വസന്തം വിരിഞ്ഞ മാലാഖ
ഡോ. കെ. കെ. എൻ. കുറുപ്പ്
ഹംസ കൊല്ലത്ത് സ്നേഹപൂർവം സമ്മാനിച്ച ബുക്പ്ലസ് ചെമ്മാടിന്റെ പ്രസിദ്ധീകരണമായ ആത്മകഥാംശവും നോവലും കൂട്ടിച്ചേർത്ത് എഴുതിയ ‘യത്തീങ്കുട്ടി’ ഇരുന്ന ഇരുപ്പിൽ വായിച്ചു തീർത്തു.
ഒരു സത്യം പറയട്ടെ. വളരെ തിരക്കുള്ള ഈ വാർദ്ധക്യത്തിൽ പേജോട് പേജ് വായിച്ചു തീർക്കുന്ന പതിവ് എന്നോ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ, ആസിയ ഹോട്ടൽ മുറിയിൽ വിശ്രമിക്കുമ്പോൾ മൂന്ന് മണിക്കൂറിൽ ആ ഗ്രന്ഥം മുഴുവനും വായിച്ചു തീർത്തു.
കാരണം, ഇത്തരത്തിലുള്ള എത്രയോ അമ്മമാരെ, വിധവകളെ, സ്വന്തം ജീവിതം കൈയൊഴിഞ്ഞ് മകനുവേണ്ടി, മകൾക്കുവേണ്ടി ജീവിക്കുന്നവരെ, ജീവിതം ഹോമിച്ചിട്ടുള്ളവരെ എനിക്കറിയാം.
ഈ ഉമ്മയുടെ വൈധവ്യം, ദാരിദ്ര്യം എനിക്ക് മനസ്സിലാകുന്ന വിധത്തിലാണ് എന്റെ ജീവിതത്തിന്റെ ഗ്രാമവും. ജീവിതത്തിനുവേണ്ടി പൊരുതുന്ന ഇത്തരം സ്ത്രീകൾ ദേവതകളാണ്.
സത്യത്തിന്റെ കാലുകൾ മെല്ലെ പോകുമ്പോൾ അസത്യം കുതിരപ്പുറത്ത് സഞ്ചരിക്കുന്നു.
ഖുർആൻ കൈയിലേന്തി, തന്റെ പേരക്കുട്ടി സ്വർണം കട്ടിട്ടില്ലെന്ന് ആ ഗ്രാമസഭയിൽ സത്യം ചെയ്യുന്ന വൃദ്ധനായ വലിയ ഉപ്പാപ്പയെന്ന കഥാപാത്രത്തെ മറക്കാനാവില്ല.
ഒരു ബിസിനസുകാരിയായ മുസ്ലിം വനിതയെ, മൂന്ന് കുട്ടികളുമുള്ള സുന്ദരിയായ ഒരുവളെ ഭർത്താവ് വിവാഹമോചനം ചെയ്തു. ഞാൻ അവരോട് ഒരവസരം ഫോണിൽ എന്തു ചെയ്യുന്നു എന്ന് ആ സ്ത്രീയോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി, സമ്പത്തുള്ള സ്ത്രീയുടെ വേദന പോലും ഒരു കൊച്ചു നോവലാക്കി മാറ്റുന്നതായിരുന്നു. “അയാളുടെ മൂന്ന് മക്കളെ പഠിപ്പിക്കുവാൻ, തീറ്റുവാൻ കഠിനാധ്വാനത്തിലാണെന്നായിരുന്നു.”
എത്രയെത്ര സ്ത്രീകളുടെ കഥയാണ് ഈ വാചകങ്ങൾ!
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്നപോലെ ( ആ പുഴയെപ്പറ്റി ഒരു കവിതാസമാഹാരം വേണം എന്ന് ഞാൻ ചിന്തിക്കുകയാണ് ) തൂതപ്പുഴയുടെ ജീവിതവും, അതിലെ മോഹങ്ങളും മോഹഭംഗങ്ങളും ഗ്രാമീണമായ ആ സ്നേഹവും, ഇതിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിട്ടുള്ള ജീവിതാനുഭവങ്ങളാണ്.
ദരിദ്രരാണെങ്കിലും അതിഥികളെ ദേവതകളായി സ്വീകരിക്കുന്ന ഗ്രാമീണ പാരമ്പര്യം സ്നേഹത്തിന്റേത് മാത്രമാണ്. ഇന്നത്തേതാകട്ടെ സമ്പന്നതയുടെ പൊങ്ങച്ചമായി മാറിയിരിക്കുന്നു.
അധ്യാപകന്നു മാത്രമേ കുട്ടികളെ വളർത്തുവാൻ കഴിയുകയുള്ളൂ. ഒരു ഉസ്താദ് എന്നോട് പറഞ്ഞ കഥ കേട്ടപ്പോൾ റൂസോ ചിന്തിച്ചതുപോലെ ഞാനും ചിന്തിച്ചു ദുഃഖിച്ചിരുന്നു. ഗ്രാമത്തിൽ മുസ്ലിങ്ങൾക്കിടയിൽ ചാവടിയടിയന്തരങ്ങൾ നടക്കുമ്പോൾ മദ്രസയിലെ ഒരു ക്ലാസിൽ മുഴുവൻ കുട്ടികളെയും ക്ഷണിക്കാതെ പത്ത് കുട്ടികൾ, പതിനഞ്ച് കുട്ടികൾ ഭക്ഷണത്തിന് വരട്ടെ എന്ന് പറയുമ്പോൾ പണ്ടുകാലം ഓണം ബമ്പർ അടിക്കുമെന്നുള്ള പ്രതീക്ഷയോടെ ഓരോ കുട്ടിയും കാത്തിരിക്കുമെന്നും കിട്ടാത്തവർ നിരാശരായി തീരുമെന്നുമാണ് ആ വസ്തുത.
അതേപോലുള്ള യത്തീംഖാന ഞാൻ ഓർത്തുപോയി. ആരും യത്തീമല്ലെന്നും ദൈവത്തിന്റെ മുന്നിൽ സമ്പന്നൻ പോലും യത്തീമാണെന്നും ഞാനൊരു പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത് ഓർക്കുന്നു. ഇന്ന് ആ പേര് സാർവ്വത്രികമായി ഉപയോഗിച്ചുവരുന്നില്ല.
ശ്രീ ഹംസയെപ്പോലുള്ളവരെ സമൂഹത്തിന് വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുന്നതിൽ ഒരു അമ്മയും ജെ.ഡി.ടി. പോലുള്ള സ്ഥാപനങ്ങളും നിർവഹിച്ചുവരുന്ന ഉത്തരവാദിത്വം തികച്ചും അഭിനന്ദനീയമാണ്.
നൂറു പൂക്കൾ വിരിയട്ടെ എന്ന മുദ്രാവാക്യവുമായി മാത്രമേ ഒരു സമൂഹത്തിന് മുന്നോട്ടുപോകുവാൻ കഴിയുകയുള്ളൂ. അത്തരത്തിൽ വിരിഞ്ഞ ഒരു പൂവാണ് ഈ ഗ്രന്ഥകാരനും.
ഭാവുകങ്ങളോടെ,
കെ. കെ. എൻ. കുറുപ്പ്