കെ.കെ.ആർ എന്ന യു.എസ് ആസ്ഥാനമായ മൾട്ടിനാഷണൽ കമ്പനി 2500 കോടി മുതൽമുടക്കിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഏറ്റെടുത്തുവെന്ന വാർത്ത കൂടുതൽ സർക്കുലേറ്റ് ചെയ്യപ്പെട്ടിരുന്നില്ല. അന്ന് അതൊരു വാർത്തയേ ആയിരുന്നില്ല. കേരളത്തിന്റെ ആരോഗ്യത്തിലുള്ള അമേരിക്കയുടെ താൽപര്യത്തെ കുറിച്ച് ആലോചിച്ചപ്പോഴുണ്ടായ കൗതുകപ്പുറത്താണ് കെ.കെ.ആറിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത്. 2018 ലാണ് കെ.കെ.ആർ ഇന്ത്യയിൽ ആദ്യമായി ഹോസ്പിറ്റൽ ശൃംഖലയിൽ നിക്ഷേപം നടത്തുന്നത്. മാക്‌സ് ഹെൽത്ത്‌കെയർ ഹോസ്പിറ്റലുകളിൽ. 9400 കോടി രൂപ. 2022 ആയപ്പോൾ അഞ്ച് മടങ്ങായി നിക്ഷേപ തുക തിരിച്ചുവരികയും ചെയ്തു. 2024-25 കാലയളവിൽ 2500 കോടി രൂപക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും(കോഴിക്കോട്) 1200 കോടി രൂപക്ക് മൈത്ര ഹോസ്പിറ്റലും ഏറ്റെടുത്തു. മാത്രമല്ല, ഹെൽത്ത്‌കെയർ ഗ്ലോബൽ എന്റർപ്രൈസസ് നാനൂറ് മില്ല്യൺ ഡോളറിനും ടേക്കോവർ ചെയ്യപ്പെട്ടിരിക്കുകയാണ്. ലാഭം സുനിശ്ചിതമായ കച്ചവടങ്ങളായിരുന്നു ഇവ.
കെ.കെ.ആറിന് പുറമെ ബ്ലാക്ക്‌സ്‌റ്റോൺ, ടി.ജി.പി എന്നീ മൾട്ടിനാഷണൽ കമ്പനികളും ഇന്ത്യയിലെ ഹോസ്പിറ്റൽ ശൃംഖലയെ കൊതിപ്പിക്കുന്ന തുകയെറിഞ്ഞ് വാങ്ങിക്കൂട്ടുന്നുണ്ട്. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, മൈത്ര ഹോസ്പിറ്റൽ, ആസ്റ്റർ മിംസ് കോഴിക്കോട്, സ്റ്റാർകെയർ ഹോസ്പിറ്റൽ, മലബാർ, ഇഖ്‌റഅ് എന്നീ കോഴിക്കോട് നഗരത്തെ മാത്രം ചുറ്റിപ്പറ്റി നിരവധി ഹോസ്പിറ്റലുകളെ പൂർണമായോ, ഭാഗികമായോ ടേക്ക് ഓവർ ചെയ്യപ്പെട്ടിരിക്കുന്നു. ഫാൻസി കാർ ഫാക്ടറി മുതൽ ദുബായ് സ്മാർട്ട് സിറ്റി വരെ നിക്ഷേപ സൗഹൃദമല്ല എന്ന് തിരിച്ചറിഞ്ഞ് പിൻവാങ്ങിയ ഒരു കൊച്ച് ഭൂപ്രദേശത്തിന്റെ ആരോഗ്യ മേഖലയിലേക്കാണ്, ട്രില്യൺ ഡോളർ ആസ്തിയുള്ള ആഗോള ഭീമന്മാരുടെ വരവ്. പാശ്ചാത്യ വികസിത രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് പോലും ഈ നിക്ഷേപ കമ്പനികൾ ഇത്രയും വലിയ നിക്ഷേപങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. ആരോഗ്യരംഗത്ത് മരുന്ന് ഉൽപാദന കമ്പനികളിൽ മാത്രമാണ് ഇതുവരെ ഇവർ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളത്. ആശുപത്രികൾ തുലോം തുച്ഛമാണ്. സ്വന്തമായി ഹോസ്പിറ്റൽ സംരംഭമില്ലാത്ത ഒരു നിക്ഷേപക ഗ്രൂപ്പുകൂടിയാണ് കെ.കെ.ആർ. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ രണ്ടാലൊന്നാണ് മൾട്ടിനാഷണൽ കമ്പനികളുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാം: ഒന്ന്) കേരളത്തിലെ ജനങ്ങളുടെ അനാരോഗ്യ സ്ഥിതിയും ഇവിടുത്തെ ആതുര സേവന സാധ്യതയും വളരെ കൂടുതലാണെന്ന് തിരിച്ചറിഞ്ഞ് അവ മൊത്തത്തിൽ കൈക്കലാക്കാനുള്ള ശ്രമം. രണ്ട്) കേരളത്തിന്റെ അമിതമായ ഹോസ്പിറ്റൽ ആശ്രയത്വത്തെ മുൻനിർത്തി വലിയ കുത്തകകളെ ഇറക്കി രോഗാതുരമായ തലമുറയെ സൃഷ്ടിച്ച് പണക്കൊതി തീർക്കുക. അത് കേരളത്തിലെ ആതുര സേവന ലഭ്യതയെ വെല്ലുവിളിക്കുകയും ഒരു പാശ്ചാത്യൻ സംസ്‌കാരത്തിലേക്ക് ഈ ചെറിയ ഭൂപ്രദേശത്തെ കൊണ്ടെത്തിക്കുകയും ചെയ്യും.
പി.ആർ അരുൺ സംവിധാനം ചെയ്ത ഫാർമ സീരീസിൽ ഒരു രംഗമുണ്ട്. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കുത്തക നിലനിർത്തുന്നതിനെ കുറിച്ചും, മരുന്നുകൾ നൽകി വരുംതലമുറയെ രോഗാതുരമാക്കുന്നതിനെ കുറിച്ചുമുള്ള ലീനിയർ സ്‌റ്റോറിയാണ് ഫാർമ. രോഗിയായ മകൾക്ക് ഡോക്ടർ പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്ന കമ്പനിയുടെ മരുന്നിന് രണ്ട് ലക്ഷത്തിന് മീതെയാവും. അതേ മരുന്ന് ഏഴായിരം രൂപക്ക് മാർക്കറ്റിൽ ലഭ്യമാണ്. പക്ഷേ, ഡോക്ടർക്ക് ഒരേ നിർബന്ധം, രണ്ട് ലക്ഷത്തിന്റെ കമ്പനിയിൽനിന്ന് വാങ്ങിച്ചില്ലെങ്കിൽ താൻ ചികിത്സിക്കില്ലെന്ന് തർക്കിച്ചുപറയുന്നു. കൂലിപ്പണിക്കാരനായിരുന്നിട്ടുപോലും ആ തുക കണ്ടെത്താൻ പിതാവ് നിർബന്ധിതനാവുന്നു.
സീരീസിലെ വില്ലൻ കഥാപാത്രത്തിന്റെ ഡയലോഗ് ഇങ്ങനെയാണ്: “കിഡോക്‌സിനിൽ(പ്രസവിക്കാനിരിക്കുന്ന കുട്ടികൾക്ക് ആരോഗ്യവും ചുറുചുറുക്കുമുണ്ടാവാൻ ഗർഭിണികൾ കഴിക്കുന്ന മരുന്ന്) ഏതാനും പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണത് പിൻവലിച്ചത്. കുട്ടികളിൽ ഡയബറ്റിക്‌സ് ഉണ്ടാക്കുന്നു കിഡോക്‌സിൻ. പേടിക്കേണ്ട, ഡയബറ്റിക്‌സിനുള്ള മെഡിസിൻ നമ്മൾ ഉൽപാദിപ്പിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞാൽ അവർക്ക് ഇൻസുലിൻ ആവശ്യമാകും. നമ്മൾ ഇൻസിലിനും ഉൽപാദിപ്പിക്കുന്നുണ്ട്. കുറച്ചു കാലം കൂടി കഴിഞ്ഞാൽ യഥാർഥ രോഗങ്ങളും പ്രശ്‌നങ്ങളും പ്രത്യക്ഷപ്പെടും. ഹൃദ്രോഗങ്ങൾ വരും. നമ്മുടെ കയ്യിൽ ഡൊബ്യൂട്ടമിനുണ്ട്. ഇനി ജനങ്ങൾക്ക് സെപ്‌സിസ് പിടിപെട്ടേക്കാം. നമ്മുടെ കൈവശം അതിനുള്ള മരുന്നുകൂടിയുണ്ട്.” ഇതാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ബിസിനസ്.
അദാനി, അമ്പാനി കോർപറേറ്റുകളുടെ സ്‌കെയിലിന് മുകളിലിരിക്കുന്ന, ട്രില്ല്യൺ ഡോളർ കമ്പനികളുടെ കടന്നുവരവ് നമ്മുടെ ആരോഗ്യ-ആതുര രംഗത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രോഗാതുരതയിലും ചികിത്സാ ചെലവിലും രാജ്യത്തെ ‘നമ്പർ വൺ’ സംസ്ഥാനമെന്ന പദവിയാണ് കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് ആഗോള കോർപറേറ്റുകളെ ആകർഷിക്കുന്ന മുഖ്യ ഘടകം. ചെറിയ രോഗങ്ങൾക്കു പോലും മരുന്നുകളെയും ആശുപത്രികളെയും ആശ്രയിക്കുന്നവരാണ് മലയാളികൾ. കേരളത്തിന് സാക്ഷരത ശാപമാവുന്നത് അത്തരം ഘട്ടങ്ങളിലാണ്. ഡോക്ടർ പ്രിസ്‌ക്രൈബ് ചെയ്തുതരുന്ന മരുന്ന് മറുത്തൊരു ചോദ്യമില്ലാതെ തിന്നുകളയും. മരുന്നിന്റെ ക്രെഡിബിലിറ്റി, ചേരുവകൾ, താരതമ്യേന വില കുറഞ്ഞ കമ്പനി എന്നിവയൊന്നും ചോദിച്ചുമനസ്സിലാക്കാൻ സാധാരണക്കാർ ശ്രമിക്കാറില്ല.
ചികിത്സക്ക് ആവശ്യമായ രോഗികളെ ലഭിക്കുക എന്നതും ആ രോഗികളുടെ കൈവശം സ്വന്തം ചികിത്സക്കായി ചെലവഴിക്കാൻ ആവശ്യത്തിന് പണമുണ്ടായിരിക്കുക എന്നതുമാണ് ലാഭേച്ഛയോടെ മാത്രം ചികിത്സാരംഗത്ത് നിക്ഷേപം ഇറക്കുന്നവരുടെ ആദ്യ ലക്ഷ്യം. ഈ രണ്ട് ഘടകങ്ങളും ഒരേപോലെ ഒത്തിണങ്ങിവരുന്നുണ്ട് എന്നതാവാം കേരളം ആഗോള കോർപ്പറേറ്റുകളുടെ ശ്രദ്ധാകേന്ദ്രമാകാൻ കാരണം. ഒരേസമയം വെല്ലുവിളിയും അവസരവുമാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തെ കോർപ്പറേറ്റ് നിക്ഷേപങ്ങൾ.
കേരളത്തിന് ആരോഗ്യ രംഗത്ത് വലിയ മാനവ വിഭവശേഷിയുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ രംഗത്ത് പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന് തൊഴിൽ രഹിതർ കേരളത്തിലുണ്ടല്ലോ. അവരെ കുറഞ്ഞതോ, നിലവിലെ സ്‌കെയിലിനെക്കാൾ മെച്ചപ്പെട്ടതോ ആയ ശമ്പളത്തിന് ലഭ്യമാക്കാം. അങ്ങനെ വരുമ്പോൾ തൊഴിൽരാഹിതരുടെ എണ്ണം കുറയുമെന്ന ലാഭമുണ്ടിതിൽ. മാത്രമല്ല, നിലവിൽ ഏറ്റെടുക്കപ്പെട്ട മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ സൗകര്യങ്ങളും അവിടത്തെ ടെക്‌നോളജിയും കൂടുതൽ മെച്ചപ്പെടുകയും ലോകോത്തര നിലവാരത്തിലെത്തുകയും ചെയ്യും. പക്ഷേ, അതിന്റെ സൈഡ് ഇഫക്ടായി അത്തരം ഹോസ്പിറ്റലുകളിൽ കൺസൽട്ടിങ് ഫീ കുത്തനെ വർധിക്കും. അതിന്റെ നേരിയ തോതിലുള്ള അനുരണനം ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്.
2010 ൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് പ്രഖ്യാപിക്കപ്പെട്ടു. അതിനെ തുടർന്ന് കേരളത്തിന്റെ ചികിത്സാ ചെലവുകളെ പിടിച്ചുനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന ധാരാളം ചെറുകിട ഹോസ്പിറ്റലുകളും ക്ലിനിക്കുകളും അടച്ചുപൂട്ടേണ്ടി വന്നു. പ്രാദേശിക ഹോസ്പിറ്റലുകളുടെ അഭാവം ജനങ്ങളെ കൂടുതൽ പ്രോമിസിംഗ് ക്ലിനിക്കുകളിലേക്കും ഹോസ്പിറ്റലുകളിലേക്കും എത്തിച്ചു. 100-200 രൂപ വരെ കൺസൾട്ടിങ് ഫീ കൊടുത്തിരുന്ന സ്ഥാനത്ത് 350-600 വരെ കൊടുക്കേണ്ട അവസ്ഥയെത്തി. മരുന്നുകളുടെ വിലയിലും ഈ നിലവാരക്കയറ്റം പ്രതിഫലിച്ചു. ഉയർന്ന കൺസൾട്ടിങ് ഫീ നോർമലൈസ് ചെയ്യപ്പെട്ടു.
ചെറുകിട ഹോസ്പിറ്റലുകളിലും വൺമാൻഷോ ക്ലിനിക്കുകളിൽ പോലും അത്യാവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർദേശിക്കുന്ന ബില്ലാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ. എതിരെ റിട്ടുകളും കേസുകളും നിലനിൽക്കുന്നതിനാൽ അതിപ്പോഴും നടപ്പാക്കപ്പെട്ടിട്ടില്ല. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ബില്ലിന്റെ താൽപര്യമെന്ന് അതിന്റെ ക്ലോസുകൾ വായിക്കുമ്പോൾ മനസ്സിലാക്കാം. പക്ഷേ, പ്രായോഗിക തലത്തിൽ അവയൊന്നും നിലനിൽക്കില്ലെന്നാണ് വസ്തുത. മാത്രമല്ല, സുരക്ഷാപ്രശ്‌നങ്ങളുമുണ്ടായേക്കാം. മേൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന ആക്‌സിഡന്റ് കേസുകളെ ഐ.സി.യു ആംബുലൻസ് സഹായത്തോടെ അവിടെ എത്തിക്കേണ്ട ഉത്തരവാദിത്തം പേഷ്യന്റിനെ ആദ്യമായി സ്വീകരിക്കുന്ന ഹോസ്പിറ്റലുകൾക്കാണ്. ചെറിയ സൗകര്യത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ഹോസ്പിറ്റലിന് അത്തരം ആംബുലൻസുകളോ, അത് ഓപറേറ്റ് ചെയ്യാൻ വൈദഗ്ധ്യമുള്ള നഴ്‌സുമാരോ ഉണ്ടായിരിക്കില്ല എന്നതാണ് വസ്തുത. അത് തരപ്പെടുത്തിയാൽ ആശുപത്രിയുടെ വരവുകൾ കുത്തനെ കുറയുകയും വൈകാതെ പൂട്ടിപ്പോവുകയും ചെയ്യുമെന്നതാണ്.
സർക്കാറുകളെ വലിയ ഫണ്ടിംഗ് ചെയ്ത് സമ്മർദത്തിലാക്കി ക്ലിനിക്കൽ ബില്ല് പാസാക്കിയാൽ ചെറുകിട ആശുപത്രികളുടെ കാലം അവസാനിക്കും. മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ മാത്രം ആശ്രയിക്കാവുന്ന തരത്തിലേക്ക് സാഹചര്യങ്ങളെത്തുകയും ജനങ്ങൾ അതിനോട് പൊരുത്തപ്പെടുകയും ചെയ്യും. കൺസൾട്ടിങ് ഫീ കുത്തനെ ഉയരും. വിലക്കുറവിൽ നാം കൺസ്യൂം ചെയ്തുകൊണ്ടിരുന്ന മരുന്നുകളെല്ലാം മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമാകും. കെ.കെ.ആറും ബ്ലാക്ക്‌സ്റ്റോണും ഫണ്ട് ചെയ്യുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളിലെ വിലപിടിപ്പുള്ള മരുന്നുകൾ മാത്രം പ്രിസ്‌ക്രൈബ് ചെയ്യപ്പെടുകയും അവ വാങ്ങാതിരിക്കാൻ നിർവാഹമില്ലാതിരിക്കുകയും ചെയ്യും.
70കൾക്ക് ശേഷം അമേരിക്കയിൽ ഉണ്ടായ ആതുരഅസ്ഥിരത ഈ നീക്കങ്ങളുടെ ഫലമായി ഇവിടെയും രൂപപ്പെടാം. അങ്ങനെയെങ്കിൽ, ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്തവർക്ക് ചികിത്സയില്ലെന്ന ഘട്ടമെത്തും. രോഗിക്ക് ഏത് തരത്തിലുള്ള ചികിത്സ വേണമെന്ന് ഇൻഷുറൻസ് മാനേജർ തീരുമാനിക്കും. സ്‌പെഷ്യലിസ്റ്റുകളെ സമീപിക്കണമെങ്കിൽ ആറ് മാസത്തിൽ കൂടുതൽ രോഗവുമായി കാത്തിരിക്കേണ്ടിവരും. യു.കെയിലുള്ള ഒരു സുഹൃത്ത് ഭാര്യയുടെ ഉദരവേദനയെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോൾ സ്‌കാൻ ചെയ്യാൻ ലഭിച്ച പാസ് ആറുമാസങ്ങൾക്കിപ്പുറമായിരുന്നുവെന്ന് അടുത്തിടെ നാം വളരെ കൗതുകത്തോടെയാണ് വായിച്ചത്.
മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയാണ് മറ്റൊരു സാധ്യത. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചികിത്സാ ചെലവ് താരതമ്യേന കുറവാണ് കേരളത്തിൽ. അമേരിക്കയിൽ ഒന്നരക്കോടി ചെലവ് വരുന്ന ഓപറേഷൻ കേരളത്തിലെത്തി നിർവഹിക്കാൻ അഞ്ച് ലക്ഷം മാത്രമേ വരൂ. അമ്പത് ലക്ഷത്തിലേക്ക് ഉയർത്തിയാലും വിദേശികൾ ചികിത്സ തേടിയെത്തുമെന്നതിൽ സംശയമില്ല. അവരെ സംബന്ധിച്ചിടത്തോളം മെഡിക്കൽ ഫെസിലിറ്റികളെല്ലാം ചീപ്പ് പ്രൈസിന് ലഭ്യമാകുന്ന ഭൂപ്രദേശമായോ, മെഡിക്കൽ ഹബ്ബായോ കേരളം മാറും. അതൊരുപക്ഷേ, സ്വദേശികളെയും അവരുടെ ചികിത്സയെയും രണ്ടാം നമ്പറാക്കിയേക്കാം.
ചുരുക്കിപ്പറഞ്ഞാൽ, പത്തുവർഷങ്ങൾക്കപ്പുറമുള്ള കേരളത്തിന്റെ ആരോഗ്യ-ആതുര രംഗം തീർത്തും ആശങ്കാജനകമാണ്. ആരോഗ്യ രംഗത്തെ കേരളമോഡൽ നഷ്ടപ്പെടുമെന്നതിൽ സംശയമില്ല. പക്ഷേ, പുനഃസ്ഥാപിക്കപ്പെടുന്നത് എത് രീതിശാസ്ത്രമായിരിക്കുമെന്നതിൽ വലിയ ആശങ്കയുമുണ്ട്. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ കുറച്ചുകാണാതെ തന്നെ, പുതിയ വെല്ലുവിളികളെ വസ്തുനിഷ്ഠമായി വിലയിരുത്തി ഭാവി മാർഗങ്ങൾ കണ്ടെത്താൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്. രോഗപ്രതിരോധത്തിന് മുൻഗണന നൽകുകയും പൊതു ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് മാത്രമേ ആരോഗ്യ രംഗത്ത് നാം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനാവൂ. കൂട്ടത്തിൽ, സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് ചെറുകിട ആശുപത്രികളെ ഇല്ലാതാക്കുന്ന ബില്ലുകൾ പരിഷ്കരിക്കപ്പെടുകയും വേണം.
Article about investment of American companies in Kerala medical field