ദീപക് എന്ന സഹോദരന്റെ വളരെ ദൗർഭാഗ്യകരമായ ആത്മഹത്യയുമായി ബന്ധപ്പെട്ട്, പൊതുസ്ഥലത്തെ റീലുകളും വ്ലോഗുകളുമാണല്ലോ കുറച്ചുദിവസമായി നമ്മുടെ ചർച്ച. മനഃശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് ചില കാര്യങ്ങൾ പറയണമെന്നു തോന്നുന്നു. പ്രഥമമായി പൊതുസ്ഥലത്ത് പാലിക്കേണ്ടുന്ന മാനറുകളുടെ കാര്യമാണ്. നിങ്ങളുടെ റീലുകളിലോ വ്ലോഗുകളിലോ മറ്റുള്ളവരെ യാതൊരു കാരണവോ സമ്മതമോ ഇല്ലാതെ പ്രദർശിപ്പിക്കുന്നത് വ്യക്തമായ സ്വകാര്യതാലംഘനമാണ്. റീച്ചിനു വേണ്ടി എന്തും സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നത് തികഞ്ഞ സ്വാർഥതയുമാണ്. തെറ്റുചെയ്യുന്നവരാണെങ്കിൽ അവരെ പൊതുമധ്യേ തുറന്നുകാട്ടരുത് എന്നല്ല, മറിച്ച് ആൾക്കൂട്ടവിചാരണയും കോടതിവിചാരണയും തമ്മിലുള്ള അന്തരം മനസ്സിലാക്കണമെന്നു മാത്രം.
ഈ ചർച്ചകളിൽ ഇടംപിടിക്കാതെ പോയ, എന്നാൽ ചർച്ച ചെയ്യപ്പെടണമെന്നു തോന്നിയിട്ടുള്ള മറ്റൊരു പ്രധാന വിഷയമാണ് പുരുഷന്മാരുടെ മാനസികവ്യവഹാരങ്ങൾ. സങ്കീർണമായ മാനസികപ്രശ്നങ്ങൾ എല്ലാവരും ഒരുപോലെ അഭിമുഖീകരിക്കുന്ന സാമൂഹിക പരിസ്ഥിതിയിൽ ലിംഗപരമായ സവിശേഷതകൾ തീർച്ചയായും പ്രാധാന്യമർഹിക്കുന്നുണ്ട്. തൊഴിലിടങ്ങളിലും കുടുംബഘടനയിലും പുരുഷന്മാർ അനുഭവിക്കുന്ന പ്രതിസന്ധികളെ വിശകലന വിധേയമാക്കേണ്ടതുണ്ട്. കരയുകയോ അതിവൈകാരികമായി ഇടപെടുകയോ ചെയ്യുന്ന ആണുങ്ങളെ എന്തിനു കൊള്ളാം എന്ന പൊതുബോധം തിരുത്തപ്പെടുകയും വേണം. സാമൂഹിക സമ്മർദങ്ങൾക്കു വഴങ്ങി വേദനകൾ പങ്കുവെക്കാതെ കടിച്ചമർത്തുന്ന പ്രകൃതം ആത്മഹത്യയിലേക്കു നയിക്കുമെന്ന ബോധ്യവും എല്ലാവർക്കും വേണം.
മാനസിക പ്രശ്നങ്ങളുടെ അനവധി പ്രകടനങ്ങൾ പുരുഷജീവിതത്തിൽ സാധാരണമാണ്. അസ്വസ്ഥത പ്രകടിപ്പിക്കൽ, ദേഷ്യപ്പെടൽ, അതിഭാരമുള്ള ജോലികൾ ഏറ്റെടുക്കൽ എന്നിവ അവയിൽ ചിലതുമാത്രം. ഇത്തരം അവസ്ഥകളിലേക്ക് വലിച്ചിഴക്കപ്പെടുന്നവരിൽ ചിലർ സമ്മർദ ലഘൂകരണത്തിന്നായി ലഹരിയിൽ അഭയം പ്രാപിക്കുകവരെ ചെയ്യുന്നു. ചിലർ കൂട്ടായ്മകളിൽനിന്ന് ഉൾവലിയുകയും ഒറ്റയ്ക്കിരിക്കുകയും അമിതചിന്തകളിലേക്ക് നീങ്ങുകയും ചെയ്യുന്നു. സമൂഹം കൽപിക്കുന്ന ആശ്രിതസ്വഭാവവും പ്രതീക്ഷയും നിരാശാബോധത്തിലേക്ക് എത്തിക്കുകയും അവരെ വിഷാദ വാഹകരാക്കുകയും ചെയ്യുന്നു. വികാരങ്ങളെ നോർമലൈസ് ചെയ്യുന്നത് ദേഷ്യപ്രകടനത്തിന് വഴിവെക്കുന്നു.
ഇങ്ങനെയൊക്കെയാവുമ്പോൾ, ആണത്തം പറഞ്ഞുകേട്ട നുണമാത്രമാണെന്ന് നമുക്ക് ബോധ്യപ്പെടും. ചിലപ്പോഴൊക്കെ, സഹായം ചോദിക്കാൻപോലും സാധിക്കാത്തവിധം നിശബ്ദരായ പുരുഷന്മാരെ ചുറ്റും കാണാം. സാംസ്‌കാരിക നിശബ്ദത എന്നിതിനെ വിശേഷിപ്പിക്കാം. അമേരിക്കൻ സൈക്കോളജി അസോസിയേഷൻ സൂചിപ്പിക്കുന്നതു പ്രകാരം സ്ത്രീകളെക്കാൾ 3.5% മടങ്ങ് കൂടുതലാണ് പുരുഷന്മാരിലെ ആത്മഹത്യ. പത്ത് പുരുഷന്മാരിൽ ഒരാൾക്ക് എന്ന തോതിൽ വിഷാദസ്വഭാവമുണ്ട്. മൂന്ന് മില്യണിലധികം പുരുഷന്മാർക്ക് പലതരം ഫോബിയകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രേഖപ്പെടുത്താത്തവയുടെ എണ്ണം ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കും. അതേസമയം, മാനസിക പ്രശ്നങ്ങൾക്ക് പരിചരണം തേടുന്ന പുരുഷന്മാർ സ്ത്രീകളേക്കാൾ 2.7% കുറവുമാണ്.
നഗരവാസികളെക്കാൾ ആത്മഹത്യ നിരക്ക് ഗ്രാമങ്ങളിലാണെന്നും ദത്തങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. മാനസിക അവബോധം എന്ന സങ്കൽപനം ഇവിടെ പ്രധാനമാകുന്നു. വികാരങ്ങളും പ്രതിസന്ധികളും പങ്കുവെക്കാനുതകുന്ന കൂട്ടങ്ങളും കുടുംബാന്തരീക്ഷവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. കായികവിനോദങ്ങൾക്കു പറ്റിയ തുറന്ന ഇടങ്ങൾ ഒരുക്കേണ്ടതുണ്ട്. മാനസികാരോഗ്യ വിദ്യാഭ്യാസം വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും കാര്യക്ഷമമാക്കണം. സ്വമേധയാ ഉള്ള പരിചരണങ്ങളെക്കാൾ മാനസിക വിദഗ്ധരെ സമീപിക്കുന്നതാവും അഭികാമ്യം. പോസിറ്റീവായ മനുഷ്യരെ മാതൃകകളാക്കുന്നതും ഉപകരിച്ചേക്കാം.
മാനസികരോഗ പ്രവണതകൾ തിരിച്ചറിയപ്പെടാത്തത് വലിയ അപകടങ്ങൾക്കാണ് വഴിവെക്കുക. പ്രത്യക്ഷത്തിലുള്ള രോഗസൂചനകൾ കാണാത്തപക്ഷം ഉറ്റവർ കേവല ദുഃഖങ്ങളായി മാനസികരോഗങ്ങളെ വ്യാഖ്യാനിക്കുന്നു എന്നതാണ് ഇതിലെ വലിയ പ്രതിസന്ധി. വിദ്യാഭ്യാസ, ചികിത്സ സൗകര്യങ്ങൾ പരിമിതമായ വികസ്വര, അവികസിത രാജ്യങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങളും മന്ദഗതിയിലായിരിക്കും. 70-92% ത്തിനിടയിൽ ആളുകൾ ഇന്ത്യയിൽ ചികിത്സ തേടുന്നില്ല എന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ട്രീറ്റ്മെന്റ് ഗ്യാപ്പും മെന്റൽ ഹെൽത്ത് പ്രൊഫഷണലുകളുടെ അഭാവവും പല രാജ്യങ്ങളെയും വലക്കുന്നുണ്ട്. ജോലി തേടി കുടിയേറിപ്പോകുന്നവർ അനുഭവിക്കുന്ന ഒറ്റപ്പെടലും അന്യതാബോധവും അമിത ജോലിഭാരവും മാനസികപ്രശ്നങ്ങളെ സങ്കീർണമാക്കുന്നുമുണ്ട്.
തുറന്നു സംസാരിക്കാനാവുന്ന ഇടമോ കേൾക്കാൻ വിശ്വസ്തരായ മനുഷ്യരോ ഇല്ലാതെ വരുമ്പോൾ പുരുഷൻ പതിയെ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. കുടുംബത്തിന്റെ ആശ്രിതസ്വഭാവം കണക്കിലെടുത്ത് ആവശ്യങ്ങൾ നിറവേറ്റുമ്പോൾ പലപ്പോഴും കടക്കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. ലോൺ ആപ്പുകൾക്കും ബാങ്കുകൾക്കും മുന്നിൽ നിസ്സഹായരാവുന്ന അവർ മാനസികമായി തളരുന്നു. വ്യവസ്ഥാപിതമായ പുരുഷധർമങ്ങൾ നിറവേറ്റുന്നതിനുള്ള തത്രപ്പാടിലാണ് പല ജീവനുകളും പൊലിയുന്നത്. ഇത് മനസ്സിലാക്കി സഹകരണത്തോടെ ചേർത്തുപിടിക്കുക എന്നതാണ് കുടുംബത്തിനും സമൂഹത്തിനും ചെയ്യാവുന്ന മഹത്തായ കാര്യം.
Article about how mental health of men should be addressed by Fahmida Hanna