ഖാജാ സനാഈ ഗസ്‌നവി എന്ന പേരിൽ പ്രസിദ്ധനായ മജ്‌ദൂദ് ബ്ൻ ആദം അഫ്‌ഗാനിസ്‌താനിലെ ഗസ്‌നയിലാണ് ജനിക്കുന്നത്. ജനന വർഷം കൃത്യമായി ലഭ്യമല്ലെങ്കിലും ഹിജ്റയുടെ അഞ്ച്, ആറ് നൂറ്റാണ്ടുകളിലാണ് അദ്ദേഹം ജീവിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. കുട്ടിക്കാലം ഗസ്നയിൽ ചെലവഴിച്ചതിനു ശേഷം ഖുറാസാൻ, ബൽഖ്, ഹെറാത്ത്, നൈസാബൂർ, മക്ക തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും അവസാനം ഗസ്‌നയിലേക്ക് തിരിച്ചു വന്ന് അവിടെവച്ച് മരിക്കുകയും ചെയ്തു.
ആദ്യ കാലത്ത് അലാഉദ്ദൗല, യമീനുദ്ദൗല തുടങ്ങിയ രാജാക്കന്മാരുടെ കൊട്ടാരക്കവിയായിരുന്നു. അവരെ പുകഴ്ത്തിക്കൊണ്ട് കവിതകൾ രചിച്ചിട്ടുണ്ട്. പിന്നീട് ഭൗതികതയോടും രാജാധിപത്യത്തോടും വിരക്തി തോന്നുകയും തസ്വവുഫിൻ്റെ മാർഗത്തിൽ പ്രവേശിക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ സനാഇയുടെ കവിതകളെ രണ്ട് ഘട്ടങ്ങളായി ചരിത്രകാരന്മാർ തിരിക്കുന്നുണ്ട്; രാജാക്കന്മാരെ പുകഴ്ത്തിക്കൊണ്ടുള്ള കവിതകളും തനി ആധ്യാത്മിക കവിതകളും. ഏഴോളം കവിതാപുസ്‌തകങ്ങൾ സനാഇയുടേതായുണ്ട്. ഹദീഖത്തുൽ ഹഖീഖ, സൈറുൽ ഇബാദ് ഇലൽ മആദ്, ത്വരീഖുത്തഹ്‌ഖീഖ്, ഇശ്ഖ് നാമ. അഖ്ൽ നാമ, ഗരീബ് നാമ, കാർ നാമ എന്നിവയാണവ. ഇവയിൽ ഏറ്റവും പ്രസിദ്ധമായ മസ്‌നവിയാണ് ഹദീഖത്തുൽ ഹഖീഖ വ ശരീഅതുത്ത്വരീഖ എന്ന ഗ്രന്ഥം.
ഹദീഖത്തുൽ ഹഖീഖ
ഗസ്നവി ഭരണാധികാരിയായിരുന്ന ബഹ്‌റാംശായുടെ പേരിലാണ് ഈ മസ്‌നവി എഴുതിയത്. പത്ത് അധ്യായങ്ങളിലായി പതിനൊന്നായിരത്തോളം വരികളാണുൾക്കൊള്ളുന്നത്. ഹി. 525 ലാണ് ഈ ഗ്രന്ഥം എഴുതിത്തീർത്തത്. ഹംദ് (സ്‌തുതി), നഅ്ത്ത് (പ്രവാചക പ്രകീർത്തനം), അഖ്ൽ (ബുദ്ധി), മഅ്രിഫത്ത് (ജ്ഞാനം), ഇശ്ഖ് (സ്നേഹം) ഇങ്ങനെ പോകുന്നു അധ്യായങ്ങൾ. ഗ്രന്ഥം എഴുതിക്കഴിഞ്ഞതിനു ശേഷം സനാഇ തന്നെ അതിൽനിന്നുള്ള ആയിരം കവിതകൾ തെരഞ്ഞെടുക്കുകയും ലത്വീഫത്തുൽ ഇർഫാൻ എന്ന പേരിൽ സ്വതന്ത്ര കൃതിയായി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുവിലേക്ക് പാദങ്ങൾകൊണ്ട് സഞ്ചരിച്ചെത്താൻ സാധ്യമല്ല. അങ്ങോട്ടെത്തേണ്ടത് ഹൃദയത്തിൻ്റെ തെളിച്ചംകൊണ്ടാണ്. കാപട്യം, സത്യനിഷേധം എന്നീ വിശേഷണങ്ങൾകൊണ്ട് തുരുമ്പ് പിടിച്ച ഹൃദയത്തെ യഖീൻ (ദൃഢത) കൊണ്ട് സ്‌ഫുടം ചെയ്യണം. ദീൻ (മത വിധി) അനുസരിച്ച് ജീവിക്കുമ്പോഴാണ് യഖീൻ ലഭിക്കുന്നത്. ഇങ്ങനെ അല്ലാഹുവിലേക്കെത്താനുള്ള മാർഗങ്ങൾ വിവരിക്കുന്നു സനാഇ. ഭൗതിക ലോകം വെടിയുകയെന്നതാണ് പരലോകത്ത് രക്ഷപ്പെടാനുള്ള മാർഗം. രണ്ടും ഒരുമിച്ചു കൊണ്ടുപോകാൻ സാധ്യമല്ല. സ്വഭാവ സംസ്കരണത്തിനാവശ്യമായ നിരവധി തത്ത്വോപദേശങ്ങൾ കൊണ്ട് സമ്പന്നമാണ് ഹദീഖത്തുൽ ഹഖീഖ. കേവല കവിതയെന്നതിനപ്പുറം ഒരു സ്വഭാവ സംസ്‌കരണ ഗ്രന്ഥമായും ഹദീഖയെ വിലയിരുത്താവുന്നതാണ്.
ത്വരീഖുത്തഹ്ഖീഖ്
ഹദീഖത്തുൽ ഹഖീഖയുടെ അതേ ശൈലി സ്വീകരിച്ച തൊള്ളായിരത്തോളം വരികളുൾക്കൊള്ളുന്ന ഗ്രന്ഥമാണിത്. ഹി. 528 ലാണ് ഇത് എഴുതിപ്പൂർത്തിയാക്കിയതെന്ന് ഗവേഷകർ പറയുന്നു. അല്ലാഹുവിന്റെ മഹത്വവും സൃഷ്ട്‌ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധവുമാണ് വിഷയം. പാവങ്ങളുടെ കൂടെയാണ് അല്ലാഹു ഉണ്ടാവുക. സർവവ്യാപിയാണെങ്കിലും തപ്‌ത ഹൃദയരോടൊപ്പമാണ് അല്ലാഹുവിന്റെ താമസം.
ഗർചെ ബീ ജാ ഒ ബീ മകാൻ അസ്ത്ത് ഊ
സാകിനെ ദിലെ ശികസ്‌ത് ഗാനസ്ത്ത് ഊ
(സ്ഥല കാലങ്ങൾക്കതീതനാണെങ്കിലും തപിക്കുന്ന
ഹൃദയങ്ങളാണ് അല്ലാഹുവിന്റെ വാസസ്ഥലം
അല്ലാഹുവിൻ്റെ മഹത്വത്തിനു മുന്നിൽ എല്ലാം നിഷ്‌ഫലമാണ്)
ഹമ ഗർദൻ നിഹാദ ഹുക്മ് തുറാ
ദം കെ യാദ് സദൻ സ ചൂൻ ഒ ചിറാ
(എല്ലാവരും നിൻ്റെ വിധിക്കു മുന്നിൽ തല കുനിക്കുന്നു
എന്ത്, എങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല
മനുഷ്യൻ്റെ മഹത്വവും ആ മഹത്വത്തിൽനിന്ന്
നാം അശ്രദ്ധരാകുന്നതിലുള്ള വേദനയും പങ്കുവക്കുന്നു)
ഖാക് ബൂദ് തുറാ മുകർറം കർദ്
സാൻ പസത് ജൽവയെ ദൂ ആലം കർദ്
അസ് ഹമ മിഹ്‌തർ ആഫ്‌രീദ് തുറാ
ഹർചെ ഹസ്തത് അസ് ഹമ ഗസീദ് തുറാ
(മണ്ണായിരുന്ന നിന്നെ അല്ലാഹു അനുഗ്രഹിച്ചു
ഇരുലോകത്തിൻ്റെയും പ്രകാശമാക്കി മാറ്റി
എല്ലാ സ്യഷ്‌ടികളെക്കാളും ഉൽകൃഷ്‌ട സ്യഷ്ടിയായി നിന്നെ പടച്ചു
ലോകത്തുള്ള മുഴുവൻ വസ്തുക്കളെ ക്കാളും പ്രാധാന്യം നിനക്ക് നൽകി
പക്ഷേ, ഈ സത്യം മനുഷ്യന് തിരിച്ചറിയാൻ സാധിക്കുന്നില്ല)
തൂ ബി ഖീമത്ത് വറായെ ദൂ ജഹാനി
ചി കുനം ഖദ്ന്റെ ഖുദ് നമീ ദാനി
ഈൻ ഹമ ഇസ്സത്ത് ഒ ശറഫ് കെ തുറാ അസ്ത്
തൂ സ ഖുദ് ഗാഫിലീ അസീം ഖതാ അസ്ത്
(നിൻ്റെ സ്ഥാനം ഇരുലോകങ്ങൾക്കും അപ്പുറത്താണ്
പക്ഷേ, എന്ത് ചെയ്യാൻ! സ്വന്തം വലുപ്പം തിരിച്ചറിയാൻ നിനക്ക് സാധിക്കുന്നില്ലല്ലോ
ഈ സ്ഥാനങ്ങളൊക്കെയുണ്ടായിട്ടും അശ്രദ്ധനായിരിക്കൽ മഹാ പാപമാണ്)
സൈറുൽ ഇബാദ് ഇലൽ മആദ്
ഹദീഖയുടെ ശൈലിയിൽതന്നെ എഴുതിയ എഴുന്നൂറ്റി എഴുപത് വരികളുൾക്കൊള്ളുന്ന ഗ്രന്ഥം. ആശയസമ്പുഷ്‌ടതയിൽ ഹദീഖയെ വെല്ലുന്ന കൃതിയാണ് ഇതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ സഈദ് നഫീസി അഭിപ്രായപ്പെടുന്നു. മനുഷ്യനെ നശിപ്പിച്ചു കളയുന്ന അസൂയ, പക, ലുബ്‌ധത, അലച്ച തുടങ്ങിയ ദുഃസ്വഭാവങ്ങളുടെ അപകടം മനോഹരമായ ഉദാഹരണങ്ങളിലൂടെ വിവരിക്കുന്നു. ആത്മിക സഞ്ചാരത്തിൻ്റെ വിവിധ ഘട്ടങ്ങളും സഞ്ചാരികളുടെ ഇനങ്ങളും ചർച്ച ചെയ്യുന്നു. സഞ്ചാരത്തിനിടയിലെ പ്രയാസങ്ങളും ദുർഘടമായ വഴിയുടെ അവസ്ഥയും വരച്ചുകാട്ടുന്നു:
മൻ ബി മാന്ദ ദരീൻ മിയാൻ മൗഖൂഫ്
മഖ്‌സദ് ദൂർ ഒ രാഹെ നീക് മഖൂഫ്
ഖാനെ പുർ ദൂദ് ഒ ദീദഗാൻ പൂർ ദർദ്
രാഹ് പൂർ തൈഗ് ഒ തീർ ഒ മൻ നാ മറദ്
നീ മറാ ഇൽമ് ഒ ഇജ്‌തിഹാദീ ബുദ്
ന ബർ ഈൻഹാം ഇഅ്‌തിമാദീ ബുദ്
(ഈ വഴിയിൽ ഞാൻ ഏകാന്തനായിരിക്കുന്നു
ലക്ഷ്യം എത്രയോ അകലെയും വഴി അതീവ ദുർഘടവുമാണ്
മുള്ളുകളും പ്രയാസങ്ങളും നിറഞ്ഞ
വഴിയിലെ യാത്രക്കാരൊക്കെ പരിഭ്രമചിത്തരാണ്
ഈ വഴിയിൽ സഞ്ചരിക്കാനുള്ള ശക്തി എനിക്കില്ല
അറിവും അന്വേഷണവും എനിക്ക് കുറവാണ്.)
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച പേര്‍ഷ്യന്‍ സാഹിത്യത്തിലെ നിറവസന്തങ്ങള്‍ എന്ന പുസ്തകത്തില്‍നിന്ന്)
A Chapter on Persian poet Hakim Sanai, from the book Persian Sahithyathile Niravasanthangal, written by AP Musthafa Hudawi Aroor