യത്തീങ്കുട്ടി:ഒരു ചിരി തിരിച്ചുതന്ന ജീവിതം
ഹംസ കൊല്ലത്ത് എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ | പ്രസാധകര്‍: വേര്‍ഡ് പള്‍സ് (ബുക്ക് പ്ലസ് പബ്ലിഷേഴ്‌സ് imprint)
ജനിക്കും മുമ്പേ ഉപ്പയെ നഷ്ടപ്പെട്ടൊരു കുഞ്ഞ്. പത്തൊന്‍പതാം വയസ്സില്‍ വിധവയായൊരു ഉമ്മ.
ഈ രണ്ടു വാചകങ്ങളില്‍ ഒതുങ്ങുന്നതല്ല യത്തീങ്കുട്ടി. പക്ഷേ ഈ പുസ്തകം തുടങ്ങുന്നത് അവിടെനിന്നാണ്. അവസാനിക്കുന്നതോ, ഒരു ജീവിതം മുഴുവന്‍ പൊരുതി നേടിയ വെളിച്ചത്തിലും.
പുഴക്കരയിലെ ആ രാത്രി
പെരുമഴയുള്ള ഒരു രാത്രി. ആറു മാസം പ്രായമുള്ള മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ആ ഉമ്മ തൂതപ്പുഴയുടെ കരയിലേക്ക് നടക്കുകയാണ്. ദാരിദ്ര്യവും ഒറ്റപ്പെടലും നെഞ്ചില്‍ താങ്ങാനാകാത്ത ഭാരമായപ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നതാണ് രക്ഷയെന്ന് അവള്‍ക്ക് തോന്നിപ്പോയിരുന്നു. ചുറ്റും കരകവിഞ്ഞൊഴുകുന്ന പുഴയുടെ ഗര്‍ജ്ജനം മാത്രം.
ആ അവസാന നിമിഷത്തിലാണ് മാറിലെ തുണിപ്പടലത്തിനിടയില്‍നിന്ന് ഒരു നേര്‍ത്ത അനക്കമുണ്ടായത്. പെരുമഴയുടെ ഇരമ്പലിനെയും പുഴയുടെ ഗര്‍ജ്ജനത്തെയും കീറിമുറിച്ചുകൊണ്ട് ഒരു കുഞ്ഞുചിരി. മരണത്തിന്റെ ഗന്ധം നിറഞ്ഞ ആ തീരത്തുനിന്ന് ഉമ്മയുടെ മുഖത്തേക്ക് നോക്കി ആ കുഞ്ഞ് ചിരിച്ചു.
ആ ചിരി അവളെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. ചുവടുകള്‍ പിന്നോട്ടുനീങ്ങി. മരണത്തെ തേടിയിറങ്ങിയ പെണ്‍കുട്ടി അന്ന് ആ പുഴക്കരയില്‍ അവസാനിച്ചു. അവിടെനിന്ന് ഉയിര്‍ത്തെഴുന്നേറ്റത് ലോകത്തോട് മുഴുവന്‍ പൊരുതാന്‍ കരുത്തുള്ള ഒരു അമ്മയായിരുന്നു. ആ രാത്രിയില്‍ അവള്‍ ഒരു ചുവടുകൂടി മുന്നോട്ടുവെച്ചിരുന്നെങ്കില്‍ ഈ പുസ്തകം ഉണ്ടാകുമായിരുന്നില്ല. ഇന്ന് എഴുത്തുകാരന്‍ പറയുന്നു: ‘എന്റെ ഓരോ ശ്വാസവും ഒരിക്കല്‍ മരണത്തിന്റെ വാതില്‍ക്കല്‍നിന്ന് തിരികെ ലഭിച്ചതാണ്.’
