ഒരു പുസ്തകപ്രകാശനത്തിന്റെ ഓർമക്ക്

4 MINUTES READ

ആയിരത്തിനാനൂറ് വർഷം മുമ്പ് ഒരു പുസ്തകം പ്രകാശിതമായി. ‘വായിക്കുക’ എന്ന നിർദേശത്തോടെയായിരുന്നു അതിന്റെ തുടക്കം. നീണ്ട സംവത്സരങ്ങളിലൂടെ ഖണ്ഡശ്ശയായിട്ടാണ് ആ പ്രകാശനകർമം നടന്നത്. ഒരു കാലത്ത് അറേബ്യയിലെ മേച്ചിൽപ്പുറങ്ങളിൽ കാലികളെ മേച്ചുനടന്ന ഒരു ഇടയബാലനാണ് അതേറ്റുവാങ്ങിയത്. ഗ്രന്ഥസാരം പൂർണമായി ആത്മാവിൽ ഏറ്റുവാങ്ങിയത് പ്രവാചകനാണ്. അതിലെ ഓരോ വാക്യവും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം വ്യാഖ്യാനിച്ചു. പുസ്തകവും ജീവിതവും പരസ്പരപൂരകങ്ങളായി, അഭേദ്യങ്ങളായി.

അത് വെറുമൊരു കഥാപുസ്തകമോ കാവ്യകൃതിയോ ആയിരുന്നില്ല. കാവ്യാത്മകമായ അതിന്റെ വരികൾ, പ്രകൃതിയെ, പ്രപഞ്ചത്തെ, ജീവിതത്തെ പുതിയൊരു ദിശാബോധത്തോടെ വായിക്കാൻ പ്രേരിപ്പിച്ചു. വായിക്കുക എന്ന് പറഞ്ഞത് ദിവ്യ സൂക്തങ്ങളുടെ വായന മാത്രമായിരുന്നില്ല. വാക്കുകളുടെ വിടവുകളിലും പുറത്തുമുള്ള വായനയും കൂടിയായിരുന്നു. അത് കുത്തഴിഞ്ഞ സാമൂഹിക ജീവിതത്തെ അടുക്കിക്കെട്ടി. അതിനു പുതിയ പരിപ്രേക്ഷ്യം നൽകി. അതും ആ സമൂഹത്തിന് മാത്രമല്ല, ലോകത്തെങ്ങുമുള്ള എല്ലാ സമൂഹത്തിനും വെളിച്ചമായി. ആ കാലഘട്ടത്തിനു മാത്രമല്ല. വരാനിരിക്കുന്ന എല്ലാ കാലത്തിനും വെളിച്ചമായി. അത് മനുഷ്യമനസ്സിനെ വിമലീകരിച്ചു. കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും പുതുനിർവചനങ്ങൾ നൽകി. കുടുംബബന്ധങ്ങൾക്ക്, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങൾക്ക് ഈടുറ്റ ചില പെരുമാറ്റ ചട്ടങ്ങളുണ്ടാക്കി. എല്ലാത്തിനും നിയമങ്ങളും അർഥങ്ങളുമുണ്ടാക്കി. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ജീവിതത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ എല്ലാതലങ്ങളിലും പ്രകാശം പരത്തുവാൻ ഉദ്ദേശിക്കപ്പെട്ട ഒന്നായിരുന്നു ആ പുസ്തകം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ മുഴുവൻ രചിച്ച നാഥൻ, മനുഷ്യവർഗത്തിന് മാർഗദർശകമായി നൽകിയ മറ്റൊരു പുസ്തകം, വിശുദ്ധ ഖുർആൻ.

അതുകൊണ്ടാണ്, വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടതിന്റെ ഓർമക്ക് ലോകമെങ്ങുമുള്ള മുസ്‌ലിംകൾ ഒരു മാസക്കാലം വ്രതമാചരിക്കുന്നത്. ഇതിന്റെ പരിസമാപ്തിയിൽ ഈദുൽഫിത്വർ എന്ന ആഹ്ലാദോത്സവം ആഘോഷിക്കുന്നത്. ചരിത്രത്തിൽ മറ്റൊരു ഗ്രന്ഥത്തിനും ലഭിക്കാത്ത ഭാഗ്യമാണിത്. വേദഗ്രന്ഥത്തിലെ അധ്യാപനങ്ങൾ ജീവിതത്തിലേക്ക് പകർത്തുന്നതിനുള്ള, ആത്മസംസ്‌കരണത്തിനുള്ള പരിശീലനഘട്ടമായി വ്രതാചരണമാസക്കാലം ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു.

മനുഷ്യമനസ്സിന്റെ നിലവറയിൽ, വന്യമൃഗങ്ങൾ എന്നും അലറിക്കൊണ്ടിരിക്കുന്നു. കൂടഴിച്ചുവിട്ടാൽ നമ്മെത്തന്നെ കടിച്ചുകീറുന്ന ശരീരേച്ഛകളുടെ, ഭൗതികാസക്തികളുടെ ഹിംസ്രജന്തുക്കൾ. നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ, നമ്മുടെ ഉള്ളിൽ തന്നെയുള്ള ഈ വന്യജീവികളാണ്. ഇവയെ മെരുക്കിയെടുക്കുവാനുള്ള പാഠങ്ങളാണ് ഖുർആൻ നൽകുന്നത്. പ്രായോഗികമായ മനഃശാസ്ത്രപാഠങ്ങൾ. അനിയന്ത്രിതമായ കാലക്രോധങ്ങളെ, ഭോജനാസക്തികളെ കടിഞ്ഞാണിട്ടുപിടിക്കുവാൻ അവ പഠിപ്പിക്കുന്നു. പകൽ മുഴുവൻ അന്നപാനീയങ്ങൾ വെടിഞ്ഞ് ദൈവോന്മുഖമാകുന്ന മനസ്സ്, തെറ്റായ വിചാരത്തെപ്പോലും പ്രതിരോധിക്കുന്നു. രാവുകളിൽ നീണ്ടുനിൽക്കുന്ന ആരാധനാകർമങ്ങൾ ദൈവവുമായി അവനെ കൂടുതൽ അടുപ്പിക്കുന്നു. മനസ്സിന്റെ സംസ്‌കരണത്തോടൊപ്പം, അത് മനുഷ്യനെ സഹജീവികളോടുള്ള സ്‌നേഹകാരുണ്യങ്ങളാൽ ആർദ്രമാക്കുന്നു. ഇതര മനുഷ്യരുടെ വേദനകളിലും ഇല്ലായ്മകളിലും പങ്കുചേരാൻ പ്രേരിപ്പിക്കുന്നു. സ്വയം വിശപ്പറിയുന്നവർ മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ച് ബോധവാനാകുന്നു. തനിക്കുള്ളതിൽനിന്നു ഇല്ലാത്തവന് കൊടുക്കുന്നവർ സ്വാർഥത്തെ ജയിച്ച്, ത്യാഗം എന്ന വികാരത്തെ മഹത്വപൂർണമാക്കുന്നു.

ഇന്ത്യയെ പോലൊരു ബഹുസ്വരസമൂഹത്തിൽ ജീവിക്കുന്ന മുസ്‌ലിംകൾ, നോമ്പുതുറ തുടങ്ങിയ കർമങ്ങൾ ഇതര സമുദായങ്ങളോടൊപ്പം പങ്കിടുമ്പോൾ, സങ്കുചിതമായ ചിന്തകൾക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെയും സാമുദായികസൗഹാർദത്തിന്റെയും പ്രകാശലോകങ്ങളിലേക്കാണ് വാതിൽ തുറന്നിടുന്നത്. അവിശ്വാസവും സ്പർധയും നുരയുന്ന ഇരുണ്ട മനസ്സുകൾ കഴുകി വെടിപ്പാക്കുകയാണ്. എന്നാൽ, എല്ലാം വാണിജ്യവത്കരിക്കപ്പെടുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ഇഫ്താർ പാർട്ടികൾ പലപ്പോഴും രാഷ്ട്രീയമായ ഉപജാപങ്ങളുടെ വേദികളായി മാറുന്നില്ലേ എന്നു സംശയിക്കപ്പെടുന്നു. ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും വരെ നടത്തുന്ന ഇഫ്താർ പാർട്ടികൾ ഫാഷനുവേണ്ടിയോ വാണിജ്യലാഭത്തിനു വേണ്ടിയോ മാത്രമായി ചുരുങ്ങിപ്പോകുന്നു.

വാലന്റൈൻ ദിനത്തിലും ശിശുദിനത്തിലും ഓണത്തിനും ഒക്കെ ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെ കൈമാറപ്പെടുന്ന ആശംസകൾ, എന്തിനെയും വാണിജ്യോന്മുഖമാക്കുന്ന ഇക്കാലത്തിന്റെ പ്രത്യേകതയാണ്. ആഘോഷാവസരങ്ങളുടെ നൈസർഗികത, ഔപചാരികവും പ്രകടനാത്മകവുമായി മാറുന്നു. സ്വന്തം പേരും ഫോട്ടോയും പത്രങ്ങളിൽ അച്ചടിച്ചുവരുന്നതിനുള്ള വ്യക്തികളുടെ ചപലമോഹങ്ങളെ ഉദ്ദീപിപ്പിച്ച്, ലാഭം കൊയ്യുക മാത്രമാണ് പത്രമുടമകളുടെ ലക്ഷ്യം. ഈദുൽ ഫിത്വർ ആശംസകളും ഇങ്ങനെ വ്യാപാരവത്കരിക്കപ്പെടുകയാണ്. ബീവറേജ് കോർപ്പറേഷന്റെ രസീതുകളിൽ പോലും റമളാൻ ആശംസാസന്ദേശങ്ങൾ അച്ചടിച്ചുവിടുന്ന ഇക്കാലത്ത്, ഇതും സ്വാഭാവികമായി തോന്നാം. കടംവാങ്ങാത്ത വാക്കുകളിൽ പ്രിയപ്പെട്ടവർക്ക് ആശംസാ സന്ദേശങ്ങൾ അയക്കുന്നതിന്റെ ഹൃദയ സൗരഭ്യങ്ങൾ മനസ്സിലാക്കാം. എന്നാൽ അതിനുവേണ്ടി, അനേകായിരങ്ങൾ വായിക്കുന്ന പത്രസ്ഥലം മിനക്കെടുത്തുന്നതിലെ അൽപത്തം മനസ്സിലാകുന്നില്ല.

വ്രതാനുഷ്ഠാനത്തെ അർഥപൂർണമാക്കുന്ന ഒന്നാണ് സകാത് എന്ന നിർബന്ധദാനം. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഈ മഹത്തായ ദാനത്തെയും അതിന്റെ ലക്ഷ്യത്തിൽ നിന്നകറ്റുന്ന പ്രവണതകളാണ് ഇന്ന് കണ്ടുവരുന്നത്. റമളാന്റെ അവസാനദിനങ്ങളിൽ പണക്കാരന്റെ പടിപ്പുരകളിലേക്കിരച്ചുകയറുന്ന പട്ടിണിപ്പരിഷകൾ. സ്ത്രീകളും കുട്ടികളും. ഏതാനും വർഷം മുമ്പ് കോഴിക്കോട്ടെ ഒരു ഹൈടെക് ആശുപത്രി ഉടമ, തന്റെ പ്രതാപം കാണിക്കാൻ നടത്തിയ സകാത് വിതരണം ഉണ്ടാക്കിയ പ്രശ്‌നങ്ങൾ നാം പത്രങ്ങളിൽ വായിച്ചതാണ്. ഈയിടെ സുഡാനിൽ ഒരു കച്ചവടപ്രമുഖന്റെ പടിപ്പുരക്കകത്ത് തടിച്ചുകൂടിയ പട്ടിണിപ്പാവങ്ങളിൽ മുപ്പതിലേറെ പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ബംഗ്ലാദേശിൽനിന്നു ഇതിനുമുമ്പ് ഇത്തരം ഒരു സംഭവം റിപ്പോർട്ടു ചെയ്യുകയുണ്ടായി. സകാതുപോലെ പാവനമായ ഒരു കർമം കുംഭമേളകളാക്കുന്നവർ ആഗ്രഹിക്കുന്നത് തൽക്കാല പ്രശസ്തിയാവാം. യാചന ഒരിക്കലും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. വലതുകൈ കൊണ്ട് നടത്തുന്ന ദാനം, ഇടതുകൈ പോലും അറിയരുതെന്നു പറയുന്നത് അതുകൊണ്ടാണ്. സ്വന്തം ഇല്ലായ്മകളുടെ സങ്കടങ്ങളും ഉള്ളിലമർത്തി, ആരുടെയും മുമ്പിൽ കൈനീട്ടാൻ ആത്മാഭിമാനം അനുവദിക്കാത്ത അനേകലക്ഷം സഹോദരങ്ങൾക്ക് അർഹമായ ദാനമാണ്, കയ്യൂക്കുള്ളവർക്കായി വീതിക്കപ്പെട്ടുപോകുന്നത്. ദാനം അതിന്റെ സ്വകാര്യതയിലാണ് മഹത്വപൂർണമാകുന്നത്. ഒരുത്തന്റെ ഇല്ലായ്മ, അവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുവാൻ നിങ്ങളെ അനുവദിച്ചുകൂടാ. ആസൂത്രിതമായ സകാതുദാനത്തിലൂടെ സമുദായത്തിലെ അധികസമ്പത്ത് വിതരണം ചെയ്യപ്പെടുകയെന്ന സാമൂഹ്യനീതി ഇന്നു വ്യഭിചരിക്കപ്പെടുകയാണ്. അർഹിക്കുന്നവരെ തേടിച്ചെല്ലുകയും അത് കൊട്ടിഘോഷിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ സകാത് സാർഥകമാവുകയുള്ളൂ.

മുപ്പതുനാൾ നീണ്ടുനിന്ന വ്രതനിഷ്ഠകളുടെ പകലറുതിക്കുശേഷം, അതിനു പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുൽഫിത്വറിന്റെ വരവായി. മുപ്പതു ദിവസമല്ല, ആയുഷ്‌കാലം മുഴുവൻ നേരായ വഴി കാണിച്ചുതരുന്ന മഹത്തായ ആ ഗ്രന്ഥം തന്നനുഗ്രഹിച്ചവന് പേർത്തും പേർത്തും നന്ദി പറഞ്ഞു കൊണ്ട് അത് ആഘോഷിക്കാം.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച കളിപ്പാട്ടങ്ങളുടെ രാഷ്ട്രീയം എന്ന പുസ്തകത്തിൽനിന്ന്)

Oru Pusthaka Prakashanathinte Ormakk, Jamal Kochangadi’s write-up on Ramadan and Quran

കളിപ്പാട്ടങ്ങളുടെ രാഷ്ട്രീയം

ജമാൽ കൊച്ചങ്ങാടി

കഥയും തിരക്കഥയും പാട്ടും പഠനവും നാടകവും നോവലുമായി, പലതായി പിരിയുന്ന എഴുത്തുലോകമാണ് ജമാൽ കൊച്ചങ്ങാടിയുടേത്. വക്കാലത്തെടുക്കാൻ വക്താക്കളധികമില്ലാത്തവരുടെ വേദനകൾ അദ്ദേഹം ആവർ ത്തിച്ച് ആവിഷ്കരിക്കും. വിഷയത്തിന്റെ ഓരോ ഇഴയും അഴിച്ചെടുത്ത് കൗതുകജനകമായ സൂക്ഷ്മതയോടെ പരിശോധിക്കും. സാഹിത്യകൃതികളിലെ ഉചിതമായ ഉദ്ധരണികൾകൊണ്ട് പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കും. വൈകാരിക തീവ്രത പകരാൻ പാട്ടുശകലങ്ങളും ചേർക്കും. വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഭാഷയിൽ പറയാനുള്ളത് വളച്ചുകെട്ടില്ലാതെ പറയും. അത്തരം ചില കുറിപ്പുകളുടെ സമാഹാരമാണ് ഈ കൃതി.

ജമാൽ കൊച്ചങ്ങാടി

എഴുത്തുകാരന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍
എഴുത്തുകാരന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy