ഫള്ൽ തങ്ങളെ പ്രതിയുള്ള കൊളോണിയൽ പക്ഷവായനയെ തിരുത്തി യഥാതഥ ചരിത്രം അനാവൃതമാക്കാനുള്ള ശ്രമം

February 16, 2025
മലബാറിൽ ജനിച്ചു വിശ്വത്തോളം വളർന്ന പൺഡിത പ്രതിഭയാണ് മമ്പുറം ഫള്ൽ തങ്ങൾ. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുൻപന്തിയിൽ ഉണ്ടായിരുന്നതു കൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറി .സ്വാഭാവികമായും കൊളോണിയൽ പക്ഷ ചരിത്രം ഫള്ൽതങ്ങൾ എന്ന ജ്ഞാന പ്രഭുവിനെയും ആത്മീയ ജ്യോതിസിനെയും തമസ്കരിച്ചു .വിരുദ്ധ പോരാട്ടത്തിന്റെ മുൻപന്തിയിൽ സ്ഥാനം നൽകി. ഫള്ൽ തങ്ങളെ പ്രതിയുള്ള കൊളോണിയൽ പക്ഷവായനയെ തിരുത്തി യഥാർത്ഥ ചരിത്രം അനാവൃതമാക്കാനുള്ള ശ്രമമാണ് മുസ്തഫ ഊ ജമ്പാടിയുടെ സയ്യിദ് ഫള്ൽ ഒരു ആഗോള മുസ്ലിമിൻറെ സഞ്ചാരപഥങ്ങൾ എന്ന പുസ്തകം .
1824 ൽ മമ്പുറം തറമ്മൽ തറവാട്ടിൽ മമ്പുറം തങ്ങളുടെയും ,സയ്യിദഫാഥിമയുടെയും മകനായി ജനിച്ച മമ്പുറം തങ്ങൾ കേരളത്തിലെ അറിയപ്പെട്ട പൺഡിതരിൽ നിന്നും അറിവുനുകരുകയും , ഹിജാസിലെത്തി ഉപരിപഠനം നടത്തുകയും ചെയ്തു. ശേഷം തിരികെ നാട്ടിലെത്തി .പിതാവിൻ്റെ മരണാനന്തരം ജനങ്ങളുടെ ആത്മീയ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കേണ്ടി വന്നു. വലിയ ജന സ്വീകാര്യതയും സ്വാധീനവും അദ്ദേഹത്തിനു ലഭിച്ചു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ പ്രചോദകമായി വർത്തിച്ചു. ഫള്ൽ തങ്ങളുടെ ജനസ്വാധീനം വിനയാകുന്നുവെന്നു മനസ്സിലാക്കി ബ്രിട്ടീഷുകാർ തങ്ങളെ 1852 ൽ തന്ത്ര പൂർവ്വം ഹിജാസിലേക്കു മാറ്റുന്നുണ്ട്. പിന്നീടൊരിക്കലും ഫള്ൽ തങ്ങൾ മലബാറിലെത്താതിരിക്കാൻ ബ്രിട്ടീഷുകാർ ബദ്ധശ്രദ്ധപുലർത്തിപ്പോന്നു.
പിന്നീട് യമനിലെ ദുഫാർ ജനതയുടെ ആവശ്യപ്രകാരം ദുഫാറിൻ്റെ ഭരണാധികാരിയായി തങ്ങൾ മാറി . ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ ഉപദേശകനായും വസീറായും ഫള്ൽ തങ്ങൾ നിയമിതനായി. ഖിലാഫത്തിൻ്റെ സുസ്ഥിരതക്കുതകുന്ന നിരവധി നിർദ്ദേഷങ്ങൾ അദ്ദേഹം സമർപ്പിച്ചു. ചരിത്ര പ്രസിദ്ധമായ ഹിജാസ് റെയിൽവേയിലെ തങ്ങളുടെ പങ്ക് അവിതർക്കിതമാണ്.
മുസ്ലിം സമൂഹത്തിൻ്റെ ഐക്യത്തിനും , കെട്ടുറപ്പിനും വേണ്ടി തൻ്റെ പേനയും നാവും സ്വാധീനവും ഉപയോഗിച്ചു. സമുദായത്തിൻ്റെ ഐക്യവും , ആത്മീക , ഭൗതിക , ബൗദ്ധിക , പുരോഗതിയും ലക്ഷീകരിച്ച് 25 കൃതികളാണ് ആ ജ്ഞാനതപസ്സിയുടെ കരങ്ങളാൽ വിരചിതമായത്.
സയ്യിദ് ഫള്ൽ തങ്ങളെ സമ്പൂർണ്ണമായും അവതരിപ്പിക്കാൻ ശ്രമിക്കുന്ന പുസ്തകം ബാഅലവികളുടെ ഉദ്ഭവവും വികാസവും പരിചയപ്പെടുത്തിയാണ് ആരംഭിക്കുന്നത്. ശേഷം അദ്ദേഹത്തിൻ്റെ ജീവിത യാത്രയും രചനാ ലോകവും അവതരിപ്പിക്കുന്നു. തുടർന്ന് തങ്ങളുടെ കൃതികളെ ഉപജീവിച്ച് തങ്ങളുടെ ദർശനങ്ങളും കാഴ്ചപ്പാടുകളും അനാവൃതമാക്കുന്നു. അവസാനം തങ്ങളുടെ വിവിധ ഗ്രന്ഥങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ചേർത്തിട്ടുണ്ട്.
വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് മുസ്തഫ ഊഞ്ചമ്പാടി ഇങ്ങനെയൊരു ഗ്രന്ഥം തയ്യാറാക്കുന്നത്. അതിനുമാത്രം മികവും പുസ്തകത്തിനുണ്ട്.

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...