മാസങ്ങൾ നീണ്ട യുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കുമൊടുവിൽ, ഗാസയിൽ ക്ഷാമം നിലവിലില്ല എന്ന് അന്താരാഷ്ട്ര സംഘടനകൾ ഔഗ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. പക്ഷേ, യാഥാർഥ്യം പരിശോധിക്കുമ്പോൾ ആ പ്രഖ്യാപനം കടലാസുകളിൽ മാത്രമൊതുങ്ങുന്ന ഔപചാരികതയും സാങ്കേതികതയും മാത്രമാണെന്നു ബോധ്യപ്പെടും. യഥാർഥത്തിൽ ഗാസയിൽ ദാരിദ്ര്യവും വിശപ്പും അവസാനിച്ചിട്ടില്ല, അതിന് രൂപമാറ്റം സംഭവിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പൊടുന്നനെ സംഭവിച്ചിരുന്ന കൂട്ടമരണങ്ങളിൽനിന്നു മാറി, കുട്ടികളെയും രോഗികളെയും വൃദ്ധരെയും ലക്ഷ്യമിടുന്ന, പതിയെ അവരെ ഇല്ലായ്മ ചെയ്യുന്ന ഒന്നായിത്തീർന്നു അത്. ഇത്തരത്തിൽ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികൾ, ദീർഘകാലാടിസ്ഥാനത്തിൽ ദുർബലമായ പ്രതിരോധശേഷിയുള്ളവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരുമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിനു പുറമെ, ദൈനംദിനമുണ്ടാകുന്ന ഉത്കണ്ഠയും വിശപ്പിനെയോർത്തുള്ള ഭയവും മൂലം ആഴത്തിലുള്ള മാനസിക ആഘാതങ്ങളും അവർക്കുണ്ടാകുന്നു. ഗാസയിലെ വിശപ്പെന്നാൽ, പതിവു സ്വഭാവത്തിലുള്ള ക്ഷീണമോ ക്ഷാമമോ പോലെ ഒന്നായിരിക്കണമെന്നില്ല. നേരത്തെ ഉറങ്ങാൻ പോവുന്ന കുട്ടി, എല്ലാവർക്കും തികയാത്ത പാത്രം, വൈകി മാത്രം കിട്ടുന്ന ഭക്ഷണം എല്ലാം അതിന്റെ ഭാഗമാണ്. കുട്ടികൾക്ക് പലപ്പോഴും ഭക്ഷണത്തിന് പകരമായിരിക്കും രാത്രി നേരത്തെയുള്ള ഉറക്കം.
വിശപ്പെന്ന നിശബ്ദ വില്ലൻ
വിശപ്പിന്റെ സ്വഭാവം മാറുകയാണ് ഗസ്സയിൽ നിലവിൽ സംഭവിച്ചതെന്ന് പറഞ്ഞല്ലോ. എന്ത് കഴിക്കും എന്നതിൽ നിന്നുമാറി ഇന്ന് ആര് കഴിക്കും എന്നായി മാറിയിരിക്കുന്നു എന്നതാണ് ആ മാറ്റം. സ്വാഭാവികമായി മാതാപിതാക്കൾ തങ്ങളുടെ വിഹിതം മക്കൾക്കുവേണ്ടി മാറ്റിവെക്കുന്നു. ഈ സംഭവങ്ങൾ ദിവസേനെയെന്നോണം അരങ്ങേറുകയും ചെയ്യുന്നു. ഇവ പലപ്പോഴും ഔദ്യോഗിക വൃത്താന്തങ്ങളിൽ കടന്നുവരുന്നില്ല എന്നതാണ് സങ്കടകരം. പ്രകടമായിട്ടല്ലാതെ, അതീവ നിശ്ശബ്ദമായി, മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ സമ്മാനിക്കുന്ന ഒരു വില്ലനാണ് ഇന്നത്തെ ഗാസ പരിതസ്ഥിതിയിൽ വിശപ്പെന്ന് സാരം.
