Thanks to dear Radhakrishnan Velayudhan Maash
കാറ്റോശയും പിഞ്ഞാണവും
അബ്ദുൾ റഷീദ്
മൊഴിമാറ്റം: എ. കെ. റിയാസ് മുഹമ്മദ്
ചെറുപ്പത്തിൽ ഖുർആൻ ഓതി പഠിപ്പിച്ച മൊല്ലാക്കയുടെ കയ്യിൽ ഒരു പിഞ്ഞാണപ്പാത്രമുണ്ടായിരുന്നു. അതിൽ അടുക്കളച്ചുമരിൽ നിന്നടർത്തിയെടുത്ത കരികൊണ്ട് ഖുർആൻ സൂക്തങ്ങൾ എഴുതി കയ്യിലുള്ള ഒരു കുപ്പിയിൽനിന്നും വെള്ളമിറ്റിച്ച് കഴുകി അദ്ദേഹം ഗർഭിണികളായ സ്ത്രീകൾക്കു കുടിക്കാൻ കൊടുത്തു. അതവരുടെ പേറ്റുനോവു ശമിപ്പിച്ചു. പിഞ്ഞാണപ്പാത്രത്തിന്റെ ഉറവിടം ലക്ഷദ്വീപിലെ ഏതോ മക്ബറയിലെ നിലവറയാണെന്ന് മൊല്ലാക്ക പറഞ്ഞിരുന്നു. മൊല്ലാക്കയുടെ കയ്യിലുണ്ടായിരുന്ന പിഞ്ഞാണത്തിന്റെ ഉറവിടം തേടി ദ്വീപസമൂഹത്തിലെ പല ദ്വീപുകളിലൂടെയും ചുറ്റിത്തിരയുന്ന ഒരു കഥാ നായകൻ. എ. കെ റിയാസ് മുഹമ്മദ് വിവർത്തനം ചെയ്ത കന്നഡ എഴുത്തുകാരൻ അബ്ദുൾ റഷീദിന്റെ ‘ലക്ഷദ്വീപ് ഡയറി’യിലൂടെ റിയാലിറ്റിയെന്നോ ഫാന്റസിയെന്നോ ചരിത്രമെന്നോ മിത്തെന്നോ യാത്രാവിവരണമെന്നോ കഥയെന്നോ തിരിച്ചറിയാനാവാത്ത ഒട്ടേറെ ഭ്രമാനുഭവങ്ങളിലൂടെ സഞ്ചാരിയായ കഥാനായകനെ പപോലെ നമ്മളും കടന്നുപോവുന്നു. അനുഭവങ്ങളുടെ പല അടരുകളുള്ള ഈ കൃതിയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് ഹൃദയസ്പൃക്കായ ഒരു പ്രണയ കഥതന്നെയല്ലേ എന്ന സംശയം സ്വാഭാവികമായും വായനക്കാരനുണ്ടാവാം ചെറിയ കുസൃതികൾക്കുപോലും കുപ്പായക്കയ്യുയർത്തി മൊല്ലാക്ക അവിടെ ചൂരൽ കൊണ്ടു കുത്തി.അവിടെ മുളച്ചു തുടങ്ങിയിരുന്ന നീല രോമങ്ങളെയോർത്ത് കഥാനായകൻ ഒറ്റയ്ക്കിരുന്നു ചിരിച്ചു. അതു കണ്ട അയൽക്കാരിയായ ആമിനയും കൂടെ ചിരിക്കുകയും കുപ്പായക്കയ്യുയർത്തി തനിക്കും രോമങ്ങൾ മുളച്ചു തുടങ്ങിയതു കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. പിന്നീട് ഒരായുസ്സിൽ അനുഭവിക്കേണ്ട യാതനകൾ മുഴുവൻ ചെറുപ്പത്തിൽ ത്തന്നെ അനുഭവിച്ചു തീർത്ത് അവൾ ഭൂമി വിട്ടുപോയി. നേരത്തേ ഭൂമി വിട്ടുപോയെങ്കിലും അവൾ ഇടയ്ക്കിടെ അടുത്തു വന്ന് കഥാനായകന്റെ മനസ്സിലുള്ളതു മുഴുവൻ അവനോടു തന്നെ പറഞ്ഞ് കുലുങ്ങിച്ചിരിച്ചു. എന്റെ മനസ്സു മുഴുവൻ അറിയുന്നുവെങ്കിൽ എന്നെ തനിച്ചാക്കിയിട്ട് നീ നേരത്തേ പോയതെന്തിനെന്നു കഥാനായകൻ ചോദിക്കുമ്പോൾ എന്റേതു മുഴുവൻ അനുഭവിച്ചു തീർത്താണു ഞാൻ പോയത്. നിന്റേതെന്തെങ്കിലും ബാക്കിയുണ്ടാവും. അതുകൊണ്ടല്ലേ ഏഴാം മാസത്തിൽ പിറന്ന കുഞ്ഞിനെപ്പോലെ ചന്തിയിൽ ഒരു സൂചി തറച്ചിരിക്കുന്നവനെപ്പോലെ നീയിങ്ങനെ ലോകം ചുറ്റുന്നത്. എല്ലാം അനുഭവിച്ചു തീർത്തിട്ടു വരൂ.ഞാൻ കാത്തിരിക്കാം എന്നവൾ പറയുന്നു. മനോഹരമായ ഒരു പ്രണയ കഥയെന്നതുപോലെ ചരിത്രവും വർത്തമാനാനുഭവങ്ങളും തമ്മിലുള്ള ഹൃദ്യമായ കൂടിച്ചേരലുകളും ഈ കൃതിയിൽ വായിക്കാം. നബിയുടെ കാലത്തുതന്നെ ഗാർഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതകളാൽ മനസ്സു മടുത്ത് കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ഒരു ചേരമാൻ രാജാവ് മക്കയിൽച്ചെന്ന് നബിയെ വണങ്ങി ഇസ്ലാം മതം സ്വീകരിച്ചുവെന്ന വസ്തുത ചരിത്രമാണ്. ചേരമാൻ പെരുമാളിനെ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ പല ലോകങ്ങളും ചുറ്റി അവസാനം ലക്ഷദ്വീപിലെത്തി താമസമുറപ്പിച്ചുവെന്നും അവരാണു തങ്ങളുടെ പൂർവ്വികരായ പിതാമഹന്മാരെന്നും ദ്വീപിലെ വ്യാപാരിയായ പാട്ടുകാരൻ പറയുന്നു. ഒരു എം. ടി. ആർ വിമാനത്തിൽ കൊച്ചി വഴി ദ്വീപിലെത്തുന്ന കഥാനായകൻ ആഴ്ചകൾക്കുശേഷം കപ്പൽ മാർഗ്ഗം മംഗലാപുരത്തു തിരിച്ചെത്തുന്നതാണ് കൃതിയുടെ ഘടനാസ്വരൂപം. ലക്ഷദ്വീപിലെ മനുഷ്യരുടെ ചരിത്രവും വർത്തമാനാനുഭവങ്ങളും പ്രകൃതി സൗകുമാര്യവും വൈചിത്ര്യമാർന്ന ജീവിതാനുഭവങ്ങളുമൊക്കെ ഹൃദ്യമായ ഭാഷയിൽ പരിചയപ്പെടുത്തുന്ന അതീവ ഹൃദ്യമായ ഒരു യാത്രാ നോവലാണ് അബ്ദുൾ റഷീദിന്റെ ‘കാറ്റോശയും പിഞ്ഞാണവും – ലക്ഷദ്വീപ് ഡയറി’. മൂലകൃതിയുടെ ഭ്രമാത്മക ഘടനയോടും അന്തരീക്ഷത്തോടും തികച്ചും നീതി പുലർത്തുന്നതും ഹൃദ്യമായ വായനാസുഖം പകരുന്നതുമാണ് എ. കെ. റിയസ് മുഹമ്മദ് നിർവ്വഹിച്ചിരിക്കുന്ന ഭാഷാന്തരണം.
അബ്ദുൾ റഷീദിനും എ. കെ. റിയാസ് മുഹമ്മദിനും കൃതി പ്രസിദ്ധീകരിച്ച ബുക് പ്ലസിനും അഭിനന്ദനങ്ങൾ.
https://www.facebook.com/share/3kv1ZqE322ZcSmjv/?mibextid=WC7FNe