പിറവിയാൽ വെറും നീഗ്രോ
അടിമയാം ബിലാലിന്റെ
സ്വരഭംഗി വിളയാടും
കുളിർ ബാങ്കിൻറെ
അലയൊലി കരളിൽ
കാതിൽ മുഴങ്ങുന്നുണ്ട്
പി റ്റി അബ്ദുറഹ്മാൻ എഴുതി ഏ റ്റി ഉമ്മർ ഈണമിട്ട് യേശുദാസ് തരംഗണിയുടെ കാസറ്റിൽ പാടിയ മസ്ജിദുൽ ഹറം കാണാൻ… എന്ന് തുടങ്ങുന്ന പാട്ടിലാണ് ബിലാൽ കടന്നു വരുന്നത്. പാടി ബിലാലെന്ന പൂങ്കുയിലേ.. എന്ന പാട്ടിൽ തുടങ്ങിയ ഉസ്താദ് എംബാപ്പെ എന്ന മുഖ്താർ ഉദരംപൊയിൽ എഴുതിയ കഥ വായിച്ചപ്പോൾ എൻറെ മനസ്സിലേക്ക് ഓടിക്കയറിയ പാട്ട്. കറുകറുത്ത ബിലാലിനെയാണ് പ്രവാചകൻ കഅബാലയത്തിൽ ബാങ്ക് വിളിക്കാൻ ചുമതലപ്പെടുത്തിയത്. ബിലാലിന്റെ കറുകറുത്ത ഉടലും സ്വരഭംഗിയും സാദിഖ് ഉസ്താദിനും ഉണ്ടായിരുന്നു. അതോടൊപ്പം ഫുട്ബോളിനോടുള്ള പ്രണയവും. ഫുട്ബോൾ ഹരം പിടിച്ചു കളിക്കുമ്പോൾ ബാങ്ക് സമയം പോലും അദ്ദേഹം മറന്നു പോയിരുന്നു. മലബാറുകാരൻ്റെ രക്തത്തിൽ അലിഞ്ഞതാണല്ലോ ഫുട്ബോൾ, വിശേഷിച്ച് സെവൻസ് പ്രണയം.
ഒടുവിൽ, ഒടുവിൽ തൻറെ പ്രിയപ്പെട്ട കാല് അപകടത്തെ തുടർന്ന് നഷ്ടപ്പെടുത്തേണ്ടി വന്നു. തനിയ്ക്കിനി പന്ത് കളിക്കാനാവില്ല എന്ന ആകുലതയായിരുന്നു അയാളെ നയിച്ചത്.
സ്കൂളിൽ എൻ സി സി യിൽ ഉള്ളപ്പോൾ ചെറിയ ഓഫീസർമാർ വലിയ കിടുക്കൻ യൂണിഫോമിൽ വരുമ്പോൾ അതിനേക്കാൾ കൂടിയ ഓഫീസർ കമാൻറിംഗ് പോലുള്ള ബഡാ ആപ്പീസർ ചെറിയ തൊപ്പിയുമായി വരുന്നത് കണ്ടിട്ടുണ്ട്. ചില ഉസ്താദുമാരുടെ വേഷവും ശ്രദ്ധിച്ചാൽ, മെയിൻ ഉസ്താദിൻറെ അസിസ്റ്റൻറ് ചിലപ്പോൾ അദ്ദേഹത്തെക്കാൾ വലിയ തലപ്പാക്കട്ട് ധരിക്കുന്നത് കാണാം. മലബാറിന്റെ മനോഹരമായ ഭാഷയുടെ, പള്ളികളുടെ അകത്തളങ്ങളുടെ, വീട്ടകങ്ങളുടെ സുറുമയിട്ട ചിത്രങ്ങളാണ് മുഖ്താർ കഥകളിലൊക്കെ. എട്ടു കഥകൾ ചേർത്താണ് ഈ സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.
രാഷ്ട്രിയം ഉള്ളിൽ ഒളിപ്പിച്ച് സംസാരിക്കുന്ന കഥയാണ് നഗ്നചിത്രങ്ങൾ. ബ്ലാക്ക് മാനിൽ അബുവും ബാബുവും ചേർന്നിരിക്കുന്ന മൗനത്തിൽ സ്നേഹം അടയാളപ്പെടുത്തുന്നു.
മു. മാപ്ര സമകാലികത്തോട് ചേർന്നിരിക്കുന്നു. “മുസൽമാൻ ഹൊ ക്യാ” എന്ന ചോദ്യം സെക്കുലർ ഭാരതത്തിൽ വല്ലാതെ മുഴങ്ങുന്നു.
അനുബന്ധത്തിൽ റഫീഖ് തിരുവള്ളൂർ നിരീക്ഷിക്കുന്നതുപോലെ ജീവിത അവശിഷ്ടങ്ങൾ കൊണ്ട് കഥകൗശല വിദ്യയാണ് ഈ കഥാകാരൻ കാട്ടുന്നത്. കഥ നിറഞ്ഞ മനുഷ്യരുടെ, സ്വന്തം കഥ എഴുതാത്ത മനുഷ്യരുടെ കഥകളാണ്. അവർക്ക് വേണ്ടി മുഖ്താർ എഴുതിക്കൊണ്ടിരിക്കുന്നു.
മഴ. മഴയെന്നു പറഞ്ഞാൽ കൊടൂര മഴ. മഴയുടെ സങ്കടം തരിപ്പായി. ഇനിയും മുഖ്താർ കഥകളുടെ പെരുമഴക്കാലം കാത്ത് വായനക്കാരനായി ഞാനിരിക്കുന്നു. ഖബറിനുള്ളിൽ പോലും മരിക്കാത്ത അക്ഷരം തേടി.
വായിക്കുക. പേന കൊണ്ട് എഴുതാൻ പഠിപ്പിച്ച അത്യുദാരൻ്റെ നാമത്തിൽ.