വായനാവസന്തത്തെ ഏകാഗ്രമാക്കിയ നോവൽ

November 28, 2026

ജീവിതത്തിൽ ഒരിക്കൽപോലും ‘ഉപ്പാ’ എന്ന് വിളിക്കാൻ കഴിയാത്ത ഒരു കുട്ടിയുടെ മനസ്സിലെ നൊമ്പരങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ?

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ബഹളങ്ങളിൽനിന്ന് അകന്ന്, വായനയിലേക്ക് മാത്രം മനസ്സ് ഏകാഗ്രമായപ്പോൾ, ശീർഷകംകൊണ്ടുതന്നെ വായിക്കാൻ പ്രേരിപ്പിച്ച ഒരു കൃതിയാണ് ഹംസ കൊല്ലത്തിന്റെ യത്തീങ്കുട്ടി. ജീവിതാനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്ന നോവൽ.

ഒരു പുഴയ്ക്കപ്പുറം സ്ഥിതിചെയ്യുന്ന പൊന്നാനി എം.ഇ.എസിൽനിന്ന് ടി.സി. വാങ്ങി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിലേക്ക് പറിച്ചുനടപ്പെടുമ്പോൾ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം സഫലമാവുകയായിരുന്നു.

യതീംഖാനയോട് ചേർന്നുകിടക്കുന്ന ക്യാമ്പസിൽ മൂന്നുവർഷം ഡിഗ്രിക്ക് പഠിക്കുമ്പോൾ കണ്ടതും കേട്ടതും യതീംകുട്ടികളുടെ ആർദ്രമായ മുഖങ്ങളായിരുന്നു. അവരുടെ സാന്നിധ്യം എന്റെ ചിന്തകളെ സ്വാധീനിച്ചു. മനസ്സിൽ ഇന്നും ഒരു പിടി നന്മകൾ ബാക്കിനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ പി.എസ്.എം.ഒയിലെ ഡിഗ്രി ജീവിതത്തിനും വലിയ പങ്കുണ്ട്. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന ഒരു മകന് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വേദനകളും ഏകാന്തതകളും തിരിച്ചറിയാൻ കഴിഞ്ഞത് അവിടെനിന്നായിരുന്നു.

സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത്, പാതിനിലാവ് പെയ്യുന്ന രാത്രിയിൽ കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുന്ന തൂതപ്പുഴയിലേക്ക് നടന്നുപോകുന്ന ഒരുമ്മ. ആർക്കും ഭാരമാകാതെ ജീവിതം അവസാനിപ്പിക്കണമെന്ന തീരുമാനത്തിൽ ഉറച്ചാണ് അവർ പുഴവക്കിൽ നിൽക്കുന്നത്. പുഴയിലേക്ക് എടുത്തുചാടുന്നതിന് തൊട്ടുമുമ്പ് ആറുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ നിഷ്കളങ്കമായ പാൽപ്പുഞ്ചിരി നിലാവിൽ അവർ കണ്ടു. മരണത്തിന്റെ ഗന്ധം നിറഞ്ഞുനിന്ന ആ തീരത്ത് കുഞ്ഞ് ഉമ്മയുടെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി ചിരിച്ചു.
അവനെ വാരിപ്പുണർന്ന് അവർ മരണത്തിൽനിന്ന് തിരിഞ്ഞുനടന്നു.

‘എനിക്കിപ്പോൾ മരിക്കാൻ മനസ്സില്ല. ജീവിക്കണം. എന്തു സഹിച്ചാലായാലും ജീവിക്കണം.’

ഒരു പെണ്ണിന്റെ വസന്തകാലം മകന് ബലിനൽകിയ മാലാഖയായിരുന്നു ആ ഉമ്മ. തൂതപ്പുഴയുടെ ആർത്തലച്ചൊഴുകുന്ന ഓളപ്പരപ്പുകളിൽനിന്നും മരണത്തിന്റെ നിഴൽക്കയത്തിൽനിന്നും അവരെ കൈപിടിച്ചുയർത്തിയ ദൈവത്തിന്റെ മാലാഖ.

വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്ന ജീവിതാനുഭവങ്ങൾ ചേർന്ന ഒരു നോവലാണ് യതീംങ്കുട്ടി.

‘ഉപ്പയെ തേടി’ എന്ന ഒമ്പതാം അധ്യായമടക്കം ചില അധ്യായങ്ങൾ ചങ്കിടിപ്പോടെയല്ലാതെ വായിക്കാനാവില്ല. മനസ്സുള്ളവൻ അറിയാതെ വിതുമ്പിപ്പോകും.

‘ഈ ഭൂമിയിൽ ഞങ്ങൾക്ക് ഒരുമിച്ചിരിക്കാൻ കഴിഞ്ഞിട്ടില്ല’ എന്ന ഒരു കുട്ടിയുടെ വിതുമ്പൽ…

നീലത്തൊടി മൈമൂന എന്ന വിധവയെ ആ കുട്ടി വിളിച്ചിരുന്നത് ‘ചെറ്യേ…’ എന്നായിരുന്നു. ആ വിളി നോവൽ അവസാനിക്കുന്നതുവരെ വായനക്കാരന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.

‘രണ്ടരയടി പായയിലെ അനാഥത്വം’ എന്ന അധ്യായത്തിലൂടെ യതീംഖാനയിലെ ഇരുളടഞ്ഞ മുറികളുടെ ഏകാന്തത വായനക്കാരന് അനുഭവവേദ്യമാകുന്നു.

സ്വന്തം വസന്തം മുഴുവൻ മകന്റെ ജീവിതത്തിൽ പൂക്കാൻ വിട്ടുകൊടുത്ത്, തനിക്കായി ഒരു പൂവുപോലും മാറ്റിവയ്ക്കാത്ത മാലാഖയായ ഉമ്മയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം.

മനുഷ്യർ കൈവിട്ടാലും വഴികൾ അടഞ്ഞാലും സർവശക്തൻ കൈവിടില്ലെന്ന തിരിച്ചറിവോടെയാണ് നോവൽ അവസാനിക്കുന്നത്.

ചില മനുഷ്യരുടെ ജീവിതം പുസ്തകത്തിന്റെ അവസാനത്താളിൽ അവസാനിക്കുന്നില്ല. അവർ സ്പർശിച്ച മനുഷ്യരുടെ ഹൃദയങ്ങളിൽ അത് പിന്നെയും ജീവിച്ചുകൊണ്ടിരിക്കും.

‘തൂതപ്പുഴ അന്ന് പതിവിലേറെ ശാന്തയായിരുന്നു. നിലാവ് അതിന്റെ നെഞ്ചിലേക്ക് വീണ് വെള്ളിത്തുണ്ടുകളായി ചിതറിക്കിടന്നു. ഒഴുകുന്ന വെള്ളത്തിന്റെ നേർത്ത ശബ്ദം രാത്രിയെ ജീവനോടെ പിടിച്ചുനിർത്തി.’

കാവ്യാത്മകവും ആർദ്രവുമായ ഭാഷ. യതീംങ്കുട്ടി എന്ന നോവൽ നിങ്ങളെന്ന വായനക്കാരനെ, മനുഷ്യനെ സ്പർശിക്കാതെ പോകില്ല.

ഇന്നലെ യതീംങ്കുട്ടിയുടെ രചയിതാവ് ക്യാമ്പസിലെത്തി. കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഏറെ നേരം സംസാരിച്ചു. അപ്പോൾ മാത്രമാണ് അദ്ദേഹം ഹാബിറ്റാറ്റ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ സീനിയർ അഡ്മിൻ മാനേജരാണെന്നറിഞ്ഞത്. നേരത്തേ പരിചയപ്പെടാൻ കഴിയാതെ പോയതിലുള്ള ഖേദം ഞങ്ങൾ പരസ്പരം പങ്കുവച്ചു.

നാട്ടിലെത്തിയാൽ ആ ഉമ്മയെ ഒന്നു നേരിൽക്കാണണമെന്നും ചേർത്തുപിടിക്കണമെന്നുമുള്ള ഉള്ളിലെ ആഗ്രഹവും അദ്ദേഹത്തോട് പങ്കുവച്ചു.

ഒരു നോവൽ വായനക്കാരന് ഹൃദ്യമാകുന്നത് ഓരോ വരികൾക്കിടയിലും എവിടെയൊക്കെയോ താനും ഉണ്ടെന്നൊരു തോന്നൽ ഉണ്ടാകുമ്പോഴാണ്. ആ തോന്നലാണ് തുടർന്നുള്ള അധ്യായങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്നത്.

തീർച്ചയായും ഹംസ കൊല്ലത്തിൻ്റെ ‘യത്തീങ്കുട്ടി’ നിങ്ങളുടെ വായനയെ സ്വാധീനിക്കാതെ പോകില്ല..!

#bookreview
#SIBF2026
#malayalamnovel

സ്നേഹം
സലീം അയ്യനത്ത്

Related Updates

November 19, 2026

ഉമ്മയുടെ കൈകളിലെ തഴമ്പിൽ എഴുതപ്പെട്ട ജീവിതം

ഒരുമ്മയുടെ പോരാട്ടവീര്യത്തിൽ തൻ്റെ ജീവിതം കെട്ടിപ്പടുത്ത ...

November 18, 2026

അക്ഷരങ്ങൾക്കിടയിൽ ഞാൻ കണ്ട ചെറി

ജനിക്കുന്നതിനു മുൻപേ കടന്നുപോയ മറ്റൊരു കാലഘട്ടത്തിന്റെ, ...