“തൊന്നു വായിച്ചന്നെ വേണം…”
ഉമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഒരു നിമിഷം അവരെ തന്നെ നോക്കിനിന്നു.
വിശ്രമമെന്തെന്നറിയാത്ത, ദിവസത്തിന്റെ ഭൂരിഭാഗവും എന്തെങ്കിലുമൊക്കെ വീട്ടുജോലികളിൽ മുഴുകിക്കഴിയുന്ന ഞങ്ങളുടെ ഉമ്മ, ഖുർആൻ അല്ലാതെ മറ്റൊരു പുസ്തകം ഇത്രയും ആത്മാർത്ഥതയോടെ,ആകാംക്ഷയോടെ ഇരുന്ന് വായിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല.ഹംസ കൊല്ലത്തിന്റെ ജീവിതം ‘യത്തീങ്കുട്ടി’ ഓരോ താളുകളും ക്ഷമയോടെ നിറകണ്ണുകളോടെ വായിച്ചു കൊണ്ടിരിക്കുന്നു..
ഉമ്മാക്കത് വായിച്ചു തീർക്കാനുള്ള ഒരു പുസ്തകം മാത്രമായിരുന്നില്ല…
എവിടെയോ കേട്ടുപരിചയമുള്ള ഒരു സ്ഥലത്തിന്റെ കഥ….
എന്റെ സഹോദരന്മാരുടെ ജോലി സ്ഥാപനത്തിലെ അവരുടെ പ്രിയപ്പെട്ട ഹംസ സാറിന്റെ ജീവിതകഥ….
അതിലുമുപരി, സ്വന്തം ജീവിതത്തിന്റെ ഏതോ കോണുകളിൽ നിന്ന് പെട്ടെന്ന് മുന്നിലെത്തിയ ചില ഓർമ്മകളുടെ പുസ്തകം…
അതുകൊണ്ടായിരിക്കാം ഓരോ താളും ഉമ്മയുടെ മനസ്സിൽ ഇത്ര ആഴത്തിൽ പതിഞ്ഞത്.
ഹംസ സാറിന്റെ ജീവിതത്തിൽ കടന്നുവന്ന അനാഥത്വവും, ഇല്ലായ്മയും, വിശപ്പും, ജീവിതത്തോട് നടത്തിയ പോരാട്ടവും വായിക്കുമ്പോൾ ഉമ്മയ്ക്ക് ഒരുപക്ഷേ മറ്റൊരാളുടെ കഥയല്ല തോന്നിയത്, സ്വന്തം ജീവിതത്തിന്റെ ചില ഏടുകൾ തന്നെയാകാം ആ താളുകൾ അവർക്കു മുന്നിൽ തുറന്നുവെച്ചത്..
വളരെ ചെറുപ്പത്തിലേ ഉപ്പയെ നഷ്ടപ്പെട്ട ഒരാളായിരുന്നു ഞങ്ങളുടെ ഉമ്മ. പഠിക്കാനുള്ള വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും നാലാം ക്ലാസിൽവെച്ച് ആ ആഗ്രഹത്തിന് തിരശ്ശീല വീണു. പുസ്തകങ്ങൾക്കു പകരം ജീവിതത്തിന്റെ ഭാരങ്ങളായിരുന്നു പിന്നെ കൈകളിലെത്തിയത്. ആടുകളെ മേയ്ക്കുന്നതുൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ചെറുപ്രായത്തിൽ തന്നെ ഏറ്റെടുക്കേണ്ടിവന്നു.
പഠിക്കേണ്ട പ്രായത്തിൽ ജീവിതം പഠിപ്പിച്ച പാഠങ്ങളായിരുന്നു പിന്നീടുള്ള അവരുടെ പാഠപുസ്തകം.
വർഷങ്ങൾ കടന്നുപോയി.
ഏകദേശം ഇരുപത്തിയാറ് വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ ഉപ്പയ്ക്ക് ഉണ്ടായ വലിയൊരു രോഗം കുടുംബത്തിന്റെ ജീവിതത്തെ വീണ്ടും മറ്റൊരു പരീക്ഷണത്തിലേക്ക് തള്ളിവിട്ടു. വരുമാനമാർഗം സ്തംഭിച്ചു. ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികൾ മങ്ങിത്തുടങ്ങി. അന്ന് ചെറിയ പ്രായത്തിലായിരുന്ന ഞങ്ങളെ വളർത്തിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തവും ഉമ്മയുടെ ചുമലിലായി.
അവിടെനിന്നങ്ങോട്ട് ഉമ്മയുടെ ജീവിതവും ഒരു നീണ്ട പോരാട്ടമായിരുന്നു.
വലിയ സ്വപ്നങ്ങളൊന്നുമില്ലാതെ,
വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ,
കിട്ടിയതുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പോരാട്ടം.
പക്ഷേ ആ പോരാട്ടത്തിനിടയിലും ഉമ്മയുടെ മനസ്സിലെ കരുതൽ സ്വന്തം മക്കളിൽ മാത്രം ഒതുങ്ങിയില്ല.
അകാലത്തിൽ ഞങ്ങളെ വിട്ടുപോയ എന്റെ പെങ്ങളുടെ രണ്ടു മക്കൾക്കും ഉമ്മയും ഉപ്പയും തന്നെയായി. സ്വന്തം മക്കളെപ്പോലെ അവരെ ചേർത്തുപിടിച്ചു. അവരുടെ വിശപ്പും വേദനയും കണ്ണീരും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി. ഇന്നും, വിധി മുന്നിൽ വെക്കുന്ന ഓരോ പരീക്ഷണത്തോടും അവർ തോറ്റുകൊടുക്കാതെ പോരാടിക്കൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ‘യത്തീങ്കുട്ടി’ യിലെ ഓരോ വാക്കും ഉമ്മയുടെ ഹൃദയത്തിലേക്ക് മറ്റുള്ളവരേക്കാൾ കുറച്ചുകൂടി ആഴത്തിൽ ഇറങ്ങിയിരിക്കാം.
ഹംസ സാർ തന്റെ ജീവിതത്തിലെ വേദനകളെ വെറുമൊരു ദുഃഖകഥയായി എഴുതിയിട്ടില്ല. നഷ്ടങ്ങളും ഇല്ലായ്മകളും യാതനകളും കടന്നുപോകുമ്പോഴും ജീവിതത്തോട് തോറ്റുകൊടുക്കാതെ മുന്നേറിയ ഒരു ഉമ്മയുടെയും മകന്റെയും ജീവിതത്തെ അദ്ദേഹം വളരെ ചിട്ടയോടെ താളുകളിൽ വരച്ചുവെച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പുസ്തകം വായിച്ചു തീരുമ്പോഴും അതിലെ മനുഷ്യർ നമ്മിൽനിന്ന് പിരിഞ്ഞുപോകുന്നില്ല.
ചില പുസ്തകങ്ങൾ വായിച്ചുതീരും.
ചില പുസ്തകങ്ങൾ നമ്മളെ വായിച്ചുതീർക്കും.
‘യത്തീങ്കുട്ടി’ ഉമ്മയെ സംബന്ധിച്ചിടത്തോളം അത്തരമൊരു പുസ്തകമായിരുന്നു.
അവിടെ ഒരു ഉമ്മയുണ്ട്.
ഇവിടെയും ഒരു ഉമ്മയുണ്ട്.
അവിടെ ഒരു മകനുണ്ട്.
ഇവിടെയും മക്കളുണ്ട്.
വ്യത്യസ്തമായ ജീവിതങ്ങൾ…, വ്യത്യസ്തമായ വഴികൾ.,പക്ഷേ… വേദനകളുടെ ഭാഷ ഒന്നുതന്നെ.
അതുകൊണ്ടുതന്നെ ഒരു ആഗ്രഹം കൂടി ഉമ്മയുടെ മനസ്സിൽ പിറന്നിട്ടുണ്ട്.
യാതനകളുടെ വഴികളിലൂടെ നടന്ന്, വിധിയുടെ മുന്നിൽ തോറ്റുകൊടുക്കാതെ ഉയരങ്ങളിലെത്തിയ ആ ഉമ്മയെയും മകനെയും ഒരിക്കൽ നേരിൽ കാണണം. അവരോട് കുറച്ചുനേരം സംസാരിക്കണം.
‘യത്തീങ്കുട്ടി’യുടെ താളുകളിൽ വായിച്ച ആ ജീവിതങ്ങളെ നേരിൽ കണ്ടറിയണം.
ആ ആഗ്രഹം സാധ്യമാക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്.
ഒരുപക്ഷേ അന്ന്, ഹംസ സാറിന്റെ മുന്നിൽ ഉമ്മയ്ക്ക് പറയാനുള്ളത് ഒരു വാക്ക് മാത്രമായിരിക്കാം—
“നിങ്ങളുടെ കഥ ഞാൻ വായിച്ചപ്പോൾ, അതിൽ എന്റെയും ജീവിതത്തിന്റെ ചില താളുകൾ കണ്ടു…”
അത്രയും പറഞ്ഞാൽ മതി.
കാരണം ചില ജീവിതങ്ങൾ തമ്മിൽ പരിചയപ്പെടുന്നത് വാക്കുകളിലൂടെയല്ല…
വേദനകളിലൂടെയാണ്.
ഓർമ്മകളിലൂടെയാണ്.
അതിജീവനത്തിലൂടെയാണ്……
‘യത്തീങ്കുട്ടി’ അങ്ങനെ ഒരു ജീവിതം മറ്റൊരു ജീവിതത്തിന്റെ വാതിൽ തുറന്ന കഥയായി ഞങ്ങളുടെ ഉമ്മയുടെ മനസ്സിലും ഇന്നും തുടരുകയാണ്…….