ഹൈഫയിലേക്ക് തിരിച്ചു പോകുന്നവർ – അക്ഷരങ്ങൾ കൊണ്ട് പോരാടിയ കനഫാനിയുടെ നോവൽ

July 11, 2024
അധിനിവേശ ശക്തികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയ എഴുത്തുകളായിരുന്നു ഗസാൻ കനഫാനിയുടേത്. അതുകൊണ്ടുതന്നെ 1972 ലെ കാർ ആക്രമണത്തിലൂടെ മൊസാദ് ആസൂത്രണം ചെയ്ത കൊലപാതകം വെറുമൊരാളിന്റെയായിരുന്നില്ല, അധിനിവേശ വിരുദ്ധതക്കെതിരായ പൊരുതിയ വലിയൊരു ശക്തിയുടേതു കൂടിയായിരുന്നു. “ഹൈഫയിലേക്ക് തിരിച്ചു പോകുന്നവർ” കനഫാനിയുടെ തീക്ഷ്ണമായ ഒരു കഥാവിഷ്കാരമാണ്. 1948 ലെ നഖ്‌ബയെ തുടർന്ന് ഹൈഫയിൽ നിന്ന്‌ പലായനം ചെയ്ത കുടുംബം 20 വർഷങ്ങൾക്ക് ശേഷം ഹൈഫയെ കാണാനായി തങ്ങളുടെ കാറിൽ തിരിച്ചു വരുന്നതാണ് കഥയുടെ പ്രമേയം. സഈദ് – സഫിയ ദമ്പതികൾ, ചുറ്റിനും ഭീതിപ്പെടുത്തുന്ന ഷെല്ലാക്രമണങ്ങളും വെടിയുണ്ടകളും പറന്നു നടക്കുന്നതിനിടയിൽ രക്ഷപ്പെടാനുള്ള പെടാപ്പാട് നടത്തുന്നു. ഓട്ടപ്പാച്ചിലിനിടയിൽ വഴിതെറ്റിയ രണ്ടു പേർക്കും അഞ്ചു മാസമായ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. കുഞ്ഞു “ഖൽദൂൻ” ഇസ്രായേലി ചെന്നായ്ക്കളുടെ ദയയില്ലാ തേരോട്ടത്തിൽ ചതഞ്ഞരഞ്ഞിട്ടുണ്ടാവും എന്നവർ ആവലാതിപ്പെടുന്നു. 20 വർഷത്തോളം ആ മാതാവ് തന്റെ കുഞ്ഞു പൈതലിനെ ഓർത്ത് കണ്ണീർപൊഴിക്കുന്നുണ്ട്. യുദ്ധം ഒതുങ്ങി ശാന്തമായ ഒരവസരത്തിൽ അവർ തങ്ങളുടെ ഹൈഫയും പഴയ വീടും ചുറ്റുപാടുകളും കാണാൻ തീരുമാനിക്കുന്നു. വീട് നിലനിന്നിരുന്ന സ്ഥലമെത്തെത്തിയപ്പോൾ അതപ്പടിതന്നെ നിലനിൽക്കുന്നുണ്ട്. ജൂതയായ മിർയം തന്റെ മകനായ “ദോഫി”നൊപ്പം ആ വീട്ടിൽ താമസിക്കുന്നു. ആഗതരെ കണ്ടു സംസാരിച്ചപ്പോൾ മിർയം പറയുന്നുണ്ട്, ഒരുനാൾ നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നുവെന്ന്. വീടിനകം നടന്നു കാണാൻ അനുവാദം കിട്ടുന്ന സഈദ് – സ്വഫിയ ദമ്പതികൾ ഗൃഹാദുരത്വപൂർണമായ ഒത്തിരി ഓർമകളിലൂടെ കടന്നുപോവുന്നു. അവർ അലങ്കാരമായി വീട്ടിൽ സൂക്ഷിച്ച മയിൽപീലി പോലും പുതിയ താമസക്കാർ എടുത്തുമാറ്റിയിട്ടില്ല. ഏഴു മയിൽപീലിയുണ്ടായിരുന്നതിൽ രണ്ടെണ്ണം കുറവ് വന്നത് സഈദ് ചോദിക്കുമ്പോഴാണ് മിർയം അതിനെക്കുറിച്ച് അറിയുന്നത്. “ദോഫ്” കുഞ്ഞായിരുന്നപ്പോൾ കളിക്കാനെടുത്ത് നഷ്ട്ടപ്പെട്ടതായിരിക്കും എന്നതാണ് മിർയം സംശയിക്കുന്നത്. ദോഫിനെക്കുറിച്ചുള്ള സംസാരം തുടരുന്നതോടെ തങ്ങളുടെ കുഞ്ഞു ഖൽദൂൻ ഒരു ജൂതകുടുംബത്തിന്റെ വളർത്തു പുത്രനായി വളർന്ന് യുവാവായി ഇന്ന് ഇസ്രായേലിന്റെ പട്ടാളത്തിൽ ഫലസ്തീനി പോരാളികൾക്കെതിരെ പൊരുതുന്ന കഥയാണ് ആ ദമ്പതികൾക്ക് കേൾക്കാനാവുന്നത്. ഖൽദൂൻ വീട്ടിലെത്തുന്നതു കാത്തിരുന്ന ആ ഉമ്മയും ഉപ്പയും പട്ടാളക്കാരനായ ദോഫിനെയാണ് കണ്ടുമുട്ടുന്നത്. നിങ്ങൾ മറ്റേ പക്ഷക്കാരല്ലേ എന്ന ദോഫിന്റെ ചോദ്യം സഈദിന്റെ ഉള്ളിൽ ഉയർത്തുന്ന അസ്വസ്ഥത ചില്ലറയല്ല. തനിക്ക് ഇങ്ങനെ ഒരു ഉമ്മയെയും ഉപ്പയെയും അറിയില്ലെന്നും തന്റെ മമ്മ ഈ കാണുന്ന മിർയം ആണെന്നും കേൾക്കുമ്പോൾ സ്വഫിയ കണ്ണുനീരിൽ കുതിർന്ന് വാക്കുകളില്ലാതെ അസ്വസ്ഥമാവുന്നു. താൻ കാണാൻ കാത്തിരുന്നത് തങ്ങളുടെ മകൻ ഖൽദൂനെ ആയിരുന്നെന്നും അവന് ശേഷം ജനിച്ച മക്കൾക്ക് ഖാലിദ്, ഖാലിദ എന്നു പേര് നൽകിയത് എന്നെങ്കിലും ഖൽദൂനെ കണ്ടെത്തുമെന്ന പ്രതീക്ഷകൊണ്ടാണെന്നും സഈദ് അയവിറക്കുന്നു. ഇതോടെ ആ കാത്തിരിപ്പിന് അന്ത്യമായെന്നും ഇനി നീ ഇനി തോക്കെടുത്ത് യുദ്ധത്തിനിറങ്ങുന്നത് ഗറില്ലാ പോരാളിയായി സ്വതന്ത്ര ഫലസ്‌തീൻ രാജ്യത്തിന് വേണ്ടി പോരാടുന്ന എന്റെ മകൻ ഖാലിദിനു നേരെയായിരിക്കുമെന്നും സഈദ് ദോഫിനോട് പറയുന്നു. ശാന്തമായ മനസ്സോടെയാണ് സഈദും സഫിയ്യയും ആ വീട്ടിനിന്നിറങ്ങുന്നത്. ഖാലിദിനെ ഗറില്ലാ പോരാട്ടത്തിനിറങ്ങുന്നത് വിലക്കിയത് താനായിരുന്നു, പോരാട്ടത്തിലേക്കിറങ്ങിയാൽ താനിനി എന്നെ ഉപ്പാ എന്ന് വിളിക്കേണ്ടതില്ല എന്ന ഭീഷണിയിലായിരുന്നു ഖാലിദ് ഒന്നടങ്ങിയത്. ഞങ്ങളീ യാത്രക്കിറങ്ങിയ തക്കത്തിൽ അവൻ ഗറില്ലാപോരാളിയായിട്ടുണ്ടാവും എന്നും സഈദ് ആത്മഗതം ചെയ്യുന്നു. ഓരോ എഴുത്തുകാരനും തങ്ങളുടെ എഴുത്തിൽ വായനക്കാർക്കായി ഒളിപ്പിച്ചുവക്കുന്ന ചില വിലപ്പെട്ട സന്ദേശങ്ങൾ കനഫാനി “ഹൈഫയിലേക്ക് തിരിച്ചു പോകുന്നവരി” ലും ഒരുക്കിവച്ചിട്ടുണ്ട്. നഷ്ടപ്പെട്ട മകനെ വീണ്ടെടുക്കാൻ നിങ്ങളെന്തു ചെയ്തു എന്നൊരു ചോദ്യം ദോഫ് ചോദിക്കുമ്പോൾ കണ്ണീരിന്റെ കണക്കല്ലാതെ മറ്റൊന്നും പറയാൻ ആ ദമ്പതികൾക്കാവുന്നില്ല, കണ്ണീര് ഒന്നിനും കൊള്ളില്ല, അത് ബലവും മൂർച്ചയുമില്ലാത്ത ആയുധമാണെന്ന് ദോഫ് തന്നെ അവരോടു പറയുന്നു. മറുപടിയായി, ഞങ്ങൾക്ക് പറ്റുന്ന തെറ്റ് എങ്ങനെയാണ് നിന്റെ തെറ്റുകളെ ന്യായീകരിക്കുന്നത് എന്നാണ് മാതാപിതാക്കൾ ദോഫിനോട് ചോദിക്കുന്നത്. വാക്കിന്റെ മൂർച്ചകൊണ്ട് വായനക്കാരനെ ചിന്തിപ്പിക്കുന്ന, അധിനിവേശ ശക്തികൾക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഗസ്സാൻ കനഫാനി അങ്ങനെയൊക്കെയാണ് ഫലസ്തീൻ വിമോചന പോരാട്ട അധ്യായങ്ങളിലെ വലിയൊരു അധ്യായമായി മാറുന്നത്.

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...