്റേഷനാണ് ദുർബാൻ. അൽസറാർ താഴ്വ‌രയിലൂടെയാണത് കടന്നുപോവുക. ഒട്ടോമൻ റെയിൽവേയിൽ. ഇപ്പോഴും അങ്ങനെതന്നെ. ഉല്ലാസഭരിതരായ യാത്രക്കാർ, സുന്ദരമായ ഭൂപ്രകൃതി, അധിനിവേശക്കാർ തകർത്ത അറബ് വീടുകളുടെ അവശിഷ്ടങ്ങളിലും നശിപ്പിച്ച ശവകുടീരങ്ങളിലും അവർ വച്ചുപിടിപ്പിച്ച വനവൃക്ഷങ്ങളുള്ള കാട്ടുപ്രദേശങ്ങൾ എന്നിവ ആസ്വദിച്ച് നോക്കിയിരിക്കാം. പള്ളികളും ചത്വരങ്ങളും വയലുകളും എല്ലാം തുടച്ചുമാറ്റപ്പെട്ടു. അതെ, എല്ലാം അവർക്ക് തുടച്ചുമാറ്റാൻ സാധിക്കുമെന്ന് ആരാണ് വിശ്വസിക്കുക? പക്ഷേ, സംഭവിച്ചത് അതാണ്.

ഇപ്പോൾ ഞാനിതാ ഇവിടെ, നിങ്ങൾ മനസ്സിലാക്കിയതുപോലെ എൻ്റെ ഗ്രാമത്തെക്കുറിച്ച് സംസാരിക്കുകയല്ല. അതിലധികമായി, ഒരു പൊലീസുകാരൻ എന്താണ് കരഗതമാക്കേണ്ടതെന്ന് പറയുകയാണ്. ഞങ്ങൾ കഴിവിനും സാഹചര്യത്തിനും കുടിയേറ്റ സ്റ്റേറ്റിൻ്റെ പരിമിതികൾക്കും അകത്തു നിന്നുകൊണ്ട് ഞങ്ങൾക്കുവേണ്ടി ഒരു പൊലീസ് ഉപകരണം നിർമിക്കുകയാണ്.

ഈ പ്രഭാഷണത്തിൽ ഞാനെന്നെക്കുറിച്ച് പറയാം. ഞങ്ങളിൽ അധികം പേർക്കും പറയാനുള്ള അവസരം എപ്പോഴും ലഭിക്കാറില്ല. പറയുന്നത് മറ്റുള്ളവർ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അത് തകർക്കാനുള്ള അവസരമാണ് എനിക്കിപ്പോൾ കിട്ടിയിരിക്കുന്നത്, പൊലീസുകാരൻ്റെ അനുഭവം നേരിട്ട് കേൾക്കാനുള്ള അവസരം നിങ്ങൾക്കും.

ഞങ്ങൾ ക്യാമ്പിൽ കഴിഞ്ഞത് പരിതാപകരമായ സാഹചര്യത്തിലാണ്. അബ്ദുൽ വാഹിദ് അമ്മാറും ഒരു സംഘം പട്ടാളക്കാരുമൊത്ത് വാതിൽ ചവിട്ടിത്തുറക്കുമ്പോൾ എനിക്ക് പതിനാല് വയസ്സായിരുന്നു. അത് ജോർദാൻ്റെ കാലമായിരുന്നു. അവരെന്നെ ബത്ലഹേമിലെ മാങ്കർ ചത്വരത്തിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.

അവരെ പിന്തിരിപ്പിക്കാനും അറസ്റ്റ് ചെയ്യുവാനുള്ള കാരണം ചോദിച്ചറിയാനും എൻ്റെ ഉമ്മ നടത്തിയ അപേക്ഷകൾ വിജയം കണ്ടില്ല. അവരെന്നെ അറസ്റ്റ് ചെയ്‌തുകൊണ്ടുപോയി. എനിക്ക് കമ്മ്യൂണിസ്റ്റുകാരുമായോ, ദേശീയവാദികളുമായോ നാസ്സറിസ്റ്റുകളുമായോ ബഅതിസ്റ്റുകളുമായോ ഇസ്‌ലാമിക ഉന്മുഖതയുള്ളവരുമായോ ഒരു വിധ ബന്ധവും ഉണ്ടായിരുന്നില്ല. കുടുംബവുമായിരുന്ന് ‘സൗതുൽ അറബി’ യിൽ അഹ്‌മദ് സഈദിൻ്റെ പരിപാടികൾ കേൾക്കാറുണ്ട്. അത് കേൾക്കുന്നത് നിരോധിച്ചിരുന്നു. ആരെങ്കിലും റേഡിയോ ചെവിയിൽ വക്കുന്നത്, തടവിനും പീഡനങ്ങൾക്കും ജോലിയിൽനിന്നുള്ള പറഞ്ഞുവിടലിനും സ്ഥിരമായ വേട്ടയാടലിനും സ്വയം സന്ദർഭമൊരുക്കുന്നത് പോലെയാണ്.

എല്ലാ സർക്കാർ ഓഫീസുകളിലും അയാൾ നോട്ടപ്പുള്ളിയായിരിക്കും. മബാഹിതിൽ ഓഫീസർ അബ്ദുൽ വാഹിദിൻ്റെ സ്ഥാനം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അയാളും നമ്മെപ്പോലെ ഒരു അഭയാർഥിയാണ്. അയാളുടെ ധിക്കാരത്തെയും അതിനിഷ്ഠൂര പ്രവർത്തികളെയും കുറിച്ച് നമ്മൾ കേട്ടതാണ്. അയാൾ നേരിട്ടുവന്ന് എന്നെ അറസ്റ്റുചെയ്തതുതന്നെ മതിയായിരുന്നു, ഉമ്മയുടെ രാത്രിയുറക്കം കെടുത്താൻ. എന്നെ പെട്ടെന്നുതന്നെ ജയിലിൽനിന്ന് വിട്ടയപ്പിക്കുന്നതിനുവേണ്ടി ഉമ്മ അബ്ദുൽ വാഹിദിനെ അറിയാവുന്ന വല്ലവരുമുണ്ടോ എന്ന് തേടിനടന്നു.

അബ്ദുൽ വാഹിദ് ഒട്ടും നേരം കളഞ്ഞില്ല. അയാളുടെ സമയം വിലപ്പെട്ടതായിരുന്നു. അതിനാൽ പെട്ടെന്നുതന്നെ എന്നെ ചോദ്യം ചെയ്തുതുടങ്ങി. വളരെ പ്രായോഗികബുദ്ധിയുള്ള ആളായിരുന്നു, അതിനാൽ കേട്ടുകേൾവികൾ ഇഷ്ടപ്പെട്ടില്ല- എനിക്ക് സംഭവിച്ചതു പോലെ. അയാൾ അസിസ്റ്റൻ്റിനെ വിളിച്ചു. അവനോട് പീച്ചാങ്കുഴൽ കൊണ്ടുവന്ന് ഒരുക്കിവക്കാൻ പറഞ്ഞു. എന്താണ് പീച്ചാങ്കുഴലെന്ന് അറിയാത്തവരോ കേൾക്കാത്തവരോ ഉണ്ടെങ്കിൽ പറയാം- അതൊരു വലിയ പാത്രമാണ്. നമ്മുടെ അമ്മമാർ അകലെയുള്ള അരുവിയിൽനിന്ന് വെള്ളമെടുത്ത് വീട്ടിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കുന്ന പോലുള്ള തൊട്ടി. നമ്മുടെ പിതാക്കന്മാർ അതിൽ കോൺക്രീറ്റ് നിറച്ച് തോളത്ത് കയറ്റുമായിരുന്നു. അതേറ്റി പടവുകൾ കയറുമായിരുന്നു- വീടുപണിക്ക് ഉരുക്കിവാർക്കാൻ. നമ്മുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കൈയില്ലാത്ത അയഞ്ഞ ഉള്ളുടുപ്പ് ദുരിതത്തിൻ്റെ പ്രതീകമായത് പോലെയല്ല.

പക്ഷേ, അബ്ദുൽ വാഹിദിൻ്റെ തൊട്ടിക്ക് ചെറിയൊരു വ്യത്യാസമു ണ്ട്. അതിൽ വെള്ളമാണ് നിറക്കുക. അതിലൊരു പൈപ്പിട്ട് ടാപ്പുമായി ബന്ധിപ്പിച്ചിരിക്കും. ടാപ്പ് തടവുപുള്ളിയുടെ പുറകിൽ കയറ്റിവക്കും. ടാപ്പ് തുറക്കും, അപ്പോൾ അയാളുടെ ആമാശയത്തിൽ വെള്ളംകയറി അവസാനമത് നിറയും. അയാൾ ഗർഭമുള്ള സ്ത്രീയെപ്പോലെയാകും. അയാളുടെ മരണം നടക്കാം, കുറ്റമേറ്റുപറയാം, അല്ലെങ്കിൽ രണ്ടും സംഭവിക്കാം.

അബ്ദുൽ വാഹിദ് എന്നെ നോക്കി പറഞ്ഞു:

‘താൻ കുറ്റമേൽക്കുന്നോ? അതല്ല, ഞങ്ങൾ തനിക്ക് പീച്ചാങ്കുഴൽ വക്കണോ..?’

എന്ത് കുറ്റമാണ് ഏൽക്കേണ്ടതെന്ന് അറിയാതെ തന്നെ ഞാൻ പെട്ടെന്നു മറുപടിപറഞ്ഞു:

‘ഞാൻ കുറ്റമേൽക്കാം സാർ… അങ്ങയുടെ എല്ലാ കുറ്റങ്ങളും ഞാനേറ്റുപറയാം… ആ പീച്ചാങ്കുഴൽ എൻ്റെ കൺവെട്ടത്തുനിന്ന് ഒന്നു മാറ്റിയാൽ മാത്രം മതി…!’

അബ്ദുൽ വാഹിദ് എന്നോട് എൻ്റെ സ്നേഹിതൻ മുഹമ്മദിനെ കാണാതായതിൻ്റെ ദുരൂഹതയെക്കുറിച്ച് ചോദിച്ചു. ഞാൻ പറഞ്ഞു:

“അവൻ അവൻ്റെ ഉമ്മയുടെ ഇരുപത് ദീനാർ കട്ട് അമ്മാനിലേക്ക് പോയി…’

ശേഷം അയാളെന്നോട് ട്രൗസറൂരാൻ പറയുകയായിരുന്നു. പീച്ചാങ്കുഴൽ ആസനത്തിലേക്ക് കടത്തി എന്നെ ഒരുക്കിനിർത്താൻ വേണ്ടി അസിസ്റ്റന്റ് വന്നു. ഞാൻ കരഞ്ഞു, യാചിച്ചു, നിലവിളിച്ചു. അപ്പോൾ അയാൾ പറഞ്ഞു,

‘എന്നാൽ പറ, സത്യം പറ…!’

ഞാൻ പറഞ്ഞത് ഇതാണ്: ‘മുഹമ്മദ് ഇരുപത് ദീനാർ മോഷ്ടിച്ചു. അവൻ്റുമ്മ ബത്‌ലഹേമിലെ വീടുകളിൽ കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കിയ പണമാണ് അവർക്ക് നഷ്ടപ്പെട്ടത്. അവൻ അതുമായി നാടുവിട്ടു. ഇതാണ് എനിക്കറിയാവുന്നത്…

തക്കതായ തല്ലിനും ഭേദ്യം ചെയ്യലിനും അതുപോലുള്ള ചെയ്തികൾക്കും ശേഷം, അബ്ദുൽ വാഹിദ് ഭീഷണിപ്പെടുത്തിയതുപോലെ, എൻ്റെ ആസനത്തിനുള്ളിലേക്ക് പീച്ചാങ്കുഴൽ കടത്തിയില്ല. ഞാനേറ്റു പറഞ്ഞത് വിശ്വസിച്ചു. എന്തുകൊണ്ടാണ് മുഹമ്മദിൻ്റെ കാര്യത്തിൽ അയാൾക്ക് ഇത്ര താൽപര്യം എന്നുപോലും എനിക്കറിയില്ല. അത് ഞങ്ങളുടെ ജീവിത സാഹചര്യങ്ങളുടെ ഞെരുക്കത്തിലേക്കും വീടില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ചു. അവൻ്റെ മാർഗം നഷ്ടപ്പെട്ടു, അവനൊരിക്കലും അതിൽനിന്ന് തിരിച്ചുവന്നിട്ടില്ല.

അബ്ദുൽ വാഹിദ് എന്നെ മോചിപ്പിച്ചില്ല, ഒരാഴ്‌ചയോളം തടവിലിട്ടു. പീച്ചാങ്കുഴൽ കയറ്റുമെന്നു പറഞ്ഞ് വിടാതെ ശല്യംചെയ്തു. നിർബന്ധിച്ച് കുളിമുറികളും തറകളും ഓഫീസുകളും വൃത്തിയാക്കിച്ചു. സെല്ലിൽ മടങ്ങിയെത്തിയാൽ അതിയായ തളർച്ചയും സങ്കടവും എനിക്ക് നീതിലഭിച്ചില്ലെന്ന ബോധത്താലും നിരാശനായി കിടക്കയിൽ ചെന്നുവീണു. അടുത്ത ദിവസത്തെ പ്രഭാതം പുലരാതിരിക്കാൻ, സമയത്തെ നിശ്ചലമാക്കാനുള്ള വല്ല മാർഗവുമുണ്ടോ എന്ന് ഞാൻ ചിന്തിച്ചു.

ദൈവം എന്തിനെന്നെ സൃഷ്ടിച്ചു? എന്തിന് അബ്ദുൽ വാഹിദിനെ സൃഷ്ടിച്ചു? എന്നാണ് ഇതിനെല്ലാമൊരു അവസാനമുണ്ടാവുക?

അവസാനം അയാളെന്നെ തടവറയിൽനിന്ന് മോചിപ്പിച്ചു. എനിക്ക് സന്തോഷമായി. ഉമ്മയുടെ ഇടപെടലുകളോട് ഇഷ്ടം തോന്നി. അബ്ദുൽ വാഹിദുമായി അടുപ്പമുള്ള പെറ്റി ഓഫീസറെയോ അയാളെപ്പറ്റി അറിയാവുന്നവരെയോ ചെന്നുകാണാൻ കിട്ടിയ അവസരങ്ങളൊന്നും വേണ്ടെന്നുവച്ചില്ല. അവസാനം ഉമ്മ അബ്ദുൽ വാഹിദിനെ ചെന്നുകാണുകതന്നെ ചെയ്തു‌. അന്നത്തെ കീഴ്വക്കമനുസരിച്ച് വീട്ടിലുണ്ടാക്കിയ സാധനങ്ങളും എണ്ണയും ഒക്കെയായി അയാൾക്ക് കൈമടക്കി. അല്ലെങ്കിൽ കാപ്പിപ്പൊടി. പട്ടിണിയായിട്ടും ഉമ്മ എങ്ങനെ ഇതെല്ലാം തരപ്പെടുത്തിയെന്ന് എനിക്കറിയില്ല.

വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ആർമിയിൽ ഒരു പട്ടാളക്കാരനായി. ഓടിപ്പോയവരോടൊപ്പം ഞാനും ഓടിപ്പോയി. 1967 ജൂണിലെ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ ഞാൻ ജോർദാൻ നദിയുടെ കിഴക്കൻ തീരത്ത് എത്തിപ്പെട്ടു. ഒരുമാസത്തോളം അവിടെ കഴിഞ്ഞു. ആളുകൾ ജോർദാൻ നദികടന്ന് പോവുന്നതും വരുന്നതും കാണാമായിരുന്നു. പുത്തൻ അധിനിവേശക്കാർ അതിർത്തികളിൽ കാര്യമായി പിടിമുറുക്കിയിരുന്നില്ല. അതിനാൽ ഞാൻ നാട്ടിലേക്ക് തിരിച്ചുപോവാൻ തീരുമാനിച്ചു. എൻ്റെ സിദ്ധാന്തം ഇതാണ്: ‘സംഭവിക്കേണ്ടത് സംഭവിക്കും.’

ഞാൻ ക്യാമ്പിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഉമ്മയെയും ബന്ധുക്കളെയും കുറിച്ചന്വേഷിച്ചു. എൻ്റെ കാര്യത്തിൽ അവരെ സമാധാനിപ്പിച്ചശേഷം ഞാൻ മാൻഗർ ചത്വരത്തിലേക്ക് ചെന്നു… സർവം താറുമാറായിരുന്നു… ചത്വരത്തിൽ പുതിയമുഖങ്ങൾ ചുറ്റിനടക്കുന്നത് കാണാമായിരുന്നു. കുടിയേറ്റം നടത്തേണ്ട ഭൂസ്വത്തുകളെപ്പറ്റി അറിയാൻ ജൂതന്മാർ വന്നു. ആളുകൾ കുടിയേറിപ്പോകാനാഗ്രഹിച്ചു. മറ്റുള്ളവർക്ക് വിറ്റുകൈമാറിയ തങ്ങളുടെ വീടുകളിൽനിന്ന് സാമാനങ്ങൾ എടുത്തുമാറ്റി ലഘൂകരിക്കുകയാണ്. അഥവാ, യുദ്ധാനന്തര സാഹചര്യങ്ങളിലും വമ്പൻ പരാജയത്തിലും തങ്ങളുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുകയാണ്. ശാവിശ് ഹുസ്നി, ഞങ്ങളുടെ ക്യാമ്പിലെ സന്താനവും ബ്രിട്ടീഷ് ഭരണകാലത്തെ പൊലീസുകാരനുമായിരുന്നു. ഞാൻ അൽമഹദ് പൊലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുന്നത് അയാൾ കണ്ടു. ഒട്ടോമൻ കാലത്ത് പണിത സ്റ്റേഷനാണ്. മുപ്പത്തിയാറാം സമരക്കാലത്ത് വിപ്ലവകാരികൾ അത് പൊളിച്ചുകളയുകയായിരുന്നു. ബ്രിട്ടീഷുകാരത് പുതുക്കിപ്പണിതു. ഈജിപ്ത് തെക്കൻ പ്രദേശങ്ങളിലേക്ക് തങ്ങളുടെ നിയന്ത്രണം നീട്ടിയപ്പോൾ അത് അവർ ഉപയോഗിച്ചു. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇപ്പോളയാൾ ഫലസ്തീൻ അതോറിറ്റി പൊലീസിൻ്റെ ഒപ്പമാണ്.

ഹുസി എന്നെക്കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു. അയാൾ പതിവുപോലെ അർഥംവച്ച് ചോദിച്ചു,

‘താനിപ്പോഴും ജീവനോടെയുണ്ടോ?’

മടങ്ങിവന്ന എനിക്ക്, ഞാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നുള്ള ശക്തിയായൊരു കിംവദന്തി പരന്നിട്ടുണ്ടെന്ന് മനസ്സിലായി. ഞാൻ പറഞ്ഞു :

‘ഞാൻ മരിച്ചുപോയി. ഒരു പ്രേതംകണക്കെ മടങ്ങിവന്നിരിക്കുകയാണ്. നിങ്ങളുടെ മുമ്പിലുള്ളത് എൻ്റെ പ്രേതമാണ്…!’

അയാളെന്നോട് പുതിയ പൊലീസ് സേനയിൽ ചേരാൻ ആഗ്രഹമുണ്ടോ എന്നുചോദിച്ചു. പ്രത്യേകിച്ച് എനിക്ക് മിലിട്ടറിയിൽ ജോലി ചെയ്തുള്ള പരിചയവുമുണ്ട്. അയാളെന്നെ പ്രോത്സാഹിപ്പിച്ചു. നമ്മെ ഭരിക്കുന്ന രാജ്യമേതെന്ന് നോക്കേണ്ടതില്ല. ജനങ്ങളെ സേവിക്കാനും അവരുടെ സുരക്ഷക്കും വേണ്ടിയിട്ടാണ് എന്ന് ഊന്നിപ്പറഞ്ഞു. മാത്രമല്ല, ജോർദാൻ സർക്കാറിൽനിന്നുള്ള തീരുമാനം വന്നതിന് പിറകെ, ജോർദാനിയൻ പൊലീസിലെ അവശേഷിക്കുന്നവർ മടങ്ങിപ്പോയി ജോലിയിൽ ചേർന്നുകഴിഞ്ഞു. അയാളെന്നോട് ഏറ്റവുമടുത്തുള്ള പൊലീസ് സ്റ്റേഷനിൽചെന്ന് പേര് റജിസ്റ്റർ ചെയ്യാൻ പറഞ്ഞു. ഞാനപ്രകാരം ചെയ്തു. അങ്ങനെ ഞാനെൻ്റെ അധിനിവേശം ചെയ്യപ്പെട്ട പട്ടണത്തിലെ ഒരു പോലീസുകാരനായി.

അധിനിവേശത്തിൻ്റെ ആദ്യനാളുകളിൽ പൊലീസുകാരുടെ ജീവിതസ്ഥിതി ക്ലേശകരമായിരുന്നു. അവസാനം കാര്യങ്ങളുടെ നിലതെറ്റി, അതിന് ചില വഴിത്തിരിവുകൾ വന്നു. ഞങ്ങൾ ജോലിചെയ്യണം. പരാജയം പൊലീസ് സംവിധാനത്തിൽ സ്യഷ്ടിച്ച വിടവ് ഞങ്ങൾ നികത്തണം. അയാളും അയാളുടെ ആൾക്കാരും കരഗതമായ അധികാരം സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചു.

ടിക്കറ്റും കൈയിലേന്തി ഞാൻ തെരുവുകളിലേക്കിറങ്ങി. പ്രായമായ ഒരു ഡ്രൈവറെ ശ്രദ്ധിച്ചു. അയാൾ സ്വന്തം കാർ പബ്ലിക് ടാക്സിയായി ഉപയോഗിക്കുകയാണ്. മഠത്തിൻ്റെ ഗെയിറ്റിനരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് പിറകിൽ, ടാക്സി ബൂത്തിന് സമീപം.

അയാൾ ടാക്സിയിൽ കള്ളത്തരത്തിൽ ആളുകളെ കയറ്റുകയാണ്. യാത്രക്കാരെ കയറ്റാനും ഇറക്കാനും ലൈസൻസ് കിട്ടിയ പബ്ലിക് വാഹനങ്ങളുടെ ഉത്തരവാദിത്തമാണിത്. ഞാനയാളെ തടഞ്ഞ് നിയമം ലംഘിച്ചതിന് ടിക്കറ്റ് കൊടുത്തു. ഈ പ്രവൃത്തി അയാൾ ദിവസങ്ങളോളം ആവർത്തിച്ചു. ഞാൻ അയാൾക്ക് നിയമലംഘനം നടത്തിയതിന് ടിക്കറ്റ് കൊടുക്കുന്നതിൽ ആനന്ദംകൊണ്ടു. ട്രാഫിക് നിയമം ലംഘിച്ചതിന് ടിക്കറ്റ് കൊടുക്കാൻ, യാത്രക്കാരെയെല്ലാം കയറ്റിക്കഴിയുന്നതുവരെ ഞാനയാളെ നിരീക്ഷിച്ചുനിന്നു. എനിക്ക് അതിലുമപ്പുറം മറ്റൊരു ആഹ്ളാദവുമില്ലായിരുന്നു. എൻ്റെ ഉദ്ദേശ്യമ റിഞ്ഞ, ജാഗരൂകനാവാത്ത ഡ്രൈവർക്ക് രാവും പകലും ഇതൊരു ശല്യമായിത്തീർന്നു.

നിയമലംഘനങ്ങളുടെ കുത്തൊഴുക്ക് അയാൾക്ക് ചെറുക്കാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. സംസാരമധ്യ മാൻഗർ ചത്വരത്തിൻ്റെ പാറാവുകാരൻ മൈക്ക് അൽ-അസ്‌മറാനി ഒരിക്കൽ എന്നെ തടഞ്ഞിട്ട് വയസ്സനെ അയാളുടെ പാട്ടിനുവിടണമെന്ന് കെഞ്ചിയാചിച്ചു. അത് അയാളുടെ ഉപജീവനമാണെന്ന്. ലേലക്കാരൻ ജിബ്രാൻ അൽറിഹാവിയും എന്നോട് അതുതന്നെ പറഞ്ഞു. അയാൾ അൽറബീശ് മാർക്കറ്റിൽ കംബളം ഉണ്ടാക്കുകയും പഴയ ഉടുപ്പുകൾ വിൽപനനടത്തുകയും ചെയ്യുന്നയാളാണ്. കുട്ടികളെ കാണാതായാലും വിശേഷാവസരങ്ങളെപ്പറ്റി ആളുകൾക്ക് വിവരം കൊടുക്കാനും സന്തോഷകരവും ദുഃഖകരവുമായ വാർത്തകൾ വ്യാപകമായി പരത്താനും ആളുകൾ സമീപിക്കുന്നത് അയാളെയായിരുന്നു.

ഒരുദിവസം ഞാൻ വൈകുന്നേരം സ്നേഹിതന്മാർ വരുന്നതും കാത്തു മുറികൾ കെട്ടിയുണ്ടാക്കിയ ക്യാമ്പിനുള്ളിലെ എൻ്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവർക്കെന്നോട് കാര്യമായെന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. നജ്‌മ ടാക്സി ഓഫീസിൻ്റെ ഉടമസ്ഥൻ ഇന്റീസ് അൽശവാനിയും ജ്യൂസ് കടക്കാരൻ അലി അൽഅസോരിയും പ്രായംചെന്ന കാറുടമയും വീട്ടിലെത്തി. ഞാനവരെ കതകിൽ തട്ടി അനുവാദം ചോദിച്ചുവരുന്ന ആരെയുമെന്നപോലെ ഉചിതമായി സ്വീകരിച്ചു. ഭാര്യയോട് കാപ്പി കൊണ്ടുവരാൻ പറഞ്ഞു. പക്ഷേ, അവർ കപ്പുകൾ മുന്നിൽ വച്ചതേയുള്ളൂ. അവരുടെ അപേക്ഷ ഞാൻ അനുവദിച്ചുകൊടുക്കാതെ അവർ കാപ്പികഴിക്കാൻ കൂട്ടാക്കിയില്ല. വാസ്തവത്തിൽ, അവരുടെ വരവിൻ്റെ ഉദ്ദേശ്യം എനിക്കറിയാമായിരുന്നു. എങ്കിലും ഉദ്ദേശ്യമെന്താണെന്ന് ഞാനവരോട് ചോദിച്ചു. ഇദ്രീസും അലിയും മാറിമറി സംസാരിച്ചു.

ഈ മനുഷ്യൻ, അബ്ദുൽ വാഹിദ് യുദ്ധത്തിനും തോൽവിക്കും ശേഷം തോറ്റുപിന്മാറിയ പട്ടാളക്കാരോടൊപ്പം ജോർദാനിലേക്ക് കടന്നു. ബത്ലഹേം ഒന്നടങ്കം പലായനം ചെയ്‌തുപോകുന്നതാണ് ഇയാൾ കൺമുന്നിൽ കാണുന്നത്. കുവൈത്തിൽ ഒരു ജോലിക്കുള്ള അവസരം കിട്ടി. പക്ഷേ, അവിടെയും അയാളെ ഭാഗ്യക്കേട് വിടാതെ പിന്തുടർന്നു. മാസങ്ങൾക്കകം കിട്ടിയ ജോലിയും പോയി. അങ്ങനെ നാട്ടിലേക്ക്, ഇവിടേക്ക് മടങ്ങിവന്നു. മിച്ചംവച്ചിരുന്നതെടുത്ത് വരുംകാലങ്ങളിൽ ആഹാരം കഴിക്കുന്നതിനുവേണ്ടി ഒരു കാറ് വാങ്ങിച്ചു. പക്ഷേ, താങ്കൾ കണ്ടതുപോലെ ഇയാൾക്ക് മറ്റുജോലികളൊന്നും ചെയ്യാനറിയില്ല. നിരവധി തടസ്സങ്ങൾ പറഞ്ഞ് താങ്കളതിനുള്ള അവസരം കൊടുത്തില്ല. ഞങ്ങൾ താങ്കളോട് പറയുന്നത് എന്താണെന്നുവച്ചാൽ, ഒന്നു കണ്ണടച്ചേക്കണം. നിയമത്തിനും അപ്പുറത്തല്ലേ കാരുണ്യം. ഇയാൾക്ക് ഇനിയധികം കാലമില്ല, ജീവിതം പടച്ചവൻ്റെ പക്കലാണ്.

എന്നെ നല്ലവണ്ണമൊന്ന് നോക്കാൻ ഞാൻ അബ്ദുൽ വാഹിദിനോട് പറഞ്ഞു. അയാളെന്നെ തിരിച്ചറിഞ്ഞില്ല. ഞാനയാളെ തിരിച്ചറിഞ്ഞിരുന്നു. ഒരിക്കൽ ഈ വീടിൻ്റെ വാതിൽ തകർത്തിട്ടായിരുന്നു അയാളെന്നെ വലിച്ചിഴച്ച് അകത്തിട്ടത്. ഞങ്ങൾ അതേവീട്ടിലാണ് ഇപ്പോൾ ഇരിക്കുന്നത്. അന്നത്തെ ആ പൊലീസ് സ്റ്റേഷനിൽവച്ചാണ് ഇയാളെന്നെ അവഹേളനകൾകൊണ്ടും അധിക്ഷേപങ്ങൾകൊണ്ടും അപമാനിച്ചത്. യുദ്ധസമയത്ത് ഞാൻ ഇവിടെനിന്ന് രക്ഷപ്പെടുകയാ യിരുന്നു- നിയമവിരുദ്ധപ്രവർത്തനങ്ങൾ ചെയ്തെന്ന റെക്കോർഡും പേറി. ഇയാളുടെ ജോലി നിയമം നടപ്പിലാക്കുകയാണ്. പ്രതികാരത്തിനു വേണ്ടിയുള്ള എൻ്റെ വേരുറച്ചുപോയ ആഗ്രഹം വിധിയുടെ പ്രതികാരം വീട്ടലാണ്.

അബ്ദുൽ വാഹിദ് പ്രായാധിക്യത്താൽ സാവധാനം എണീറ്റു. വിഷാദവും നഷ്ടബോധവും ഉണ്ടായിരുന്നു. അപ്പോൾ ഞാനും എണീറ്റു. അയാളെന്നെ വികാരതീവ്രമായി ആലിംഗനംചെയ്‌തു. ദുഃഖത്താൽ കരയാനും മാപ്പിരക്കാനും തുടങ്ങി. അയാൾക്ക് കുമ്പിട്ട് എൻ്റെ പാദങ്ങളിൽ ചുംബിക്കണമെന്നുണ്ട്. പക്ഷേ, ഞാനയാളെ പിടിച്ചെണീപ്പിച്ചു. അയാൾ എൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി എൻ്റെ കൈകളിൽ ചുംബിച്ചു. ഇദ്രീസിനും അലിക്കും അതുകണ്ട് വേദനിച്ചു. എന്നെയും വല്ലാതെ സ്പർശിച്ചു. കണ്ണുകളിൽനിന്ന് കണ്ണുനീർ ധാരയായി ഒഴുകി. അതെന്തിനാണെന്ന് എനിക്കറിയില്ല. ചിലപ്പോൾ ദൗർബല്യം കൊണ്ടാവാം, അഭിമാനക്ഷയം വന്നതിനാലാവാം, തോൽവികൾ കൊണ്ടാവാം, ഞങ്ങളുടെ നഷ്ടപ്പെട്ട നാടിനെ കുറിച്ചോർത്തുമാവാം.

ഞാൻ യോഗ്യന്മാരായ എൻ്റെ അതിഥികളോട് പറഞ്ഞു : ‘കാപ്പിയെടുത്ത് കഴിക്കൂ.’

ഇതാണുണ്ടായത്. ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞ് അബ്ദുൽ വാഹിദ് മരിച്ചു. അയാൾക്ക് വാഹനത്തിൻ്റെ അടവ് അടച്ചുതീർക്കാൻ – സാധിച്ചോ ഇല്ലേ എന്നെനിക്കറിയില്ല. കടത്തിൽ വാങ്ങിയതാണന്നാണ് എന്നോട് പറഞ്ഞിരുന്നത്. ഇദ്‌രീസ് അമിതാവേശം മൂത്ത ഒരു വിമതയുവാവിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് അയാൾ സ്വയം ശിക്ഷനടപ്പാക്കി. നിരവധി വർഷങ്ങൾ ഇസ്‌റാഈൽ ജയിലിൽ കഴിഞ്ഞു. അലി ഒരു അധിനിവേശക്കാരനായ സൈനികൻ്റെ വെടിയേറ്റ് മരിച്ചു. സ്‌കൂളുകളിൽനിന്ന് ആരംഭിച്ചു പോലീസ്‌ സ്‌റ്റേഷനിലേക്ക് ചെന്നുചേരുന്ന ഒരു വിദ്യാർഥി പ്രക്ഷോഭം നടക്കുകയായിരുന്നു.

എൻ്റെ മകൻ അൽഅഖ്സാ ഇൻതിഫാദയിൽവച്ച് കാറിൽ മിസ്സൈൽ പതിച്ച പൊട്ടിത്തെറിയിൽ രക്തസാക്ഷിയെപ്പോലെ മരിച്ചു. 2002 മാർച്ചിൽ. അവൻ ഇസ്‌റാഈൽ അധിനിവേശം വകവക്കാതെ ദുഹൈശാ ക്യാമ്പിൽ പ്രതിരോധക്കാരെ നയിക്കുകയായിരുന്നു.

ഇപ്പോൾ ഞാനിതാ ഇവിടെ നിങ്ങൾക്കൊപ്പം. എൻ്റെ ഔദ്യോഗിക ജീവിതം അവസാനിക്കാൻ പോവുകയാണ്. പട്ടാളത്തിലെയും പൊലീസിലെയും ദീർഘവും വ്യത്യസ്‌തവുമായ കാലഘട്ടത്തിനുശേഷം. നാല് യുഗങ്ങൾ. അത് ചെറിയൊരു കാലയളവായി കടന്നുപോയി. ഞാൻ പ്രതികാരത്തെയും അതിനുവേണ്ടി എന്നെ വിടാതെ പിന്തുടരുന്ന ആഗ്രഹത്തെയും കുറിച്ച് സംസാരിക്കുകയാണ്. ദീർഘകാലം ജീവിച്ചിരിക്കുകയും, പലപല അനുഭവങ്ങൾ ഉണ്ടാവുകയും, നിരവധി ജനവിഭാഗങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ട നിങ്ങൾ ഓരോ പൊലീസുകാരനും അറിഞ്ഞിരിക്കേണ്ട പാഠങ്ങളെപ്പറ്റി സംസാരിക്കുകയാണ്.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച ദിനോസറുകളുടെ മാര്‍ച്ച് എന്ന പുസ്തകത്തില്‍നിന്ന്)

Story of Palestinian journalist Osama al Eissa, translated by SA Qudsi

ദിനോസറുകളുടെ മാര്‍ച്ച്: ആധുനിക ഫലസ്‌തീൻ കഥകൾ- ഭാഗം രണ്ട്

എസ്.എ ഖുദ്‌സി

ഫലസ്തീൻ ദേശത്തെക്കുറിച്ച് ആ മണ്ണിൽ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥകൾ. സംഘർ ഷങ്ങൾക്കിടയിലും സംഭവിച്ച നാടകീയ മുഹൂർ ത്തങ്ങൾ. ഒരു നെടുവീർപ്പുപോലെ പറഞ്ഞുതീരാത്ത ആത്മഗതങ്ങൾ. ഒട്ടകലെ മാറിനിന്ന് ദീർ ഘനിശ്വാസത്തോടെ ഓർത്തെടുക്കുന്ന ആത്മാന്വേഷണങ്ങൾ. പരിഭവങ്ങൾ. പരിവേദനകൾ. പ്രതീക്ഷകൾ. എല്ലാം ഉൾച്ചേരുന്ന ഒരുനിര കഥകൾ ഈ സമാഹാരത്തിൽ നമ്മൾ കണ്ടുമുട്ടുന്നു.

ഇസ്റാഈൽ, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നീ ഫലസ്തീൻ അധിവാസ പ്രവിശ്യകളിൽ നിന്നുള്ള 43 എഴുത്തുകാർ, 50 കഥകൾ.

ഉസാമ അൽ ഈസ

ഫലസ്തീൻ എഴുത്തുകാരൻ, പത്രപ്രവർത്തകൻ
ഫലസ്തീൻ എഴുത്തുകാരൻ, പത്രപ്രവർത്തകൻ

വിവ. എസ്. എ ഖുദ്‌സി

വിവര്‍ത്തകന്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy