“അലൻ – The left handed boy” – ഒരു വേറിട്ട വായന

February 25, 2025

ഐൻസ്റ്റീൻ കുഞ്ഞായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അമ്മയ്ക്ക് സ്കൂളിലെ ടീച്ചർ അയച്ച കത്തിനെയും അതിനെ ബുദ്ധിമതിയായ ആ അമ്മ കൈകാര്യം ചെയ്ത രീതിയും നമ്മൾ പലയിടത്തും വായിച്ചതാണ് കേട്ടതാണ്.

 

കുട്ടികളുടെ സർഗ വാസന അവരെ പഠിപ്പിക്കുന്ന ടീച്ചേഴ്സിന് ഉൾകൊള്ളാൻ കഴിയാത്ത സാഹചര്യം ആ കുട്ടിയിലെ പ്രതിഭയെ എന്നെന്നേക്കുമായി കരിയിച്ചു കളയുമെന്നുള്ള നിരീക്ഷണം പലവുരു കേൾക്കുമെങ്കിലും അധ്യാപക വൃത്തിയെ തൊഴിലായി ഏറ്റെടുക്കുന്ന പലരും ഇതിനെ കാര്യ ഗൗരവത്തോടെ സമീപിക്കാറില്ല എന്നത് സത്യമാണ്. ഒന്ന് കനപ്പിച്ചു പറഞ്ഞാൽ പുതുതായി വല്ലതും പഠിക്കാനോ ഉൾകൊള്ളാണോ വിമുഖത കാണിക്കുന്നതിൽ മുൻപന്തിയിലുള്ളത് അദ്ധ്യാപക തൊഴിലാളികൾക്കാണ് എന്ന് തോന്നിപ്പോവാറുണ്ട് (അധ്യാപകരെ തൊഴിലാളികൾ എന്ന് അബോസംബോധന ചെയ്തത് അക്ഷരം പഠിപ്പിച്ച ഗുരുക്കന്മാരെ നിന്ദിക്കാനല്ല, ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന “അധ്യാപകർ തൊഴിലാളികളാണ്” എന്ന തലക്കെട്ടിലുള്ള ലേഖനം ആരാണ് തൊഴിലെടുക്കുന്ന അധ്യാപകർ എന്ന് വിശദീകരിക്കുന്നുണ്ട്)

പറഞ്ഞു വന്നത് ഇയ്യ വളപട്ടണം എഴുതി ബുക് പ്ലസ് പ്രസിദ്ധീകരിച്ച “അലൻ – The left handed boy” എന്ന പുസ്തകത്തെ കുറിച്ചാണ്. ചില പുസ്തകങ്ങൾ വായിക്കുമ്പോൾ നമുക്ക് ഇത് ഇന്നയാൾ വായിച്ചിരുന്നെങ്കിൽ എന്നൊക്കെ തോന്നാറില്ലേ, അങ്ങനെ ഇത് അധ്യാപകരും രക്ഷിതാക്കളും വായിച്ചിരിക്കേണ്ട പുസ്തകമാണ് എന്നാണ് എനിക്ക് തോന്നിയത്. പ്രസാധകർ ഇത് അവരുടെ കിഡ്സ് വായനാ വിഭാഗത്തിൽ ഇത് പ്രസിദ്ധീകരിച്ചതിന്റെ യുക്തി എനിക്ക് മനസ്സിലായിട്ടില്ല. മുൻപ് അമീർ ഖാൻ  നായകനായി അഭിനയിച്ച അദ്ദേഹം തന്നെ നിർമിച്ച “താരെ സമീൻ പർ” എന്ന സിനിമ കുട്ടികളെ കാണിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്, ഇത് കുട്ടികളെക്കാളേറെ കാണേണ്ടത് അലൻ വായിച്ചിരിക്കേണ്ട ആളുകൾ തന്നെയാണ് എന്നതാണ് എന്റെ പക്ഷം.

ഇനി കഥയിലേക്ക് വരാം.ഇത് ജന്മനാ ഇടം കയ്യനായ അലൻ എന്ന കുട്ടിയുടെ കഥയാണ്. എറിയാനും പിടിക്കാനും മറ്റുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഇടം കയ്യിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന അലനെന്ന  ഇടം കയ്യനെ ആദ്യമായി തിരുത്താൻ ശ്രമിക്കുന്നത് കുഞ്ഞു പ്രായത്തിൽ അമ്മമ്മ യാണ്. അവരുടെ കണ്ണുരുട്ടലും ശാസനയും അടിയുമൊന്നും അലനെ മാറ്റാൻ കഴിയുന്നതായിരുന്നില്ല.

 

അവന്റെ ഈ പ്രത്യേകതയെ വിശേഷമായ  കഴിവായി അംഗീകരിച്ചത് അവന്റെ അമ്മയും അച്ഛനുമായിരുന്നു. അങ്കണവാടിയിൽ ചേർക്കാൻ കൊണ്ടു ചെന്ന അമ്മയോട് നമുക്ക് അവന്റെ ഇടം കൈപാട് മാറ്റിയെടുക്കാം എന്ന് ടീച്ചർ പറഞ്ഞതോടെ ആ അമ്മ അങ്കണവാടി പഠനം വേണ്ടായെന്ന് വെക്കുന്നുണ്ട്.

എൽ.കെ.ജി യിലെ ടീച്ചർ കുട്ടികളെ നന്നായി പരിചരിച്ചു വാത്സല്യത്തോടെ പെരുമാറിയത് കൊണ്ട് അലന് സ്കൂൾ ജീവിതം സന്തോഷത്തോടെ തുടങ്ങാനായി. യു.കെ.ജി യിലെ ടീച്ചറുടെ നിഷേധ പെരുമാറ്റവും അവനോടുള്ള ക്രൂരമായ നിലപാടും കാരണം ആ കുട്ടി നില തെറ്റി വീഴാൻ തുടങ്ങുകയായിരുന്നു. അനുസരണക്കേടാണ് അലന് വലതു കൈ കൊണ്ട് എഴുതാനുള്ള കഴിവ് കേട് എന്ന് ആ ടീച്ചർ വിധിയെഴുതി. കുട്ടിയോട് അവന്റെ മനസ്സ് പൊള്ളുന്ന മാതിരി അട്ടഹസിച്ചു, ആക്രോശിച്ചു, എല്ലാ ദിവസവും ക്ലാസ്സിൽ നിന്ന് പുറത്തു നിർത്തി. കുട്ടിയുടെ ചിത്രം വരയിലുള്ള അസാമാന്യ കഴിവ് തിരിച്ചറിയുന്ന രക്ഷിതാക്കൾ ടീച്ചറെ സമീപിച്ചു കാര്യം ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ 17 കൊല്ലത്തെ അധ്യാപക പരിചയം അതൊന്നും ഉൾകൊള്ളാനാവാത്ത വിധം ഇടുങ്ങിയതായിരുന്നു. രക്ഷിതാക്കളോട് നിങ്ങളുടെ കുട്ടിക്ക് മാനസികമായ എന്തോ രോഗമുണ്ടെന്നും അങ്ങനെയുള്ള കുട്ടികളെ പഠിപ്പിക്കേണ്ടത് ഈ സ്കൂളിലല്ലായെന്നും ഉപദേശിക്കുന്നുണ്ട്.

ടീച്ചർ കുട്ടിയുടെ മനസ്സിലുണ്ടാക്കിയ വേദനയുടെയും അസ്വസ്ഥതയുടെയും ആഴം ടീച്ചറോട് പ്രതികാര ദാഹം സൃഷ്ടിക്കുന്നുണ്ട് ആ കുഞ്ഞു മനസ്സിൽ. തന്റെ കൂട്ടുകാരായ കാർട്ടൂണ് ഹീറോസ് ന്റെ സഹായത്തോടെ ടീച്ചറോട് നേരിടാനും കുത്തിക്കൊല്ലാനും ആ കുഞ്ഞു മനസ്സ് വെമ്പുന്നുണ്ട്. ആ സ്കൂളിൽ ഒരുപാട് ടീച്ചർമാർ ഉണ്ടായിട്ടും നിങ്ങളോട് മാത്രം എന്റെ കുട്ടിക്ക് ഇത്ര വിരോധം സൃഷ്ടിച്ചത് ടീച്ചറുടെ സമീപനത്തിന്റെ പിശാകാണ് എന്ന് ടീച്ചറെ ധരിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമം വിഫലമാവുന്നുണ്ട്.

ഒന്നാം ക്ലാസ്സിലേക്ക് കുട്ടിയെ മാറ്റിച്ചേർക്കാൻ നിശ്ചയിച്ച രക്ഷിതാക്കൾ കുട്ടിയുടെ സാഹചര്യം നേരത്തെ പോയി അവിടെയുള്ള അധ്യാപകരെ ഉണർത്തുന്നുണ്ട്. നിങ്ങൾ മോനെ സ്കൂളിലേക്ക് അയച്ചോളൂ, ഇവിടെ എത്തിയാൽ അവർ ഞങ്ങളുടെ മക്കളാണ് എന്ന വാത്സല്യം നിറഞ്ഞ മറുപടി അവരെ തെല്ലൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. കുട്ടിയുടെ പഠനവും കളിയും ചിരിയും കൂട്ടുകാരുമായി നന്നായി പോയിക്കൊണ്ടിരിക്കെ ആ കുഞ്ഞിന്റെ മനസ്സിനെ തളർത്തുന്ന വിധത്തിൽ “നീയൊന്നും പഠിച്ചിട്ട് എവിടെയും എത്താൻ പോവുന്നില്ല” എന്നൊരു വിഷം പുരട്ടിയ വാക്ക് കുട്ടിയോട് പറയുന്നുണ്ട്. വളരെ സ്വസ്ഥമായി സ്കൂളിൽ പോയിരുന്ന കുട്ടിക്ക് വീണ്ടും ഇതേ വേദന വരാൻ കാരണമായതിനെ രക്ഷിതാക്കൾ ഇത്തിരി ഗൗരവമായി തന്നെ കാണാൻ തീരുമാനിക്കുന്നുണ്ട്.

സ്കൂളിലെത്തി ഹെഡ് മാസ്റ്ററോട് കാര്യങ്ങൾ വിശദീകരിച്ചു ടീച്ചറെ വിളിപ്പിച്ചപ്പോൾ രക്ഷിതാക്കൾ യു.കെ.ജി യിലെ ടീച്ചറോട് ക്ഷമിച്ചതിന്റെ വില ഒരു കുട്ടിയുടെ ഭാവിയെ തുലാസിൽ നിർത്തിയ സാഹചര്യം അറിയിച്ചു,

കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ടീച്ചർ തനിക്ക് പറ്റിയ അബദ്ധത്തിൽ ക്ഷമിക്കാൻ രക്ഷിതാക്കളോട് അഭ്യർത്ഥിക്കുന്നതോടെ ഇനി ആശ്വാസത്തോടെ മോനെ സ്കൂളിൽ വിടാമെന്ന് സമാധാനിക്കുന്നു.

തുടർന്നുള്ള പഠന കാലയളവിൽ കൂട്ടുകാരും ചിത്രം വരയിലെ അഭിനിവേശവും അലനെ മുന്നോട്ട് നയിക്കുന്നുണ്ട്

മുതിർന്ന അലനെ സമൂഹം അംഗീകരിക്കും, പ്രശംസിക്കും, അവന്റെ വളർച്ചയിലും ഉയർച്ചയിലും നാടും കുടുംബവും പഠിപ്പിച്ച അധ്യാപകർ വരെ അഭിമാനിക്കും, പക്ഷെ രക്ഷിതാക്കൾ ഇങ്ങനെ പല വിധ പ്രത്യേകതകളുമുള്ള മക്കളെ സമൂഹത്തിൽ നിലനിന്നു പോരുന്ന പരീക്ഷയിൽ ഒന്നാമനാകാനുള്ള കൂട്ടയോട്ടത്തിന് തയ്യാറാക്കുന്ന തിരക്കിലാണ്. അതിനിടയിൽ സ്വന്തം ഇച്ഛാ ശക്തിയെക്കൊണ്ടോ വീഴാതെ താങ്ങുന്ന ചില അത്ഭുത കരങ്ങളുടെ സാനിധ്യം കൊണ്ടോ ഉൾക്കാഴ്ചയുടെ ആകാശം തൊട്ടാൽ ആശ്വാസം.

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...