ബുക്പ്ലസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റിവിറ്റിക്ക് കീഴിൽ ദ്വിദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഫിക്ഷൻ, നോൺഫിക്ഷൻ രചനാരീതികളും എഴുത്തിലെ ഏറ്റവും പുതിയ ട്രെൻറ്റുകളും പ്രായോഗികമായി പരിശീലിപ്പിക്കലായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കേരളത്തിലെ വ്യത്യസ്ത കലാലയങ്ങളിൽ നിന്നുമുള്ള 29 വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് അജീർ സ്വാഗതം പറഞ്ഞു. ബുക്പ്ലസ് മാനേജിങ് എഡിറ്റർ ഷാഫി ചെങ്ങര പരിപാടി ഉദ്ഘടാനം ചെയ്ത് സംസാരിച്ചു. കഥയും കാര്യവും, നോൺഫിക്ഷൻ വഴിയും വർത്തമാനവും, കവിത നെയ്യാം, കൈവിട്ട വാക്ക് എന്നിങ്ങനെ ക്യാമ്പിൽ നടന്ന നാല് സെഷനുകൾക്ക് യഥാക്രമം യാസർ അറഫാത്ത്, എം. നൗഷാദ്, എം. ജീവേഷ്, നാഫി ചേലക്കോട് എന്നിവർ നേതൃത്വം നൽകി. ബുക് വാക്കും ഇതര ആക്ടിവിറ്റികളും ക്യാമ്പിലെ വ്യത്യസ്ത അനുഭവങ്ങളായി. സമാപന സെഷനിൽ ഹാദിയ സി എസ് ഇ പ്രൊജക്റ്റ് ഡയറക്ടർ അബ്ദുൽ ജലീൽ ഹുദവി ക്യാമ്പ് അംഗങ്ങളോട് സംസാരിക്കുകയും എല്ലാവർക്കും സാക്ഷ്യപത്രം കൈമാറുകയും ചെയ്തു.