ഫലസ്തീനിൽ ഇസ്റായേൽ നടത്തുന്ന നരനായാട്ട് തുറന്നുകാട്ടുന്ന അനേകം സിനിമകളിൽ ഒന്നായ ദി വോയിസ് ഓഫ് ഹിന്ദ് റജബിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു എന്നതാണ് മോദിയുടെ ഇന്ത്യയിലെ പുതിയ വാർത്ത. ഇന്ത്യ-ഇസ്റായേൽ ബന്ധത്തെ സിനിമ ബാധിക്കുമെന്നതാണത്രെ അനൗദ്യോഗികമായി വന്ന സെൻസർ ബോഡിന്റെ വിലയിരുത്തൽ. ഇസ്റായേലിന്റെ സാമ്രാജ്യത്വ വിരുദ്ധതക്കെതിരെ പുറത്തുവന്ന അതിശക്തമായ കലാവിഷ്കാരമെന്ന നിലക്ക് ലോകവ്യാപക സ്വീകാര്യത നേടിയ സിനിമ, നമ്മുടെ രാജ്യത്തെ ഇത്രമേൽ അസ്വസ്ഥപ്പെടുത്തുന്നുവെന്നത് ഏറെ ഖേദകരമാണ്.
പേരുതന്നെ പറഞ്ഞുവെക്കുന്നപോലെ, അടിമുടി ഹിന്ദ് റജബ് എന്ന കൊച്ചുകുട്ടിയുടെ ശബ്ദമാണ് ഈ ഡോക്യുഡ്രാമയുടെ ഗതി നിർണയിക്കുന്നത്. അതിശാന്തമായി കണ്ടുതുടങ്ങുന്നിടത്തുനിന്ന്, പതിയെ ഒരു വിങ്ങലായും, അവസാനം ഒരു പൊട്ടിക്കരച്ചിലായും ആ കുട്ടിയുടെ ശബ്ദം കാഴ്ചക്കാരന്റെ ഉള്ളുലക്കും. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ക്രൂരതയെക്കുറിച്ച് നിരവധി ഡോക്യുമെന്ററികളും ഫിക്ഷണൽ സിനിമകളും ഉണ്ടായിട്ടുണ്ടെങ്കിലും യുദ്ധത്തിന്റെ ഒരു ദൃശ്യം പോലും നേരിട്ട് കാണിക്കാതെ, ശബ്ദങ്ങളിലൂടെ മാത്രം ഇസ്രായേൽ ഭീകരത തുറന്നു കാണിച്ചു എന്നതാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്.
2024 ജനുവരി 29. ഗസ്സ സിറ്റിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകിയതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ഒഴിഞ്ഞുപോയിത്തുടങ്ങിയ സമയം. അമ്മാവനും അമ്മായിക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു ഹിന്ദ്. പെട്ടെന്ന് ഇസ്രായേൽ സൈന്യം ഇവരെ തടയുകയും കാറിന് നേരെ തുരുതുരാ വെടിയുതിർക്കുകയും ചെയ്തു. അമ്മാവനും അമ്മായിയും രണ്ടു സഹോദരങ്ങളും കൊല്ലപ്പെട്ടു. ഹിന്ദും 15 വയസ്സുകാരിയായ സഹോദരി ലയാൻ ഹമാദും മാത്രം ജീവനോടെ ബാക്കി. കയ്യിൽ കിട്ടിയ ഫോണെടുത്ത് ലയാൻ ഫലസ്തീനിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റിന്റെ ഓഫീസിലേക്ക് സഹായാഭ്യർഥനയുമായി വിളിച്ചു. വിറച്ചുകൊണ്ട് കാര്യങ്ങൾ പറഞ്ഞുതീർക്കും മുമ്പേ ലയാനും വെടിയേറ്റു. പിന്നീട് നിശ്ചലമായ ആ ശരീരങ്ങൾക്കിടയിൽ ആറു വയസ്സുകാരി കുഞ്ഞു റജബ് മാത്രം! അവിടുന്നിങ്ങോട്ട് റജബ്, റെഡ് ക്രസന്റിന്റെ ഓഫീസുമായി സംസാരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
റജബിന്റെ ശബ്ദമാണ് തുടർന്ന് ചിത്രം നിയന്ത്രിക്കുന്നത്. ഞാനും ബന്ധുക്കളും സഞ്ചരിച്ച കാറിനു നേരെ ഇസ്രയേൽ ആക്രമണം ഉണ്ടായി എന്നും ഒപ്പമുണ്ടായിരുന്നവരുടെ ശരീരത്തിൽ മുഴുവൻ രക്‌തമാണെന്നും വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും പറഞ്ഞാണ് ഹിന്ദ് റജബ് സംസാരം തുടങ്ങുന്നത്. പൂർണമായും റെക്കോർഡ് ചെയ്ത ഒറിജിനൽ ഓഡിയോയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. സമയമില്ല…, അവർ ഷൂട്ട് ചെയ്യുന്നു…, എന്റെ കൂടെ ആരുമില്ല…, വേഗം വാ…, എന്നെ രക്ഷിക്കൂ… എന്നിങ്ങനെ കുഞ്ഞു റജബ് കരയുമ്പോൾ റെഡ് ക്രസന്റിലെ വളണ്ടിയർമാരെന്ന പോലെ കാഴ്ചക്കാരും കരച്ചിൽ നിയന്ത്രിക്കാൻ പാടുപെടും. ഖുർആൻ ഓതിയും ദുആ ചെയ്തുകൊടുത്തുമൊക്കെ ഓഫീസിലെ വളണ്ടിയർമാർ റജബിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. കൂടെയുള്ളവരെല്ലാം മരിച്ചു എന്നുറപ്പായപ്പോൾ, സമാധാനിപ്പിക്കാനായി അവരൊക്കെ ഉറങ്ങുകയാവും, ഉറങ്ങിക്കോട്ടെ എന്ന് വളണ്ടിയർമാർ പറഞ്ഞപ്പോ, അവരെല്ലാം മരിച്ചു എന്ന് കുഞ്ഞു റജബ് പറയുന്ന രംഗം വിങ്ങലോടെയല്ലാതെ കണ്ടുതീർക്കാനാവില്ല. ഇടക്ക് ടാങ്കറുകളുടെ ഉഗ്രശബ്ദം ഉയർന്നുവരുമ്പോൾ റജബിന്റെ ശബ്ദം ഒരു കരച്ചിലായി മാറുകയും പ്രേക്ഷകരെ പിടിച്ചുലക്കുകയും ചെയ്യും.
മൂന്ന് മണിക്കൂറോളമാണ് റെഡ് ക്രസന്റ് സംഘം റജബിനെ ആശ്വസിപ്പിച്ചു നിർത്തിയത്. അവൾക്കു മുമ്പിൽ കരച്ചിലടക്കാൻ പലപ്പോഴും അവർ പെടാപ്പാടു പെടുന്നുണ്ട്. അവസാനം, നീണ്ട ശ്രമങ്ങൾക്കുശേഷം റോഡ് ക്ലിയറൻസ് ലഭിച്ച് രണ്ട് പാരാമെഡിക്കുകളുള്ള ആംബുലൻസ് അവളുടെ ലൊക്കേഷനിൽ എത്തുമ്പോൾ കൺട്രോൾ റൂമിലെന്ന പോലെ കാഴ്ചക്കാരനെയും സന്തോഷാശ്രു വന്നു പൊതിയും. പക്ഷേ, നിമിഷങ്ങൾക്കകം ഒരുഗ്ര വെടിശബ്ദം കേൾക്കുകയും റജബിന്റെ കോൾ കട്ടാവുകയും ചെയ്യുന്നതോടെ വീണ്ടും തേങ്ങലുകൾ സ്ക്രീനിൽ തെളിയുന്നു. ഹിന്ദ് റജബിനെയും രക്ഷിക്കാനെത്തിയ ആംബുലൻസിലെ ഡ്രൈവർമാരായ യൂസുഫിനെയും അഹ്മദിനെയും ഇസ്രായേൽ സൈന്യം നിഷ്‌കരുണം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷമാണ് അവരുടെ ജീവനറ്റ ശരീരം കണ്ടെടുക്കുന്നത്. 355 വെടിയുണ്ടകളാണത്രെ റജബ് സഞ്ചരിച്ച വാഹനത്തിനു നേരെ ഇസ്റായേൽ നരാധമന്മാർ ഉതിർത്തത്! സിനിമയുടെ അവസാനത്തിൽ റജബും കുടുംബവും സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങളും കുഞ്ഞു റജബിന്റെ മറ്റു ചില ഒറിജിനൽ ഫൂട്ടേജുകളും ചേർക്കുന്നുണ്ട്. അതോടെ കാഴ്ചക്കാരൻ നിയന്ത്രിക്കാനാവാത്തവിധം വികാരപ്പെടും.
വലിയ സ്വീകാര്യതയാണ് ചിത്രത്തിന് രാജ്യാന്തര തലത്തിൽ ലഭിച്ചത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ചിത്രം ഫ്രഞ്ച് ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയയാണ് സംവിധാനം ചെയ്തത്. 82-ാം വെനീസ് ചലിച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രം നേടി. വെനീസിൽ പുതിയ റെക്കോർഡ് കുറിച്ച്, 24 മിനിറ്റോളമാണ് കാണികൾ ഈ ചിത്രത്തിന് എഴുന്നേറ്റുനിന്ന് കൈയടിച്ചത്. ഹിന്ദ് റജബിന്റെ ഉമ്മ വിസം ഹമാദയും ചലച്ചിത്രോത്സവത്തിൽ എത്തിയിരുന്നു. സിനിമയുടെ ക്ലൈമാക്‌സിൽ മകൾ മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചെന്ന് വിതുമ്പലോടെ അമ്മ പറഞ്ഞു. തൻ്റെ ഓരോ സ്വപ്നത്തിലും മകൾ മടങ്ങി വരുമെന്ന പ്രതീക്ഷയാണ്. അതൊരിക്കലും ഉണ്ടാകില്ലെന്ന് അറിയാമെങ്കിലും യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും നിറ കണ്ണുകളോടെ ആ ഉമ്മ പറഞ്ഞു.
യു.എസ്, യു.കെ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നുണ്ടെന്നിരിക്കെ, ഇസ്റായേലുമായുള്ള ബന്ധം തകരുമെന്ന പേരുപറഞ്ഞ് ഇന്ത്യയിൽ ഈയൊരു കലാവിഷ്കാരത്തിന് പ്രദർശനാനുമതി നിഷേധിക്കുന്നത് തീർത്തും ബാലിശമാണ്. ട്യുനീഷ്യൻ നിർമ്മിത ചിത്രമായ ഇതിൻ്റെ വിതരണാവകാശം ഓസ്കാർ നോമിനേഷൻ ലഭിക്കുന്നതിനും എത്രയോ മുമ്പ് വെനീസിൽ വെച്ച് ഏകദേശം ഒരു കോടി രൂപക്കാണ് നന്ദ്‌വാന വാങ്ങിയത്. എന്നാൽ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള (BIFFES), ഗോവയിലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) തുടങ്ങി നിരവധി മേളകളിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കപ്പെട്ടു. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (KIFF) മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്.
ഹിന്ദ് റജബ് ഒരു പ്രതീകമാണ്. യുദ്ധക്കൊതിയന്മാരായ ഇസ്റായേലിന്റെ മനസ്സാക്ഷിയില്ലായ്മയുടെയും കാടത്തത്തിന്റെയും പ്രതീകം. റജബിന് മുമ്പും ശേഷവും കൊല്ലപ്പെട്ട ലക്ഷക്കണക്കിന് കുട്ടികൾ ലോകത്തിനു മുന്നിൽ ഉയർത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ഇന്നും അതിനു മുന്നിൽ നിസ്സഹായരായി നിൽക്കാനേ മിക്ക മനുഷ്യാവകാശ സംഘടനകൾക്കും സംവിധാനങ്ങൾക്കും സാധിച്ചിട്ടുള്ളൂ. വെടിനിർത്തലും സന്ധികളും വെറും ഔപചാരികത മാത്രമാണവിടെ പലപ്പോഴും. പിതാവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ ഒന്നര വയസ്സുകാരന്റെ കുഞ്ഞുദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ആണി കുത്തിയിറക്കുകയും ചെയ്ത ഇസ്റായേൽ ക്രൂരതയുടെ വാർത്തകൾ പുറത്തുവന്നത് വെറും രണ്ടു ദിവസങ്ങൾ മുമ്പുമാത്രമാണ്. ഫലസ്തീനു മേലുള്ള ഇസ്റായേൽ അധിനിവേശം തീർന്നെന്നു വരുത്തി ബി.ഡി.എസ് മൂവ്മെന്റുകളോട് പുറന്തിരിയുന്ന കാഴ്ചകളും കുറവല്ല. സ്വതന്ത്ര ഫലസ്തീൻ സാധ്യമാവുന്നതുവരെ, ഇസ്റായേലിന്റെ എല്ലാവിധ വെടിനിർത്തൽ പ്രഖ്യാപനങ്ങളെയും വെറുംവാക്കുകളായേ കാണാവൂ. ഒപ്പം, ഇസ്റായേൽ ക്രൂരതക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയും വേണം.
Article on the banning of the Oscar-nominated docudrama, The Voice of Hind Rajab, in India