“സ്നേഹിക്കുന്നതിനു മുമ്പും പിമ്പും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ അതിനർഥം നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്. ഓരോ യഥാർഥ സ്നേഹവും സൗഹൃദവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥകൂടിയാണ്.” 21 പുസ്തകങ്ങൾ രചിച്ച, 58 -ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തുർക്കിക്കാരി എലിഫ് ഷഫാക്, “നാല്‍പത് പ്രണയ നിയമങ്ങൾ” എന്ന നോവലിന്റെ ആമുഖത്തിൽ കുറിച്ച വരികളാണിവ. നോവലിസ്റ്റ് എന്നതിനു പുറമെ, പ്രഭാഷക, മനുഷ്യാവകാശ പ്രവർത്തക എന്നീ മേഖലകളിൽ കൂടി പ്രസിദ്ധയായ അവരുടെ മാസ്റ്റർപീസാണ് The Forty Rules of Love.
ഏറെക്കുറെ ശാന്ത സ്വാഭാവക്കാരിയും വീട്ടമ്മയുമായ എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു പുസ്തകം വായിക്കാനിടയാകുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ കൊനിയയിലെ സാമൂഹിക ജീവിതത്തെക്കുറിച്ച് ഒരു ആധുനിക യൂറോപ്യൻ സൂഫിയുടെ കണ്ടെത്തലുകലാണ് ഈ നോവലിനുള്ളിലെ ആ നോവലിന്റെ പശ്ചാത്തലം. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച പ്രസിദ്ധ പേർഷ്യൻ സൂഫീ കവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആത്മീയഗുരു ഷംസ് തബ്രീസിയും തമ്മിലുള്ള ഗാഢമായ ബന്ധമാണ് നാൽപത് പ്രണയ നിയമങ്ങൾ എന്ന ഈ പുസ്തകത്തിൽ പ്രധാന പ്രമേയമാവുന്നത്.
ആധ്യാത്മികാനുഭൂതികൾ കൊണ്ട് ജലാലുദ്ദീൻ റൂമിയെ തൊട്ടുണർത്താൻ ശ്രമിക്കുന്ന ആത്മീയ ഗുരു ഷംസ് തബ്രീസിയുടെ പ്രണയ നിയമങ്ങളാണ് ഈ നോവലിന്റെ പ്രമേയമെങ്കിൽ കൂടി മറ്റനേകം പ്രണയഭാവങ്ങൾ ഒരു സങ്കോചവും കൂടാതെ ഇതിൽ ഇടകലർന്നിട്ടുണ്ട്. വായനക്കാരിക്ക് എഴുത്തുകാരനോടുള്ള പ്രേമം, കൗമാരക്കാരിക്ക് സഹപാഠിയോടുള്ള പ്രേമം, കുടുംബനാഥന് പരസ്ത്രീകളോടുള്ള കാമം, വീട്ടമ്മക്ക് കുട്ടികളോടുള്ള സ്നേഹം, പ്രഭാഷകന് പുസ്തകങ്ങളോടുള്ള ഇഷ്ടം, കേൾവിക്കാർക്ക് വാക്കുകളോടുള്ള ഭ്രമം, സൂഫിക്ക് സൃഷ്ടാവിനോടുള്ള അനുഭൂതി തുടങ്ങി ഒട്ടനവധി പ്രണയതലങ്ങളിലൂടെയാണ് നോവൽ വായനക്കാരനെ വലയം ചെയ്യുന്നത്.
ആവർത്തന വിരസതയുടെ ഇരുപത് വർഷങ്ങൾക്ക് ശേഷം താൻ വായിച്ചുകൊണ്ടിരിക്കുന്ന വാക്കുകളുടെ അകക്കാമ്പ് തേടിയുള്ള യാത്രയാണ് എല്ലക്ക് തന്റെ ജീവിതത്തിൽ ഏറ്റവും ആസ്വാദകരമായി തോന്നുന്നത്. വാക്കുകൾക്കപ്പുറം ആ വാക്കുകളുടെ രചയിതാവുമായി അവൾ പോലുമറിയാതെ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. ‘പ്രണയമുള്ളിടത്തെല്ലാം പ്രാണവേദനയുമുണ്ടാകും’ എന്നെഴുതിയ എഴുത്തുകാരൻ അസീസ് കാൻസർ ബാധിതനാണെന്നും ഒരുമിച്ചുള്ള ജീവിതം അസാധ്യമാണെന്നും എല്ല തിരിച്ചറിയുമ്പോഴുള്ള ഹൃദയവേദന എത്ര അസഹ്യമാണെന്ന് ഓരോ വായനക്കാരനും ശരിവെക്കുന്നുണ്ട്. കവിതയും സംഗീതവും അങ്ങേയറ്റം വെറുത്തിരുന്ന ഒരു പ്രഭാഷകനെ പ്രസിദ്ധ സൂഫി കവിയാക്കി മാറ്റുന്നതിന് ആധ്യാത്മീക ഗുരു ഷംസ് തബ്രീസിന് പകരം കൊടുക്കേണ്ടി വന്നത് തന്റെ പ്രാണനായിരുന്നിട്ടും ആത്മസുഹൃത്തിന്ന് വേണ്ടി അവരാ ദൗത്യം ഏറ്റെടുക്കുന്ന കഥയും നോവൽ പറയുന്നു.
റൂമിയെത്തേടിയുള്ള യാത്രയിൽ ഷംസ് ഒരു സത്രത്തിൽ താമസിക്കാനിടയാവുന്നുണ്ട്. “ഒരു ദർവീശാകുക അത്ര എളുപ്പമൊന്നുമല്ല, തുടക്കക്കാരന്റെ കടമ്പകളിൽ ഏറ്റവും പ്രയാസമേറിയത് പാചകക്കാരന്റെ പണിയാണ്. സത്രത്തിലെ അമ്പതോളം ആളുകൾക്ക് റൊട്ടിയുണ്ടാകുന്നതോടൊപ്പം ഉറക്കെ പ്രാർത്ഥനയും ഉരുവിടണമത്രേ.” ഒരിക്കൽ ദർവീശകാനാഗ്രഹിച്ചു വന്ന വിദ്യാർത്ഥിയോട് പാചകക്കാരൻ പറയുന്നുണ്ട്. “അടുക്കളയിൽ എത്ര പ്രയാസം നീ സഹിക്കുന്നുവോ, അത്ര വേഗത്തിൽ നീ പരുവപ്പെടും മകനേ.”
ഒരു വായനക്കാരിയെന്ന നിലയിൽ നോവലിനെ സ്ത്രീപക്ഷ കോണിലൂടെ കൂടി നോക്കണമെന്ന് തോന്നുന്നു. ജീവിതത്തിന്റെ അധിക പങ്കും അടുക്കളയിൽ ചെലവഴിക്കുന്ന ഓരോ സ്ത്രീകളും പ്രത്യക്ഷത്തിൽ പരുക്കമാണെങ്കിലും ആത്മാവുകൊണ്ട് ദൈവത്തിലേക്ക് അടുക്കുകയാണെന്ന് നോവൽ പറഞ്ഞുവെക്കുന്നു. ദാമ്പത്യജീവിതത്തിൽ താൻ ചതിക്കപ്പെടുകയായിരുന്നുവെന്നറിഞ്ഞിട്ടും തീർത്തും ക്ഷമയോടെ പെരുമാറുകയും തന്റെ ഭാവിയെ സുതാര്യമാക്കാൻ ധീരമായി ഇറങ്ങിത്തിരിക്കുകയും ചെയ്ത എല്ല റൂബിൻസ്റ്റൻ, അസാമാന്യ കഴിവുകളുള്ള, റൂമിയുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയും ശംസിന്റെ പത്നിയുമായ കിംയ, റൂമിയുടെ പ്രശസ്തിയും പ്രാതാപവും ഒന്നൊന്നായി കൊഴിയുന്നത് കാണേണ്ടി വന്ന രണ്ടാം ഭാര്യ കെറ, നശിച്ചവളെന്ന് ഒരു നാട് മുഴുവൻ മുദ്ര കുത്തിയിട്ടും ആത്മീയ പാതയിലേക്ക് ആത്മാവിനെ അന്തരപ്പെടുത്തിയ അഭിസാരിക ഡെസേർട് റോസ് ഇവരോരോരുത്തരും നോവലിലെ സുപ്രധാന സ്ത്രീ കഥാപാത്രങ്ങളാണ്. ആഖ്യാന ശൈലി കൊണ്ടും ആശയ മികവ് കൊണ്ടും ഓരോ വായനക്കാരന്റെയും മനസ്സിലിടം പിടിക്കുക തന്നെ ചെയ്യും വിഖ്യാതമായ ഈ നോവലും പ്രിയപ്പെട്ട എഴുത്തുകാരിയും.
Book Review of Elif Shafak’s Forty Rules of Love by Fathima Huda A.K Pukayur