ആഗോള ഫുട്ബോൾ ആവേശത്തിന്റെ പശ്ചാത്തലത്തിൽ, കളിയുടേയും എഴുത്തിന്റേയും വേറിട്ട കഥകളുമായി ബുക്ക് ഈവ് (Book Eve) സംഘടിപ്പിച്ച ‘കളിക്കാര്യം’ ടോക്ക് ഷോ ശ്രദ്ധേയമായി. ചെമ്മാട് ബുക്പ്ലസ് പാർട്ടി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ കായിക എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
ഫുട്ബോൾ സാഹിത്യത്തിലെ ശ്രദ്ധേയമായ രണ്ട് കൃതികളെ മുൻനിർത്തിയായിരുന്നു ചർച്ച. പ്രമുഖ എഴുത്തുകാരായ മുഖ്താർ ഉദരംപൊയിൽ (രചയിതാവ് – ‘ഉസ്താദ് എംബാപ്പെ’), സലാഹുദ്ദീൻ അയ്യൂബി (രചയിതാവ് – ‘സോക്കർ ദർവീശ്’) എന്നിവർ തങ്ങളുടെ പുസ്തകങ്ങളെയും ഫുട്ബോൾ അനുഭവങ്ങളെയും മുൻനിർത്തി വായനക്കാരുമായി സംവദിച്ചു.
കേവലം ഒരു കായിക വിനോദമെന്നതിനപ്പുറം ഫുട്ബോൾ എങ്ങനെയാണ് മനുഷ്യജീവിതത്തെയും സംസ്കാരത്തെയും സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും സംസാരം. ലോകകപ്പിന്റെ ആവേശത്തിനൊപ്പം ഫുട്ബോളിന്റെ ചരിത്രവും കഥകളും പങ്കുവെച്ച സെഷൻ കായികപ്രേമികൾക്കും വായനക്കാർക്കും ഒരുപോലെ വേറിട്ടൊരു അനുഭവമായി മാറി.