വിശപ്പിന്റെ ഈ മാനുഷികമാനം സ്ഥിതിവിവരക്കണക്കുകളിലൂടെയല്ല, മറിച്ച് മനുഷ്യ സാക്ഷ്യങ്ങളിലൂടെയാണ് പുറംലോകത്തേക്ക് പ്രതിധ്വനിക്കാൻ തുടങ്ങിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെ ഒരു പിതാവ്, “എനിക്ക് വിശപ്പ് സഹിക്കാൻ കഴിയും… പക്ഷേ എന്റെ കുട്ടികളുടെ വിശപ്പ് സഹിക്കാൻ കഴിയില്ല” എന്ന് പറഞ്ഞതായി 2025-ൽ ഫ്രഞ്ച് മാസികയായ ലാ വീ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത് പറയാനുപയോഗിച്ച ഭാഷക്കപ്പുറം, ആ വാക്കുകൾ വെളിപ്പെടുത്തുന്ന യാഥാർഥ്യം; വിശപ്പ് കുട്ടികളെ ബാധിക്കുമ്പോൾ അത് പിതാവിനെ സംബന്ധിച്ചിടത്തോളം അഹസനീയമാകും എന്ന വസ്തുതയാണ്.
ഔഗ്യോഗിക ക്ഷാമവും യഥാർഥ വിശപ്പും
“ക്ഷാമം ഔദ്യോഗികമായി അവസാനിച്ചു” എന്ന ചില അന്താരാഷ്ട്ര സംഘടനകളുടെ പ്രസ്താവനകൾ സാങ്കേതികമായി ശരിയായിരിക്കാം, പക്ഷേ അവ ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതയാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. അടിസ്ഥാന ഭക്ഷണം ആളുകൾക്ക് ലഭിക്കുന്നുണ്ടെന്നതിനർഥം, അവർ അന്തസ്സോടെ ജീവിക്കുന്നുവെന്നോ കുട്ടികൾക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്നോ അല്ല. ഇന്ന് ഗസ്സൻ പ്രവിശ്യകളിൽ നിലവിലുള്ള, വിട്ടുമാറാത്ത ക്ഷാമം, ഒരുപക്ഷേ പൊടുന്നനെയുള്ള മരണത്തിലേക്ക് നയിക്കുന്നില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്.
ഗാസയിൽ, പോഷകാഹാരക്കുറവ് മൂലം തങ്ങളുടെ കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനും കഴിയുന്നില്ലെന്ന് പല മാതാപിതാക്കളും പരാതിപ്പെടുന്നു. ഇത്തരത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികൾ ദീർഘകാലമായി ദുർബലമായ രോഗപ്രതിരോധ സംവിധാനങ്ങളും വിട്ടുമാറാത്ത രോഗങ്ങളും അനുഭവിക്കുന്നുണ്ടെന്നും, ദൈനംദിന ഉത്കണ്ഠയും ഭക്ഷണം കഴിക്കാൻ പര്യാപ്തമല്ലെന്ന ഭയവും മൂലമുണ്ടാകുന്ന ആഴത്തിലുള്ള മാനസിക പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. നേരത്തെ സൂചിപ്പിച്ച ഫ്രഞ്ച് മാസികയുടേതു പോലുള്ള ഇടപെടലുകൾ ഈ ഗണത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. ഫലസ്തീനികളുടെ ത്യാഗങ്ങളുടെയും പാശ്ചാത്യ വായനക്കാരന്റെയും ഇടയിലുള്ള മാനുഷിക വിടവ് നികത്താനും വിശപ്പിന്റെ ഭൂമിശാസ്ത്രത്തെ ഭൂപടത്തിലെ ഒരു വിദൂര സ്ഥലമാക്കി ചിത്രീകരിക്കുന്ന പ്രവണത ഇല്ലാതാക്കാനും തീർച്ചയായും സഹായിക്കുന്നതാണ് ഇത്തരം നീക്കങ്ങൾ.
സ്വാഭാവികമായി ഇവിടെ കുടുംബങ്ങൾക്ക് വെല്ലുവിളിയാവുന്നത് കേവലം വിശപ്പു മാത്രമല്ല, ഉപരോധത്തിന്റെ അനുബന്ധ ഫലങ്ങളായ വൈദ്യുതി മുടക്കം, ശുദ്ധജലത്തിന്റെ അഭാവം, ആശുപത്രികളിലെത്താനുള്ള ബുദ്ധിമുട്ട്, വീടുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നാശം എന്നിവയെല്ലാമാണ്. ഇത് കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്നതിനെ കൂടുതൽ സങ്കീർണമാക്കുകയും ദൈനംദിന ജീവിതത്തിലെ മുൻഗണനാ ക്രമങ്ങൾ താറുമാറാവുകയും ചെയ്യുന്നു. മുൻഗണനാക്രമമനുസരിച്ച് പിതാക്കളാണ് കുടുംബാംഗങ്ങൾക്കിടയിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ചെറിയ കുട്ടികൾക്കാവും മിക്കവാറും ആദ്യ വിഹിതം ലഭിക്കുക. ചിലപ്പോൾ മറ്റുള്ളവർക്ക് ലഭിച്ചെന്നും വരില്ല. വെറും പോഷാകാഹാരത്തിന്റെ പ്രശ്നം എന്നതിനപ്പുറം, മനുഷ്യന്റെ ക്ഷമയും സഹനവും പരീക്ഷിക്കുന്ന, ധാർമികപരവും അസ്തിത്വപരവുമായ പ്രശ്നംകൂടിയാണിവിടെ വിശപ്പ്.
പാശ്ചാത്യ ഇടപെടലുകൾ നിർണായകവും തന്ത്രപ്രധാനവുമാണെന്ന് പറഞ്ഞല്ലോ. ഒരു യൂറോപ്യൻ പൗരൻ ഗാസയിലെ പിതാവിന്റെ വാക്കുകൾ വായിക്കുമ്പോൾ, അവർ കാണുന്നത് വെറും സ്ഥിതിവിവരക്കണക്കുകളല്ല. പകരം, തന്റെ കുട്ടികളോട് സഹജമായ അനുകമ്പ പങ്കിടുന്ന ഒരു പിതാവിനെയാണ്. ഈ സാക്ഷ്യങ്ങൾ ഫലസ്തീൻ പ്രശ്നത്തിന് കൂടുതൽ ധാർമിക പിന്തുണ നൽകുകയും കുത്തകകൾ തകർത്ത് ലോകത്തിന് മുന്നിൽ ന്യായമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. ഗാസയിലെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ ആ പ്രദേശത്തുകാരുടേതു മാത്രമല്ലെന്നും എല്ലാ മനുഷ്യരുടേതുമാണെന്നും അവ ഓർമിപ്പിക്കുന്നു. കുട്ടികൾ പട്ടിണി നേരിടുമ്പോൾ മൗനം പാലിക്കുന്നത് കുറ്റകൃത്യമാണെന്നും അവ ബോധ്യപ്പെടുത്തുന്നു. അതിനാൽ ഇത്തരം മാനുഷിക നീക്കങ്ങൾ എത്ര ചെറുതു തന്നെയായാലും അനിവാര്യമാണ്.
വിശപ്പിനും ഭയത്തിനുമിടയിലുള്ള കുട്ടികൾ
കുട്ടികളാണ് ഏറ്റവും ദുർബലരും ഈ പ്രശ്നങ്ങൾ സാരമായി ബാധിക്കപ്പെടുന്നവരുമായ വിഭാഗം. വിട്ടുമാറാത്ത വിശപ്പ് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പുറമെ അവർ നേരിടുന്ന മാനസികമായ പ്രശ്നങ്ങൾ അതിഭീകരമാണ്. ബോംബിംഗ് ഭീഷണി നേരിടുന്ന വീടുകൾ, തകർന്ന സ്കൂളുകൾ, സുരക്ഷിതമല്ലാത്ത തെരുവുകൾ എന്നിവയ്ക്കിടയിൽ അവരുടെ കുട്ടിക്കാലം, നിരന്തരമായ ദുർബലതയുടെ ഇടമായി മാറുന്നു. മതിയായ അത്താഴം കഴിക്കാതെ ഉറങ്ങുന്ന കുട്ടികളോ, ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഭക്ഷണത്തിനായി ദീർഘനേരം കാത്തിരുന്ന് തളർന്നുറങ്ങുന്നവരോ ആകും അവർ. ഇവിടെ, ഓരോ ഭക്ഷണവും ക്ഷമയുടെയും സഹിഷ്ണുതയുടെയും പരീക്ഷണമായി മാറുന്നു. കൂടാതെ കളിക്കുന്നതിലോ പഠിക്കുന്നതിലോ അവർക്ക് ശ്രദ്ധിക്കാനാവാതെ വരികയും ചെയ്യുന്നു. ചുരുക്കത്തിൽ, കണക്കുകളിലെ വിശപ്പും നിലവിലുള്ള വിശപ്പും തമ്മിലുള്ള വ്യത്യാസം ഇതാണ്; ആദ്യത്തേത് ഒരു പ്രസ്താവനയിലോ റിപ്പോർട്ടിലോ ഒതുങ്ങുമ്പോൾ, രണ്ടാമത്തേത് കുട്ടികൾ, പിതാക്കന്മാർ, ഉമ്മമാർ എന്നിവരുമായി ബന്ധപ്പെട്ട, ജീവിതത്തിന്റെയോ മരണത്തിന്റെയോ കഥയാണ്.
Algerian Journalist Bosta Masood’s writeup about the famine in Palestine