കാസറ്റുകളും റേഡിയോയും ഒരു സമൂഹത്തെ നിർമിച്ച വിധം

5 MINUTES READ

ആധുനിക ലോകം കാഴ്ചയുടേതാണ്. സ്ക്രീനുകളും ദൃശ്യങ്ങളുമാണ് ഇന്ന് പൊതുജീവിതത്തിന്റെ ആധാരം. ഇവിടത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നത് റീലുകളാണ്. പക്ഷേ, ഒരു സമൂഹത്തിന്റെ ദൈനംദിന സാമൂഹികത ധാർമ്മികമായും രാഷ്ട്രീയമായും സാംസ്കാരികമായും രൂപപ്പെട്ടത് കേൾവിയിലൂടെയായിരുന്നു. കേൾവിയെ നിർമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ഇടമായി ശബ്ദത്തെ ഗണിക്കുന്നതോടെയാണ് പൗരാവകാശത്തിന്റെ തുടക്കം തന്നെ ചർച്ച ചെയ്തുതുടങ്ങേണ്ടത്.

മതപ്രഭാഷണങ്ങളും ഖുതുബകളും റേഡിയോ സംപ്രേഷണങ്ങളും കാസറ്റ് ടേപ്പുകളുമായിരുന്നു ഒരു കാലത്ത് ഇന്ത്യൻ പൊതുഭാവനയെ രൂപപ്പെടുത്തിയത്. കാണുന്നവനല്ല, കേൾക്കുന്നവനാണ് പലപ്പോഴും രാഷ്ട്രീയമായി ജാഗ്രത്തായത്. സാമൂഹികവും രാഷ്ട്രീയവും ആത്മീയവുമായ ഉത്തരവാദിത്തങ്ങൾ ഉൾക്കൊള്ളുന്ന ഒരു ധാർമിക അഭ്യാസമായി കേൾക്കലിനെ കാണേണ്ടതുണ്ടെന്ന ചിന്ത ഇവിടെ പ്രസക്തമാണ്. 1970 കളിലും 80 കളിലും മിഡിൽ ഈസ്റ്റിലും ദക്ഷിണേഷ്യയിലുമുണ്ടായ രാഷ്ട്രീയ-മത ഉണർവുകളിൽ ശബ്ദമാധ്യമങ്ങൾ വഹിച്ച പങ്ക് നിർണായകമായിരുന്നു. ഔദ്യോഗിക മാധ്യമങ്ങളുടെ നിയന്ത്രണത്തിനപ്പുറം റേഡിയോയും കാസറ്റ് ടേപ്പുകളും, ഭരണകൂടങ്ങൾ മറച്ചുവെച്ച സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിച്ചു.

ഈ പശ്ചാത്തലത്തിലാണ് “കാസറ്റ് കാലഘട്ടം” എന്ന ആശയം തന്നെ രൂപപ്പെട്ടത്. ശബ്ദം രാഷ്ട്രീയചരിത്രത്തെ മാറ്റിയെഴുതിയ ഒരു ഘട്ടമായിരുന്നു അത്. ഏറ്റവും ഗൗരവത്തോടെയും ദാർശനികതയോടെയും ഈ വിഷയത്തെ സമീപിച്ച വ്യക്തിയായിരുന്നു ചാൾസ് ഹിഷ്കിണ്ട്. തന്റെ പ്രശസ്തമായ കൃതി The Ethical Soundscap ൽ ഈ വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട് അദ്ദേഹം. ഇന്ത്യൻ ഉപഭൂഖണ്ഡവും, പ്രിന്റ് മാധ്യമങ്ങൾക്ക് മുമ്പ് ശബ്ദത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോയ ഭൂമിയാണ്. വാചിക പാരമ്പര്യങ്ങളുടെയും മന്ത്രങ്ങളുടെയും ആചാരങ്ങളുടെയും ഒരു ചരിത്രമുഹൂർത്തമായിരുന്നു അക്കാലം. എന്നാൽ, ആദ്യമായി ശബ്ദം വ്യത്യസ്തമാകുന്നത് രാഷ്ട്രീയപരമായിട്ടാണ്. ബ്രിട്ടീഷ് ഭരണത്തിന്റെയും അതിനുശേഷം രൂപം കൊണ്ട പൗരരാജ്യങ്ങളുടെ ഉത്ഭവത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത മാറ്റം.

1947-ലെ വിഭജനവേളയിൽ തന്നെ റേഡിയോ ഒരു രാഷ്ടീയ ആയുധമായി മാറിയിരുന്നു. All India Radio ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ശബ്ദമായി മാറിയപ്പോള്‍, Radio Pakistan മുസ്‌ലിം ഐക്യത്തിന്റെ സ്വരമായി. ഇന്ത്യൻ നേതൃത്വത്തിലുള്ള All India Radio ദേശീയപരമായി ഹിന്ദി-ഇംഗ്ലീഷ് സംയോജനം വളർത്തിയപ്പോൾ, പാകിസ്താൻ റേഡിയോ അറബ്-ഉർദു-ഇസ്‌ലാമിക ധ്വനികളിലേക്കാണ് നീങ്ങിയത്. മറ്റൊരു തലത്തിൽ, ഇന്ത്യയിൽ ബംഗാളികൾക്കും ഹിന്ദുവാദത്തിനും ഭിന്നമായ ശബ്ദം നൽകാൻ ബംഗളുരുവിലെയും കൊൽക്കത്തയിലെയും റേഡിയോ നിലയങ്ങൾ ശ്രമിച്ചു. അങ്ങനെ, റേഡിയോ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ഭാവനയെ(political imagination) ജാഗ്രതപ്പെടുത്താനും സഹായിച്ചു.

ഈ ശബ്ദപാരമ്പര്യം രൂപപ്പെട്ടത് മതപരമായ അനുഭവങ്ങളിൽ നിന്ന് മാത്രമായിരുന്നില്ല. സാമൂഹിക ബന്ധങ്ങളിലും രാഷ്ട്രീയ ബോധത്തിലും അതിന്റെ സ്വാധീനം പതിഞ്ഞിരുന്നു. പ്രത്യേകിച്ച് ഇസ്‌ലാമിക സമൂഹങ്ങളിൽ, കേൾക്കൽ ഒരു വ്യക്തിഗത പ്രവൃത്തിയെക്കാൾ  ഒരു പൊതു ശീലമായിരുന്നു. വെള്ളിയാഴ്ച ഖുതുബകളും വാങ്കുകളും മതപാഠങ്ങളും ഒരുമിച്ചുകേൾക്കുന്ന ഇടങ്ങൾ, ഒരു സമൂഹത്തെ തന്നെ രൂപപ്പെടുത്തുന്ന ഇടങ്ങളായിട്ടാണ് പ്രവർത്തിച്ചത്. ഇവിടെ മതജീവിതം സ്വകാര്യമായൊരു അനുഭവമാക്കി ഒതുക്കാൻ ഒരു മതക്കാരും താല്പര്യം കാണിച്ചിട്ടില്ല. കേൾവിയിലൂടെ പൊതുജീവിതത്തിലേക്ക് ഒഴുകുന്ന രീതിയാണ് ഇസ്‌ലാമും ഇതര മതങ്ങളും സ്വീകരിച്ചത്.

ബ്രിട്ടീഷ് കോളോണിയൽ കാലഘട്ടത്തോടെ ഈ ശബ്ദസംസ്കാരത്തിന് ഒരു പുതിയ രാഷ്ട്രീയ മാനം കൈവന്നു. പ്രിന്റ്, വിദ്യാഭ്യാസം, ഭരണഭാഷകൾ എന്നിവയിലൂടെ നിയന്ത്രണം ശക്തമാക്കിയ ഭരണകൂടങ്ങൾ, ശബ്ദത്തെയും ക്രമേണ നിയന്ത്രിക്കാൻ തുടങ്ങി. എന്നാൽ ശബ്ദതരംഗങ്ങളെ പൂർണ്ണമായി പിടിച്ചുകെട്ടാൻ അവർക്ക് സാധിച്ചില്ല. ഈ സമയത്ത്, അഥവാ 1950-60 കാലഘട്ടങ്ങളിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങൾ ദക്ഷിണേഷ്യയിലെ മുസ്‌ലിം  സമൂഹങ്ങളെ ശക്തമായി സ്വാധീനിച്ചതായി കെ.എം സീതിയുടെ പഠനങ്ങളിൽ കാണാം. അറബ് ലോകത്തെ രാഷ്ട്രീയ മാറ്റങ്ങളും, കോളോണിയൽ വിരുദ്ധ ശബ്ദങ്ങളും അങ്ങനെയാണ് കേരളത്തിലെത്തിയത്.

 

ഇന്ത്യൻ റേഡിയോ: ചരിത്രവും വളർച്ചയും

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ റേഡിയോ ഒരു ജനമാധ്യമമാവുമെന്ന ചിന്ത ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നില്ല. പ്രക്ഷേപണം ഒരു ഗൗരവമുള്ള രാഷ്ട്രീയ ഉപകരണമാവുമെന്ന് അവർ കരുതിയിരുന്നില്ല. അതിനാൽ തന്നെ, റേഡിയോ വികസനത്തിനായി ആദ്യകാലത്ത് സർക്കാർ മാറ്റിവച്ച തുക വളരെ ചെറുതായിരുന്നു. 1920-കളിൽ ബോംബെ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ റേഡിയോ ക്ലബ്ബുകൾ രൂപപ്പെട്ടു. സ്വകാര്യ സംരംഭകർ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഇന്ത്യയിൽ ആദ്യമായി ശബ്ദസംപ്രേഷണം ആരംഭിച്ചത്. 1927-ൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്ന സ്വകാര്യ സ്ഥാപനം രണ്ട് റേഡിയോ സ്റ്റേഷനുകൾ ആരംഭിച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഈ സംരംഭം അധികകാലം നിലനിന്നില്ല. 1930-ഓടെ കമ്പനി അടച്ചുപൂട്ടുകയും, പ്രക്ഷേപണ ചുമതല സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ് എന്ന പേരിൽ സർക്കാർ നിയന്ത്രിത റേഡിയോ സേവനം ആരംഭിച്ചത്. ഈ ഘട്ടത്തിൽ റേഡിയോ ഒരു ഭരണകൂട സംവിധാനമായിട്ടാണ് പ്രവർത്തിച്ചത്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു മാധ്യമമായി അതിനെ ഉപയോഗിക്കാനുള്ള വ്യക്തമായ കാഴ്ചപ്പാട് അന്നുണ്ടായിരുന്നില്ല. ഈ അവസ്ഥ മാറുന്നത് ബ്രിട്ടനിൽ നിന്നെത്തിയ ലയണൽ ഫീൽഡൻ എന്ന പ്രക്ഷേപണ വിദഗ്ധന്റെ വരവോടെയാണ്. പ്രോഗ്രാമുകളുടെ ഉള്ളടക്കത്തിലും ഭാഷയിലും ജനകീയത കൊണ്ടുവരണമെന്ന് അദ്ദേഹം വാദിച്ചു.

1930-കളിൽ ഇന്ത്യയിൽ റേഡിയോ സെറ്റുകളുടെ എണ്ണം വർധിച്ചു. നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും റേഡിയോ ശബ്ദങ്ങൾ എത്താൻ തുടങ്ങി. വാർത്തകൾ, സംഗീതം, വിദ്യാഭ്യാസ പരിപാടികൾ എന്നിവ റേഡിയോയുടെ ഭാഗമാവുന്നത് അദ്ദേഹത്തിന്റെ തീരുമാനത്തോടെയാണ്. ഈ കാലഘട്ടത്തിലാണ് റേഡിയോ ഇന്ത്യയിലെ പൊതുജീവിതത്തിൽ ഇടം പിടിച്ചത്. വായിക്കാനറിയാത്തവർക്ക് പോലും ലോകത്തെക്കുറിച്ച് അറിയാനുള്ള വഴി തുറന്നത് റേഡിയോയാണ്. സ്വാതന്ത്ര്യസമര കാലത്ത് റേഡിയോയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഔദ്യോഗിക നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, ദേശീയ പ്രസ്ഥാനത്തിന്റെ ശബ്ദങ്ങൾ പല രൂപത്തിൽ ജനങ്ങളിലേക്കെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് റേഡിയോ, വാർത്തകളുടെ പ്രധാന സ്രോതസായി. അക്കാലം, യുദ്ധവും രാഷ്ട്രീയ സംഭവങ്ങളും ജനങ്ങൾ അറിയുന്നത് ശബ്ദത്തിലൂടെയായിരുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ രാജ്യത്ത് ആകെ ആറോളം റേഡിയോ സ്റ്റേഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിഭജനത്തോടെ ലാഹോർ, ധാക്ക, പെഷവാർ എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ പുതിയ രാജ്യത്തിലേക്ക് പോയി. സ്വാതന്ത്ര്യാനന്തര കാലത്ത് റേഡിയോ രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാക്കി. ദേശീയ ഐക്യം, വികസനം, വിദ്യാഭ്യാസം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടികൾ രൂപകൽപ്പന ചെയ്തത്.

കൃഷി സംബന്ധമായ നിർദേശങ്ങൾ, ആരോഗ്യ ബോധവത്കരണം, സ്ത്രീകൾക്കായുള്ള പരിപാടികൾ, കുട്ടികൾക്കായുള്ള സംപ്രേഷണങ്ങൾ എന്നിവ റേഡിയോ വഴി നടന്നു. ഭാഷാപരമായ വൈവിധ്യം അംഗീകരിച്ചുകൊണ്ട് പ്രാദേശിക ഭാഷകളിൽ സംപ്രേഷണം ആരംഭിച്ചു. ഇതിലൂടെ റേഡിയോ പ്രാദേശിക സമൂഹങ്ങളുടെ അനുഭവങ്ങളും ആശങ്കകളും പ്രതിഫലിപ്പിച്ചു തുടങ്ങി. സാംസ്കാരിക രംഗത്തും റേഡിയോ വലിയ സ്വാധീനം ചെലുത്തി. സംഗീതം, നാടകങ്ങൾ, കവിതകൾ, കഥാപ്രസംഗങ്ങൾ എന്നിവ പൊതുജനങ്ങളിൽ എത്തിതുടങ്ങി. പല കലാകാരന്മാരും ആദ്യം അറിയപ്പെടുന്നത് റേഡിയോ വഴിയായിരുന്നു. 1950-കളിൽ ജനപ്രിയ സംഗീത പരിപാടികൾ ആരംഭിച്ചതോടെ യുവജനങ്ങൾ റേഡിയോയ്ക്ക് കൂടുതൽ ചെവികൂർപ്പിച്ചു. ടെലിവിഷൻ വന്ന ശേഷവും റേഡിയോയുടെ പ്രാധാന്യം നഷ്ടമായില്ല. അടിയന്തര ഘട്ടങ്ങളിൽ, പ്രകൃതിക്ഷോഭങ്ങളിൽ, അതിർത്തി പ്രദേശങ്ങളിൽ റേഡിയോ വിശ്വസനീയമായ മാധ്യമമായി തന്നെ തുടർന്നു. ഇന്നും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ എത്തുന്ന മാധ്യമങ്ങളിൽ ഒന്നാണ് റേഡിയോ. ഇന്ത്യയുടെ ചരിത്രത്തിൽ റേഡിയോ എന്ന ശബ്ദ മാധ്യമത്തിന്റെ പങ്ക് നിസ്തുലമാണ്. കേൾക്കുന്ന പൗരനെ സൃഷ്ടിച്ച മാധ്യമമായി റേഡിയോ പൗരത്വം തന്നെ രൂപീകരിച്ചു. ഇന്ത്യയുടെ ശബ്ദചരിത്രത്തിൽ റേഡിയോയ്ക്ക് ഇന്നും പ്രത്യേക സ്ഥാനമുണ്ട്.

(തുടരും)

Nasim Vengara writes about How Cassette tapes and Radios formed a society, specially in Indian context

Leave a Reply

Your email address will not be published. Required fields are marked *

നാസിം വേങ്ങര

എഴുത്തുകാരൻ, വിവർത്തകൻ
എഴുത്തുകാരൻ, വിവർത്തകൻ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy