രക്തം തളംകെട്ടി നിൽക്കുന്ന ഒലീവ് തടങ്ങൾ

3 MINUTES READ

ഫലസ്തീനിൽ സമാധാനം, ഗാസയിൽ വെടിനിർത്തൽ തുടങ്ങി പ്രതീക്ഷാനിർഭരമായ തലക്കെട്ടുകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഇതെല്ലാം എത്ര നാൾ എന്ന ആധി മനസ്സിൽ തളംകെട്ടി നിൽക്കുന്നതിൽ അതിശയോക്തിയില്ലെന്ന് ചരിത്രവും വർത്തമാനവും ബോധ്യപ്പെടുത്തുന്നു. യുദ്ധം, ക്ഷമിക്കണം, വംശഹത്യ അവസാനിക്കുന്നേയില്ല. വെടിയൊച്ചകൾ നിലക്കുന്നില്ല. പ്രധാന പേജുകളിൽനിന്നു തലക്കെട്ടുകൾ അവസാന താളുകളിലേക്ക് മാറി എന്നുമാത്രം.

ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നു വിളിക്കപ്പെടുന്ന ഗാസയിൽ ഇസ്‌റായേലിന്റെ ഭീകരതാണ്ഡവം തുടങ്ങിയത് 2023 ഒക്ടോബർ ഏഴിനല്ല എന്ന വസ്തുത ചരിത്രബോധ്യമുള്ള ആർക്കുമറിയാം. സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ ചരിത്രം കൂടിയാണത്. അന്ന് തുടങ്ങിയ ഭീകരമായ വംശഹത്യ രണ്ടു വർഷം പിന്നിടുമ്പോൾ 64500 ലധികം പേർ കൊല്ലപ്പെടുകയും 163000 ലധികം പേർക്ക് പരിക്കേൽക്കുകയും രണ്ടു ദശലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരിൽ 85 ശതമാനത്തിലധികം പേർ സാധാരണക്കാർ. അവരിൽതന്നെ  ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. ഇസ്‌റായേലാക്രമണം സൃഷ്ടിച്ച ആഘാതത്തിന്റെ കനലിൽനിന്ന് അവരെ കൈപിടിച്ചുയർത്താൻ നാമേവരും ഗാസയെ കേട്ടും പറഞ്ഞും എഴുതിയും ഐക്യദാർഢ്യപ്പെടേണ്ടതുണ്ട്.

ഫലസ്തീനിൽനിന്ന് ഇന്നും കേൾക്കുന്ന വാർത്തകൾ ഭീതിജനകമാണ്. പലായനങ്ങളും കൂട്ടക്കുരുതികളും ഭക്ഷണത്തെ ആയുധമാക്കി ഇസ്രയേൽ നടത്തുന്ന നവകോളനിവൽക്കരണത്തിന്റെ സമാനതകളില്ലാത്ത അധിനിവേശ കെടുതികളും ദൈനംദിന യാഥാർഥ്യങ്ങളായിത്തീരുമ്പോൾ, അക്ഷരങ്ങളിലൂടെ, ആശയങ്ങളിലൂടെ, അവരുടെ സ്വപ്‌നങ്ങൾക്കായി, ഓർമകൾക്കായി, കഥകൾക്കായി നമുക്ക് കാതോർക്കാം. ഇപ്പോഴും ചോരവാർന്നുകൊണ്ടേയിരിക്കുന്ന ഗാസയുടെ മുറിവുകൾ, രക്തം തളംകെട്ടിനിൽക്കുന്ന ഒലീവു തടങ്ങൾ ഇവക്കെല്ലാമപ്പുറത്തേക്ക് ജീവിതം തുന്നിപ്പിടിപ്പിക്കാൻ അവർക്കും അവകാശമില്ലേ?! മൂന്നു സ്ത്രീകളിലൂടെ ഗാസ ആക്രമണത്തിന്റെ ഭീകരതയുടെ മുഖം വായിച്ചെടുക്കുകയാണിവിടെ.

ലീൻ നഹാൽ

15 വയസ്സുള്ള ലീൻ അഞ്ച് യുദ്ധങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നിരവധി പലായനങ്ങളും. ഇതിനിടയിൽ ലീനിനു നഷ്മായത് ഉറ്റവരും ഉടയവരും മാത്രമല്ല, മറിച്ച്, വിദ്യാഭ്യാസം, സുഹൃത്തുക്കൾ, കളിസ്ഥലങ്ങൽ തുടങ്ങി ബാല്യകാലങ്ങൾ ഒരു കുട്ടിക്കു സമ്മാനിക്കുന്ന എല്ലാമാണ്. അവയെല്ലാം പണയം വെച്ച് എട്ടുപേരടങ്ങുന്ന ഒരു കൊച്ചു ടെന്റിനകത്ത്, ലോകത്തിൽ പ്രതീക്ഷയർപ്പിച്ച് അവൾ ജീവിതം പറയുന്നു. പുസ്തകങ്ങൾ കെട്ടിപ്പിടിച്ചും കാണാതായ യൂനിഫോമിനെക്കുറിച്ചും ബാഗിനെക്കുറിച്ചുമെല്ലാം സങ്കടം പറഞ്ഞും അവൾ ജീവിക്കുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ടെന്റിലെ ഒരു ബെഞ്ചിലിരുന്ന് നഹാൽ പറഞ്ഞു, എനിക്കൊരു ചരിത്രാധ്യാപികയാവണം. ഗാസയുടെ ചരിത്രവും നിലക്കാത്ത നിലവിളികളുടെ ചരിത്രവും വർത്തമാനവും എനിക്ക് ലോകത്തോട് പറയണം.

തുറയ അൽ ഗൗറാനി

പലായനമാണ് എന്റെ ജീവിതംതന്നെ. ഖാൻ യൂനിസിലെ ഒരു ടെന്റിനകത്തിരുന്ന്, ഓർമകൾ ബാക്കിവെക്കുന്ന ജീവിതം തുന്നിക്കൂട്ടി, നിരാശയുടെ കണ്ണുകളുമായി തുറയ പറഞ്ഞു. 1948 ലെ ഇസ്‌റയേൽ വംശഹത്യ അവർ ഓർത്തെടുത്തു. അൽ ഫലൂജയിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു ഞങ്ങൾ. പെട്ടെന്നായിരുന്നു സൈന്യത്തിന്റെ ആക്രമണം. എല്ലാവരോടും ഓടിരക്ഷപ്പെടാൻ പറഞ്ഞു ഉപ്പ. സ്വന്തമായതെല്ലാം ഇട്ടെറിഞ്ഞ് ഖാൻ യൂനിസിലേക്ക് ഓടിയതാണ് ഞങ്ങളന്ന്. ഇനി തിരിച്ചുപോകുമ്പോൾ ഞങ്ങളുടെ വീട് അവിടെ ഉണ്ടാകുമോ എന്ന ചോദ്യം ഇപ്പോഴും വലിയൊരു ആശങ്കയായി അവരെ വേട്ടയാടുന്നു.

അമാനി അൽ ദെർബി

“സ്‌കോളർഷിപ്പോടുകൂടി ഗവേഷണം നടത്തണം. അതാണെന്റെ സ്വപ്നം.” അമാനിയുടെ വാക്കുകളാണിത്. ഗാസ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ ഒരു സൈക്കോ തെറാപ്പിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു അമാനി. സ്വന്തം ജനതക്കേറ്റ മുറിവുണക്കാൻ സാന്ത്വനമേകിക്കൊണ്ടിരുന്ന അമാനി 2024 മെയ് മാസത്തിൽ ഇസ്‌റയേൽ എയർസ്‌ട്രൈക്കിൽ നാലു മക്കളോടൊപ്പം ഈ ലോകത്താേട് വിടപറഞ്ഞു.

കഥകൾ മാത്രം ബാക്കിവെച്ചവർ.  ഓർമയുടെ താക്കോൽ ഇന്നും സൂക്ഷിച്ചുവെച്ചവർ. പ്രതീക്ഷയുടെ കിരണങ്ങൾക്കായി തുളവീണ ജനൽപാളിയിലൂടെ കണ്ണുംനട്ട് നോക്കി നിൽക്കുന്നവർ. തകർന്നടിഞ്ഞ ജീവിതങ്ങൾക്കും ഒലീവു മരങ്ങൾക്കും വീടുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കും മുകളിലൂടെ വിറക്കുന്ന കാലുകളുമായി നടന്നുനീങ്ങുന്നവർ. തന്റെ കുഞ്ഞിന്റെ വിളി കേട്ടോ എന്ന ആധിയിൽ ധൃതിയിൽ തിരിഞ്ഞുനോക്കുന്നവർ. ഏതു നിമിഷവും തങ്ങളുടെ കഥകൾ അവസാനിച്ചേക്കാം എന്ന തിരിച്ചറിവിൽ കഴിയുന്ന ആ ജനതയുടെ കാവലായി, കഥകൾക്കു കൂട്ടായി, അവരുടെ ശബ്ദമായി, നാവായി അവരോടൊപ്പം നമുക്കും കൂടാം, ഒലീവു മരങ്ങളെപ്പോലെ.

The women’s lens; Palestine stories by Dr. AK Shahina Mol

ഡോ. ഷാഹിന മോൾ

ഗവേഷക, അധ്യാപിക
ഗവേഷക, അധ്യാപിക

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy