രാവുറങ്ങാത്ത പൗരാണിക നഗരങ്ങള്‍

11 MINUTES READ

കൗതുകം അനുഭൂതിയായും അനുഭവവേദ്യമായ സന്ദേഹമായും പരിണമിക്കുന്ന യാത്രകള്‍ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ. നിറഞ്ഞ സ്വസ്ഥതയോടെയല്ലാതെ ഒരു നാടും നഗരവും കണ്ടനുഭവിക്കുമ്പോള്‍ അതിലെത്രത്തോളം ജിജ്ഞാസയുണ്ടാവും എന്ന ആശങ്ക ആദ്യമേയുണ്ടായിരുന്നു. ലഖ്‌നൗവും അയോധ്യയും ബനാറസുമടക്കം ഉത്തരേന്ത്യയിലെ പൗരാണിക പ്രമുഖമായ നഗരങ്ങളിലൂടെ കേട്ടും വായിച്ചും മനനം ചെയ്തും അറിഞ്ഞ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യാത്ര ചെയ്തത്. അലിഗഢില്‍ ഉപരിപഠനമാരംഭിച്ചതു മുതല്‍ ഉത്തരേന്ത്യന്‍ ദീര്‍ഘയാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. നാട്ടിലായിരുന്നപ്പോഴുണ്ടായിരുന്ന മുന്‍ധാരണകളൊക്കെ അലീഗഡ് കാലമാണ് തിരുത്തിയതും നവീകരിച്ചതുമെല്ലാം. യാത്രകളാണല്ലൊ ഗ്രൗണ്ട് റിയാലിറ്റിയിലേക്ക് എത്തിക്കുന്നത്.

മുഹമ്മദ് അസദിന്റെ ‘The Road To Mecca’ യാണ് ആദ്യകാല വായനകളില്‍ യാത്രകളെ കുറിച്ച് മാസ്മരികമായ കാഴ്ചപ്പാടുകള്‍ പകര്‍ന്ന് തന്നത്. പിന്നെ പൊറ്റക്കാടിന്റെ രചനകളും തെളിച്ചം മാസികയുടെ പ്രത്യേക പതിപ്പ് ‘മാപ്പിളയുണ്ടായ യാത്രകള്‍’, പോള്‍ തെറോയുടെ ദ ഗേറ്റ് റെയില്‍വേ ബസാറുമെല്ലാം ദേശാന്തര യാത്രകളെക്കുറിച്ച് കാമ്പുള്ള ഉള്ളറിവുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നാടിന്റെ കാഴ്ചകളിലേക്ക്, രുചികളിലേക്ക്, അവിടത്തെ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് വെറുമൊരു സഞ്ചാരിയുടെ മനസ്സിനപ്പുറം നമ്മള്‍ നടക്കാനിറങ്ങുമ്പോള്‍ അതൊരു വിനോദയാത്ര മാത്രമല്ലാതാകും.

നോര്‍ത്ത് ഇന്ത്യയിലെ ഓരോ യാത്രയും സാംസ്‌കാരികമായ ഔന്നത്യത്തിന്റെ അവശേഷിപ്പുകളെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ച്ചകള്‍ സമ്മാനിച്ചിട്ടുണ്ട്. തുഗ്ലക്കരും ഖില്‍ജിയും മുഗളരും നവാബുമാരുമെല്ലാം പണിത പൗരാണിക നഗരങ്ങളുടെ പൈതൃകവും സാംസ്‌കാരികതയും തീര്‍ക്കുന്ന മാന്ത്രികതയും, ഗാന്ധിജിയും നെഹ്‌റുവും ആസാദും അംബേദ്കറും ഗാലിബും ബഹാദുര്‍ ഷാ സഫറും കിനാവ് കണ്ട ഇന്ത്യയുടെ സംസ്‌കൃതിയും അനിര്‍വചനീയമാണ്. അതുകൊണ്ട് അനുഭവങ്ങള്‍ തേടിയിറങ്ങുന്നവര്‍ക്കും മനുഷ്യരെ കാണാന്‍ യാത്ര തിരിച്ചവര്‍ക്കും ഹൃദ്യമായ അനുഭവങ്ങളാണ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍.

ലഖ്‌നൗവിലാണ് ആദ്യമെത്തിയത്. ഒരു ശരാശരി ഉത്തരേന്ത്യന്‍ നഗരത്തിന്റെ എല്ലാ മുഷിപ്പിക്കുന്ന കാഴ്ചകളും ലഖ്‌നൗവിലുമുണ്ട്. സാംസ്‌കാരിക ധാരാളിത്തത്തിന്റേയും ദൈന്യതയാര്‍ന്ന മനുഷ്യ ജീവിതങ്ങളുടേയും നേര്‍ചിത്രങ്ങള്‍ തെരുവുകളില്‍ തന്നെയുണ്ട്. നവാബുമാര്‍ പടുത്തുയര്‍ത്തിയ ചരിത്രസൗധങ്ങള്‍ തന്നെയാണ് ലഖ്‌നൗവിന്റെ പ്രധാന ആകര്‍ഷണം. നവാബി പാരമ്പര്യത്തിന്റെ പ്രൗഢിയും പ്രതാപവും തുടികൊള്ളുന്ന സമുച്ചയങ്ങളും മന്ദിരങ്ങളും സൗധങ്ങളും സ്മാരകങ്ങളുമാണ് കാര്യമായിട്ടുള്ളത്. മുഗളന്മാര്‍ വഴിയൊരുക്കിയ അപാരമായ വാസ്തുവിദ്യാ വിസ്മയങ്ങള്‍ക്ക് സമാനമായിട്ടാണ് ലഖ്‌നൗ എനിക്ക് അതിശയോക്തിയായി മാറിയത്. ഹുസൈനാബാദും ആമിനാബാദും അനിര്‍വചനീയമായ പൈതൃകം പേറുന്ന റൂമി ദര്‍വാസയും ശിയാ മുസ്‌ലിംകള്‍ പടുത്തുയര്‍ത്തിയ ബൃഹത് സമുച്ചയങ്ങളായ ബഡാ ഇമാംബാരയും ചോട്ടാ ഇമാംബാരയും അനുബന്ധ മസ്ജിദുകളും ഉദ്യാനങ്ങളും വിക്ടോറിയന്‍ വാസ്തുവിദ്യയില്‍ നിര്‍മിച്ച ക്ലോക്ക് ടവറുകളുമെല്ലാം മുസ്‌ലിം ആര്‍ക്കിടെക്ചറിന്റെ നിസ്തുലമായ പ്രതാഭസങ്ങളാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇവയുടെയെല്ലാം നിര്‍മിതിയും.

നവാബുമാരുടെ രുചി ദര്‍ബാറുകള്‍ അപാരമായിരുന്നു. രാത്രി വൈകിയും സജീവമാവുന്ന തെരുവുകച്ചവടങ്ങളും ലഖ്‌നൗ സിഗ്‌നേച്ചറുള്ള ഫുഡ് സ്ട്രീറ്റുകളുമുണ്ടിവിടെ. അത് പക്ഷേ, ഹുസൈനാബാദിന്റെ മാത്രം സവിശേഷതയല്ല, ഡല്‍ഹിയടക്കം ഒട്ടുമിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളും അങ്ങനെയാണ്. ഭക്ഷണത്തിലും തെരുവിലും അലിഞ്ഞ് ചേരുന്നത് അവരുടെ കള്‍ച്ചറിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ടാണ് ലഖ്‌നൗവിനോളം പ്രശസ്തിയുള്ള ഇദ്രീസ് ബിരിയാണിയും തുണ്ടേ കബാബും ഇന്നും ഭക്ഷണ പ്രേമികളുടെ ഇഷ്ട സ്‌പോട്ടായി നിറഞ്ഞുനില്‍ക്കുന്നത്. രണ്ടും പതിനെട്ടാം നൂറ്റാണ്ടില്‍ ലഖ്‌നൗ നവാബുമാര്‍ തുടങ്ങിവെച്ചതാണ്.

അതിനപ്പുറം താഴ്‌വരകള്‍, ധാബകള്‍, ദര്‍ഗകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, ഗുരുദ്വാരകള്‍, ധര്‍മശാലകള്‍, മൊണാസ്ട്രികള്‍, പള്ളികള്‍, കോട്ടകള്‍, ചരിത്രസ്മാരകങ്ങള്‍, ഫാക്ടറികള്‍, പുഴകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍, പലതരം ഭക്ഷണങ്ങള്‍, രാത്രി പന്ത്രണ്ട് മണിക്കും ഉറങ്ങാത്ത തെരുവുകള്‍, നവാബുമാര്‍ ധ്യാനമിരുന്ന പര്‍ണശാലകള്‍, വഴിയമ്പലങ്ങള്‍, അതുല്ല്യമായ ആര്‍കിടെക്ച്ചറുകള്‍, ചന്ദനം മണക്കുന്ന വഴിയോരങ്ങള്‍, നടന്നു തീരാത്ത പാതകള്‍, നവാബുമാരുടെ രുചിദര്‍ബാറുകള്‍, തെരുവുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം പതിഞ്ഞ കാലൊപ്പുകള്‍ അങ്ങനെ ചരിത്രത്തിന്റെ തലയെടുപ്പുള്ള അടയാളപ്പെടുത്തല്‍ തന്നെയാണ് ലഖ്‌നൗ. യഥാര്‍ഥത്തില്‍, ഓരോ യാത്രകളും കാലങ്ങള്‍ക്ക് മുന്നേ കണ്ട കിനാവുകളുടെ വിളവെടുപ്പ് കൂടിയാണ്. അതുകൊണ്ടാവണം വഴിയറിയാത്ത ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നതും അപരിചിതരായ മനുഷ്യരോട് സംസാരിക്കുന്നതും അവരെ കേള്‍ക്കുന്നതും രുചിയറിയാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും എംബോഡീഡ് അനുഭൂതിയായി മാറുന്നത്.

അയോധ്യയില്‍ ട്രെയിനിറങ്ങുമ്പോള്‍ തന്നെ ചെറുതല്ലാത്ത പേടിയുണ്ടായിരുന്നു. ലഖ്‌നൗവും വാരാണസിയും കഴിഞ്ഞാണ് അയോധ്യയിലേക്ക് പോയത്. കൂടെ അലീഗഢിലെ സുഹൃത്തുക്കളുമുണ്ട്. നിസ്‌കാരം ഒരുമിച്ചാക്കാന്‍ തീരുമാനിച്ചത് വലിയ ആശ്വാസമായി തോന്നിയത് അയോധ്യയിലെത്തിയപ്പോഴാണ്. കിലോമീറ്ററുകള്‍ നടന്നിട്ടും നിസ്‌കാര യോഗ്യമായ ഒരു സ്ഥലം പോലും കാണാന്‍ പറ്റിയില്ല. റെയില്‍വേ സ്റ്റേഷനില്‍ അടക്കം പബ്ലിക്ക് സ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നത് അത്ര സുരക്ഷിതമായും തോന്നിയില്ല.

അയോധ്യയില്‍ തീവ്രഹിന്ദുത്വ സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ പറ്റി ഹര്‍ഷ് മന്ദറിന്റെയും രാം പുരിയാനിയുടെയുമൊക്കെ ലേഖനങ്ങളില്‍ വായിച്ചത് ഓര്‍മയിലുണ്ടെങ്കിലും മനസ്സുകൊണ്ട് ഉള്‍കൊണ്ടത് അതനുഭവിച്ചപ്പോഴാണ്. ഒരു വല്ലാത്ത ആംബിയന്‍സ് അവിടെ ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രാമജപങ്ങളും അമ്പലങ്ങളും കാഷായവുമാണ് എവിടെയും. ട്രെയിന്‍ ഇറങ്ങിയിടത്ത് നിന്ന് ബാബരി ഉണ്ടായിരുന്ന സ്ഥലത്തേക്ക് ഒരു നാലര കിലോമീറ്ററുണ്ട്. ഓരോ നൂറ് മീറ്ററിലും ചുരുങ്ങിയത് രണ്ട് അമ്പലങ്ങളെങ്കിലുമുണ്ടാവും. സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ആശുപത്രികളിലും കടകമ്പോളങ്ങളിലും പൊതുസ്ഥാപനങ്ങളിലുമെല്ലാം ബിംബങ്ങളും തോരണങ്ങളും രാമജപങ്ങളുമുണ്ട്. മൊത്തത്തില്‍ എവിടെയും ഒരു കാഷായ മയം.

അയോധ്യ ജംഗ്ഷന്‍, അയോധ്യ കാന്റ് തുടങ്ങി അയോധ്യ സിറ്റിയിലെ റെയില്‍വേ സ്റ്റേഷനുകളൊക്കെ അക്ഷരംപ്രതി മിനി ക്ഷേത്രങ്ങളാണ്. റെയില്‍പാളം ഉള്ളതുമാത്രമാണ് വ്യത്യാസം. പൊതു സംവിധാനങ്ങളെല്ലാം ഒരു തരം ഭ്രമത്തിലാണ്. ദി വയര്‍ എഡിറ്ററുടെ വാക്കുകളൊക്കെ മനസ്സിലിങ്ങനെ തെളിഞ്ഞുവന്നു. കേട്ടതും വായിച്ചതുമൊക്കെ നേരിട്ട് കാണുമ്പോഴുള്ള ഒരു അന്ധാളിപ്പുമുണ്ടായിരുന്നു. അതിനിടയില്‍ ഉച്ചഭക്ഷണത്തിന് ഒരു ഹോട്ടലില്‍ കയറി നോണ്‍ വെജ് ചോദിച്ചത് അബദ്ധമാവുകയും ചെയ്തു.

നാലര കിലോമീറ്റര്‍ നടന്ന് പലഘട്ടങ്ങളിലായുള്ള സുരക്ഷാ പരിശോധനകളും കഴിഞ്ഞ് അവസാനം ബാബരിയുടെ താഴികക്കുടങ്ങള്‍ തകര്‍ന്നുവീണ ഭാഗത്തെത്തി. അവിടെയും കര്‍ശന സുരക്ഷാ പരിശോധന കഴിഞ്ഞുവേണം ഉള്ളിലേക്ക് പ്രവേശിക്കാന്‍. ആദ്യം ദേഹപരിശോധന. മൊബൈല്‍ ഫോണോ ക്യാമറയോ ലഗേജോ ഒന്നും അനുവദനീയമല്ല. വാച്ചും ബെല്‍റ്റും ഉള്‍പ്പെടെയുളള മെറ്റല്‍ ഉപകരണങ്ങളും വിലക്കിയിരുന്നു. പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ‘രാമജന്മഭൂമി’യിലേക്ക് കടക്കാനുളള എല്ലാ വഴികളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. ഉള്ളില്‍ കടന്നപ്പോള്‍ അത്യാധുനിക സംവിധാനങ്ങളോടെ രാമക്ഷേത്ര നിര്‍മാണം നടക്കുന്നത് കണ്ടു. നിര്‍മാണം നടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലത്തിന്റെ പല ഭാഗങ്ങളും നടന്നുകണ്ടു. പള്ളിയുടെ അവശേഷിപ്പുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഒരാള്‍ക്കു നടന്നുപോകാന്‍ കഴിയുംവിധം ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് മറച്ച നടപ്പാത. ആ കമ്പിക്കൂടിന്റെ അകത്തൂടെ നടന്നുവേണം കാണാന്‍.

ആ മണ്ണിലൂടെ നടക്കുമ്പോള്‍ അറിയാമായിരുന്നു, ചവിട്ടി നടക്കുന്ന വഴികളിലാണ് ബാബരിയുടെ ഗന്ധമുള്ളതെന്ന്. തൊണ്ണൂറുകളില്‍ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍സേവയുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ അന്തരീക്ഷമാണെന്ന്. ഒരു വല്ലാത്ത നിര്‍വികാരതയോടെയാണ് ആ പ്രദേശം മുഴുവനും നടന്നുകണ്ടത്. പത്രത്തിലും പുസ്തകങ്ങളിലും വായിച്ചും കേട്ടും മാത്രമറിഞ്ഞ ഭൂമി. പഠനകാലത്ത് അറ്റമില്ലാത്ത അന്തിചര്‍ച്ചകള്‍ നടത്തിയ വിവാദ ഭൂമിക. പക്ഷേ, ബാബരിയെ കുറിച്ച് വായിച്ച കൃതികളില്‍നിന്നും പ്രബന്ധങ്ങളില്‍നിന്നും ലഭിക്കാത്ത പലതും ആ അന്തരീക്ഷം നേരിട്ടനുഭവിച്ചപ്പോള്‍ കിട്ടി. തീവ്രഹിന്ദുത്വത്തിന്റെ ഐഡിയോളജി ചര്‍ച്ച ചെയ്ത ഡസന്‍ കണക്കിന് സെമിനാറുകളിലിരുന്നിട്ടും ഉള്‍ക്കൊള്ളാനാവാത്ത പലതും അയോധ്യയിലെ മനുഷ്യരെ കണ്ടപ്പോഴും ഗ്രാമങ്ങളിലൂടെ നടന്നപ്പോഴും ആ നാടിന്റെ തുടിപ്പുകളില്‍ ഉള്‍ചേര്‍ന്നപ്പോഴും മനസ്സിലാക്കാനായി. അല്ലെങ്കിലും ചില വസ്തുതകളങ്ങനെയാണ്. തലച്ചോറുകൊണ്ട് നമ്മളെത്ര മനസ്സിലാക്കിയാലും മനസ്സുകൊണ്ട് ഉള്‍ക്കൊള്ളണമെങ്കില്‍ ചിലപ്പോള്‍ ഗ്രൗണ്ട് റിയാലിറ്റി നേരിട്ടറിയേണ്ടിവരും. അയോധ്യ അങ്ങനെയൊരു അനുഭവമായിരുന്നു. ആ നാടും നഗരവും അവിടുത്തെ മനുഷ്യരും ഗ്രാമങ്ങളും അന്തരീക്ഷവുമെല്ലാം ചില കാര്യങ്ങള്‍ പറയാതെ പറയുന്നതായി തോന്നി.

1992 ഡിസംബര്‍ 6 ന് ബാബരി തകര്‍ക്കപ്പെട്ടശേഷം അയോധ്യ പുകയുകയായിരുന്നു. ആ പുകച്ചിലിന്റെ തീവ്രത അയോധ്യയുടെ അന്തരീക്ഷത്തില്‍ ഇപ്പോഴുമുള്ള പോലെ തോന്നി. കലാപസമാനമായ അവസ്ഥകളെ പലവട്ടം അതിജീവിച്ച ജനതയാണ് അയോധ്യയിലേത്. രണ്ടായിരത്തിലധികം മനുഷ്യരുടെ രക്തം വീണ മണ്ണാണ്. മതം വിഭാഗീയ രാഷ്ട്രീയത്തിലും രാഷ്ട്രീയം വര്‍ഗീയതയിലും ഉപാധികളില്ലാതെ സംലയിക്കുമ്പോള്‍ വര്‍ക്കൗട്ടാവുന്ന കെമിസ്ട്രിയാണ് അയോധ്യയിലെ മണ്ണിലും അന്തരീക്ഷത്തിലും, ആ നാട്ടുകാരുടെ ചിന്തയിലും മനസ്സിലും. അതിനിപ്പോഴും ഒരു മാറ്റവുമുള്ളതായി തോന്നിയില്ല. ഒരുതരം വികാരത്തിനടിമപ്പെട്ട നാടും നഗരവും ജനതയും. മോദി രാമക്ഷേത്രത്തിനായി കരുക്കള്‍ നീക്കിയ സമയത്ത് രാംപുരിയാനി ദി ഹിന്ദുവില്‍ പങ്കുവെച്ച ധാരണ പ്രസക്തമാണ്; ‘കൊമേഴ്ഷ്യല്‍ ഹിന്ദുത്വതിന്റെ വിപണനമേളയുടെ കാഹളം മുഴക്കലാണിത്.’

പോസ്റ്റ് കൊളോണിയല്‍ ചരിത്രത്തില്‍ തന്നെ ഇന്ത്യയില്‍ ഇത്രമേല്‍ വിശകലന വിധേയമാക്കപ്പെട്ട ബാബരി ഡിസ്‌കോഴ്‌സില്‍ സമഗ്രമായ കൃതികളോ തിസീസ് വര്‍ക്കുകളോ കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് ബാബരിയെ സംബന്ധിച്ച് എന്നെ അതിശയോക്തിപ്പെടുത്തിയ മറ്റൊരു കാര്യം. ചരിത്ര പണ്ഡിതനായ സുഷീല്‍ ശ്രീവാസ്തവയുടെ ‘The Disputed Mosque A Historical Inquiry’ എന്ന കൃതിയാണ് ഇതില്‍ അപവാദം. അതിന്റെ കോപ്പി നിലവിലുണ്ടോ എന്നറിയില്ല. 1991 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പേരില്‍ സുഷീല്‍ ശ്രീവാസ്തവ പലതവണ വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ദരിയാഗഞ്ച് ബുക്ക് ഫെയറില്‍ വെച്ച് ബാബരിയാനന്തര അയോധ്യയെ പറ്റിയുള്ള ഒരു നല്ല പഠനം കണ്ടിരുന്നു, അന്നത് വാങ്ങാന്‍ പറ്റിയില്ല, പേരും കൃത്യമായി ഓര്‍മയില്ല.

അയോധ്യ കഴിഞ്ഞ് നേരെ വാരാണസിയിലേക്കുള്ള യാത്ര ആകസ്മികമായിരുന്നില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണെന്ന് പല കാരണങ്ങള്‍കൊണ്ട് തോന്നിയ ഇടമാണ്. ഓരോ മലയാളിയെയും വാരാണസിയിലേക്ക് വൈകാരികമായി വലിച്ചടുപ്പിച്ച എം.ടിയുടെ ബനാറസ് എന്ന നോവലിലൂടെയാണ് കാശിയെന്നും ബനാറസെന്നുമെല്ലാം കീര്‍ത്തി പെറ്റ ഈ നഗരം ഒരു അതിശയോക്തിയായി ഉള്ളില്‍ കയറിക്കൂടിയത്. അക്ഷരാര്‍ഥത്തില്‍ ഒരു ഭൂപ്രദേശത്തിലൂടെയല്ല, ഒരു മനുഷ്യവിഭാഗത്തിലൂടെയുള്ള യാത്രയായിരുന്നു അത്. മക്കയും ജെറുസലേമും ഗ്രീസിലെ ഏദന്‍സും ഇറ്റലിയിലെ റോമും പോലെത്തന്നെയാണ് ഇന്ത്യക്ക് വാരാണസിയും. കാശിവിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെ രണ്ട് സഹസ്രത്തില്‍പരം ക്ഷേത്രങ്ങള്‍ വാരാണസിയിലുണ്ട്. പുരാതനമായ ഗംഗയും ഗംഗാസ്‌നാനവും ശവസംസ്‌കാര ചടങ്ങുകളടക്കം ഇന്ത്യാ ചരിത്രത്തിന്റെ നീണ്ടവഴിത്താരയില്‍ വാരാണസിയെക്കുറിച്ച് പരാമര്‍ശമില്ലാത്ത ഘട്ടങ്ങളില്ല. വേദങ്ങളില്‍, മഹാഭാരതത്തില്‍, ബുദ്ധമത രേഖകളില്‍, ജൈനതീര്‍ഥങ്കരന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍, ഗുപ്തരാജാക്കന്മാരുടെയും അശോകന്റെയും ഹര്‍ഷവര്‍ധനന്റെയും ചരിത്രപാഠങ്ങളില്‍ കാശി നിര്‍ണായക ഇടമായിരുന്നു. പിന്നീട് അക്ബര്‍ ചക്രവര്‍ത്തി മുതല്‍ ബ്രിട്ടീഷുകാര്‍ വരെ കാശിയെ സുപ്രധാന നഗരമായി കണ്ടു.

ബനാറസിലെ തെരുവുകള്‍ക്ക് അവാച്യമായ മനോഹാരിതയാണ്. ബിസ്മില്ലാ ഖാന്റെ ഷഹനായി മുഴങ്ങുന്ന വഴിയോരങ്ങള്‍. നമ്മുടെ കോഴിക്കോട്ടെ മിഠായിത്തെരുവിന്റെ വശ്യത പോലെ ഹൃദ്യമായ ഒരു അറ്റാച്ഡ് ഫീലിംഗ് ബനാറസ് തെരുവുകള്‍ക്കുമുണ്ടെന്ന് തോന്നി. ബനാറസിലെ പട്ടുകളും വിശ്വപ്രസിദ്ധമാണ്. ഇന്ത്യന്‍ നെയ്ത്തിന്റെ പെരുമയും പോരിശയും ലോകമറിഞ്ഞത് ബനാറസ് പട്ടുകളിലൂടെയാണ്. പട്ടും പരുത്തിത്തുണിയും ബനാറസില്‍നിന്ന് ദേശാന്തരങ്ങളിലേക്ക് പണ്ടേക്ക് പണ്ടേ യാത്ര ആരംഭിച്ചതാണ്. ഇരുന്നൂറില്‍പരം രാജ്യങ്ങളിലേക്കാണ് ബനാറസ് പട്ട് കയറ്റുമതി ചെയ്യുന്നതെന്നാണ് കണക്ക്. ഏതാണ്ട്, പതിനായിരം കോടിയുടെ കയറ്റുമതി. മധ്യകാലം മുതലുള്ള ബനാറസിലെ നെയ്ത്തു ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അക്ബര്‍ ചക്രവര്‍ത്തി ബനാറസ് നെയ്ത്തിനെ മുഗള്‍ രാജധാനിയുടെ പ്രൗഢിയുടെ ഭാഗമാക്കിയെന്നാണ് ചരിത്രം.

ഗംഗയുടെ അരികിലൂടെ നടന്നാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിയുന്ന മഹാശ്മശാനമാണ്. കാശിയുടെ മര്‍മസ്ഥാനമാണ് ‘മണികര്‍ണിക’, ഏത് സമയവുമവിടെ ഒരു ശവമെങ്കിലും കത്തിയെരിയുന്നുണ്ടാകും. കറുത്ത പുകപടലങ്ങളുയരുന്ന മണികര്‍ണികയുടെ ഒതുക്കുകള്‍ കയറുമ്പോള്‍ Who will cry when you die ‘നിങ്ങള്‍ മരിക്കുമ്പോള്‍ ആരൊക്കെ കരയും’ എന്ന റോബിന്‍ ശര്‍മയുടെ പുസ്തകമാണ് ആലോചനയിലേക്ക് വന്നത്. വലിയ ഉള്‍ക്കാഴ്ച തരുന്ന ഈ പുസ്തകത്തില്‍ പിതാവ് കൊടുത്തൊരു ഉപദേശത്തെക്കുറിച്ച് പറയുന്നുണ്ട്. സംസ്‌കൃതത്തിലെ ഒരു വാക്കിനെപ്പറ്റിയാണത്. ആ വാക്കിന് രണ്ട് അര്‍ഥങ്ങളുണ്ടത്രെ. ഒന്നാമത്തെ അര്‍ഥം ചിന്ത. രണ്ടാമത്തേത് ചിത എന്നും. മരിച്ചു പോയവരെ ദഹിപ്പിക്കുന്നതാണ് ചിത. ചിന്തയോ? അച്ഛന്‍ പറഞ്ഞുകൊടുത്തു; ‘അത് ജീവിച്ചിരിക്കുന്നവരെ ദഹിപ്പിച്ചു കളയാന്‍ ശക്തിയുള്ളതാണ്…’

ഹരിശ്ചന്ദ്ര ഘാട്ടിലെ പകുതി കത്തിയെരിഞ്ഞ ചിത നോക്കിയിരിക്കുമ്പോള്‍ മരണം എത്ര അസങ്കീര്‍ണമാണെന്ന് ഓഷോ എഴുതിയത് ഓര്‍ത്തുപോയി. കത്തിയെരിയുന്ന കനലുകള്‍ അടങ്ങുമ്പോഴേക്കും ഊഴം കാത്ത് കഴിയുന്ന നിരവധി ശരീരങ്ങളുണ്ടവിടെ വേറെയും. ശവശരീരം ഗംഗയില്‍ ഒരു തവണ മുക്കിയതിനു ശേഷമാണ് കത്തിക്കുക. ഡോമുകള്‍ എന്നാണ് ഇവിടെ ശവസംസ്‌കാരം നടത്തുന്നവരെ വിളിക്കുന്നത്. കത്തിയമരുന്ന ശരീരത്തില്‍നിന്നും ഉയരുന്ന പുക, അടുക്കിവെച്ച വിറകിന്‍ കഷ്ണങ്ങള്‍, മൃതശരീരത്തിനോടൊപ്പം ഉണ്ടാവുന്ന പൂമാലകള്‍, ഓരത്തായി കൂട്ടിവെച്ച പഴന്തുണികള്‍, കുന്തിരിക്കം, ചന്ദനം, തൊട്ടരികെ പ്രശാന്തമായി ഒഴുകുന്ന ഗംഗയും. ബുദ്ധ, ജൈന, ഇസ്‌ലാമിക സംസ്‌കൃതികള്‍ സിന്ധു ഗംഗാ സമതലങ്ങളിലെ പുരാതന ജീവിതരീതിയുമായി ചേര്‍ന്നതാണ് ഇന്ത്യയെങ്കില്‍, ആ തിരിച്ചറിവിന്റെ നേര്‍സാക്ഷ്യമാണ് ബനാറസിലെ ഇഴയടുപ്പങ്ങള്‍.

വാരാണസിയുടെ പ്രതാപം ഉയര്‍ത്തുന്ന ഹിന്ദു ബനാറസ് യൂനിവേഴ്‌സിറ്റി. തുളസീദാസും കബീറും മുത്തുസ്വാമിദീക്ഷിതരും മുതല്‍ ബിസ്മില്ലാഖാന്‍ വരെ സപ്തസ്വരങ്ങള്‍കൊണ്ട് അലങ്കരിച്ച പടവുകളും ക്ഷേത്രാങ്കണങ്ങളും. കല്‍വിരിച്ച ഇടുങ്ങിയ ഗല്ലികള്‍. ദശാശ്വമേത് ഘട്ടില്‍ സന്ധ്യാ സമയം ആറരയോടെ ആരംഭിക്കുന്ന ആരതി. സംഗീതവും വിശ്വാസവും വിളക്കുകളും പൂക്കളും ജനിമൃതികളും ഉയര്‍ത്തെഴുന്നേല്‍പ്പും കണ്ട് ദീപാലംകൃതമായി ഒഴുകുന്ന ഗംഗ. ഗംഗയുടെ മടിത്തട്ടില്‍ സ്‌നാനം ചെയ്യുന്ന അനേകംപേര്‍. രുദ്രാക്ഷവും കാഷായവും തോളില്‍ വിഴുപ്പ് ഭാണ്ഡവും ചുമന്ന് മോക്ഷം തേടി നടക്കുന്ന അനേകങ്ങള്‍. അഘോരികളും സന്യാസിമാരും. കത്തുന്ന ചിതയിലെ കര്‍പ്പൂരത്തിന്റെ ഗന്ധം. അല്‍പ്പം മാറി ബുദ്ധവിഹാരങ്ങളുടെ അവസാനിക്കാത്ത നിരയായ സാര്‍നാദ്. ഗൗതമ ബുദ്ധന്‍ ആദ്യ ധര്‍മ പ്രഭാഷണം നടത്തിയ വൃക്ഷവും സ്തൂപവും മ്യൂസിയവും. അതിനടുത്തായി ജൈനതീര്‍ഥങ്കരന്മാരുടെ ജന്മവും കര്‍മവും നിറഞ്ഞ മണ്ണ്. ബനാറസിലെ പട്ടിഴകള്‍ക്കുപോലും ഇത്ര ചാരുത വന്നത് ചരിത്രത്തിന്റെയും കലയുടെയും അധ്യാത്മികതയുടെയും ഈ തൊങ്ങലുകള്‍ കാരണമായിട്ടുണ്ടാവണം.

എം.ടി വാസുദേവന്‍ നായര്‍ ‘ബനാറസ്’ അവസാനിപ്പിച്ച പോലെ: ‘മണികര്‍ണികയിലും ഹരിശ്ചന്ദ്ര ഘട്ടത്തിലും ഇപ്പോഴും ശവങ്ങള്‍ കത്തിയെരിയുന്നുണ്ടാവും. ആനന്ദവനവും മഹാശ്മശാനവുമായ ഈ നഗരം വീണ്ടും ഒരിടത്താവളമായിത്തീര്‍ന്നു. നാളെ വീണ്ടും യാത്ര ആരംഭിക്കുന്നു. മറ്റൊരിടത്താവളത്തിലേക്ക്.’

യാദൃശ്ചികതകളാണ് യാത്രയുടെ സൗന്ദര്യം തന്നെ. അങ്ങനെ ചില സൗരഭ്യമുള്ള ഓര്‍മകള്‍ക്ക് നിമിത്തമായ ചില മനുഷ്യരുണ്ട്. കാശിയിലെ തെരുവില്‍ വെച്ച് അര്‍ധരാത്രി ദീര്‍ഘനേരം സംസാരിച്ച മലയാളിയായ വെങ്കിടേശും, ചിതാഭസ്മത്തിനരികില്‍ വെച്ച് കണ്ടുമുട്ടിയ ഇസ്രായേലുകാരന്‍ സിയോനയും, ബംഗാളില്‍ നിന്ന് വന്ന യാത്രാപ്രേമികളായ എഴുപത് കഴിഞ്ഞ അമ്മമാരും, ബാര്‍സലോണക്കാരന്‍ ജോവസും, ബനാറസ് സില്‍ക്ക് ഫാക്ടറി നടത്തുന്ന പ്രൊഫസര്‍ രാംകുമാറും അങ്ങനെ ഒറ്റയാത്രയില്‍ ഓര്‍മകളുടെ ഓരം പറ്റിയ ഒരുപാട് പേര്‍.

ഓരോ സ്ഥലങ്ങളും മനുഷ്യരും എത്ര പെട്ടെന്നാണ് ഉള്ളില്‍ ഇടംപിടിക്കുന്നതെന്നോര്‍ത്ത് പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഇടങ്ങളില്‍ പ്രിയപ്പെട്ടവരുടെ കൂടെ ചെലവഴിക്കുന്ന സമയം അവസാനിക്കാതിരിക്കുമ്പോള്‍ ഉള്ളില്‍ തട്ടുന്ന വല്ലാത്തൊരു അനുഭൂതിയുണ്ട്. അപാരമായ ആത്മനിര്‍വൃതി. കാഴ്ചകള്‍ വെറുതെ കാണുന്നതിനേക്കാള്‍ പതിനായിരം മടങ്ങ് സന്തോഷമാണത്. പ്രിയപ്പെട്ടവരുടെ കൂടെയാകുന്നത്. പോകുന്ന യാത്രയാണോ എത്താനുള്ള സ്ഥലമാണോ പ്രധാനം എന്ന ചോദ്യത്തിന് ‘രണ്ടുമല്ല, ഒപ്പമുള്ള ആളാണു പ്രധാനം’ എന്ന ലിറ്റില്‍ പാണ്ടയുടെ മറുപടി പലതവണ യാത്രക്കിടയില്‍ ഓര്‍മയിലേക്ക് വന്നതും അതുകൊണ്ടാവണം.

അല്ലെങ്കിലും യാത്രകളൊന്നും കേവലം കാഴ്ച്ചകളല്ല. അതിനുമെത്രയോ അപ്പുറത്ത് ഉള്ളില്‍ നനവ് വറ്റാതെ പതിഞ്ഞു കിടക്കുമെന്നുറപ്പുള്ള അനുസ്യൂത്യമായ അനുഭവങ്ങളാണ്. അധ്യായങ്ങളാണ്, മുഖങ്ങളാണ്, ഓര്‍മകളാണ്. തവണകളേറെ കടന്നുപോയ വഴികളിലും എത്രയധികം പുതുമകളാണ് ബാക്കി കിടക്കുന്നത്!

Ravurangatha Pouranika Nagarangal; Travel experience through Lucknow, Banaras, Ayodhya by Saeed Poonoor

സഈദ് പൂനൂര്‍

എഴുത്തുകാരൻ, വിവർത്തകൻ
എഴുത്തുകാരൻ, വിവർത്തകൻ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy