പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ വൈജ്ഞാനികവിപ്ലവത്തിൻ്റെ ഇസ്‌ലാമിക ഉറവകളെ വിശദമായി രേഖപ്പെടുത്തുന്ന പുസ്തകം

September 17, 2025

‘ഇസ്ലാമിക സുവർണയുഗ’മായി അബ്ബാസിദ് കാലിഫേറ്റിൻ്റെ കാലത്തെ (750-1258) അവതരിപ്പിക്കുകയും ആധുനികശാസ്ത്രം രൂപപ്പെട്ടത് ആ സുവർണയുഗത്തിലെ ഇസ്ലാമിക വൈജ്ഞാനികപ്രവർത്തനങ്ങൾ രൂപപ്പെടുത്തിയ ആശയങ്ങളിലൂടെയും രീതിശാസ്ത്രങ്ങളിലൂടെയുമാണെന്ന് പറഞ്ഞുവെക്കുകയും ചെയ്യുന്ന രീതി കേരളത്തിൽ ഇന്നു സജീവമാണ്. ആധുനികശാസ്ത്രത്തിൻ്റെ ഉത്ഭവം ഇസ്ലാമിക വൈജ്ഞാനികതയിലാണ് എന്നു സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്.
ശാസ്ത്രചരിത്രവിജ്ഞാനീയത്തിൽ സമീപകാലത്ത ശക്തിപ്രാപിച്ച ‘അറിവിൻ്റെ ആഗോളചംക്രമണം’ (global circulation of knowledge) എന്ന സമീപനരീതിയെ തങ്ങളുടെ രാഷ്ട്രീയാവശ്യത്തിനനുയോജ്യമായ രീതിയിൽ വളച്ചൊടിക്കുന്ന വലതുപക്ഷപ്രവണത കേരത്തിലെ ഇത്തരം ചർച്ചകളിൽ കാണാം.
ആധുനികശാസ്ത്രത്തിൻ്റെ രൂപീകരണത്തിൽ തീർച്ചയായും മധ്യകാല – ആദ്യാധുനിക ഇസ്ലാമികലോകത്തെ പണ്ഡിതർക്ക് വമ്പിച്ച പങ്കുണ്ട്. എന്നാൽ ഈ ഇസ്ലാമികചരിത്രകാലമെന്നത് ഹിന്ദുത്വവാദികൾ സുവർണ പൗരാണിക ഭാരതമെന്ന സ്ഥലകാലമിഥ്യ നിർമ്മിക്കുന്നതിനു തുല്യമായ ഒന്നായി മാറുന്നു എന്നതാണ് പ്രശ്നം. 8-13 നൂറ്റാണ്ടുകളിൽ അറേബ്യൻനാടുകളിൽ നിലനിന്നിരുന്ന പാണ്ഡിത്യത്തിൻ്റെ വൈവിധ്യമോ, അതിലിടപെട്ട പണ്ഡിതരുടെ സാമൂഹിക, ദൈവശാസ്ത്ര, മത പശ്ചാത്തലങ്ങളിലെ വൈവിധ്യമോ കണക്കിലെടുക്കാതെയുള്ള വലതുപക്ഷ ആഖ്യാനനിർമ്മിതിയാണ് ഗോൾഡൻ ഏയ്ജ് എന്നത്. ദിവ്യവും പരിശുദ്ധവും നമ്മൾ തിരിച്ചുപിടിക്കേണ്ടതുമായ കാലമായി, പുതുരാഷ്ട്രനിർമ്മിതിയുടെ (ദൈവികഭരണം; Hukumat-e-Ilahi) മാതൃകയായി ഭൂതകാലത്തെ അവതരിപ്പിക്കുന്നതിനാലാണ് അത് അപകടകരമായ വലതുപക്ഷചിന്തയായി മാറുന്നത്.
ശ്രീ. ഹസീം മുഹമ്മദ് രചിച്ച, ശാസ്ത്രീയ വിപ്ലവം: മുസ്ലിം റീഡർ (ബുക് പ്ലസ്, ചെമ്മാട്, 2024) എന്ന ഉജ്ജ്വലഗ്രന്ഥം ഈ വലതുപക്ഷാഖ്യാനത്തിന് ശക്തമായി പരിക്കേൽപ്പിക്കുന്നുണ്ട്; ഒപ്പംതന്നെ, ഇസ്ലാമിനെ ആധുനികതയ്ക്കതിരെ നിർത്തി ഇകഴ്ത്തുന്ന പുരോഗമനവാദത്തിനും. പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ വൈജ്ഞാനികവിപ്ലവത്തിൻ്റെ ഇസ്ലാമിക ഉറവകളെ വിശദമായി രേഖപ്പെടുത്തുന്ന ഈ പുസ്തകം ഇസ്ലാമിക വൈജ്ഞാനികലോകത്തിൻ്റെ ആന്തരിക വൈവിധ്യത്തെ വിശദമായി അടയാളപ്പെടുത്തുന്നു. നാച്ചുറൽ ഫിലോസഫിയുടെ പുറകിലെ മാറിമറിയുന്ന അതിഭൗതികചിന്തകളെയും (metaphysics) അതിൽ ഇസ്ലാമിക ദൈവചിന്തയുടെ പങ്കിനെയും പുസ്തകം ചർച്ച ചെയ്യുന്നു. പതിമൂന്നാം നൂറ്റാണ്ടോടെ അവസാനിക്കുന്നതല്ല, പതിനെട്ടാം നൂറ്റാണ്ടുവരെയെങ്കിലും നീളുന്ന പേശലുകൾ ആധുനിക ശാസ്ത്രവും ഇസ്ലാമിക ദൈവശാസ്ത്രങ്ങളും തമ്മിലുണ്ട് എന്നും പുസ്തകം ഈ രംഗത്തെ സമീപകാല പഠനങ്ങളെ ആസ്പദമാക്കി വിശദീകരിക്കുന്നു.
നമ്മുടെ മതനിരപേക്ഷതയെ ജനാധിപത്യപരമായി ശക്തിപ്പെടുത്താൻ ഈ പുസ്തകം നല്കുന്ന സംഭാവന ചെറുതല്ല.

Related Updates

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...

July 4, 2025

ഓരോ വായനക്കാരനും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം

പീഡിത ജനതയുടെ ആവശ്യപ്രകാരം സ്പെയിൻ കീഴടക്കാൻ ...

June 9, 2025

കഥ നിറഞ്ഞ മനുഷ്യരുടെ, സ്വന്തം കഥ എഴുതാത്ത മനുഷ്യരുടെ കഥകളാണ്

പിറവിയാൽ വെറും നീഗ്രോ അടിമയാം ബിലാലിന്റെ ...

May 26, 2025

ആഖ്യാനത്തിന്റെ സൗന്ദര്യമാണ് ഈ പുസ്തകത്തെ വേറിട്ടു നിർത്തുന്നത്

വായനയുടെ ലഹരി എപ്പോഴും അനുഭവിക്കാൻ കഴിയാറില്ല. ...