ഗ്രാമീണ ജീവിതത്തിന്റെ നേർ കാഴ്ചകളാണ് ഒരോ കഥകളും

December 16, 2024

മലപ്പുറത്തിന്റെ, ഏറനാട്ടിന്റെ സാധാരണക്കാരുടെ ഭാഷയിൽ എഴുതിയ ജീവിത സ്പർശിയായ കഥകളാണ് ഉസ്താദ് എംബാപ്പെയിലുള്ളത്.
‘ജിന്നെളാപ്പ’യിൽ തുടങ്ങി ‘ബ്ലാക്ക് മാനിൽ’ അവസാനിക്കുന്ന വർത്തമാനകാലത്തിന്റെ കഥ
പറയുന്ന 8 കഥകളുടെ സമാഹാരമാണ് ഉസ്താദ് എംബാപ്പെ.
മതപഠനത്തിനൊപ്പം കൽപന്തുകളിയെ പ്രണയിച്ച; ഏതൊരു മേഖലയിലാണെങ്കിലും കൽപന്തിനെ പ്രണയിക്കുന്ന മലപ്പുറത്തുക്കാരന്റെ തനി പകർപ്പാണ് സാദിഖുസ്താദ് എന്ന ഉസ്താദ് എംബാപ്പെ.
കളികളത്തിലും ജീവിതത്തിലും അയാൾ എംബാപ്പയെപ്പോലെയായിരുന്നു. വിജയത്തിനടുത്ത് ജീവിത വഴിയിൽ വീണുപ്പോയ ഉസ്താദ് എംബാപ്പെ.
“അല്ലേലും ഞാൻ നല്ലൊരു കളിക്കാരനല്ല ; വെറുമൊരു പാച്ചിലുക്കാരനാണ്. ഗ്രൗണ്ടിലും ജീവിതത്തിലും, അങ്ങോട്ടുമിങ്ങോട്ടും പായുന്നുണ്ടെന്നേയുള്ളു. കളിയൊന്നുമല്ലത്” എന്ന ജീവിതത്തിന്റെ കളിയെക്കുറിച്ച് കൂടിയാണ് ഉസ്താദ് എംബാപ്പെ കഥ പറയുന്നത്.
ഉരുൾപൊട്ടലിന്റെ വേദന അനുഭവിച്ചവരാണ് നമ്മൾ മലയാളികൾ. ഉരുൾപൊട്ടലിൽ ജീവിതം തകർന്ന മനുഷ്യരുടെ വേദനയോടൊപ്പം മരുഭൂമിയിൽ പ്രവാസ ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യ ജീവിതക്കളുടെ കഥ കൂടിയാണ് ‘ഉരുൾ’.
മാധ്യമ പ്രവർത്തനത്തിന്റെയും ഉത്തരേന്ത്യൻ മത വർഗ്ഗീയ രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന
‘മു. മാപ്ര’ എന്ന കഥ വർത്തമാന കാലത്തേക്കാണ് ചോദ്യങ്ങളെറിയുന്നത്.
മാധ്യമ പ്രവർത്തന മേഖലയിലെ ശമ്പളമില്ലായ്‌മയെയും വേതനം ചോദിച്ചാൽ പ്രതികാര നടപടിയുമായി മാധ്യമ ലോകത്തെ വരച്ചിടുന്നതോടൊപ്പം , മുസ്ലിം നാമധാരിയായാൽ രാജ്യദ്രോഹിയാക്കുന്ന ഇന്ത്യൻ ഭരണകൂട ഭീകരതയുടെയും രാഷ്ടീയം ‘മു. മാപ്ര’യിലൂടെ മുഖ്താർ പറഞ്ഞു തരുന്നു.
ഒരാളെ കള്ളനും അതൊടൊപ്പം അവന്റെ ജീവിതത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന സദാചാരത്തിന്റെ മുഖം മൂടിയണിഞ്ഞ മാന്യന്മാരുടെ കഥ പറയുന്ന ‘ബ്ലാക്ക്മാൻ’ മനുഷ്യ ബന്ധങ്ങളുടെ കഥ കൂടിയാണ് പറയുന്നത്.
ഏതു സ്ത്രീയെയും വിവസ്ത്രയാക്കാൻ നോക്കുന്ന മലയാളികളുടെ സദാചാരത്തെയാണ് ‘നഗ്നചിത്രങ്ങൾ’ വരച്ചിടുന്നത്. ഗ്രാമീണ ജീവിതത്തിന്റെ നേർ കാഴ്ചകളാണ് ഒരോ കഥകളും.
ഏറനാടൻ നാട്ടുഭാഷകളിലൂടെ തന്റെ കഥയുടെ ലോകം വരച്ചിടുകയാണ് മുഖ്താർ ഉദരംപൊയിൽ ഉസ്താദ് എംബാപ്പെ എന്ന പുസ്തകത്തിലൂടെ.

– വിശ്വൻ പൂക്കോട്ടൂർ

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...