അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, രഹസ്യ വിനിമയ രീതിയാണോ, സാംസ്‌ക്കാരിക അവശേഷിപ്പാണോ? ഇങ്ങിനെയുള്ള നിരവധി ചോദ്യങ്ങൾ സാധാരണ നിലയിൽ ഉണ്ടാകാറുണ്ട്. ഭാഷയെക്കുറിച്ച് നടക്കാറുള്ള ചർച്ചകളിൽ അറബി മലയാളവും ജൂത മലയാളവും കടന്നു വരുന്നത് പൊതുവിൽ കുറവാണ്, മിക്കപ്പോഴും ഇല്ല എന്നു തന്നെ പറയാം. കേരളത്തിൽ നടക്കുന്ന ചർച്ചകൾ മിക്കപ്പോഴും മാനക മലയാളത്തെച്ചുറ്റിപ്പറ്റി മാത്രമാണ് എന്നു പറഞ്ഞാൽ അതിൽ വലിയ അതിശയോക്തിയില്ല. എന്നാൽ കേരളത്തിൽ വിവിധ മലയാളങ്ങളും ആദിവാസി ഭാഷകളും ഉണ്ടെന്ന നിലയിലേക്ക് ഭാഷാ ചർച്ചയിൽ മുഖ്യധാരയിൽ ചെറിയൊരു മാറ്റം പ്രത്യക്ഷപ്പെട്ടത് സമീപകാലത്തു മാത്രമാണ്. ഇന്ന് നാം കേരളം എന്നു വിളിക്കുന്ന പ്രദേശത്തെ ആദ്യ സാക്ഷര സമൂഹം അറബി മലയാളത്തിലാണ് സംഭവിച്ചതെന്ന നിരീക്ഷണം അടുത്ത കാലത്ത് ഡോ.എം. ശ്രീനാഥൻ മുന്നോട്ടു വെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അറബി മലയാളം ഭാഷ, സാഹിത്യം, സംഗീതം എന്ന പുസ്തകം (എഡിറ്റർമാർ: കെ.അബൂബക്കർ, ഇഹ്സാനുൽ ഇഹ്തിസാം: പ്രസാധനം: ബുക്പ്ലസ്) വലിയ പ്രാധാന്യം നേടുന്നുണ്ട്്. 11 പേരുടെ പ്രബന്ധങ്ങളാണ് 330 പേജുള്ള പുസ്തകത്തിലുള്ളത്. ഖുർആൻ/ഇസ്ലാം/പ്രവാചക വിജ്ഞാനീയം എന്നതിനൊപ്പം അറബി മലയാളത്തിന്റെ മറ്റു സഞ്ചാര പഥങ്ങളെക്കൂടി അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് പുസ്തകത്തെ കൂടുതൽ മൗലികമാക്കുന്നത്.
അറബി മലയാളം ഒരു വെങ്കലഭാഷയാണോ (ക്രിയോൾ ലാംഗ്വേജ്) എന്ന പരമപ്രധാനമായ ചോദ്യത്തോട് ‘അറബി മലയാളത്തിനൊരാമുഖം’ എന്ന ലേഖനത്തിൽ കെ.അബൂബക്കർ ഇങ്ങിനെ പ്രതികരിക്കുന്നു: അറബി മലയാളത്തെ ഒരു വെങ്കല ഭാഷയായി കാണാം, അനിവാര്യമായ ജാഗ്രതയോടുകൂടി. ക്രിയോൾ ലാംഗ്വേജ് എന്നു തുടക്കത്തിൽ വിളിക്കപ്പെട്ടത് കോളനി ഭരണത്തിനു കീഴിൽ അടിമകളെപ്പോലെ പണിയെടുക്കേണ്ടി വന്ന ജനതയും അവരെക്കൊണ്ടു പണിയെടുപ്പിച്ച യൂറോപ്യരും തമ്മിൽ അനിവാര്യമായിത്തീർന്ന ആശയ വിനിമയത്തിന്റെ അനന്തരഫലമായി രൂപപ്പെട്ട ഭാഷാവിശേഷമായിരുന്നു. കാലാന്തരത്തിൽ അത് സാമാന്യമായി ഉപയോഗിക്കപ്പെടുകയായിരുന്നു. തൊലി നിറം മുതൽ സകല കാര്യങ്ങളേയും വംശീയമായി സമീപിച്ചിരുന്ന കൊളോണിയൽ മനോഭാവത്തിൽ അവരുടേതായിരുന്നു ‘ശരിയായ’ ഭാഷ. തദ്ദേശീയരുടേത് അതിന്റെ ‘തെറ്റായ’ ‘തകർന്ന’ പതിപ്പായാണ് കണക്കാക്കപ്പെട്ടിരുന്നത്. രൂപപ്പെട്ട ചരിത്ര പശ്ചാത്തലം ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാകയാൽ അറബി മലയാളത്തെ വെങ്കല ഭാഷയായി കാണുമ്പോൾ ഈ കൊളോണിയൽ പശ്ചാത്തലത്തെക്കുറിച്ചുള്ള വലിയ ജാഗ്രത അനിവാര്യമാണ്: പുസ്തകത്തിന്റെ സംവാദ ഭൂമികയിലേക്ക് വായനക്കാരെ ആഴത്തിൽ ക്ഷണിക്കുന്നതാണ് ഈ വരികൾ.
ഇഹ്സാനുൽ ഇഹ്തിസാമിന്റെ ‘അറബി മലയാള ലിപിയുടെ ഉൽപ്പത്തിച്ചർച്ചകൾ’ എന്ന ലേഖനം ഇങ്ങിനെ അവസാനിക്കുന്നു: കേരള ഭാഷയിൽ നിന്നു രൂപപ്പെട്ട വ്യത്യസ്ത സാഹിത്യ ഭാഷാ വരമൊഴികളോടൊപ്പം അറബി മലയാളത്തെ ചേർത്തുവെച്ചത് ആദ്യാധുനിക മലബാറിലെ നിർണായകമായൊരു ചരിത്ര സന്ധിയിൽ അതിനുണ്ടായിരുന്ന പ്രാധാന്യത്തെ തിരിച്ചറിയാൻ വഴിയൊരുക്കി. നേരിയ തോതിൽ മാത്രം വ്യത്യാസപ്പെട്ടു നിൽക്കുന്ന പൂർവാധുനിക മലബാറിലെ വിവിധ സമുദായങ്ങൾ വികസിപ്പിച്ചെടുത്ത വ്യത്യസ്ത വരമൊഴികൾ പരസ്പരം ചേർത്തുവെച്ച് പഠിക്കേണ്ടതുണ്ട്. പൂർവ്വാധുനിക മലബാറിലെ ആറു വരമൊഴികളിൽ ഓരോന്നിനേയും സ്വതന്ത്രമായും പരസ്പരം ചേർത്തുവെച്ചും മനസ്സിലാക്കാതെ കേരള ഭാഷയെ സംബന്ധിച്ച ഗവേഷണം പൂർണ്ണമാവില്ല. ഗ്രന്ഥലിപി, വട്ടെഴുത്ത് കോലെഴുത്ത് തുടങ്ങിയ ത്രൈവർണ്യർ ഉപയോഗിച്ചിരുന്ന വരമൊഴിയുടെ പരിഷ്‌കൃത രൂപമായ ആധുനിക മലയാള വരമൊഴിയുടേയും ലിപിയുടേയും ഏകീകരണത്തിന് പ്രവർത്തിച്ച അധികാര ബന്ധങ്ങളെ ഇതിനോടു ചേർത്ത് മനസ്സിലാക്കാനാവും: ഈ കാഴ്ച്ചപ്പാട് പുസ്തകം മുന്നോട്ടുവെക്കുന്ന ആശയ ലോകത്തെ കൂടുതൽ വിപുലപ്പെടുത്തുന്നു. യു.കെയിലെ ഗ്ലാസ്‌ഗോ സർവകലാശാല സൗത്തേഷ്യൻ റിലീജ്യൻസ് സീനിയർ ലക്ചറർ ഒഫീറ ഗംലിയേൽ എഴുതിയ ‘ജൂതമലയാളവും അറബി മലയാളവും: താരതമ്യ കാഴ്ച്ചപ്പാടിൽ എന്ന ലേഖനം ഈ വിഷയത്തിൽ നിരവധി പുതിയ വാതിലുകൾ തുറന്നിടുന്നു. ഒഫീറ എഴുതുന്നു: മാപ്പിള മലയാളം ഒരർഥത്തിലും ജൂതമലയാളത്തെപ്പോലെ ആസന്ന മരണാവസ്ഥയിലുള്ള ഒരു ഭാഷാഭേദമല്ല. അതേ സമയം ലോകത്തെവിടെയുമുള്ള മറ്റേതു ഭാഷയേയും ഭാഷാ ഭേദത്തേയും പോലെ അതും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും നടക്കുന്ന മലയാളത്തിന്റെ മാനകീകരണത്തിന്റെ കൂടുതൽ കൂടുതലായി അഭിമുഖീകരിക്കേണ്ടി വരുന്നതാണ് ഈ മാറ്റത്തിനുള്ള ഒരു കാരണം. അതു പോലെ മലയാളം സംസാരിക്കുന്നവരുടെ ദൈനംദിന ഭാഷയിലേക്ക് അറബി വാക്കുകളേയും ശൈലികളേയും സ്വാംശീകരിക്കുന്ന രീതിയെ സ്വാധീനിച്ചേക്കാവുന്ന മട്ടിൽ ആധുനിക മാനക അറബിയെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ് മാറ്റത്തിനുള്ള മറ്റൊരു കാരണം. അതിനാൽ പ്രായമായവരുടെ വാമൊഴി വ്യവസ്ഥാപിതമായി രേഖപ്പെടുത്തുന്നില്ലെങ്കിൽ, കുറഞ്ഞത് നാലു നൂറ്റാണ്ടെങ്കിലുമായി മാപ്പിളപ്പാട്ടിനേയും അറബി മലയാള സാഹിത്യത്തേയും സാധ്യമാക്കിയ ജീവദ്ഭാഷാപൈതൃകം മറവിയിലാണ്ടു പോയേക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള മിക്ക അറബി മലയാള രചനകൾക്കും അടിക്കുറിപ്പുകളോ അല്ലെങ്കിൽ മാനക മലയാളത്തിലേക്കുള്ള ‘വിവർത്തനങ്ങൾ’ തന്നെയോ ആവശ്യമായി വരുന്നുവെന്നത് ഈ തനതു ഭാഷാഭേദത്തെക്കുറിച്ച് നടക്കേണ്ട ചിട്ടയായ പഠനത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു: ഭാഷാ ചർച്ചയുടെ വിവിധ മാനങ്ങളാണ് ഒഫീറ ഇങ്ങിനെ തന്റെ ലേഖനത്തിലൂടെ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നത്. ഭാഷയുടെ പരിണാമങ്ങൾ മനുഷ്യ സമുദായങ്ങളുടെ മാറ്റമോ വളർച്ചയോ തന്നെയായി എങ്ങിനെ മാറുന്നു എന്നത് തൊട്ടറിയാൻ സഹായിക്കുന്നതാണ് ഈ ലേഖനം.
മനോജ് കുറൂർ എഴുതിയ ‘ മാപ്പിളപ്പാട്ട്: രചനയുടെ സാംസ്‌ക്കാരിക സൗന്ദര്യശാസ്ത്രം’ എന്ന പ്രബന്ധം പല നിലക്കുള്ള ആലോചനകളാൽ സമ്പന്നമാണ്. ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: മാപ്പിളപ്പാട്ടുകൾ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിൽ വരാത്തതെന്തു കൊണ്ട് എന്ന പ്രശ്നം പ്രധാനമാണ്. ഒരു കാരണം തീർച്ചയായും സാഹിത്യത്തിൽ നില നിന്നു പോന്ന അധികാര വ്യവസ്ഥയാണ്. സാഹിത്യരൂപങ്ങളുടേയും കവികളുടേയും പീഠവൽക്കരണം ആ അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം ഭാഷയിലും ലിപിയിലുമുൾപ്പെടെ അറബി മലയാളം എന്ന നിലയിൽ തന്നെ സ്വത്വം നില നിർത്താനുള്ള മാപ്പിളപ്പാട്ടു കവികളുടെ നിഷ്ക്കർഷയും മലയാളത്തിന്റെ പൊതുധാരയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കാരണമായിട്ടുണ്ടാവാം: കേരളത്തിലെ ഗാന-സംഗീത പാരമ്പര്യങ്ങളെക്കുറിച്ച് ഏറ്റവും ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള മനോജ് കുറൂർ തന്റെ ലേഖനത്തിൽ തമിഴ്, മലയാളം ഭാഷകളുടെ സാംസ്‌ക്കാരിക ചരിത്രത്തെ ബന്ധിപ്പിക്കാനും കോർത്ത് നിർത്താനുമുള്ള ശ്രമം കൂടി നടത്തുന്നുണ്ട്. ഇത്തരത്തിൽ കാര്യങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി മലയാളത്തിൽ പൊതുവിൽ കുറവാണ്. അങ്ങിനെയുള്ള കുറവിനെ നികത്തുന്ന ഒരു ലേഖനം ചേർക്കാൻ കഴിഞ്ഞുവെന്നതിൽ തീർച്ചയായും പുസ്തകത്തിന്റെ അണിയ പ്രവർത്തകർക്ക് അഭിമാനിക്കാൻ വകയുണ്ട്.
സിമി കെ. സലീമിന്റെ ‘സബീനപ്പാട്ടുകളുടെ പെണ്ണരങ്ങ്’ എന്ന ലേഖനം അറബി മലയാളം വ്യവഹാരത്തിലെ സ്ത്രീകളുടെ ലോകങ്ങൾ അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു: കല്യാണപ്പാട്ടുകൾ, ഭക്തി ഗാനങ്ങൾ, പ്രാദേശിക ഗാനങ്ങൾ, കോളനി വിരുദ്ധ കാവ്യങ്ങൾ തുടങ്ങിയ ഇനങ്ങളിലെല്ലാം സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന കാവ്യങ്ങളായിരുന്നു അറബി മലയാളത്തിലെ സബീനപ്പാട്ടുകൾ. ഇരുപതാം നൂറ്റാണ്ടിൽ സബീനപ്പാട്ടുകൾക്ക് മലബാറിലെ മുസ്ലിം സ്ത്രീകൾക്കിടയിൽ വലിയ പ്രചാരമാണുണ്ടായിരുന്നത്. സബീനപ്പാട്ടുകളിൽ അടങ്ങിയ രൂപകങ്ങളും വികാരങ്ങളും പൊതു ഇടം- സ്വകാര്യ ഇടം, ആത്മീയം-ബൗദ്ധികം, പ്രാദേശികം-ആഗോളം തുടങ്ങിയ ദ്വന്ദ്വയുക്തികളെ മറി കടക്കുന്നവയാണ്: അറബി മലയാള വ്യവഹാരങ്ങളിൽ സ്ത്രീകളുടെ ഒരു വിധ സാന്നിധ്യവുമുണ്ടായിരുന്നില്ലെന്ന ഒരു സിദ്ധാന്തം തന്നെ പൊതുമലയാളത്തിൽ പ്രചരിച്ചിരുന്നു. ആ ധാരണ ഇന്നും മുഖ്യധാരയിൽ അവശേഷിക്കുന്നുമുണ്ട്. അതിനുള്ള കൃത്യമായ തിരുത്ത് കൂടിയാണ് ഈ ലേഖനം. ഡോ.പി.ടി.അബ്ദുൽ അസീസിന്റെ ‘ലക്ഷദ്വീപിലെ അറബി മലയാളം’ ദ്വീപ് സമൂഹത്തിന്റെ ഭാഷാ വളർച്ചയും പരിണാമവും രേഖപ്പെടുത്തുന്നു: ദ്വീപിൽ കണ്ടു കിട്ടിയതിൽ വെച്ച്് ഏറ്റവും പഴക്കം ചെന്ന അറബി മലയാള രേഖ ‘റഹ്‌മാനി’ എന്ന ഗ്രന്ഥമാണെന്ന് കരുതാൻ ന്യായമുണ്ട്. അഗത്തി ദ്വീപിലുള്ള മ്യൂസിയത്തിലുള്ള റഹ്‌മാനിയുടെ കയ്യെഴുത്തു പ്രതിയിൽ അറബി മലയാളവും വട്ടെഴുത്തും ഇടകലർത്തി എഴുതിയിരിക്കുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. വട്ടെഴുത്തിൽ നിന്നും ദ്വീപിന്റെ എഴുത്ത് സമ്പ്രദായം അറബി മലയാളത്തിലേക്ക് മാറിത്തുടങ്ങിയതിന്റെ ഇടക്കണ്ണിയായി ഈ കൃതിയെ കാണേണ്ടതുണ്ട്. അഥവാ ഈ കൃതി പരിവർത്തന കാലഘട്ടത്തിലെ എഴുത്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് കരുതാം. അമിനി ആമീൻ കച്ചേരിയിലെ പഴയ രജിസ്‌ട്രേഷൻ റെക്കോർഡിന്റെ ആമുഖത്തിൽ വേദ എഴുത്ത്, അറബി എഴുത്ത്, വട്ടെഴുത്ത്, മലയാളം എഴുത്ത് എന്നിങ്ങനെയുള്ള എഴുത്തുകൾ രജിസ്റ്ററിൽ ഉപയോഗപ്പെടുത്താം എന്ന് രേഖപ്പെടുത്തി കാണുന്നു: ഭാഷാ-ലിപി മാറ്റങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഒരു നിരീക്ഷണമായി ഇതിനെ കണക്കിലെടുക്കാമെന്ന് തോന്നുന്നു. കേരളത്തിലും ഒരു ഘട്ടത്തിൽ സംഭവിച്ചതും ഇതേ മാറ്റം തന്നെയായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിയും. ഭാഷക്കും സംസ്‌ക്കാരത്തിനും ഉള്ളിൽ കാലവും ഓരോ കാലത്തെ ജ്ഞാനവും ജ്ഞാനാധികാരങ്ങളും വരുത്തിയ മാറ്റങ്ങളെക്കുറിച്ച് കൂടി ആലോചിക്കാൻ പുസ്തകത്തിലെ പ്രബന്ധങ്ങൾ വായനക്കാരെ സഹായിക്കുന്നു. ഇന്ന് ഭാഷാ പഠനത്തിൽ ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞ പെഗ്ഗി മോഹൻ തന്റെ പഠനങ്ങളുടെ അന്തർധാരയായി ഉപയോഗിക്കുന്ന പ്രബല ആശയം ജ്ഞാനാധികാരവും ഭാഷയും എന്നതാണ്. അവരുടെ പുതിയ പുസ്തകം ‘ഫാദർ ടങ്ങ്, മദർ ലാന്റ്: ദ ബർത്ത് ഓഫ് ലാംഗ്വേജസ് ഇൻ സൗത്ത് ഏഷ്യ’ എന്ന പുസ്തകം ഭാഷയും ജ്ഞാനാധികാരങ്ങളും തമ്മിലുള്ള പല തരത്തിലുള്ള ഇടപാടുകളെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. സങ്കര/വെങ്കല ഭാഷ (ക്രയോൾ)യെക്കുറിച്ചാണ് പെഗ്ഗി മോഹന്റെ പുസ്തകം കൂടുതലായി ചർച്ച ചെയ്യുന്നത്. അതായത് മാനക ഭാഷയെപ്പോലും അതിന്റെ ആഴത്തിൽ മനസ്സിലാക്കാൻ ക്രയോൾ ഭാഷകളെക്കുറിച്ചുള്ള ചർച്ച അത്യധികം അനിവാര്യമാണെന്ന് അവർ വാദിക്കുന്നുണ്ട്. മാനക-ശുദ്ധ ഭാഷ എന്ന വാദം തന്നെ ഒരു ഭാഷ കടന്നു വന്ന വഴിയെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നും ഉൽഭവിക്കുന്നതാണെന്നും അവർ വാദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തിരിച്ചറിവ് ‘അറബി മലയാളം’ പുസ്തകത്തിലെ ഓരോ ലേഖനത്തിലും തെളിഞ്ഞു നിൽക്കുന്നു. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ബലവും അതു തന്നെയാണ്. ഇന്ന് ഭാഷാ സംവാദങ്ങൾക്കാവശ്യമായ ചരിത്ര പരിസരം കൂടിയാണീ തിരിച്ചറിവ്.
കക്കാട് പി. അബ്ദുല്ല മൗലവിയുടെ ‘അറബി മലയാളം അക്ഷരമാല’ സാമൂഹ്യാർഥത്തിൽ നിന്നു കൊണ്ടു തന്നെ ഭാഷയുടെ ലിപിക്രമം മുതൽ വ്യാകരണം വരെയുള്ള കാര്യങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നു. അബ്ദുറഹിമാൻ മങ്ങാടിന്റെ ‘ അറബി മലയാളത്തിലെ ആനുകാലികങ്ങൾ’ ഡോ.ബാവ കെ. പാലുകുന്നിന്റെ ‘ അറബി മലയാളത്തിലെ പാട്ടു സാഹിത്യം; പ്രസ്ഥാനങ്ങളും പ്രതിനിധാനങ്ങളും’, ഡോ. മോയിൻ മലയമ്മയുടെ ‘അറബി മലയാളത്തിലെ ഗദ്യസാഹിത്യം’, എൻ.കെ.ശമീർ കരിപ്പൂരിന്റെ ‘ മാപ്പിളപ്പാട്ടിലെ നാടോടി ധാര’ എന്നീ ലേഖനങ്ങളും സമാഹാരത്തെ സമ്പന്നമാക്കുന്നു.
അറബിയും മലയാളവും എന്ന ആശയത്തെ ഡോ. മഹ്മൂദ് കൂരിയ ഒരിടത്ത് ഇങ്ങിനെ രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ എഴുനൂറിൽ പരം ഔഷധ സസ്യങ്ങൾ പഠന വിധേയമാക്കി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ കൊച്ചിയിലെ കമാൻഡറായിരുന്ന ഹെന്റിക് വാൻ റീഡിന്റെ നേതൃത്വത്തിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ തയ്യാറാക്കിയ ഹോർത്തുസ് മലബാറിക്കസിൽ അത്തരത്തിൽ സസ്യലതാദികളുടെ മലയാളപ്പേരുകൾ അറബി ലിപിയിലാണ് എഴുതിയിരിക്കുന്നത്. നമുക്കിന്ന് ലഭ്യമായ അച്ചടിക്കപ്പെട്ട അറബി മലയാളത്തിലുള്ള ആദ്യത്തെ രേഖകളായിരിക്കണം ആംസ്റ്റർഡാമിൽ നിന്ന് 1670-80കളിൽ പ്രസിദ്ധീകൃതമായ ഈ പന്ത്രണ്ട് വോള്യങ്ങൾ. അറബി ഭാഷയാണ് അതിലെ ചിത്രങ്ങളുടെ അടിക്കുറിപ്പുകളിൽ ചിലത് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക വായനയിൽ അതെല്ലാം അറബി ലിപി ഉപയോഗിച്ച് മലയാളം എഴുതിയതാണെന്ന് മനസ്സിലാക്കാം. (അറബി മലയാളം വിവരണാത്മക ഗ്രന്ഥസൂചിയുടെ അവതാരികയിൽ നിന്ന്).
ഇത്തരത്തിൽ ജ്ഞാനോൽപ്പാദനത്തിന്റെ പല മേഖലകളിലേക്കും വെളിച്ചം വീശുക കൂടിയാണ് അറബി മലയാളത്തെക്കുറിച്ചുള്ള ആശയങ്ങളും സംവാദങ്ങളും. അറബി മലയാളം അതിന്റെ സജീവമായ കാലത്തെന്ന പോലെ ഇന്ന് തിരിച്ചു വരണമെന്ന് ആരും വാദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അത്തരമൊരു ലിപിയും ഭാഷയും ഇന്ന് നാം കേരളമെന്ന് വിളിക്കുന്ന സ്ഥലത്ത് എങ്ങിനെ പ്രവർത്തിച്ചു എന്നറിയുന്നതിന്റെ പ്രാധാന്യമാണ് ‘ അറബി മലയാളം’ എന്ന ഈ പുസ്തകം എടുത്തു കാണിക്കുന്നത്. അതു കൊണ്ടു തന്നെ പുസ്തകത്തിന്റെ കവറിലെ മാപ്പിള പഠന പരമ്പര എന്നത് കേരള പഠന പരമ്പര എന്നു തന്നെയാക്കി മാറ്റേണ്ടതല്ലേ എന്ന ന്യായമായ ഒരു സംശയം വായനക്കാരൻ എന്ന നിലയിൽ എന്നിൽ ഉയരുകയും ചെയ്യുന്നു.
അടിക്കുറിപ്പുകൾ
1. അറബി മലയാളം കവർ
2. കെ. അബൂബക്കർ
3. ഇഹ്സാനുൽ ഇഹ്തിസാം.