പഗോഡകളുടെ നാട്ടിൽ റംസാൻ വിശേഷങ്ങളേറെയാണ്

5 MINUTES READ

കംബോഡിയയിൽ ഞങ്ങൾ താമസിച്ച പ്രദേശത്തെ പ്രമുഖ പള്ളിയായ അൽസെർക്കൽ മസ്ജിദിൽ വച്ച് നോമ്പ് തുറക്കാനായിരുന്നു നമ്മുടെ തീരുമാനം. ഹോട്ടലിൽ നിന്ന് പള്ളിയിലേക്ക് ഒന്നര കി.മീ ദൂരമേ ഉള്ളൂവെങ്കിലും വിദേശികളാണെന്നു മനസ്സിലാക്കിയാൽ യാതൊരു തത്ത്വദീക്ഷയുമില്ലാതെ യു.എസ് ഡോളറിൽ വില പറയുന്ന ടാക്സിക്കാരുടെയും ടുക് ടുക് ഡ്രൈവർമാരുടെയും പകൽകൊള്ളയിൽ നിന്നു രക്ഷ നേടാൻ ഒരു സ്വദേശിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. ഹലാൽ ഹോട്ടലുകൾ കണ്ടെത്താനും ഇംഗ്ലീഷ് സംസാരിക്കുന്ന സ്വദേശികളെ കണ്ടെത്താനുമാണ് പ്നോം പെനിൽ ഏറെ ബുദ്ധിമുട്ടേണ്ടി വന്നത്. കംബോഡിയൻ റിയാലിനു സമാനമായി പ്നോം പെനിൽ യു.എസ് ഡോളറും സ്വീകരിക്കുന്നതിനാൽ ചുരുങ്ങിയത് അഞ്ച് ഡോളർ മുതലാണ് ടുക് ടുക് ഡ്രൈവർമാർ പോലും വിലയിടുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സൈക്കിൾ റിക്ഷയുടെ കംബോഡിയൻ പതിപ്പാണ് ടുക് ടുക്. തായ്ലാൻഡിലും ഇവ വ്യാപകമായി കാണാം. ടുക് ടുക് ഒന്നു കൂടി പരിഷ്കരിച്ചാൽ നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയായി. മോട്ടോ ടാക്സി, ട്രൈസിക്ക്ൾ, റിക്ഷ തുടങ്ങിയ പലപേരുകളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇവ കാണാം. സ്വദേശികളെയാരെയും കണ്ടുമുട്ടിയില്ലെങ്കിലും അൽ സെർക്കൽ മസ്ജിദിലേക്കു ജുമുഅ നിസ്കരിക്കാനായി ഒരുവിധം ഞങ്ങൾ  എത്തിച്ചേർന്നു.

യു.എ.ഇ ബിസിനസ്സുകാരനായ ഈസ ബ്നു നസീർ അൽസെർക്കലിൻറെ സാമ്പത്തിക സഹായത്തോടെ മനോഹരമായ ഒട്ടോമൻ ആർക്കിടെക്ച്ചറിൽ ഒറ്റത്താഴികക്കുടത്തിൽ പണിത അൽസെർക്കൽ കംബോഡിയയിലെ ഏറ്റവും വലിയതും മനോഹരവുമായ പള്ളിയാണ്. 2015 ൽ കംബോഡിയൻ  പ്രധാനമന്ത്രി ഹുൻ സെൻ തന്നെയാണ് ഇത് വിശ്വാസികൾക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തത്. പള്ളിയുടെ അകത്തളം ചാരുതയാർന്ന ഖുർആനിക വചനങ്ങളടങ്ങുന്ന കൊത്തുപണികളാൽ സമൃദ്ധമാണ്. പ്രധാന കെട്ടിടത്തിനു പുറത്ത് ഇരു വശങ്ങളിലുമുള്ള താഴികക്കുടങ്ങളിൽ  ഇമാം ബൂസീരിയുടെ പ്രവാചകാപദാന കാവ്യമായ ബുർദയുടെ പ്രസിദ്ധമായ ഈരടികൾ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്.

ജുമുഅ കഴിഞ്ഞ് നോമ്പു തുറക്കാനുളള സമയത്തിനിടെ സ്വദേശികളായ പലരെയും പള്ളിയിൽ കണ്ടുമുട്ടി. തായ്ലൻറിലും ഇന്തോനേഷ്യയിലും സൗദി അറേബ്യയിലും പഠിക്കുന്ന, ഒഴുക്കോടെ അറബി സംസാരിക്കുന്ന ഒരുപറ്റം സ്വദേശി ചെറുപ്പക്കാരായിരുന്നു ഞങ്ങളെ ഏറെ ആകർഷിച്ചത്.  ഹലാൽ ഹോട്ടലുകൾ കണ്ടെത്താനും മറ്റു പല ആവശ്യങ്ങൾക്കും അവരുടെ സ്നേഹമസൃണമായ സഹകരണം ഞങ്ങളെ അദ്ഭുതപ്പെടുത്തി. കംബോഡിയയിൽ ഇസ്ലാമിക വിദ്യഭ്യാസം സെക്കൻഡറി വരെ മാത്രമേയുള്ളൂ എന്ന യാഥാർഥ്യം ഏറെ വിഷമിപ്പിച്ചെങ്കിലും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ സ്കോളർഷിപ്പിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന നല്ലൊരളവോളം ചെറുപ്പക്കാരുടെ സജീവമായ സാന്നിധ്യം വളരെ ആശ്വാസകരമായിരുന്നു.

കംബോഡിയയിൽ ഏറ്റവുമധികം പള്ളികളുള്ളത് 80 ശതമാനത്തോളം മുസ്ലിംകൾ വസിക്കുന്ന കംപൂങ്ങ് ഛാം എന്ന പ്രദേശത്താണ്. പ്നോം പെൻ സിറ്റിയിൽ വിരലിലെണ്ണാവുന്ന ഏതാനും ജുമുഅ പള്ളികളേ ഉള്ളൂ. അവയിൽ ഏറ്റവും പഴക്കം ചെന്നത് 1813 ൽ നിർമിക്കപ്പെട്ട നൂറുൽ ഇഹ്സാൻ മസ്ജിദാണ്. ഖെമർ റൂഷ് ഭരണകാലത്ത് കേടുപാടുകളൊന്നും സംഭവിച്ചില്ലെങ്കിലും അവരത് ഒരു പന്നി വളർത്തൽ കേന്ദ്രമാക്കി മാറ്റുകയുണ്ടായി. തുടർന്ന് 1990 കളിൽ അത് പൊളിച്ചു നീക്കുകയും കുവൈത്തിൻറെ സഹായത്തോടെ തദ്സ്ഥാനത്ത് പുതിയതൊന്നു നിർമിക്കുകയും ചെയ്തു. പട്ടണത്തിൻറെ ഹൃദയഭാഗത്തുകൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന മെക്കോങ് നദിയുടെ മുകളിലൂടെ സഞ്ചരിക്കുമ്പോൾ ഇരുവശങ്ങളിലും സ്വർണഛായം പൂശിയ പഗോഡകളുടെ ഗോപുരങ്ങളും ഇടക്കിടെ ചില നിസ്കാരപ്പള്ളികളുടെ മിനാരങ്ങളും ചേർന്ന്  നയനഹാരിയായ കാഴ്ചകൾ ഒരുക്കുന്നതു കാണാം.

