‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

February 17, 2026
മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് (ഓട്ടോണമസ്) തിരൂരങ്ങാടി ചരിത്രവിഭാഗവുമായി സഹകരിച്ച് PSMO സെമിനാർ ഹാളിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു. ദളിത്-മുസ്ലിം ചരിത്രമെഴുത്ത്: അനുഭവങ്ങളും പുതിയ പ്രവണതകളും എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു ചർച്ച.
കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ ഡോ. കെ. എസ്. മാധവൻ ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പരമ്പരാഗത ചരിത്രരചനയ്ക്ക് പകരമായ രീതികളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും, ചരിത്രമെഴുത്തിൽ അറ്റത്താക്കി നിർത്തപ്പെട്ട സമൂഹങ്ങളുടെ അനുഭവങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
പരിപാടിക്ക് പി.എസ്.എം.ഒ കോളേജ് ചരിത്രവിഭാഗം മേധാവി അബ്ദുൽ റഊഫ് പി. അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ലഫ്. ഡോ. നിസ്സാമുദ്ദീൻ കുന്നത്ത് പ്രാരംഭ പ്രസംഗം നടത്തി. അക്കാദമിക് സ്ഥാപനങ്ങളും പ്രസാധകരും ചേർന്ന് ഇത്തരം ചർച്ചകൾ സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷകയും എഴുത്തുകാറിയുമായഡോ. കലാചന്ദ്രൻ, ഡോ. മുഹമ്മദ് ഹസീബ് (അസിസ്റ്റന്റ് പ്രൊഫസർ, പി.എസ്.എം.ഒ കോളേജ്), ഡോ. അബ്ദു റഷീദ് (അസിസ്റ്റന്റ് പ്രൊഫസർ, പി.എസ്.എം.ഒ കോളേജ്), ഡോ. എം. ശിഹാബുദ്ദീൻ (ഫുൾബ്രൈറ്റ് സ്കോളർ) എന്നിവർ വിഷയാവതരണം നടത്തി. മുസ്ലിം–ദളിത് അനുഭവങ്ങളെ ആസ്പദമാക്കി ചരിത്രമെഴുത്ത് വികസിപ്പിക്കുന്നതിലെ സിദ്ധാന്തപരവും രീതിശാസ്ത്രപരവുമായ സാധ്യതകളും വെല്ലുവിളികളും അവർ വിശകലനം ചെയ്തു. അധസ്ഥിത സമൂഹങ്ങളുടെ വാചികചരിത്രങ്ങൾ, പ്രാദേശിക രേഖകൾ, സമൂഹസ്മൃതികൾ എന്നിവ ചരിത്രരചനയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവർ മുന്നോട്ടുവച്ചു.
മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മോയിൻ മലയമ്മ ചർച്ച സംഗ്രഹിച്ചു. സമൂഹചരിത്രങ്ങൾ രേഖപ്പെടുത്തുന്നതിനും പരമ്പരാഗത ചരിത്രധാരണകളെ പുനർവിചിന്തനം ചെയ്യുന്നതിനും ഇത്തരം സംഘടിത ഉദ്യമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്ത ചർച്ച നിറഞ്ഞ സദസ്സിനെ കൊണ്ട് ശ്രദ്ധേയമായി.
പരിപാടിയിൽ ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും പുനരാഖ്യാനങ്ങളും എന്ന പുസ്തകവും ഡോ. മോയിൻ മലയമ്മയുടെ കേരള മുസ്ലിംകൾ: ആദ്യ നൂറ്റാണ്ടുകളുടെ ചരിത്രം എന്ന പുസ്തകവും ഡോ. കെ.എസ്. മാധവൻ പി എസ് എം ഓ പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കുന്നത്തിന് നൽകി പ്രകാശനം ചെയ്തു.

Related Stories

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...