ഹൻദല1 ചെരുപ്പിടാത്തത്
പുതിയ ചെരുപ്പിൽ
ചളിയാവാതിരിക്കാനാകും.
കൈ പിന്നിലേക്ക് പിടിച്ചത്
ഒളിച്ചു വെച്ച സമ്മാനം
ആരും കാണാതെ ആർക്കോ കൊടുക്കാനാകും.
ബോംബുപൂക്കൾ
താഴേക്കിറങ്ങി വരുന്നത്
സന്തോഷനിമിഷങ്ങൾക്ക് പകിട്ട് കൂട്ടാനാകും.
ചുവന്ന നിറം
ആകെ പരക്കുന്നത്
ആഘോഷ നിമിഷങ്ങൾ വർണ്ണാഭമാക്കാനാകും.
റാഫയിലും അൽ ശിഫയിലും
ആളുകൾ ഒത്തുകൂടിയത്
ഒന്നിച്ച് ആഘോഷിക്കാനാകും.
അവിടെയും ഇവിടെയൊക്കെ തീ ആലിപ്പടരുന്നത്
ഹുമസും മുജദ്ദറയും2
പാകം ചെയ്യാനാകും.
വത്തക്ക വിൽക്കുന്ന കടകൾ
അടച്ചിട്ടിരിക്കുന്നത്
അവധിയായതിനാലാകും.
വാദി ഗാസാ നദി
ബോകെർ മലയോട്
ഇനി വെള്ളം തരേണ്ടയെന്ന് പറയുന്നത്
ഗാസയിലെ ജനങ്ങളുടെയും തന്റെയും
ആഹ്ലാദക്കണ്ണീർച്ചാലുകൾ
തന്നെ നിറക്കുമെന്നതിനാലാകും.
കുറേ പേർ
കഫിയ്യാ വസ്ത്രമണിഞ്ഞ്
തോക്കുകളെടുക്കുന്നത്
പൂരത്തിൻ്റെ വെടിക്കെട്ട് കാണാനാകും.
ചിലരൊക്കെ ചാവിയുയർത്തുന്നത്
പുതുവർഷത്തിന്
വാതിൽ തുറന്നുകൊടുക്കാനാകും.
ഒലീവു കായ്ക്കൾ
വീണു കിടക്കുന്നത്
പുതുവർഷ രാവിലെ
സൽക്കാരത്തിന് വേണ്ടിയാകും.
1- ഫലസ്തീനിലെ ഒരു കാർട്ടൂൺ കഥാപാത്രം
2- ഫലസ്തീനിലെ ഭക്ഷണങ്ങൾ
Poem Handala Cheruppidathath by Abdul Hadi Mukkam