നോമ്പു തുറക്കുന്നതു വരെയുള്ള സമയം പള്ളിയും പരിസരവും വളരെ സജീവമായിരുന്നു. പ്നോം പെൻ സിറ്റിക്കകത്തും പുറത്തും വസിക്കുന്ന, സാധാരണക്കാരും ഉദ്യോഗസ്ഥരും വിദ്യാർഥികളുമടങ്ങുന്ന ധാരാളം പേർ നോമ്പുതുറക്കായി എത്തിച്ചേരുമെങ്കിലും തറാവീഹിനാണ് കൂടുതൽ ആളുകൾ പള്ളിയിലെത്തുന്നത്. മഗ്രിബ് മുതൽ ഇശാഅ് വരെയുള്ള ഇടവേളയിൽ വിലപിടിപ്പുള്ള ആഡംബര കാറുകൾകൊണ്ട് പള്ളിയങ്കണം നിറയും. അൽസെർക്കൽ മസ്ജിദിൻറെ അണ്ടർഗ്രൗണ്ടിൽ തയ്യാറാക്കിയ വിശാലമായ ഹാളിലാണ് ഞങ്ങൾ നോമ്പു തുറന്നത്. നോമ്പു തുറപ്പിക്കാനും തുറക്കാനും തൊണ്ണൂറു ശതമാനവും ചെറുപ്പക്കാരാണ് മുൻപന്തിയിൽ. മലേഷ്യയിൽ ഏറെ പ്രചാരമുള്ള തായ്ലെൻറിലെ തനത് വിഭവമായ തോം യാം, വിവിധ തരം ജ്യൂസുകൾ, പഴങ്ങൾ, സ്പ്രിംഗ് റോൾ, ചിക്കനും ബീഫും ചേർത്തുണ്ടാക്കിയ അരി വിഭവങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന ഇഫ്താർ വിഭവങ്ങൾ. തറാവീഹ് നിസ്കാരം കഴിയുന്നതു വരെ പള്ളിയുടെ അകവും പുറവുമായി കുട്ടികളും മുതിർന്നവരും നിറഞ്ഞുനിന്നു. വളരെ വിശാലമായ പള്ളിയങ്കണത്തിൽ പന്തു തട്ടിയും സൈക്കിളോടിച്ചും കളിപ്പാട്ടങ്ങൾ നിരത്തിയും കളിക്കുന്ന കുഞ്ഞു ബാല്യങ്ങൾ നമസ്കരിക്കാൻ വരുന്ന ആരുടെയും മനം കവരും. അവരിൽ ബുദ്ധ മതക്കാരും മുസ്ലിംകളും ക്രിസ്ത്യാനികളുമുണ്ട്. നമ്മുടെ നാടുകളിലെ പോലെ സഹിഷ്ണുതയുടെ ആദ്യപാഠങ്ങൾ അവർ അഭ്യസിക്കുന്നത് ഇത്തരം കളിയിടങ്ങളിൽനിന്നു തന്നെയായിരിക്കണം.

95 ശതമാനം ബുദ്ധമത വിശ്വാസികളുള്ള കംബോഡിയൻ ജനത 1.6 ശതമാനം മാത്രമുള്ള മുസ്ലിംകളോടു പുലർത്തുന്ന കലവറയില്ലാത്ത സഹിഷ്ണുത വളരെയധികം അനുകരണീയമാണ്. സർക്കാർതല ജോലി ലഭിക്കണമെങ്കിൽ മതവിശ്വാസികളല്ലെന്ന് രേഖാമൂലം പ്രഖ്യാപിക്കേണ്ട സ്ഥിതിയുള്ള കമ്യൂണിസ്റ്റ് വിയറ്റ്നാമിനും, മുസ്ലിംകളെ ജീവനോടെ ചുട്ടുകൊല്ലുന്ന മ്യാൻമർ ഭരണകൂടത്തിനും കംബോഡിയൻ ബുദ്ധിസ്റ്റ് ജനതയിൽനിന്നും സർക്കാറിൽനിന്നും ഒരുപാട് പഠിക്കാനുണ്ട്.

തറാവീഹ് നമസ്കാരത്തിന് തൊട്ടുമുമ്പാണ് അബൂബക്ർ ഇദ്രീസ് എന്നു പേരുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനെ കണ്ടത്. പട്ടാളക്കാരനായ അദ്ദേഹം പ്രധാനമന്ത്രി ഹുൻ സെന്നിൻറെ സ്വകാര്യ അംഗരക്ഷകരിലൊരാളാണ്. കംബോഡിയയിലെ വ്യക്തിജീവിതത്തെക്കുറിച്ചും മതസ്വാതന്ത്യത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചും പരിദേവനങ്ങളേതുമില്ലാതെയാണ് അദ്ദേഹം സംസാരിച്ചത്. പ്രധാനമന്ത്രിയും സർക്കാറും കംബോഡിയയിലെ ബുദ്ധജനതയും ന്യൂനപക്ഷങ്ങളെ വളരെ മൈത്രിയോടെയാണ് സമീപിക്കാറുള്ളതെന്നും അടുത്ത ദിവസം പ്രധാനമന്ത്രിയുടെ വക രാജ്യത്തെ മുഴുവൻ മുസ്ലിം ഉദ്യോഗസ്ഥർക്കും ഉന്നത വ്യക്തികൾക്കും ഇഫ്താർ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഞങ്ങളോടു സന്തോഷം പങ്കിട്ടു. വസ്ത്രധാരണം, അനുഷ്ഠാനം തുടങ്ങി മതപരമായ എല്ലാ കാര്യങ്ങളിലും സ്വരച്ചേർച്ചയോടെ മുന്നോട്ടു പോകുന്നതിൽ കംബോഡിയൻ ജനത ശ്രദ്ധേയമായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് സ്വദേശികളായ പല സുഹൃത്തുക്കളുടെയും സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

സമാൻ യൂണിവേഴ്സിറ്റിയിലെ കോൺഫ്രൻസ് കഴിഞ്ഞ ശേഷം തുർക്കി ആസ്ഥാനമായി തന്നെ പ്രവർത്തിക്കുന്ന മെക്കോങ്ങ് ഡയലോഗ് ഇൻസ്റ്റിറ്റ്യൂട്ട് (എം.ഡി.ഐ) സന്ദർശിക്കാൻ അവസരമുണ്ടായി. വിവിധ മതസമുദായങ്ങൾക്കിടയിൽ ഐക്യം സാധ്യമാക്കാനും നിലനിർത്താനും വേണ്ടിയുള്ള സ്നേഹ സംവാദങ്ങൾക്കു നേതൃത്വം നൽകുന്ന പൊതുവേദിയാണിത്. കംബോഡിയയിലെ നഗരവൽകൃത ജനതയുടെ, പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ വിഭാഗത്തിൻറെ മൈത്രിയിലധിഷ്ഠിതമായ പൊതുബോധത്തെ നിർണയിക്കാനും വളരെ ക്രിയാത്മകമായി സ്വാധീനിക്കാനും മെക്കോങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട്. അങ്കോർവാട്ട് സന്ദർശിക്കേണ്ടതിനായി തിങ്ങളാഴ്ച വൈകിട്ട് യാത്ര തിരിക്കുമ്പോൾ തീർത്തും അപരിചിതമായ നാട്ടിൽ സഹായ ഹസ്തങ്ങളുമായി വന്ന ഒട്ടനവധി പേരുടെ മുഖങ്ങൾ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച സഫർ; മുസ്ലിം ജീവിതങ്ങളിലൂടെ പല യാത്രകൾ എന്ന പുസ്തകത്തിൽ നിന്ന്)

Cambodian Ramadan memories by Rasheed Hudawi Elamkulam, from the book Safar

സഫർ

എഡിറ്റര്‍: ഫാസിൽ ഫിറോസ്

മുസ്‌ലിം ലോകം എന്നു പൊതുവേ പറയുമെങ്കിലും അതു പല ലോകങ്ങളുടെ സമാഹാരമാണ്. പല ദേശീയതകളിൽ, പല പ്രാദേശികതകളിൽ ലയിച്ചുചേർന്ന മനുഷ്യർ, അവരുടെ ജീവിതം, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, അതിജീവനം. ഈ അടരുകൾ നേരിൽ കാണാൻ അവിടങ്ങളിലേക്ക് യാത്ര പോയവരുടെ കുറിമാനങ്ങളാണ് ഈ പുസ്‌തകം. യാത്ര പകരുന്ന ആശ്ചര്യവും ദിശാബോധവും ഉണർവുമെല്ലാം ഇതിലെ ഓരോ അധ്യായത്തെയും ഒരു സഹയാത്രാനുഭവമാക്കി മാറ്റുന്നു.

ഭൂമിയിൽ ചുറ്റിത്തിരിയുകയാണെങ്കിൽ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും എന്ന ഇമാം ശാഫിഈയുടെ നിരീക്ഷണം ഈ കുറിപ്പുകളിലെല്ലാം ഓരോ നിലക്ക് ചുരുൾ നിവരുന്നുണ്ട്.

റശീദ് ഹുദവി ഏലംകുളം

എഴുത്തുകാരന്‍, അധ്യാപകന്‍
എഴുത്തുകാരന്‍, അധ്യാപകന്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy