ദേശാടനം

2 MINUTES READ

കാടൊരിക്കൽ വീട് കാണാൻ വന്നു,
അമ്മ വിളിച്ചതാണത്രേ.
കാട് ഉമ്മറത്തിണ്ണയിൽ ഇരുന്നു
അമ്മയോട് കുശലം പറഞ്ഞു.
ഗ്ലാസ്സു നിറയെ ചായയും പ്ലേറ്റ് നിറയെ പഴവുമായി അമ്മ വന്നു.
ജൈവമല്ലെന്ന് പറഞ്ഞ് കാട് അത് തിന്നില്ല.
അടുപ്പത്തമ്മ അരിയിടുമ്പോ
മുളന്തണ്ടുകൊണ്ട് കാട് അടുപ്പൂതി.
പുക മറഞ്ഞ കണ്ണിൽ വെള്ളം നിറച്ചവർ കുലുങ്ങിചിരിച്ചു,
ആദ്യമായി അമ്മ ചിരിച്ചു.
വടക്കേ പുറത്തിരുന്നു അമ്മ മുറിച്ച മീൻകഷണങ്ങളെ
കാട് അരുവിയിൽ കഴുകിയെടുത്തു.
അച്ഛൻ കാണാതെ
വിറകു പുരയിലാണ് അമ്മ കാടിനെ ഒളിപ്പിച്ചത്.
നാലുമണി ചായയുടെ ഗ്ലാസ്സുകളിൽ ഒരെണ്ണം ഞാനാണ്
വിറകു പുരയ്‌ക്കടുത്തു നിന്നെടുത്തു വച്ചത്.
കുളിമുറിയുടെ പുറത്ത് കാട് കാവൽ നിന്നു.
വാതോരാതെ അമ്മ കഥകൾ പറഞ്ഞു.
സന്ധ്യയ്ക്കാണ് കാട് ഇറങ്ങിയത്
അമ്മ ഉമ്മറത്തേക്ക് വന്നതേയില്ല.
കണ്ണു കലങ്ങിയിരുന്നോ? ആവോ, ആരു ശ്രദ്ധിക്കാൻ!?
നടവഴിയിൽ കാട് തിരിഞ്ഞു നോക്കി
അമ്മ തല താഴ്ത്തി നിന്നതേയുള്ളൂ.
അന്ന് രാത്രി മഴ പെയ്തു,
ഭൂമിയുടെ മാറ് പിളർന്ന പോലെ അലമുറയിട്ട് കൊണ്ട്.
പിന്നമ്മയെ ആരും കണ്ടിട്ടില്ല.
ഇന്നും, വൈകുന്നേരങ്ങളിൽ, വിറകുപുരയിൽ ഞാൻ
അമ്മയെയും കാടിനേയും തിരയാറുണ്ട്!

Poem “Deshadanam” by Nandana GS

നന്ദന ജി.എസ്

എം.എ മലയാളം രണ്ടാം വർഷം ശ്രീശാങ്കരാചര്യ സംസ്‌കൃത സർവകലാശാല, കാലടി
എം.എ മലയാളം രണ്ടാം വർഷം ശ്രീശാങ്കരാചര്യ സംസ്‌കൃത സർവകലാശാല, കാലടി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy