ജനിക്കുന്നതിനു മുൻപേ കടന്നുപോയ മറ്റൊരു കാലഘട്ടത്തിന്റെ, സാമൂഹിക വ്യവസ്ഥിതികളുടെ, സങ്കൽപ്പങ്ങളിൽ മാത്രം ദൃശ്യവൽക്കരിക്കാൻ കഴിയുന്ന ചുറ്റുപാടുകളുടെ ഒക്കെ ആകെ തുകയായ.. വല്ലാതെ അങ്ങ് കെട്ടുപിണഞ്ഞു കിടക്കുന്ന ജീവിതകഥകൾ, അതും വേദനകൾ കൊണ്ട് നെയ്തെടുത്തത്, നിസ്സഹായതകളുടെ സൂചികുത്തുകൾ കൊണ്ട് പോറൽ ഏറ്റത്, വെറ്റിലയിൽ തേച്ചെടുത്ത ഒരൽപ്പം മഷിയിൽ പോലും ഭൂതകാലം പ്രതിഫലിക്കുന്നത്.. ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പേര്, ഏറ്റവും ആഴത്തിലുള്ള ജീവന്റെ വേര് ആയിരുന്നു എന്നത്.. പിന്നെയും ഏറെ- പറയാതെ പോയവ, പറഞ്ഞു തീരാത്തവ.. അങ്ങിനെയുള്ള ഒരു പുസ്തകം കയ്യിൽ കിട്ടിയപ്പോൾ തന്നെ ഒരു ദിവസം കൊണ്ട് പുസ്തകം മുഴുവൻ വായിച്ചു തീർത്തു.
ആർക്കും വായിച്ചെടുക്കാ നാവാത്ത “ചെറി”യെ ആ കൊച്ചുകുട്ടിയുടെ ആകാംഷകളിൽ കൂടി അത്രയും വായിച്ചെടുത്തതിന്, 300 ഇൽ അധികം പേജ്കളിൽ എഴുയതിവെച്ചതിനു, ആ ത്യാഗത്തിനും സമർപ്പണത്തിനും ആവർത്തിച്ച് മാപ്പ് പറഞ്ഞു കൊണ്ടേ ഇരുന്നതിന്, 40 ഇൽ അധികം തവണ ആകാശങ്ങൾ താണ്ടി ഒന്ന് കാണാൻ ഓടി ചെന്നതിന്,41 തലക്കെട്ടുകളിൽ ചെറി യുടെ വേദനകൾ അധ്യായങ്ങൾ ആക്കി സമരസപ്പെടുത്തിയതിന് ,ശാസനകളും നിയന്ത്രണങ്ങളും കർകശങ്ങളും മനപ്പൂർവം അല്ലന്നു മനസിലാക്കിയതിന്, നിവൃത്തിയില്ലാതെ ആകുമ്പോൾ ജൻഡിൽ പേരെന്റിങ് കുറച്ചു കയ്പ്പേറിയത് കൂടിയാണെന്നു തിരിച്ചറിഞ്ഞതിനു, ദാരിദ്ര്യത്തിന് മധുരം പകരുന്ന ശർക്കരചായ വായനക്കാർക്കും നൽകിയതിന്, ഒരു വിങ്ങൽ ആയി, വലിയൊരു വേദന ആയി ആ പുസ്തകം അടച്ചു വെക്കുമ്പോഴും ജീവിതത്തിന്റെ നട്ടുച്ച വെയിലിൽ ഒറ്റക്കാവുമ്പോൾ, ഒറ്റപ്പെട്ടുപോകുമ്പോൾ, മരിച്ചു ജീവിക്കുമ്പോൾ, അപ്പോൾ മാത്രം, അത്രയും മാത്രം ആയി ഉണ്ടാകുന്ന ധൈര്യം ഒരു പെൺകുട്ടിയെ എത്രമാത്രം മുന്നോട്ട് നയിക്കും എന്ന്, അവൾ കാവലായി ഒരു കുഞ്ഞിന് സുരക്ഷിതമായ ജീവിതം സ്വപ്നം കണ്ട് നെയ്തെടുത്ത ആ ഉമ്മ ഞങ്ങൾക്ക് എല്ലാവർക്കും പ്രിയപ്പെട്ടവൾ ആക്കിയതിനു, എല്ലാത്തിനും നന്ദി. ഇനിയും എഴുതുക..✍️
വായനക്കാരുടെ വായനാ സ്വാതത്ര്യത്തിൽ വായിച്ചെടുക്കുമ്പോൾ, ഒരു സ്ത്രീ ആയത് കൊണ്ടാവാം, ചെറിയുടെ കാഴ്ചപ്പാടിലെ കഥകളായാണ് ഞാനത് വായിച്ചത്. ചെറി ഇതു വായിക്കുകയാണെങ്കിൽ ഇതേ അനുഭവങ്ങളിൽ കയ്പ്പും മധുരവും പിന്നെ അറിയാത്ത കുറച്ചധികം രുചിഭേദങ്ങളും ഉണ്ടാകും. വായിച്ചെടുക്കാൻ ആവാത്ത ഒരു ഉമ്മയുടെ മനസും..ഞാൻ പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോഴും അവസാനം അടച്ചു വെക്കുമ്പോഴും എന്റെ മനസ്സിൽ ഞാൻ എഴുതി ചേർത്ത വാക്കുകൾ ആണ്, പുസ്തത്തിൽ ഉപരി, അതിനുള്ളിലെ “ചെറി”കുട്ടിയെ. അവളുടെ നന്മയെ, സ്നേഹത്തെ, ധൈര്യത്തെ. അവൾ നഷ്ടങ്ങളുടെ ഉദാഹരണം അല്ല. അവൾ കാത്തുവെച്ചതിനെ നേടിയെടുത്തവളാണ്. രക്ഷപ്പെടുത്തിയവൾ ആണ്. ചിറകുകൾ ഇല്ലാത്ത മാലാഖ ആയിരുന്നവൾക്ക് ചിറകുകൾ ആണ് ഈ പുസ്തകം. വിവാഹമോ പുനർവിവാഹമോ, പണമോ, ആളുകളോ സപ്പോർട്ട് സിസ്റ്റമോ അല്ല ഒരു പെണ്ണിനെ നിർവചിക്കുന്നത്.. അവൾക്ക് മാത്രം അറിയാവുന്ന ഏറ്റവും നിഗൂഢമായ “അവൾ” തന്നെയാകുന്നു അവളുടെ ഡെഫിനിഷൻ. ചെറി ഒരു അടയാളപെടുത്തൽ ആണ്. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ!