ഓരോ കഥക്കുള്ളിലും ഒരുപാട് കഥകൾ ഒളിപ്പിച്ച ഉസ്താദ് എംബാപ്പെ

September 3, 2024
ഭാഷയുടെ ലാളിത്യവും സൗന്ദര്യവും പീലി വിടർത്തുന്ന എട്ട് നാട്ടു കഥകളുടെ സമാഹാരമാണ് മുഖ്താർ ഉദരംപൊയിലിൻ്റ
ഉസ്താദ് എംബാപ്പെ.
നൂറിലധികം പേജുകളുണ്ടെങ്കിലും വായന ഒറ്റയിരുപ്പിൽ തീർന്നു പോയി.
ഒരു നാട്ടിൻപുറം അതിൻ്റെ വെളിയിലേക്ക് തുറന്ന കിളിവാതിലെന്നാണ് ഈ കഥകളെ കുറിച്ച് പുസ്തകത്തിലേക്ക് കടക്കുന്നിടത്ത് പ്രസാധകർ പറയുന്നത്.
നമ്മൾ മറന്നു തുടങ്ങിയ ഗ്രാമീണ ജീവിതത്തിലെ ജിന്നും ഇൻസും മുതൽ പിൽക്കാകുഞ്ഞൻമാർ വരെ കഥയിൽ മുഖം കാട്ടുന്നു.
കഥയിലേക്കുളള കുടിയേറ്റത്തെ കുറിക്കുന്ന ഗ്രന്ഥകാരൻ്റെ ആമുഖം വായന തുടങ്ങും മുമ്പേയുള്ള കഥയാണ്.
സ്വന്തം ജീവിത ചുറ്റുപാടിലും കുടുംബ വേരുകളിലും കഥക്ക് വക കണ്ടെത്തിയതിനെ കുറിച്ചാണിതിൽ പറയുന്നത്.
കഥയും വരയും കൊണ്ട് കൊതികൂട്ടിയ ചിത്രകലാ അധ്യാപകനെ പോലെയാവണമെന്ന് മുഖ്താർ ആഗ്രഹിക്കുന്നുണ്ട്.
ആ വഴിയിൽ ഗ്രന്ഥകാരൻ വളർന്നതിൻ്റെ സാക്ഷ്യം തന്നെയാണ് പിറകെ വരുന്ന കഥകളും വരകളും.
കിഴക്കൻ ഏറനാടിൻ്റെ ഭാഷയും ശൈലിയിലുമാണ് പുസ്തകം വികസിക്കുന്നത്.
അതാണെൻ്റെ മാതൃഭാഷയെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിട്ടുണ്ട്.
ഈ കഥകളെ വേറിട്ടു നിറുത്തുന്ന പ്രധാന ഘടകവും ഈ ഭാഷ തന്നെയാണ്.
നമ്മുടെ നാട്ടിൻപുറ ജീവിതങ്ങളെ അത്രമേൽ മനോഹരമായിട്ടാണിതിൽ അടയാളപ്പെടുത്തുന്നത്.
എട്ട് കഥകളിൽ മരുദ്വീപ്, മു. മാപ്ര എന്നീ രണ്ട് കഥകൾ മാത്രമാണ് ഗ്രാമത്തിൻ്റെ അതിരുകൾ വിടുന്നത്.
എഴുത്തുകൾ കുറച്ച് കൂടി പൊളിറ്റിക്കലാവണമെന്ന ഉപദേശത്തെ കുറിച്ചും മുഖ്താർ ഒരിടത്ത് പറയുന്നുണ്ട്.
മു.മാപ്ര ഈ സമാഹരത്തിലെ ഏറ്റവും ‘ശക്തമായ രാഷ്ട്രീയ എഴുത്താണെന്ന് പറയാം.
സിദ്ദീഖ് കാപ്പൻ്റെ ദുരനുഭവങ്ങളിൽ നിന്നാണീ കഥ പിറക്കുന്നത്.
‘ജിന്നെളാപ്പ’ നാട്ടിൻപുറത്തെ വിശ്വാസങ്ങളും ഗൃഹാതുരതയും നിറഞ്ഞ് നിൽക്കുന്ന കഥയാണ്.
കുട്ടികൾ പേടിക്കാൻ പറഞ്ഞുണ്ടാക്കിയ പലതും അക്കാലത്തെ വിശ്വാസങ്ങളായി വേരുറച്ചു.
