കോഴിക്കോട്: ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദ് ഷമീം രചിച്ച ‘അന്ദലൂസിയൻ പ്രതിധ്വനികൾ’ എന്ന പുസ്തകം കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കെ.ഇ.എൻ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ഒരു പുസ്തക പ്രകാശനമെന്നതിലുപരി സാംസ്കാരിക സംവാദ സദസ്സായി മാറിയ ചടങ്ങ്, ചിന്താപരമായ പ്രൗഢിയും വൈവിധ്യവുമുള്ള സദസ്സ് കൊണ്ട് ശ്രദ്ധേയമായി. ഹാൾ നിറഞ്ഞു കവിഞ്ഞ സദസ്സ് അവസാന നിമിഷം വരെ പരിപാടിക്ക് സാക്ഷ്യം വഹിച്ചു. സാംസ്കാരികമായ കൈമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഭിന്ന വീക്ഷണങ്ങൾ സ്നേഹസംവാദത്തിൽ ഏർപ്പെട്ടത് സദസ്സിന് പുതിയൊരനുഭവമായി.
കെ.ഇ.എന്നിന്റെ പതിവുപോലെ ഗഹനവും ലാളിത്യവും ഒത്തുചേർന്ന വാക്കുകൾ വിഷയത്തിന്റെ ആഴങ്ങളിലേക്ക് ശ്രോതാക്കളെ നയിച്ചു. മാനവികതയ്ക്ക് ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ കെ.പി. രാമനുണ്ണിയും സംസാരിച്ചു. ചർച്ചയെ മറ്റൊരു തലത്തിലേക്ക് നയിച്ചുകൊണ്ട് പ്രമോദ് രാമൻ ചില ചോദ്യങ്ങളുമായി സദസ്സിനെ അഭിമുഖീകരിച്ചു. സ്വതഃസിദ്ധമായ നർമ്മബോധത്തിലൂടെ പി.ടി. നാസർ സദസ്സിനെ ചിരിപ്പിച്ചു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാരസ്പര്യത്തിന്റെ തത്ത്വശാസ്ത്രത്തിലേക്ക് പുസ്തകത്തെ അവലംബിച്ചുകൊണ്ട് ആർ. യൂസഫ് നടത്തിയ പ്രഭാഷണവും ശ്രദ്ധേയമായി.
പ്രകാശന ചടങ്ങ് എല്ലാ അർത്ഥത്തിലും സമ്പന്നമായ അനുഭവമായി മാറി. ബുക്‌പ്ലസ് പ്രൊജക്ട് ഹെഡ് കെ. അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷാഫി ഹുദവി സ്വാഗതവും മുഹമ്മദ് ഷമീം മറുപടി പ്രഭാഷണവും നടത്തി. പരിപാടിയുടെ വിജയത്തിനായി പൂർണ്ണമായും സഹകരിച്ച സുഹൃത്തുക്കൾക്കും വായനക്കാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.