ജീവിതചരിത്രങ്ങളെ വ്യക്തിപരമായി ചുരുക്കാതെ, ഒരു നാടിന്റെ, കാലഘട്ടത്തിന്റെ, അല്ലെങ്കിൽ പ്രസ്ഥാനത്തിന്റെ ചരിത്രമായി കാണണമെന്ന് ഡോ. മോയിൻ മലയമ്മ കരുതുന്നു. അതിനാൽ അദ്ദേഹം പാലക്കാംതൊടിക അബൂബക്കർ മുസ്ല്യാരുടെ ജീവിത ചിരിത്രത്തെ കോഴിക്കോട് താലൂക്കിന്റെ ചരിത്രമായി ആവിഷ്കരിച്ചു. അത്തിപ്പറ്റ ഉസ്താദിന്റെ ജീവതത്തിലൂടെ മലയാളത്തിലെ സൂഫിസത്തിന്റെ മൊത്തം ചരിത്രമെഴുതി. ഇവിടെ അദ്ദേഹത്തിന്റെ രചന ‘വാരിയംകുന്നത്ത്’ എന്ന വ്യക്തിയിൽ ഒതുക്കാതെ അദ്ദേഹം സ്ഥാപിച്ച ‘മലയാള രാജ്യത്തി’ന്റയുമപ്പുറം ‘മലബാർ പോരാട്ടങ്ങളുടെ കോളനിയനന്തര വായന’യാക്കി അതിനെ വിശാലപ്പെടുത്തി.
1857 നു ശേഷം ബ്രിട്ടീഷ് ഇന്ത്യ കണ്ട ഏറ്റവും വലിയ ചെറുത്തു നിൽപ്പായിരുന്നു മലബാർ സമരമെന്നും അതിനു നേതൃത്ത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി തുല്യതയില്ലാത്ത ധീരതയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഇതിൽ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ദുർഭരണത്തിൽ നിന്ന് ഏറനാട്-വെള്ളുവനാട് പ്രദേശങ്ങൾക്ക് ഏതാനും മാസങ്ങൾ മോചനം നൽകുകയും സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ഒരു രാജ്യത്തിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും സ്ഥാപിക്കുകയും പാസ്പോർട്ട്, പാസ്സ്, നികുതി, കോടതികൾ, പട്ടാളം, പട്ടാള പരിശീലന കേന്ദ്രങ്ങൾ, തുടങ്ങിയ സംവിധാനങ്ങൾ കൊണ്ടുവരികയും ചെയ്തുവെന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല.
നുണപ്രചരണങ്ങളും ചതിയും ഒറ്റുകൊടുപ്പുകളുമായാണ് ബ്രിട്ടീഷ് ഇതിനെ നേരിട്ടത്. ബ്രിട്ടീഷുകാരുടെയും ബ്രിട്ടീഷ് അനുകൂല പത്രങ്ങളുടെയും ബ്രിട്ടീഷ് അനുകൂലികളുടെയും എഴുത്തുകളിലും റിപോർട്ടുകളിലും വാരിയംകുന്നത്തിനെയും മലബാർ സമരത്തെയും ഇകഴ്ത്തികാണിക്കുന്നതും കുറ്റപ്പെടുത്തുന്നതും തികച്ചും സ്വാഭാവികവും പ്രതീക്ഷിക്കാവുന്നതുമാണ്. പക്ഷേ, ഇത്തരം കുറിപ്പുകളെ ആശ്രയിച്ച് മലബാർ സമരത്തിന്റെ ചരിത്രം പുനർരചിക്കുകയും വ്യാജവ്യാഖ്യാനം നടത്തുകയും ചെയ്യുന്ന സമീപനം യുക്തിഹീനവും അപഹാസ്യവുമാണ്. അത്തരം നുണപ്രചരണങ്ങൾക്കുള്ള വ്യക്തമായ മറുപടികളും തെളിവുകളും ഉൾകൊള്ളുന്നത് ഈ പുസ്തകവായനയെ പ്രസക്തമാക്കുന്നു.