ജിന്നെളാപ്പ ഈ വിശ്വാസത്തിൽ വിലസുന്ന മനുഷ്യനാണ്.
ഇടിമിന്നൽ പോലെ വന്നു പോവുന്ന മനുഷ്യൻ.
ഒരു ഗ്രാമം മുഴുവൻ അദ്ദേഹത്തെ പേടിച്ചു. ജീവിച്ച ജീവിതങ്ങളും നടന്ന സംഭവങ്ങളും കൈമാറിയ കഥകളും പേടിയുടെ പുതപ്പിനുള്ളിൽ നിന്നുള്ളവയാണ്. പാമ്പ് കടിച്ചാൽ ജീവനോടെ ഖബറടക്കുമെന്നും ഓന്ത് ചോര കുടിക്കാതിരിക്കാൻ പൊക്കിൾ പൊത്തണമെന്നുമൊക്കെയുടെ ബാല്യത്തിൻ്റെ വിശ്വാസങ്ങൾ അതേപടി വായിക്കുമ്പോൾ പിന്നിട്ട കാലത്തെയും പ്രായത്തെയും നമ്മൾ ഒന്നു കൂടി അനുഭവിക്കുകയാണ്.
ജിന്നെളാപ്പ തീരുന്നതിങ്ങനെയാണ്. ‘സൈതാലിക്കുട്ടിയെ പാമ്പ് കടിച്ചു. സൈറാബിയുടെ ഖബർ കാണാൻ പോയതായിരുന്നു അവൻ. അവിടെ അവളുടെ ഖബറിന് മുകളിൽ ജീവനോടെ അവൻ മരിച്ചു കിടന്നു.’
കണ്ണീർ നനവുള്ള കഥയാണ് മാമു. അത് നമ്മൾ ജീവിക്കുന്ന കാലത്ത് തന്നെ സംഭവിക്കുന്നതാണ്.
നിറുത്താതെ കഥ പറഞ്ഞ് പോയ സൈറാബിക്ക് ശേഷം സ്നേഹം കൊണ്ടും നിഷ്കളങ്കത കൊണ്ടും മനസ്സ് നിറക്കുന്ന പെൺകുട്ടിയാണ് മാളു. ബംഗാളിയായ അലി അവളെ സ്നേഹത്തോടെ മാമു എന്ന് വിളിച്ചു. അവളുടെ ആടു ജീവിതവും അത് തരുന്ന സ്നേഹത്തിൻ്റെ തലോടലുകളും ആ ഉമ്മയുടെ കരുതലുമൊക്കെ മനോഹരമായി തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. മാളുവിനെ കാണാതായ നേരത്തെത്തിയ നിരപരാധിയായ ബംഗാളിപ്പയ്യൻ അലിയുടെ മേൽ കുറ്റമാരോപിച്ച് സ്വന്തം പെങ്ങളുടെ മുന്നിലിട്ട് തല്ലുന്ന നേരം ഗ്രാമീണ ജീവിതത്തിൻ്റെ നന്മകൾ മുഴുവൻ വരണ്ട് ഇല്ലാതാവുകയാണ്. ഇതിലെ മുൻവിധി ക്രൂരമായ വംശീയതയാണ്. മാളുവിനൊപ്പം അലിയും ഒരു കണ്ണീർ നനവായി മാറുന്നിടത്താണ് കഥ തീരുന്നത്.
ഫുട്ബോൾ പ്ലെയറായൊരു ഉസ്താദ് നാട്ടിൻപുറത്തെ കളിയാരവങ്ങളിൽ നിറയുകയാണ്.
നമ്മുടെ നാട്ടിൻപുറങ്ങൾക്ക് അടുത്ത കാലത്തൊന്നും ‘ സങ്കൽപ്പിക്കാൻ സാധിക്കാത്ത ഒരാൾ.
സ്വാദിഖ് ഉസ്താദ് എന്ന ചെറുപ്പക്കാരൻ. സാമൂഹിക ജീവിതവുമായി അത്രമേൽ ഇഴകിച്ചേർന്ന മതാധ്യാപകൻ.
നാട്ടിലെ സെവൻസ് ഫുട്ബോൾ ക്ലബ്ബിൻ്റെ കളിയിടങ്ങളിൽ അദ്ദേഹം ബൂട്ടുകെട്ടി.
ആ ഗ്രാമം മുഴുവൻ എംബാപ്പെ എന്ന് വിളിച്ചു.
അതാണ് കഥയിലെ ഉസ്താദ് എംബാപ്പെ.
അതിനിടയിലെപ്പോഴോ സംഭവിക്കുന്ന വാഹന അപകടത്തിൽ അദ്ദേഹത്തിൻ്റെ ഒരു കാൽ നഷ്ടപ്പെടുന്നു.
ഉസ്താദിൻ്റെവീട്ടിൽ ഉമ്മ ഒറ്റക്കാണ്.
കല്യാണം കഴിഞ്ഞാൽ അടുത്തുള്ള മദ്രസയിലേക്ക് മാറി നാട്ടിൽ കൂടണമെന്ന് വിചാരിച്ചതാണ്.
ഉമ്മയറിയാതെ കാലുമുറിച്ച് മാറ്റിയ അദ്ദേഹത്തിൻ്റെ ആശുപത്രിയിലെ കിടത്തം.
കരളലിയിപ്പിക്കുന്നതാണ്.
ഓർമ്മകൾ അപ്പോൾ കളിക്കളത്തിലേക്കും
പള്ളിയുടെ മിഹ്റാബിലേക്കും പോവുന്നുണ്ട്..
സമയം നോക്കാതെ ബാങ്ക് കൊടുക്കുന്നുണ്ട്.
‘അന്നു നേരത്തെ ഇരുട്ടി.
ആകാശം പള്ളിപ്പറമ്പ് പോലെ കറുത്തു.
അവിടെ ഒറ്റക്കാല് കൊണ്ട് ഒരാൾ പന്തുകളിക്കുന്നത് ഇടി മിന്നൽ വെളിച്ചത്തിലെന്ന പോലെ ഞാൻ കണ്ടു.
ഉസ്താദ് എംബാപ്പെയുടെ കഥ അവസാനിക്കുന്നതിങ്ങനെയാണ്.
നിലവിലുള്ള ഗ്രാമീണ പശ്ചാത്തലം ഇനിയും പാകപ്പെടാത്തൊരു തലത്തിലൂടെയാണ് ഉസ്താദ് എംബാപ്പെ എന്ന കഥ നമ്മെ കൊണ്ട് പോവുന്നത്.
നഗ്നചിത്രങ്ങൾ, ഉരുൾ എന്നീ കഥകൾ വിഷയത്തിൻ്റെ വൈവിധ്യത്തിലും ഭാഷയുടെ ലാളിത്യത്തിലും മറ്റ് കഥകളെ പോലെ തന്നെ മനോഹരമാണ്.
ഏറ്റവും അവസാനം ചേർത്ത ബ്ലാക്ക് മനുഷ്യൻ
നാട്ടിൻപുറത്തിൻ്റെ വേരുകളിൽ നിന്ന് മാറിയ കാലത്തേയും രാഷ്ട്രീയത്തേയും അടയാളപ്പെടുത്തിയ ശക്തമായ രചനയാണ്.
നമ്മൾ അനുഭവിക്കുന്ന പൗരത്വ പ്രശ്നമടക്കം. ഈ വായനയിൽ തൊടുന്നുണ്ട്.
അവതാരികയിൽ സജയ് കെ വി പറയുന്ന പോലെ കണ്ണീർ നനവുളള മനുഷ്യാഖ്യാനങ്ങളുടെയും തികവുറ്റ രാഷ്ട്രീയ കഥകളുടെയും സമാഹാരമാണിത്.
ചില വരികളൊക്കെ പുസ്തകം മടക്കി വെച്ചിട്ടും ഉള്ളിൽ നിവർന്ന് കിടക്കുന്നു.
ഓരോ കഥക്കുള്ളിലും ഒരുപാട് കഥകൾ ഒളിപ്പിച്ച് വെച്ചാണ് മുഖ്താർ പറഞ്ഞു പോവുന്നത്.
ആ വാക്കുകൾക്കരികിലൂടെയെല്ലാം അത്തരം കഥകൾക്കുള്ളിലേക്ക് കടക്കാൻ തുറസ്സുകൾ ഇട്ട് കൊണ്ട്.
റഫീഖ് തിരുവള്ളൂരിൻ്റെ അത്യാവശ്യം ദീർഘമായ അനുബന്ധക്കുറിപ്പ് ചെറുകഥാ ശാഖയുടെ അകവും പുറവും പരിശോധിക്കുന്നു.
അത് ഈ ചെറു പുസ്തകത്തിൻ്റെ മാറ്റ് കൂട്ടിയിരിക്കുന്നു.
ബുക് പ്ലസാണ് പ്രസാധകർ

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...