ആഗോള ചിന്തകൻ എന്ന രീതിയിൽ അംബേദ്കറെ മനസ്സിലാക്കുമ്പോൾ, വർത്തമാന ലോക സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. മതവും പൈതൃക പാരമ്പര്യവും മറ്റു ഘടകങ്ങളും ചേർന്ന് അധികാര ശ്രേണിയെയും ഫാസിസത്തെയുമൊക്കെ പുനസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റ് സെക്യുലർ കാലത്താണ് നാം ജീവിക്കുന്നത്. ഈ അവസരത്തിൽ, അധികാര ശ്രേണിയെ വേണ്ടവിധം മനസ്സിലാക്കണമെന്നും അതിന്റെ ഉന്മൂലനം പ്രധാനമാണെന്നുമുള്ള അംബേദ്കറുടെ ദൃഢമായ അഭിപ്രായം ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയുടെ സാഹചര്യം മാത്രമല്ല, അസമത്വത്തിന്റെ ആഗോള ഘടന തന്നെ പുനർവിചിന്തനം നടത്താൻ സഹായകരമാകും.
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണത്തിന് “കുറച്ചു മാത്രം മിത്രങ്ങളും കൂടുതൽ ശത്രുക്കളുമാണെ”ന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അതിന്നും അങ്ങനെ തന്നെയാണ്. എന്നാൽ, ഒരു വൈരുധ്യം കാണാനാകും: അധികാരവും സ്വാധീനവുമുള്ള സമുദായങ്ങളിൽ നിന്ന് ജാതിയെ വിമർശിക്കുന്നവർക്ക് പെട്ടെന്ന് തന്നെ നല്ല സ്വീകാര്യത ലഭിക്കും. ഇതേപ്പറ്റി കാലങ്ങളായി ശബ്ദമുയർത്തുന്ന ദലിത് ചിന്തകർക്ക് തെറി വിളിയും അപഹാസവുമാണ് പ്രതിഫലം. ഇവിടെയൊരു പ്രധാന ചോദ്യം ഉയരുന്നുണ്ട്: വിമർശിക്കാൻ അർഹതയുള്ള ശബ്ദം ആരുടേതാണ്?
സമാനമായി, ഉപ്പുസത്യാഗ്രഹം പോലെയുള്ള മുന്നേറ്റങ്ങളിൽ, നാം ചെറുത്തുനിൽപ്പിനെപ്പറ്റി വാതോരാതെ സംസാരിക്കും. അതിനോടൊപ്പം തന്നെ കഴിഞ്ഞുപോയ മറ്റു ചരിത്രങ്ങളെ മനപ്പൂർവ്വം മറന്നുകളയുകയും ചെയ്യും. ഉദാഹരണത്തിന്, ജാതി നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട നിരവധി മനുഷ്യരുണ്ട്. അവരെയൊന്നും നാം ചർച്ചയുടെ കഥാപാത്രങ്ങളാക്കാറില്ല. നമ്മുടെ രാഷ്ട്രീയ സാമൂഹിക നരേറ്റീവുകളിലെ സെലക്ടീവ് ഓർമകളെയാണ് ഇത് തുറന്ന് കാട്ടുന്നത്.
രക്തസാക്ഷിത്വത്തിന്റെ കാര്യത്തിൽ പോലും അധികാര ശ്രേണി പ്രവർത്തിക്കുന്നുണ്ട്. ജാലിയൻവാലാബാഗ് പോലെയുള്ള സംഭവങ്ങൾ ഓർത്തുവെക്കുമ്പോഴും പാർശ്വവൽകൃത സമൂഹം മുന്നിട്ടിറങ്ങിയ പല മുന്നേറ്റങ്ങളും നാം മറന്നു കളയുന്നു. ഇവിടെ, ആരുടെ ത്യാഗമാണ് ത്യാഗമായി കണക്കാക്കപ്പെടുന്നത്?
സാമൂഹിക പരിഷ്കരണവും രാഷ്ട്രീയ പരിഷ്കരണവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും അംബേദ്കർ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന്, ജാതീയതയെ വേണ്ടരീതിയിൽ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെടുന്ന ലിബറൽ-ഇടതുപക്ഷ രാഷ്ട്രീയ ധാരകളിൽ ഉൾപ്പെടെയുള്ള പുതിയ ചിന്താധാരകളുടെ വളർച്ച ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നു.
സാമ്പത്തിക ഘടനയെപ്പറ്റിയുള്ള അദ്ദേഹത്തിൻ്റെ വിമർശനങ്ങൾ വർത്തമാന സാഹചര്യത്തിലെ സാമ്പത്തിക നീതിയെയും റിസർവേഷനെയുമൊക്കെ ചൊല്ലിയൊക്കെയുള്ള ചർച്ചകളിൽ വരെ പ്രതിഫലിക്കുന്നുണ്ട്. വ്യക്തികൾ ജാതി അധിഷ്ടിത തൊഴിലുകളിലേക്ക് ചുരുങ്ങുന്നത് അവിടെ സാമ്പത്തികമായ പ്രശ്നം മാത്രമല്ല, ജാതിയിൽ വേരൂന്നിയ ഘടനാപരമായ ഗുരുതര പ്രശ്നമാണെന്ന് അദ്ദേഹം വാദിച്ചിട്ടുണ്ട്.
ഡിജിറ്റൽ ഇടങ്ങളിൽ പോലും ജാതി നിലനിൽക്കുന്നുണ്ട്. അൽഗോരിതങ്ങളിലും വൈവാഹിക സൈറ്റുകളിലും ഡേറ്റിങ് പ്ലാറ്റ്ഫോമുകളിലും വരെ ജാതിശ്രേണി പ്രതിഫലിക്കുകയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജാതി മരിച്ചു പോയി എന്നത് ഒരു തോന്നലാണ്. അതിപ്പോഴും ജീവനോടെയുണ്ട്. മിക്ക സമയങ്ങളിലും ഒരു പ്രേതത്തെ പോലെ അദൃശ്യമാണെന്ന് മാത്രം.
വിവിധ രീതികളിൽ അംബേദ്കറെ പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം ഇസ്ലാമോഫോബിക്കായി വരെ ചിത്രീകരിക്കപ്പെടുന്നുണ്ട്. അത്തരം വ്യാഖ്യാനങ്ങൾ ഏറെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, പ്രത്യേകിച്ച് ഈ ബഹിഷ്കരണ നിയമങ്ങളുടെ കാലത്ത് അംബേദ്കർ മുസ്‌ലിംകൾ അടക്കമുള്ള പാർശ്വവൽകൃതരോടൊപ്പം നിലകൊള്ളുമായിരുന്നു എന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. അത്തരം നരേറ്റിവുകൾ ഇല്ലായിരുന്നുവെങ്കിൽ ഏറെ ശക്തി പ്രാപിക്കുമായിരുന്ന സാമൂഹിക ഐക്യം തകർക്കുക എന്നതാണ് ഈ വിഭാഗീയ നരേറ്റിവുകളുടെ ലക്ഷ്യം.
എനിക്ക് മുത്തശ്ശിയെ ഓർമ വരികയാണ്. അവർക്ക് അംബേദ്കറെപ്പറ്റി വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എന്നാലും, ദൈനംദിന ജീവിതത്തിൽ അവർ ജാതിയെ നിശിതമായി എതിർക്കാറുണ്ടായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ ജാതി ഉന്മൂലനത്തെ വളരെ ലളിതമായി സാക്ഷാത്കരിക്കുകയായിരുന്നു.
അംബേദ്കറെപ്പറ്റി എഴുതുന്നത്, പറയുന്നത്, വിവർത്തനം ചെയ്യുന്നത് വെറുമൊരു സാഹിത്യ പ്രവർത്തനം മാത്രമല്ല. അറിവുൽപാദനത്തിൻ്റെ ആഗോള ദൗത്യവും കൂടിയാണ്. അധികാരവും സ്വാധീനവുമുള്ളവർ ഭാഷാപരവും സാംസ്കാരികവുമായ ഏകരൂപത അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ അരികുവൽകൃതർ സ്വന്തം അനുഭവങ്ങൾ ആഗോള ഭാഷകളിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് പുറംലോകത്തേക്ക് വ്യാപിക്കുന്നു. അതും രാഷ്ട്രീയത്തിന്റെ ഭാഷ തന്നെയാണ്.
വളരെ ലളിതവും എന്നാൽ അതിപ്രധാനവുമായ ഒരു കാര്യം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം: “ഹനുമാനെ എന്ത് കൊണ്ടാണ് ആരാധിക്കാത്തത്” എന്ന് പ്രായമായൊരു സ്ത്രീയോട് ചോദിച്ചപ്പോൾ അവരുടെ മറുപടി ഇതായിരുന്നു: “ഹനുമാൻ ഒരു പർവ്വതം എടുത്തുയർത്തിയിട്ടുണ്ടാകും. പക്ഷേ, അംബേദ്കർ ഒരു മില്യൺ ജീവിതങ്ങളെയാണ് എടുത്തുയർത്തിയിട്ടുള്ളത്.”
നമുക്ക് വായിക്കാം, പുനർവായന നടത്താം, അംബേദ്കറുടെ പരിഷ്കരണ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് നീങ്ങാം.
(ഡോ. ബി.ആര്‍ അംബേദ്കറുടെ Annihilation of Caste എന്ന പുസ്തകത്തിന്റെ അദര്‍ ബുക്സ് പുറത്തിറക്കിയ ഫ്രഞ്ച് വിവര്‍ത്തന പ്രകാശന സദസ്സില്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം)
തയ്യാറാക്കിയത്: മെലിന്‍ നോവ
Dinu Veyil’s talk on Annihilation of Caste by Ambedkar