തിരൂരങ്ങാടി: വായനയെ പ്രോത്സാഹിപ്പിക്കുകയും വായനാപ്രേമികൾക്ക് ഒത്തുചേരാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബുക് പ്ലസ് ആരംഭിച്ച പുതിയ കൂട്ടായ്മയായ തിരൂരങ്ങാടി റീഡേഴ്സ് കളക്ടീവിന്റെ (TRC) ആദ്യ രണ്ട് സംഗമങ്ങൾ വിജയകരമായി നടന്നു.
ഒക്ടോബർ 3-ന് കെട്ടുങ്ങൽ ബീച്ചിൽ നടന്ന ആദ്യ സംഗമവും ഒക്ടോബർ 21-ന് ന്യൂകട്ടിൽ നടന്ന രണ്ടാമത്തെ സംഗമവും വായനാപ്രേമികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തിരൂരങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും വായനക്കാരെ ഒരുമിപ്പിച്ച് വായനാനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനുള്ള പൊതുവേദിയൊരുക്കുകയാണ് TRC-യുടെ ലക്ഷ്യം.
വായനയെ വ്യക്തിഗതമായ അനുഭവത്തിനപ്പുറം സാമൂഹികമായ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും ഭാഗമായി വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. തുടർന്നും വിവിധ ഇടങ്ങളിൽ വായനാസംഗമങ്ങൾ സംഘടിപ്പിച്ച് കൂടുതൽ വായനക്കാരെ കൂട്ടായ്മയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്.