ചെമ്മാട്: പ്രാദേശിക ഭാഷയിൽ തന്നെ എഴുതുന്നത് വലിയൊരു പോരാട്ടമാണെന്ന് അഭിപ്രായപ്പെട്ട് എഴുത്തുകാരുടെ സംഗമം. ഏറനാടൻ വാമൊഴിച്ചന്തത്തിൽ കുറുക്കിയെടുത്ത മനോഹരമായ എട്ട് കഥകളുടെ സമാഹാരമായ, മുഖ്താർ ഉദരംപൊയിലിന്റെ, ബുക്പ്ലസ് പുറത്തിറക്കിയ ഉസ്താദ് എംബാപ്പെയെക്കുറിച്ചുള്ള പുസ്തകചർച്ചയാണ് വേദി. യുവ എഴുത്തുകാർ ഒന്നിച്ചിരുന്ന പരിപാടിയിൽ വള്ളുവനാടൻ മലയാളവും മറ്റു പ്രാദേശികതകളും സവിശേഷമായി പരിഗണിക്കപ്പെടുമ്പോൾ ഏറനാടൻ മലയാളം മാത്രം അപരിഷ്കൃതമെന്ന് മുദ്രകുത്തപ്പെടുന്ന പ്രവണത ഒരിക്കലും ശരിയല്ലെന്നും എഴുതിത്തന്നെ അതിനെതിരായ പ്രതിരോധം ശക്തമാക്കണമെന്നും സംഗമം ശക്തമായി അഭിപ്രായപ്പെട്ടു.
മലകളും ആടുകളും ഗ്രാമജീവിതവും അവിടത്തെ മനുഷ്യരും ജിന്നുകളുമെല്ലാം സവിശേഷമായി കടന്നുവരുന്ന കഥകളാണ് മുഖ്താറിന്റേതെന്നും അതിസൂക്ഷ്മമായ പദപ്രയോഗങ്ങളും ശക്തമായ രാഷ്ട്രീയവും അതിലുണ്ടെന്നും എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം പറഞ്ഞു. എനിക്ക് ചില കഥകൾ പറയാനുണ്ടെന്നും അത് ഞാൻ എന്റെതന്നെ ജൈവികമായ ഭാഷയിൽ വളച്ചുകെട്ടുകളില്ലാതെ പറയാൻ ശ്രമിക്കുകയാണെന്നും എഴുത്തുകാരൻ പറഞ്ഞു. നർമവും രാഷ്ട്രീയവും ഒരുപോലെ ഒത്തുചേരുന്നതാണ് മുഖ്താറിന്റെ കഥകളെന്ന് യുവ എഴുത്തുകാരൻ റിഹാൻ റാഷിദ് അഭിപ്രായപ്പെട്ടു.

കുട്ടിക്കാലത്തെ ഓർമകളിൽ നിന്നടർത്തിയെടുത്ത ജിന്നെളാപ്പയും മാമുവും ബ്ലാക്ക്മാനും, ശക്തമായ സമകാലിക രാഷ്ട്രീയം പറയുന്ന മു.മാപ്രയും നഗ്നചിത്രങ്ങളും മരുഭൂവിന്റെ നിഗൂഢതലങ്ങൾ അതിവിദഗ്ധമായി പറഞ്ഞുവെക്കുന്ന മരുദ്വീപും ഉരുളും, ആധുനികതയുടെയും പാരമ്പര്യത്തിന്റെയും അതിസമർഥമായ സമ്മേളനം സാധ്യമാക്കിയ ഉസ്താദ് എംബാപ്പെയടക്കം എട്ടോളം കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ചെമ്മാട് ബുക്പ്ലസ് പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ മൻഹർ ഹുദവി സ്വാഗതം പറഞ്ഞു, റിഹാൻ റാഷിദ് പരിപാടി മോഡറേറ്റ് ചെയ്തു, റഹ്മാൻ കിടങ്ങയം പുസ്തകപരിചയം നടത്തി, ഗഫൂർ കൊടിഞ്ഞി, ഹനീഫ് തിരൂരങ്ങാടി, ജാഫർ ടി.ടി.എ, അൻസിറ ബീഗം പി.വി, അബ്ദുൽ വാഹിദ് തവളേങ്ങൽ, നജീബ് ടി ചാപ്പനങ്ങാടി, വിജീഷ് പരവരി, ശരീഫ് ചെമ്മാട്, സുഹൈല വെള്ളില എന്നിവർ സംസാരിച്ചു.