ജനുവരി 30ന് വധിക്കപ്പെട്ടത് ഗാന്ധിയായിരുന്നില്ല

3 MINUTES READ

വാർത്തകളിൽ അച്ചടിച്ച് വന്ന,
തലമുറകളായി കൈമാറിപ്പോന്ന,
നൂറ്റാണ്ടിൻ്റെ കള്ളം:
“ജനുവരി 30ന് ഗാന്ധി വധിക്കപ്പെട്ടു.”
കളിത്തോക്കിന് മനുഷ്യൻ്റെ-
ജീവനെടുക്കാനുള്ള ശേഷിയുണ്ടെന്ന്!

പൊള്ളുന്ന വെയിലത്ത്,
കുനിഞ്ഞു നിന്ന്,
വിഭജന മുറിവിൽ
ചുടുകണ്ണീർ പുരട്ടിയ അർദ്ധ നഗ്നൻ-
ഒരു മനുഷ്യനായിരുന്നു,
മരണം മനുഷ്യന് പറഞ്ഞതല്ല.

അടിയന്തരമെന്ന തലക്കെട്ട് നൽകി-
എഴുതിയുണ്ടാക്കിയ കള്ളക്കഥകൾ.
അവയിൽ കുരുങ്ങി വന്ധ്യത ബാധിച്ച്-
വാടി വീണ സ്വപ്നത്തലപ്പാവുകൾ.
അവയോരോന്നായി പെറുക്കിയെടുത്ത്-
പൊടി തട്ടിയ മനുഷ്യൻ ജീവിക്കുകയായിരുന്നില്ല,
പലരെയും ജീവിപ്പിക്കുകയായിരുന്നു.

വർഗ്ഗീയ വിഷം അകത്ത് ചെന്ന്-
തളർന്ന് വീണ മൂന്ന് താഴികക്കുടങ്ങൾക്കൊപ്പം,
അയാളും നിലം പതിച്ചു.
നെടുകെ പിളർന്ന് ചോരയൊലിച്ച് കിടന്നു.
അതിൽ ഐശ്വര്യമായി-
മതേതരാഭിഷേകം നടന്നു.

അവകാശ സംരക്ഷണ റാലികളിൽ,
അഹിംസയുമേന്തി മുൻ നിരയിൽ തന്നെ-
ചുളിവ് വീണൊരു മേനി പലരും കണ്ടു.
മുദ്രാവാക്യങ്ങൾ പലതും മാറിമാറി ഉയർന്നെങ്കിലും,
ആ നാവ് “ഹരി റാം, റാം ഹരി” എന്ന് മാത്രം-
തിരിച്ചും മറിച്ചും മന്ത്രിച്ച് കൊണ്ടേയിരുന്നു.

വിഷപ്പാമ്പുകൾക്കെതിരെ നാവനക്കിയതിന്
ഇരുട്ടിൽ തളക്കപ്പെട്ട പുതുതലമുറക്ക്
അയാളും കൂട്ടിരുന്നു.
“പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക”
എന്നായിരിക്കും അവരെയും
സമാധാനിപ്പിക്കുകയെന്ന്
ചിലരൊക്കെ അടക്കം പറഞ്ഞു.

ഭരണഘടനയുടെ കശാപ്പ് നടന്ന-
തൊഴുത്തിനരികിലൂടെ നടന്നപ്പോൾ,
അയാൾക്ക് ശ്വാസം മുട്ടി.
ചാണകത്തിൻ്റെ രൂക്ഷഗന്ധം-
അയാളെ മൂക്കടച്ച് പിടിക്കാൻ നിർബന്ധിച്ചു.

ജീവിതത്തിൻ്റെ പെരുവഴിയിലൂടെ നടക്കുമ്പോൾ,
വിശപ്പറിഞ്ഞ വാരിയെല്ലുകൾ തല വെളിയിലേക്കിടുന്നത്-
കാണാൻ ധൈര്യമില്ലാതെ കണ്ണ് പൊത്തി.

മുള്ളുകൊണ്ട് കാലു മുറിഞ്ഞപ്പോൾ,
കുണ്ടുംകുഴിയും അതിജയിച്ച് വന്നൊരു-
ബസ്സിന് കൈ കാണിച്ചു.
അതിലോടിയിരുന്ന കരകര കേട്ടപ്പോൾ,
ചെവിയും പൊത്തി
ഇറങ്ങിയോടേണ്ടി വന്നു:
“ഹിന്ദു കാ ഹേ ഹിന്ദുസ്ഥാൻ,
മുല്ലോ ജാഓ പാകിസ്ഥാൻ…”

ചുവന്ന ചോരയും പ്രത്യേക നിറം പറയാനില്ലാത്ത നീരും-
കൊടുത്ത് തിരിച്ചു വാങ്ങിയ ഭൂമി,
കത്തിയമരുന്നത് കയ്യുംകെട്ടി-
നോക്കി നിൽക്കാനാകാതെ,
തൻ്റെ മരണം സ്ഥിരീകരിച്ചവരെ-
സാക്ഷികളാക്കി അയാൾ എടുത്ത് ചാടി,
പരിശുദ്ധ ഗംഗയിലേക്ക്…

അതെ,
ജനുവരി 30 ന് വധിക്കപ്പെട്ടത്
ഗാന്ധിയായിരുന്നില്ല.

A Poem on Gandhi’s assassination by Melin Nova

മെലിൻ നോവ

എഴുത്തുകാരൻ, വിവർത്തകൻ
എഴുത്തുകാരൻ, വിവർത്തകൻ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy