കമ്പനിയിൽ പുതിയ മാനേജർ ജോലിയേറ്റിയിരിക്കുകയാണ്. സ്വാഭാവികമായും ഒരാരംഭശൂരത്വമൊക്കെ കാണുമല്ലോ. തന്റെ കഴിവ് തെളിയിക്കാനായി ആദ്യദിവസം തന്നെ അദ്ദേഹം സജീവമായി രംഗത്തിറങ്ങി. ഓരോ ജീവനക്കാരനെയും സൂക്ഷ്മമായി ശ്രദ്ധിച്ചു. അവരുടെ കാര്യക്ഷമത കർശനമായി പരിശോധിച്ചു. ഓരോരുത്തരെയും സമീപിച്ച് നിർദ്ദേശങ്ങൾ നൽകാൻ തുടങ്ങി. അപ്പോഴാണ് ചുമരും ചാരി ഒരാൾ നിഷ്ക്രിയനായി നിൽക്കുന്നതു കണ്ടത്. തന്നെ കണ്ടിട്ടും അയാൾക്ക് യാതൊരു കൂസലുമില്ല. അദ്ദേഹം അയാളുടെ അടുത്തുചെന്ന് അല്പം ഗൗരവത്തിൽ ചോദിച്ചു: “നിൻ്റെ ശമ്പളം എത്രയാണ്?”
“ഇരുപതിനായിരം രൂപ” അയാൾ പറഞ്ഞു.
മാനേജർ നേരെ ഓഫീസിൽ ചെന്ന് 20,000 രൂപയുമായി വന്നു. ആ സംഖ്യ അയാളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു:
“താങ്കളുടെ സേവനം ഇനി കമ്പനിക്ക് ആവശ്യമില്ല. ഇവിടെ ശമ്പളം കൊടുക്കുന്നത് ജോലി ചെയ്യാനാണ്; കയ്യുംകെട്ടി നോക്കിനിൽക്കാനല്ല.”
ഇതും പറഞ്ഞ് അയാളെ കമ്പനിയിൽ നിന്നും ആട്ടിവിട്ടു. മറ്റു ജീവനക്കാർ അത്ഭുതത്തോടെ മുഖത്തോട് മുഖം നോക്കി. എന്താണ് മാനേജർ കാണിച്ചതെന്ന് അവർക്ക് മനസ്സിലായില്ല.
അവരുടെ നിൽപ്പ് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:
“കേട്ടോളൂ, ഇത് എല്ലാവർക്കും ബാധകമാണ്. ജോലിയെടുക്കാതെ വെറുതെയിരുന്നാൽ ഉടനടി പിരിച്ചു വിടുന്നതായിരിക്കും.”
അപ്പോൾ കൂട്ടത്തിൽ നിന്നൊരാൾ മുന്നോട്ടുവന്ന് ചോദിച്ചു:
“ജീവനക്കാരനല്ലാത്തവരെയും താങ്കൾ പിരിച്ചുവിടുമോ?”
“അതെന്താ അങ്ങനെ ചോദിക്കാൻ?”
“താങ്കൾ ഇപ്പോൾ പിരിച്ചുവിട്ടത് ഇവിടുത്തെ ജീവനക്കാരനെയല്ല.”
“പിന്നെ ആരെയാണ്?”
“ഇവിടെ സാധാരണ വരാറുള്ള ഡെലിവറി ബോയ്!”
മാനേജരുടെ നാവിറങ്ങിപ്പോയി. ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത അപമാനം.
കമ്പനിയുടെ ഭീമമായ തുക ജീവനക്കാരനല്ലാത്ത ഏതോ വ്യക്തിക്ക് കൊടുത്തതിന്റെ പേരിൽ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടി വേറെയും.
സ്ഥാനമാനങ്ങൾ കണ്ണുകളെ അന്ധമാക്കാൻ പാടില്ല. ചുമതല നിർവഹിച്ചാൽ മതി. അതിൻ്റെ മറവിൽ സ്വന്തം വ്യക്തിത്വത്തെ പ്രകാശിപ്പിക്കേണ്ടതില്ല. ചുമതലകൾ ബുദ്ധിപൂർവ്വം നിർവഹിക്കുമ്പോൾ വ്യക്തിത്വം സ്വയം പ്രകാശിതമായിക്കൊള്ളും. ബോധ്യപ്പെടുത്താൻ നടക്കുമ്പോഴാണ് പലപ്പോഴും ബോധം നഷ്ടപ്പെടുക.
കാഴ്ചയെയല്ല; ഉൾക്കാഴ്ചയെയാണ് വിധിതീർപ്പിന് അടിസ്ഥാനമാക്കേണ്ടത്. വികാരത്തിനല്ല; വിചാരത്തിനാണ് മുൻഗണന നൽകേണ്ടത്. കാണുന്നത് മാത്രമല്ലല്ലോ സത്യം. മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യം തെളിഞ്ഞിരിക്കുന്ന കാഴ്ചക്ക് നേർവിരുദ്ധമായിരിക്കാം. കറുത്ത കയറി നെ കരിമൂർഖനായി കണ്ടാൽ മനസ്സ് അസ്വസ്ഥമാകും. മനസ് കാണാതെ വാക്ക് മാത്രം കേട്ടാൽ ശത്രുവിനെ മിത്രമായും മിത്രത്തെ ശത്രുവായും ധരിച്ചേക്കും. പുറത്ത് ശാന്തതയാണെങ്കിലും അകത്ത് വൻ തിരമാലയുണ്ടാകാം. പുറമേ ചിരിക്കുകയാണെങ്കിലും അകമേ കരയുകയായിരിക്കും.
