അൽ മ ദി യെമ്മ: പ്രണയത്തിൻ്റെ മായാലോകം

3 MINUTES READ

പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? ഒരിക്കലും പ്രണയിക്കാതിരിക്കുന്നതിനെക്കാൾ നല്ലത് പ്രണയിച്ച് നഷ്ടപ്പെടുന്നതാണെന്നു പറയാറുണ്ട്. പ്രണയാരുവിയിലെ കുളിരും അനുഭൂതിയും പ്രണയനിരാസത്തിലെ നിരാശയും നൊമ്പരവും പ്രതികാരവാഞ്ഛയും മനുഷ്യകുലത്തിലെന്നപോലെ സമസൃഷ്ടികളായ ജിന്നുകളിലുമുണ്ടാകാം. മനുഷ്യന് സാധാരണ നിലയിൽ അപ്രാപ്യമായ കാഴ്ചകളുടെയും ശബ്ദങ്ങളുടെയും മറ്റൊരു ലോകമാണ് അവരുടേത്.

കാലവും ലോകവും ജനങ്ങളും ജീവിതവും മാറി. പഴയകാലത്തെ പ്രണയസങ്കൽപങ്ങളെല്ലാം പുതിയ തലമുറക്ക് ചിന്തിക്കാൻപോലും സാധിക്കാത്തവിധം പുറംതള്ളപ്പെട്ടു. ‘കാനനഛായയിലാടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ’ എന്ന് ചോദിച്ച ചന്ദ്രികയെ, ‘നമ്മുടെ പശ്ചാത്തലങ്ങൾ മറന്നുകൊണ്ട് ഒന്നും ചെയ്തുകൂടാ, മറ്റൊരവസരത്തിൽ നിന്നെ ഞാൻ കൂടെക്കൂട്ടാം’ എന്നാശ്വസിപ്പിക്കുന്ന കാമുകനായ രമണൻ ജെൻസിയുടെ കാഴ്ചപ്പാടിൽ ഭൂലോക പരാജയമാണ്.

ദ്രുതപ്രണയസാക്ഷാത്കാരത്തിന്റെ സോഷ്യൽമീഡിയ യുഗത്തിൽ പ്രണയനോവലുകളുടെ പ്രതലങ്ങളും പ്രമേയങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ശംസുദ്ദീൻ മൂബാറകിന്റെ നൂറ; ജിന്നിന്റെ പ്രണയപുസ്തകം ദൃശ്യമായ മനുഷ്യലോകത്തെയും അദൃശ്യമായ ഭൂതലോകത്തെയും കൂട്ടിയിണക്കുന്ന പ്രണയനോവലാണ്. റൊമാൻസ് ഫിക്ഷൻ എന്നൊരു വൃത്തത്തിനുള്ളിൽ തളച്ചിടാൻ പറ്റാത്തവിധം വ്യത്യസ്ത വിഷയങ്ങളാണ് നൂറയിലുടനീളം പ്രതിപാദിക്കപ്പെടുന്നത്. സൽമ, അമീർ ഹസന് എഴുതിയ പ്രണയാർദ്രമായ കത്തുകളിലൂടെ, നൂറയും സുൽത്താനും തമ്മിലുള്ള സ്‌നേഹസംഭാഷണങ്ങളിലൂടെ, അൽമ ദി യെമ്മ എന്ന വിസ്മയലോകത്തെ കാണാകാഴ്ചകളിലൂടെ, കാടിന്റെ വന്യമായ സൗന്ദര്യത്തിലൂടെ, കടലിന്നഗാധതയിലെ ഭീതിദവും അത്ഭുതകരവുമായ വാങ്മയചിത്രങ്ങളിലൂടെ വായനക്കാരൻ ഒരു അപ്പൂപ്പൻതാടിയുടെ ലാഘവത്തോടെ നൂറയുടെ ചിറകിലേറി സഞ്ചരിച്ചുകൊണ്ടിരിക്കും.

നമുക്കിപ്പോഴും അവിശ്വസനീയമായ ജിന്നുകളുടെ ലോകം, അവരുടെ വികാരവിചാരങ്ങൾ, മനുഷ്യനും ജിന്നിനുമിടയിലെ പ്രണയം, വിവാഹം, കാമം, പ്രണയനിരാസം, പ്രതികാരം തുടങ്ങി അതിശയോക്തി നിറഞ്ഞ വായന ഒരിക്കലും മടുപ്പുളവാക്കുന്നതല്ല. അദൃശ്യമായ ഏതോ കരങ്ങൾ ഓരോ പേജും മുന്നോട്ടു മറിച്ചുകൊണ്ടിരിക്കും. നോവലിന്റെ സ്ഥലകാല പരിസരത്തിന്റെ ചരിത്രവും വർത്തമാനവും പറയുന്ന മലപ്പുറംപട, മലപ്പുറം നേർച്ച, കൊണ്ടോട്ടിനേർച്ച, ദേശോത്സവങ്ങളുടെ സാമൂഹിക പ്രസക്തി എന്നിവയോടൊപ്പം ജിന്നുബാധ, ബാധയൊഴിപ്പിക്കൽ, മാപ്പിളകലകൾ, കുത്തുറാതീബ് തുടങ്ങിയ കാലികമായ നിരവധി പ്രതലങ്ങളിലൂടെ അത് വായനക്കാരനെ കൊണ്ടുപോകും.

കൃതഹസ്തനായ ഒരെഴുത്തുകാരന്റെ എല്ലാ കൈവഴക്കവും വരികൾക്കിടയിൽ വെളിപ്പെട്ടു കാണാം. നോവലിലുടനീളമുള്ള പ്രണയാർദ്രമായ സംഭാഷണങ്ങളിലൂടെ, പ്രണയത്തെക്കുറിച്ചുള്ള അസാമാന്യ വരികളിലൂടെ മുന്നോട്ടുസഞ്ചരിക്കുന്ന വായനക്കാരനിൽ തിരികെവന്ന് ഒരാവർത്തികൂടി വായിക്കാൻ മോഹമുദിക്കും. അവസാന വരിയും വായിച്ചുതീരുമ്പോൾ ഇതെന്തിനാണിങ്ങനെ അവസാനിപ്പിച്ചതെന്ന് അയാൾ എഴുത്തുകാരനോട് കെറുവിക്കും. പക്ഷേ, ഒന്നാലോചിച്ചാൽ ഇതല്ലാതെ മറ്റെന്ത് ക്ലൈമാക്‌സാണ് ഇവിടെ അനുയോജ്യമായത്? കാരണം, സത്യത്തിൽ നൂറ സുൽത്താന്റെ ആരാണ്?

Book review of Shamsudheen Mubarak’s novel Noora by Noushad Hudawi Kumbidi

നൗഷാദ് ഹുദവി കുമ്പിടി

എഴുത്തുകാരന്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy