കെ.സി.സലീം കരിങ്ങനാട്
ഇന്ന് സമൂഹത്തിൽ ആമൂലാഗ്രം ഗ്രസിച്ച ഒന്നാണ് ഇസ് ലാമോഫോബിയ എന്ന അപനിർമിതി. അത് ജീവിതത്തിൻ്റെ സർവ മണ്ഡലങ്ങളിലും ഭീതിയുടെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഏത് പ്രശ്നങ്ങളുണ്ടെങ്കിലും ഇസ്ലാമോഫോബിയയുടെ ആലയിൽ ചാർത്താനാണ് ഈയൊരു മിത്തിനെ മിനുക്കിയെടുത്തവർ തുനിയുന്നത്. അത് വലിയൊരർഥത്തിൽ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുകയും ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു.ഇത്തരം അപനിർമിതികളാൽ രൂപപ്പെടുന്ന അസ്വസ്ഥതകളുടെ ആഴംബോധ്യപ്പെടുന്നത് പുതുതായി രൂപപ്പെടുന്ന പ്രശ്നങ്ങളെ ആധാരമാക്കിയാണ്. നിക്ഷിപ്തതാൽപ്പര്യക്കാർ ഇത്തരം വ്യാജനിർമിതിക്കായി അനവരതം ഭഗീരഥ യത്നം നടത്തുന്നതിനെ നമുക്ക് തൃണവത്ഗണിക്കാനുമാവില്ല. ഈയൊരു മിത്തിൻ്റെ പ്രാരംഭം മുതൽ ഇതപര്യന്തം അതിൻ്റെ മേൽവിലാസം നൽകിയ പ്രശ്നങ്ങളെ ഇഴകീറി അന്വേഷിക്കുന്ന പുസ്തകമാണ് ബുക്പ്ലസ് പ്രസിദ്ധീകരിച്ച സുദേഷ് എം രഘു, സലീം ദേളി എന്നിവർ എഡിറ്റ് ചെയ്ത ‘ ഇസ്ലാമോഫോബിയ പഠനങ്ങൾ സംവാദങ്ങൾ’ എന്ന പുസ്തകം.
ഇസ്ലാമോഫോബിയ ഇന്ന് നമ്മുടെ സാമൂഹിക രാഷ്ട്രീയതലത്തിൽ അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃത്യാ ഉണ്ടായ ഒരു മതത്തിൽ ഭാഗഭാക്കായവരെയെല്ലാം വൈയക്തികതലത്തിലും സാമൂഹികതലത്തിലും വലിയൊരർഥത്തിൽ കോളിളക്കമുണ്ടാക്കിയ ഈ വംശീയപദ്ധതിയെ ഉന്മൂലനം ചെയ്യാതെ ഇനിയുള്ള കാലം സ്വൈരവിഹാര ജീവിതം സാധ്യമാക്കാമെന്ന മോഹം അസ്ഥാനത്താണ്. ഈയൊരു വംശീയപദ്ധതിയെ വേരോടെ പിഴുതെറിയാനുള്ള അധികബാധ്യത വൈയക്തികതലത്തിൽ നമ്മിൽ വന്നു ചേരുന്നുണ്ട്. ദേശീയ-അന്തർദേശീയ തലത്തിൽ കോളിളക്കം സൃഷ്ടിച്ച ഈയൊരു പ്രയോഗത്തെ പുസ്തകം വരച്ച്കാട്ടുന്നുണ്ട്. അതും ആ തലത്തിൽതന്നെ അറിയപ്പെട്ട അക്കാദമിക്കുകളാണെന്നത് ഉപര്യുക്ത വിഷയത്തിന് ഇനിയും അഗാധജ്ഞാനം കരഗതമാക്കുന്നതിന് ആക്കംകൂട്ടുന്നു.
സമകാലീന സാഹചര്യത്തിൽ നമ്മുടെ ചുറ്റുവട്ടത്തും അനുദിനം വ്യാപകമാകുന്ന ഈ ഹിഡൻപദ്ധതി ഏതെല്ലാം വിധേന പ്രവർത്തിക്കുന്നുണ്ടെന്ന് പുസ്തകത്തിലൂടെ തുറന്ന് കാട്ടുന്നു. രായ്ക്കുരാമാനം കേട്ട് തഴമ്പിച്ച ഒരു പദപ്രയോഗം എന്നതിനപ്പുറം അതിൻ്റെ ദൂരവ്യാപകപ്രത്യാഘാതങ്ങളുടെ ഉള്ളറകളിലേക്ക് പുസ്തകം ഊളിയിടുമ്പോൾ വരുംകാലത്തെ ഈയൊരു ഫോബിയയിൽ നിന്ന് പ്രതിരോധ സജ്ജമാക്കാമെന്നതും തദനുസംബന്ധിയായ വായനകളാൽ അനുവാചകർ ലക്ഷ്യമിടണം. ഇസ്ലാമോഫോബിയയെപ്രതി അതിൻ്റെ നിജസ്ഥിതികൾ ആരാഞ്ഞുള്ള ആലോചനകളും അന്വേഷണങ്ങളും വായനകളും സംവാദങ്ങളും പഠനങ്ങളും ചർച്ചകളുമെല്ലാം ഈയൊരു വംശീയപദ്ധതിയുടെ പ്രതിരോധാഭിമുഖം നിൽക്കാൻ മുതൽക്കൂട്ടാണ്.
ഇസ്ലാമോഫോബിയ എന്ന ആശയത്തെയും അതിൻ്റെ പ്രയോഗത്തെയും കുറിച്ച് പറയുന്നിടത്തിലൂടെ ഫാഷിസത്തെയും സയണിസത്തെയും ബ്രാഹ്മണിസത്തെയും സാമ്രാജത്വത്തെയും പ്രതി സ്പഷ്ടമായൊരു ധാരണ ലഭിക്കുന്നു. നടമാടികൊണ്ടിരിക്കുന്ന ന്യൂനപക്ഷപ്രശ്നങ്ങളെ കൂടി അനാവരണം ചെയ്യുമ്പോൾ അനാവൃതമാകുന്നത് ഒരു സമുദായത്തിൻ്റെ നിലനിൽക്കുന്ന പിന്നോക്കാവസ്ഥയുടെ പൊരുളുകൾ ചുരുളഴിയുകയാണ്. നമ്മുടെ നാട്ടിൽ ഇസ്ലാമോഫോബിയ വേരൂന്നാൻ വേണ്ടി നോമ്പ് നോറ്റിരിക്കുന്നവരുണ്ട്. അവർ എയ്തുവിടുന്ന ഒളിയമ്പുകൾ പതിക്കുന്ന കോണുകളെയും പുസ്തകം വിശകലന വിധേയമാക്കുന്നുണ്ട്. ഇന്ത്യയിൽ ദിനസരിയായി അതിശീഘ്ര വളർച്ച നേടിയ ഫാഷിസവും അത് ഇസ് ലാമോഫോബിയയുമായി എത്രത്തോളം ഒട്ടിനിൽക്കുന്നുവെന്ന രാഷ്ട്രീയനിരീകനായ സി.കെ.അബ്ദുൽ അസീസിൻ്റെ കാഴ്ചപ്പാടും വലിയൊരളവിൽ വിഷയസൂചകമായി ഗഹനപഠനങ്ങൾ നടത്തേണ്ടതിൻ്റെ ആവശ്യകത വിളിച്ചോതുന്നു.പൊതുമണ്ഡലത്തിൽ ഇസ് ലാമോഫോബിയ നട്ടുവളർത്തി നാനാതുറകളിലേക്കും അത് തുറന്നുവിട്ട് മൊത്തത്തിൽ കാര്യങ്ങളെ വഷളാക്കിയിട്ടുണ്ട്. ഇസ്ലാമെന്ന സ്വത്വത്തിന് കീഴിൽ നിലകൊള്ളുന്നവരെല്ലാം ഭീതിവിതക്കുന്ന അംബാസഡർമാരാണെന്ന ധാരണയിലേക്ക് സാമൂഹികാന്തരീക്ഷം ആപതിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
