അറബിമലയാളത്തിൻ്റെ സമ്പന്നമായ സാഹിത്യപൈതൃകം വ്യവസ്ഥാപിതമായി വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ച ‘അറബിമലയാളം വിവരണാത്മക ഗ്രന്ഥസൂചി’യെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. പുസ്തകത്തിൻ്റെ അണിയറ ശില്പികളും, വായനക്കാരും ഒരുമിച്ചിരുന്ന് കോഴിക്കോട് ബുക്പ്ലസിൽ വെച്ച് നടന്ന പരിപാടിയിൽ മുഹമ്മദ് അജീർ സ്വാഗതം പറഞ്ഞു. ഗ്രേസ് എഡ്യൂക്കേഷനൽ അസോസിയേഷൻ സെക്രട്ടറി അഷ്‌റഫ് തങ്ങൾ പുസ്തകം രൂപപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ചും, ഊർജം നൽകിയ വ്യത്യസ്ത ചുറ്റുപാടുകളെക്കുറിച്ചും വിശദമായി സംസാരിച്ചു. പുസ്തകത്തിന് വരികളും രൂപവും നൽകിയ അബ്ദുറഹ്മാൻ മങ്ങാട്, സൽമാനുൽ ഫാരിസ് ടി.പി, കെ. അബൂബക്കർ എന്നിവർ അറബിമലയാള സാഹിത്യത്തെക്കുറിച്ചും ‘അറബിമലയാളം വിവരണാത്മക ഗ്രന്ഥസൂചി’ ഗവേഷകർക്കും വിദ്യാർഥികൾക്കും എങ്ങനെയൊക്കെ ഉപകരിക്കുമെന്നും പരിചയപ്പെടുത്തി. പുസ്തകത്തിൻ്റെ ഘടനയുടെ സൗന്ദര്യത്തെക്കുറിച്ചും പുസ്തകം വായനക്കാർക്ക് മുന്നിൽ തുറന്നുവെക്കുന്ന സാധ്യതകളെക്കുറിച്ചും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈബ്രേറിയൻ മോഹനൻ.എ സംസാരിച്ചു. വായനക്കാരും ഗവേഷകരും ചേർന്നിരുന്ന പരിപാടി അറബിമലയാള സാഹിത്യത്തിൻ്റെ പുതിയകാല പഠന,ഗവേഷണ സാധ്യതകളിലേക്ക് കൂടി ചോദ്യോത്തര വേളയിൽ ഇറങ്ങിച്ചെന്നു.