കോഴിക്കോട് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷനുമായി സഹകരിച്ച് ബുക്പ്ലസ് പബ്ലിഷേഴ്സ് ‘കുറ്റിച്ചിറയുടെ കഥകൾ കേൾക്കാം പറയാം’ എന്ന ആശയത്തിൽ സായാഹ്ന സംസാരം സംഘടിപ്പിച്ചു. കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടികൾ ബുക്പ്ലസിൽ സംഘടിപ്പിക്കണമെന്ന ലക്ഷ്യത്തിന്റെ പ്രഥമ ചുവടുവെപ്പായിരുന്നു കുറ്റിച്ചിറയുടെ കഥകൾ പറഞ്ഞ് ചേർന്നിരുന്ന പരിപാടി. പരിപാടിയിൽ കോഴിക്കോട് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷൻ ട്രഷറർ മാലിക് കുറ്റിച്ചിറ, പത്രപ്രവർത്തകൻ സലാം കല്ലായി, എഴുത്തുകാരൻ എസ്.എ ഖുദ്സി, നവാഗത എഴുത്തുകാരികളായ സാബി തെക്കേപ്പുറം, സിറു റസാഖ്, ഫഹീമ കുറ്റിച്ചിറ എന്നിവർ വിശദമായി കുറ്റിച്ചിറയെക്കുറിച്ച് സംസാരിച്ചു. കേൾക്കാനെത്തിയവരും കുറ്റിച്ചിറയുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളും ഓർമകളും പങ്കുവച്ചു. മുഹമ്മദ് അജീർ പരിപാടി നിയന്ത്രിച്ചു.