കേരളീയസാഹചര്യത്തിൽ രണ്ടുപതിറ്റാണ്ടായി ഭയത്തിൻ്റെ നിലവിളികൾ മുഴക്കികൊണ്ടിരിക്കുന്ന ഇത്തരം വ്യാജനിർമിതികളെ അപ്രതിരോധ്യമാക്കിതീർക്കാൻ പ്രതിയോഗികൾ കിണഞ്ഞുപരിശ്രമിക്കുമ്പോഴും അതിനെ വസ്തുനിഷ്ഠവും ഗഹനവുമായി വിഷയത്തെ സമീപിച്ച്, സാകൂതം വീക്ഷിച്ച് പൊതുബോധത്തിൻ്റെ ഉപബോധത്തിലേക്ക് കൃത്യമായ അവബോധം നൽകാൻ ഇസ്ലാമോഫോബിയയെപ്രതിയുള്ള ഏത് വായനയും സഹായകരമാവും. ഒരു സമുദായത്തെ ആജീവനാന്തം വിറക് വെട്ടികളും വെള്ളംകോരികളുമാക്കാമെന്ന് നിനച്ച് പുതിയ കുതന്ത്രങ്ങൾ അധീശത്വവർഗം മെനഞ്ഞുകൊണ്ടിരിക്കുകയാണ്.ഈ ഉമ്മത്തിൻ്റെ വളർച്ചയിൽ വിറളിപൂണ്ട് അരുക്കാക്കാൻ അരയും തലയും മുറുക്കി യിരിക്കയാണ് അധികാരത്തിൻ്റെ അപ്പക്കഷ്ണങ്ങൾ വിഴുങ്ങുന്നവർ.
ഏതൊക്കെവിധേനയുള്ള പ്രതിസന്ധികൾ വന്നാലും പ്രതിബന്ധങ്ങളുടെ പ്രളയമുണ്ടായാലും ആത്മാഭിമാനത്തോടെ നിലയുറപ്പിക്കാനുള്ള കരുത്ത് ഇത്തരുണത്തിലുള്ള വായനകൾ മുഖേന സാധ്യമാകും.
വായനകളുടെ ബാക്കിപത്രമെന്നോണമുളവാകുന്ന ബോധ്യപ്പെടലുകളുടെ അടിസ്ഥാനത്തിൽ ഇത്തരം കുത്സിതശ്രമങ്ങളുടെ വേഗം കുറക്കാൻ കാരണമാകേണ്ടതുണ്ട്. പ്രതിയോഗികൾ ഉറഞ്ഞ്തുള്ളുന്നിടത്ത് സ്തംഭിച്ച് നിൽക്കാനല്ല നാം മുതിരേണ്ടത്.പ്രത്യയശാസ്ത്ര ദൗർബല്യത്തിൻ്റേയും കൃത്യവും വ്യക്തവുമായ അജണ്ടകളുടെ അഭാവവും ഊർജസ്വലതയോടെ മുന്നോട്ട് നയിക്കുന്നതിന് വിഘാതമാവുന്നിടത്ത് നിന്ന് വഴിമാറിനടക്കാൻ മുസ്ലിം സമൂഹം പരിശ്രമിക്കണം. അങ്ങനെയാവുമ്പോൾ വ്യാജ പ്രചാരണങ്ങളുടെ അപ്പോസ്തലന്മാരെ അന്തിച്ചുനിർത്താനാവും.
(കടപ്പാട്: പ്രബോധനം മാസിക)