പുതുതായി വായിക്കാനെടുത്ത പുസ്‌തകം ഈയിടെ ബുക് പ്ലസ് പുറത്തിറക്കിയ മുഖ്താർ ഉദരംപൊയില് എഴുതിയ “ഉസ്താദ് എംബാപ്പേ” ആണ്. എട്ട് ചെറുകഥകളടങ്ങിയ ഈ പുസ്തകത്തിന്റെ തലക്കെട്ടിനു ആസ്പദമായ കഥ തന്നെ ആദ്യം വായിക്കാനെടുത്തു.
പുസ്തകത്തിലുടനീളം എഴുത്തുകാരൻ ഉപയോഗിച്ച ഭാഷ ഈ കഥാലോകം മലബാർ മേഖലകളാണ്, പ്രത്യേകിച്ച് മലപ്പുറം പ്രാദേശിക ഭാഷയുടെ സ്വാധീനം വായനക്കാരന് വെളിപ്പെടുത്തി തരുന്നുണ്ട്.
“ഉസ്താദ് എംബാപ്പേ” എന്ന പേരിന്റെ കൗതുകം നിറഞ്ഞ ഒരു അനൗചിത്യം ഈ പുസ്തകത്തെ കുറിച്ചുള്ള ഒരു സൗഹൃദ ചർച്ചക്കിടെ ഒരു കൂട്ടുകാരൻ സൂചിപ്പിച്ചത് ഈ കഥയെ ആദ്യം വായിക്കാൻ കാരണമായി.
മലപ്പുറത്തുകാർക്ക് എന്തോ കാല്പന്തുകളിയോട് വല്ലാത്ത അഭിനിവേശമുണ്ട്. അതിന്റെ രാഷ്ട്രീയ, സാമുദായിക അജൻഡകളോടോ വ്യവസ്ഥകളോടോ തർക്കത്തിനോ യോജിപ്പിനോ പോവുന്നില്ല.
“ഉസ്താദ് എംബാപ്പേ” മദ്രസ മുഅല്ലിമായി, പള്ളിയിലെ മുഅദ്ദിനായി കുടുംബം പുലർത്താൻ ഓടി നടക്കുന്ന കാല്പന്തു കളിയെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്വാദിഖ് ഉസ്താദിന്റെ കഥ പറയുന്നു.
കറു കറുത്ത നിറവും ഉറച്ച ശരീരവുമുള്ള ചെറുപ്പക്കാരനായ സ്വാദിഖ് ഉസ്താദിനെ സ്വദർ ഉസ്താദ് വാത്സല്യത്തോടെ ബിലാൽ എന്നാണ് വിളിക്കാറുള്ളത്. ബിലാൽ തിരുനബിയുടെ സ്വഹാബാക്കളിൽ പ്രമുഖനായ വ്യക്തിത്വമാണ്. നന്നായി ബാങ്ക് വിളിക്കുന്ന സുന്ദരമായി ഖുർആൻ പാരായണം ചെയ്യുന്ന ബിലാൽ കറുത്ത നിറമുള്ളവരായയിരുന്നു.
സ്വന്തമായി മക്കളില്ലാത്ത സ്വദർ ഉസ്താദിനും ഭാര്യക്കും സ്വാദിഖിനോട് പിതൃ വാത്സല്യം നിറഞ്ഞ സ്നേഹമായിരുന്നു. ആ സ്നേഹത്തിൽ ചാലിച്ച ബിലാലെന്ന വിളി അദ്ദേഹവും ആസ്വദിക്കുന്നുണ്ട്.
വരികൾക്കിടയിൽ പള്ളി കമ്മിറ്റികൾക്കിടയിൽ നിർബന്ധമായും പുനർ വിചിന്തനത്തിന് വിധേയമാക്കേണ്ട, ബിലാലിനെ അനുസ്മരിപ്പിക്കുന്ന ഇസ്ലാം ദീനിൽ തന്നെ ഏറ്റവും മഹോന്നതമായ ഒരു കർമ്മമായ നിസ്കാരത്തിനു ആളുകളെ ക്ഷണിക്കുന്ന ബാങ്ക് വിളിക്കുന്ന അതേ “മുക്രി”യെക്കൊണ്ട് പള്ളിയിലെ ടോയ്ലറ്റ് ക്ലീൻ ചെയ്യിപ്പിക്കുന്നതിലെ ധാർമ്മിക ബോധം സെക്രട്ടറിയുടെ ഭാഷയിലൂടെ വ്യക്തമാക്കുന്നുണ്ട്.

പന്തുകളി ഇത്രയും വികാരമായി കൊണ്ടു നടക്കുന്ന സ്വാദിഖ് ഉസ്താദിനെ കുട്ടികൾ ഉസ്താദ് “എംബാപ്പേ” എന്ന് വിളിക്കുമ്പോൾ കറുത്തവനായതിന്റെ പേരിൽ പല ഇരട്ട പേരുകളും കേൾക്കേണ്ടി വന്നെങ്കിലും അന്ന് വരെയില്ലാത്ത വേദന തോന്നുന്നുണ്ട് അദ്ദേഹത്തിന്. പക്ഷെ അത് ഫ്രാൻസിന്റെ കളിക്കാരനാണെന്നു അറിയുമ്പോൾ അദ്ദേഹത്തിന് സന്തോഷമാണ് തോന്നുന്നത്.
ഒരു അപകടത്തിലൂടെ തന്റെ കാൽ നഷ്ടപ്പെടുമ്പോ ഒരു വിശ്വാസി പണ്ഡിതന്റെ പക്വത നിറഞ്ഞ ആശ്വാസം അദ്ദേഹം കണ്ടെത്തുന്നുണ്ട്. താൻ നല്ലൊരു കളിക്കാരനൊന്നുമല്ലായിരുന്നെന്നും വെറുതെ മൈതാനത്തിലൂടെ ഓടുകയായിരുന്നല്ലോ എന്നും. ജീവിതത്തിന്റെ ഭാരവുമായി അദ്ദേഹം കളിക്ക് പുറത്തും ഓടുകയായിരുന്നു. പന്തുകളി “പിരാന്തനാ”യിരുന്ന പൊന്നുപ്പ ആകാശം മൈതാനമാക്കി വിതാനത്തിൽ കാല്പന്തു കളിക്കുന്നത് അദ്ദേഹം ആശുപത്രി കിടക്കയിൽ നിന്നും കണ്ണീരിന്റെ നനവോടെ കാണുന്നുണ്ട്.
“ഉസ്താദ് എംബാപ്പേ” യുടെ പൂമുഖത്ത് നമ്മളെ സ്വീകരിച്ചിരുത്തുന്നത് “ജിന്നെളാപ്പ” യാണ്.. ആദ്യ കഥയിലൂടെ തന്നെ എഴുത്തുകാരൻ പറഞ്ഞു തുടങ്ങുന്നത് ഗ്രാമങ്ങളിലൂടെ പിടിയിലൊതുങ്ങാതെ പുകച്ചുരുളുകളായി പറന്നു നടക്കുന്ന കഥകൾ തന്നെയാണ്.. ജിന്നും കുട്ടിച്ചാത്തനും പ്രേതവുമെല്ലാം നമ്മുടെ എല്ലാവരുടെയും കുട്ടിക്കാലത്തെ നടുക്കുന്ന ഓർമകൾ തന്നെയാണ്. ക്ലാസ് മുറിയിൽ എല്ലാവർക്കും പ്രിയങ്കരിയായ “സൈറാബി” വിവരിക്കുന്ന കഥയിലൂടെ അബുവും പല ജിന്നുകളെയും നേരിട്ട് കാണുന്നുണ്ട്.
മലബാറിന്റെ ഗ്രാമീണ മേഖലയിൽ വൈദ്യുതിയും വഴികളും വെളിച്ചം തരുന്നതിന് മുൻപ് നട്ടുച്ചയും നട്ടപ്പാതിരയും ജിന്നുകളും പ്രേതങ്ങളും സർക്കീട്ട് നടത്തിയ പല കഥകളും കണ്ടവരും കേട്ടവരും അല്ലാത്തവർ വിരളമാവും.. തെരുവു വിളക്കുകളും, കാടുകളും പൊന്തകളും വെട്ടി മാറ്റി വിശാലമായ റോഡുകളും വാഹനങ്ങളും നിരത്തു നിറഞ്ഞപ്പോൾ ഈ കഥകളൊക്കെ ഇല്ലാത്ത ഇരുട്ടിലേക്ക് കയറിപ്പോയി.
പ്രവാസ ജീവിതം ഇല്ലാതെ കഥ പറഞ്ഞു തീർത്താൽ മലബാറിന്റെ ജീവിതം കഥയില്ലാതാവുമെന്നത് വസ്തുതയാണ്. “ആടുജീവിതം” കണ്ടും വായിച്ചും തീർത്ത നമുക്ക് “മരുദ്വീപിലെ” ജീവിതം ഒരിക്കലും അന്യമായി തോന്നില്ല.. മരുഭൂമിയിലെ അന്തമില്ലാത്ത ജീവിതവും ഏകാന്തതയുടെ ഭീകരതയും പ്രവാസത്തിന്റെ ഗതികേടുമെല്ലാം “മരുദ്വീപിലുണ്ട്”
ഉള്ളിലൂറിയടിയുന്ന കണ്ണീരും വേദനയും പ്രത്യാശകളുമെല്ലാം സമം ചേർത്തു വെച്ചിട്ടുണ്ട് “ഉസ്താദ് എംബാപ്പേ”യിൽ മുഖ്താർ ഉദരംപൊയിൽ. “മാമു” വിലും “ഉരുളി”ലുമെല്ലാം.. ഈയടുത്ത് നമ്മൾ കടന്നു പോയ വയനാട്ടിലെ മഹാ ദുരന്തം ഒരു പ്രവാചകനെപ്പോലെ എഴുത്തുകാരൻ വിവരിച്ചു വെച്ചിട്ടുണ്ട് “ഉരുൾ” എന്ന കഥയിൽ.
മലയാളത്തിലെ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉത്തരേന്ത്യയിൽ നേരിട്ട ദുർവിധി നമ്മൾ മറക്കാനായിട്ടില്ലല്ലോ.. “മു.മാപ്ര” യിലൂടെ കഥാകൃത്ത് അധികാരകേന്ദ്രങ്ങളുടെഗർവും കൈയൂക്കും നിരപരാധികളെ എങ്ങനെ വേട്ടയാടുന്നു എന്ന് വരച്ചിടുന്നു.
മുഖ്താർ ഉദരംപോയിലെന്ന എഴുത്തുകാരൻ ഈ എട്ട് ചെറുകഥയിലൂടെ സമൂഹത്തോട് മലബാറിന്റെ പരിസരത്തു നിന്നും നമ്മുടെ രാജ്യത്തെ നോക്കി കാണുന്നുണ്ട്.. ഇതിൽ രാഷ്ട്രീയമുണ്ട്, ആനുകാലിക സാമൂഹ്യ വ്യവസ്ഥിതിയുണ്ട്.. വായനക്കാരന്റെ നോട്ടം പോലെ പലതും ഇനിയും ബാക്കിയുണ്ട്.