വസന്തം ബലി നല്‍കിയ മാലാഖ
പിന്നീടുള്ള ദിവസങ്ങള്‍ കനലുകൾ നിറഞ്ഞതായിരുന്നു. കൂലിപ്പണിക്കാരിയായി കരിങ്കല്ലും മണലും ചുമന്ന്, സ്വന്തം വിശപ്പ് മറന്ന് മകന്റെ വയറു നിറച്ച ഒരുമ്മ. കേരളത്തിലെ എത്രയോ നിസ്സഹായരായ സ്ത്രീകളുടെ പ്രതിനിധിയാണ് അവര്‍.
പ്രായവും സൗന്ദര്യവും ബാക്കിയുണ്ടായിട്ടും വീണ്ടും വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി വായനക്കാരന്റെ നെഞ്ചില്‍ തറയ്ക്കും:
‘ഓല് ന്നെ ഒഴിവാക്കി പോയതല്ലല്ലോ.. മരിച്ചു പോയതല്ലേ, അപ്പോള്‍ ഞാന്‍ എങ്ങനെ മറ്റൊരാളെ സങ്കല്‍പ്പിക്കും..’
ആ ഒരൊറ്റ വാക്യത്തില്‍ ഒരു സ്ത്രീയുടെ സ്‌നേഹവും വിശ്വസ്തതയും ത്യാഗവും മുഴുവനുണ്ട്. ഈ കൃതിയിലെ യഥാര്‍ത്ഥ നായിക ഈ മാതൃത്വമാണ്.
ഒരു ഏഴുവയസ്സുകാരന്റെ വിരലുകള്‍
പുസ്തകത്തിലെ ഏറ്റവും ഹൃദയഭേദകമായ രംഗം, ഒരുപക്ഷേ, പള്ളിത്തൊടിയിലേതാണ്.
മദ്രസയില്‍വെച്ച് ഒരു സഹപാഠി പറയുന്നു: ‘ഓന്റെ പ്പ മരിച്ച്ക്കാ.. ഓന് പ്പല്ലാ..’ ആ വാക്കുകള്‍ കേട്ട നിമിഷം കുഞ്ഞിന്റെ ഉള്ളില്‍ എന്തോ ഒടിഞ്ഞുപോകുന്നു. മറ്റെല്ലാ കുട്ടികള്‍ക്കും തണലായി ഉപ്പയുണ്ടെന്നും ആ തണലില്ലാത്ത ഒരേയൊരാള്‍ താനാണെന്നും അവന്‍ ആദ്യമായി തിരിച്ചറിയുന്നു.
പിന്നീട് അബുകാക്കുവിന്റെ വിരലില്‍ തൂങ്ങി അവന്‍ ഉപ്പയുടെ ഖബറിനരികിലെത്തുന്നു. മഴനനഞ്ഞ മണ്ണിന്റെ മണം അവന് ഉപ്പയുടെ മണമായി തോന്നുന്നു. ജീവിതത്തില്‍ ഒരിക്കലും ചേര്‍ന്നുനിന്നിട്ടില്ലാത്ത ഒരാളുടെ മണം എങ്ങനെയെന്ന് അവനറിയില്ല. എങ്കിലും അത് ഉപ്പയുടേതാണെന്ന് വിശ്വസിക്കാന്‍ മറ്റൊരു തെളിവും വേണ്ടിവരുന്നില്ല.
പിന്നെ ഒരു മോഹം മുളയ്ക്കുന്നു: ഈ മണ്ണ് കുറച്ചൊന്നു മാറ്റിയാല്‍ ഉപ്പയെ കാണാമല്ലോ. എന്നെ കണ്ടാല്‍ ഉപ്പ കണ്ണുതുറക്കും. കൈ നീട്ടി എന്നെ ചേര്‍ത്തുപിടിക്കും. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാം. മറ്റു കുട്ടികളുടെ ഉപ്പമാരെപ്പോലെ എന്റെ കൈപിടിച്ച് മദ്രസയിലേക്ക് നടക്കും. ആ മോഹം പതിയെ വാശിയാകുന്നു. കാക്കു പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ അവന്‍ രണ്ടു കൈകൊണ്ടും മണ്ണ് മാന്തിത്തുടങ്ങുന്നു. കല്ലുകള്‍ വിരലുകളില്‍ തട്ടുന്നു, നഖങ്ങള്‍ക്കടിയില്‍ മണ്ണു കയറുന്നു, വേദനിച്ചിട്ടും അവന്‍ നിര്‍ത്തുന്നില്ല. മരണം എന്താണെന്ന് അവനറിയില്ലല്ലോ
ഒടുവില്‍ പിന്നില്‍നിന്ന് ഹൃദയം പിളരുന്നൊരു തേങ്ങല്‍ കേള്‍ക്കുന്നു. തൊപ്പി ഊരി, വിറയ്ക്കുന്ന കൈകൊണ്ട് വായ പൊത്തി കരയുന്ന അബുകാക്കു. എപ്പോഴും വലിയവനായി തോന്നിയിരുന്ന ആ മനുഷ്യന്‍ ഒരു കുഞ്ഞിനെപ്പോലെ തകര്‍ന്നുനില്‍ക്കുന്നു. ആ കരച്ചില്‍ കുട്ടിക്ക് എല്ലാം പറഞ്ഞുകൊടുക്കുന്നു. ഉപ്പയിലേക്കുള്ള വഴിയായി തോന്നിയ മണ്‍കൂന ഒരിക്കലും കടക്കാനാവാത്ത മതിലായി മാറുന്നു. എന്നിട്ടും അവന്‍ വിരലുകള്‍ക്കിടയിലെ മണ്ണ് കുടഞ്ഞുകളയുന്നില്ല. ജീവിതത്തില്‍ ഉപ്പയില്‍നിന്ന് തൊടാന്‍ കഴിഞ്ഞ ആദ്യത്തെയും അവസാനത്തെയും കാര്യം ആ മണ്ണായിരുന്നു. ഈ താളുകള്‍ വായിച്ച് കണ്ണുനിറയാത്തവര്‍ വിരളമായിരിക്കും.
ചെറിയ വസ്തുക്കളില്‍ ഒളിപ്പിച്ച വലിയ വികാരങ്ങള്‍
ദുരന്തങ്ങളെ സഹതാപം പിടിച്ചുപറ്റാനുള്ള ഉപകരണമാക്കാതെ അതിജീവനത്തിന്റെ കരുത്തായി അവതരിപ്പിക്കുന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. അഴിഞ്ഞുവീഴാതിരിക്കാന്‍ മുറുകെപ്പിടിച്ച ബട്ടണില്ലാത്ത ട്രൗസര്‍, വിശപ്പടക്കാന്‍ പോയ വിരുന്നുകള്‍, അക്ഷരങ്ങള്‍ക്കൊപ്പം ജീവിതവും പഠിപ്പിച്ച സത്യന്‍ മാഷും ചേക്കുട്ടി ഉസ്താദും, ജാതിമത ഭേദമില്ലാതെ മനുഷ്യര്‍ ഒത്തുകൂടിയ തൂതപ്പുരവും ചെറുമക്കളിയും. ഒരു നാട്ടിന്‍പുറത്തിന്റെ സാംസ്‌കാരിക ജീവിതംകൂടി ഇതില്‍ ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു. സങ്കടത്തിനും വിശപ്പിനും സാക്ഷിയായ തൂതപ്പുഴ ഒരു കഥാപാത്രംപോലെ പുസ്തകത്തിലുടനീളം ഒഴുകുന്നു.
‘കുഞ്ഞാണിയുടെ വാട്ടര്‍ ബോട്ടില്‍’, ‘നീല സ്യൂട്ട്‌കേസ്’, ‘രണ്ടരയടി പായയിലെ അനാഥത്വം’, ‘യതീംഖാനയിലെ ബിരിയാണി’, ‘വിയര്‍പ്പു നനഞ്ഞ ഇരുപതു രൂപ’ എന്നിങ്ങനെയുള്ള അധ്യായ ശീര്‍ഷകങ്ങള്‍ വായിക്കുമ്പോള്‍ത്തന്നെ ഉള്ളിലൊരു നോവ് ഉണരും. ഓരോന്നിനു പിന്നിലും ഒരു കുട്ടിയുടെ ലോകം മുഴുവനുണ്ട്.
തിരിഞ്ഞുനോക്കുമ്പോള്‍
നാല്‍പ്പത്തിനാലാം വയസ്സില്‍നിന്ന് ഇരുപതുവരെയുള്ള ജീവിതത്തെ തിരിഞ്ഞുനോക്കുന്ന എഴുത്തുകാരന്‍ പഴയ സംഭവങ്ങള്‍ക്ക് പുതിയ അര്‍ത്ഥം നല്‍കുന്നു. ബാല്യത്തില്‍ മനസ്സിലാകാതിരുന്ന പലതും പ്രായപൂര്‍ത്തിയായപ്പോള്‍ കുറ്റബോധമായി മടങ്ങിവരുന്നു. ഉമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതിക്കാതിരുന്നത് ഒരു കുട്ടിയുടെ പിടിവാശിയായിരുന്നുവെന്ന് അയാള്‍ പിന്നീട് തിരിച്ചറിയുന്നു. മകനുവേണ്ടി സ്വന്തം യൗവനം മാറ്റിവെച്ച ഒരു സ്ത്രീയെ മറ്റൊരു കണ്ണിലൂടെ കാണാനുള്ള ആ ശ്രമത്തില്‍ പുസ്തകം വ്യക്തിപരമായ ഓര്‍മ്മയില്‍നിന്ന് മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണ സത്യങ്ങളിലേക്ക് കടക്കുന്നു.
പുകഴ്ത്തലുകളില്ലാത്ത, യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും പരുക്കന്‍ പ്രതലങ്ങളിലൂടെയുള്ള യാത്രയാണിത്. മഷിക്ക് പകരം കണ്ണീരും വിയര്‍പ്പും തൊട്ടെഴുതിയ താളുകള്‍.
വായന കഴിയുമ്പോള്‍
വള്ളുവനാടന്‍ മണ്ണിന്റെ മണവും തൂതപ്പുഴയുടെ ഒഴുക്കും നാട്ടുഭാഷയുടെ ചൂടും കണ്ണീരിന്റെ നനവും ചേര്‍ന്ന ഈ പുസ്തകം കണ്ണീരോടെയല്ലാതെ ആര്‍ക്കും വായിച്ചുതീര്‍ക്കാനാവില്ല. പല സന്ദര്‍ഭങ്ങളിലും കണ്ണുകള്‍ നിറഞ്ഞ് നാം പുസ്തകം അടച്ച് ശൂന്യതയിലേക്ക് നോക്കിയിരിക്കും.
എങ്കിലും ഇത് സങ്കടത്തിന്റെ പുസ്തകം മാത്രമല്ല. ജീവിതം ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന ഏതൊരാള്‍ക്കും പ്രത്യാശ നല്‍കുന്ന പുസ്തകമാണിത്. എന്ത് വിലകൊടുത്തും പൊരുതി നേടേണ്ടതാണ് ജീവിതം എന്ന തിരിച്ചറിവ് ഇത് തരുന്നു. ജീവിതം തോറ്റുപോയെന്ന് തോന്നുന്ന ഓരോ മനുഷ്യനും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട കഥ.
മരണത്തെ തോല്‍പ്പിച്ച ഒരു കുഞ്ഞുചിരിയില്‍നിന്നാണ് ഈ ജീവിതം തുടങ്ങുന്നത്. ആ ചിരിയുടെ തുടര്‍ച്ചയാണ് ഓരോ താളും.
യത്തീങ്കുട്ടി: ഒരു ഉമ്മയുടെ പോരാട്ടവും മകന്റെ അതിജീവനവും.
—
Hamza Kollath