അറിഞ്ഞിട്ടുവേണം പറയാൻ. പഠിച്ചിട്ട് വേണം വിധിക്കാൻ. തിടുക്കം പരാജയത്തിൻ്റെ തുടക്കമാണ്. ഒടുക്കം നെടുംഖേദവുമായിരിക്കും.
Act In Haste, Repent At Leisure എന്നാണ് ആംഗലേയ മൊഴി. Haste Makes Waste എന്നും പറയാറുണ്ട്.
എടുത്തുചാട്ടങ്ങൾ പരാജയത്തിലേക്കുള്ള ചാട്ടങ്ങളാണ്. കാര്യമറിയാതെ നിലപാടെടുത്താൽ വിലയും നിലയും പോകും.
“സത്യവിശ്വാസികളേ, എന്തെങ്കിലും വൃത്താന്തവുമായി ഒരു അധര്‍മകാരി നിങ്ങളെ സമീപിച്ചാല്‍ സ്പഷ്ടമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് നിങ്ങള്‍ അപകടം വരുത്തുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യാതിരിക്കാനാണിത് എന്ന് വിശുദ്ധ ഖുർആൻ. ശരിയായ അറിവില്ലാത്ത ഒരു വിഷയവും അനുധാവനം ചെയ്യരുത്; കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടുമെന്ന് ഇസ്‌റാ സൂറയിലും കാണാം.
ഉന്നതങ്ങളിലേക്കെത്തുന്നതിനനുസരിച്ച് ഉയർന്ന ശ്രദ്ധയും വേണം. താഴെ നിൽക്കുന്നത് പോലെയല്ല മേലെ നിൽക്കുന്നത്. ശ്രദ്ധ തെറ്റിയാൽ അടി തെറ്റും. മേലെനിന്ന് അടിതെറ്റിയാൽ താഴെ നിന്ന് അടിതെറ്റിയാലുള്ളതുപോലെ നിസ്സാരമായിരിക്കില്ല പരുക്ക്. അണികളുടെ വീഴ്ച അണികളുടെ മാത്രം വീഴ്ചയാണ്. എന്നാൽ നായകൻ്റെ വീഴ്ച ഒരു സമൂഹത്തിൻ്റെ വീഴ്ചയായിരിക്കും. തലവനാണ് കൂടുതൽ തല വേണ്ടത്. തലയുടെ നിലതെറ്റിയാൽ ഉടലിന്റെ നിലയും തെറ്റും.
പുതിയ തസ്തിക ലഭിച്ചാൽ താൻ അതിനർഹനാണെന്ന് മറ്റുള്ളവർക്ക് മുമ്പിൽ തെളിയിക്കേണ്ടതില്ല. അതിനർഹനായതുകൊണ്ടാകുമല്ലോ ആ തസ്തിക ലഭിച്ചിട്ടുണ്ടാവുക. ഇനി അർഹനല്ലെങ്കിൽ കൃത്രിമമായി അതു തെളിയിച്ചതുകൊണ്ട് കാര്യവുമില്ല. വൈകാതെ തനിനിറം പുറത്തുവരും. അനർഹത ജനം തിരിച്ചറിയും.
പുതിയ സ്ഥാനങ്ങൾ കിട്ടുമ്പോൾ താൻ എന്തൊക്കെയോ ആണെന്ന് തെളിയിക്കേണ്ടി വരുന്നത് ആത്മവിശ്വാസക്കുറവ് മൂലമാണ്. ചിറകുണ്ടെങ്കിൽ പറക്കാൻ എന്തിനു ഭയം? കഴിവുണ്ടെങ്കിൽ അത് യഥാതഥം ഉപയോഗപ്പെടുത്തിയാൽ മതി; ജനങ്ങൾക്ക് മുമ്പിൽ തെളിയിച്ച് നടക്കേണ്ടതില്ല.
സഹപ്രവർത്തകരെയും ജീവനക്കാരെയും സംശയത്തിന്റെ കണ്ണോട് അല്ല; സൗഹാർദ്ദത്തിന്റെ മനസ്സോടെയാണു സമീപിക്കേണ്ടത്. എണ്ണയിട്ട യന്ത്രങ്ങളെ പോലെയാകണം പ്രവർത്തകർ. സൗഹാർദ്ദം ആകുന്ന എണ്ണയുടെ കുറവ് വന്നാൽ ഉരസലുകളും പിന്നീട് അപശബ്ദങ്ങളും ഉയരും. യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനം അവസാനം നിലയ്ക്കുകയും ചെയ്യും.