1244 ലാണ് റൂമിയും ശംസ് തബ്രീസിയും ആദ്യമായി കണ്ടുമുട്ടിയത്. ഈ കണ്ടുമുട്ടലിനെപ്പറ്റി നിലവിലുള്ള കഥകളിലൊന്ന് ഇപ്രകാരമാണ്: സ്വദേശമായ കൊനിയയിൽ ഒരു നീരുറവക്കടുത്തിരുന്ന്, തന്റെ പിതാവ് രചിച്ച തത്ത്വജ്ഞാനഗ്രന്ഥമായ ‘മആരിഫ്’ വ്യാഖ്യാനിച്ച് ശിഷ്യസമൂഹത്തോട് സംസാരിക്കുകയായിരുന്നു റൂമി. അപ്പോൾ ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കിവന്ന ശംസ് ആ പുസ്തകത്തിലെ താളുകൾ ചീന്തിയെടുത്ത് വെള്ളത്തിലെറിഞ്ഞു. ‘നീ ഇതുവരെ വായിക്കുകയായിരുന്നു; ഇനി വായിച്ചതുപോലെ ജീവിച്ചാൽ മതി’ എന്നായിരുന്നു ന്യായം. അപ്പോഴും നഷ്ടപ്പെട്ട താളിയോലകളിൽ കണ്ണുനട്ടിരുന്ന റൂമിയോട് ശംസ് ആക്രോശിച്ചു: ‘വേണമെങ്കിൽ വെള്ളത്തിൽനിന്ന് വീണ്ടെടുക്കാം; അവ മുമ്പത്തെപ്പോലെ വരണ്ടിരിക്കും!’ അദ്ദേഹം ചില താളുകൾ തിരിച്ചെടുത്ത് റൂമിയെ കാണിച്ചു. അത്ഭുതം! പറഞ്ഞതുപോലെത്തന്നെ. ഇത്തിരി പോലും നനഞ്ഞിട്ടില്ല. ശംസും റൂമിയും തമ്മിലുള്ള ആത്മീയസൗഹൃദത്തിന്റെ കൂടി ആരംഭമായിരുന്നു ഈ സംഗമം.
ഒരു ദിവസം കോവർക്കഴുതയുടെ പുറത്തേറി പെമ്പഫുർസാൻ സത്രത്തിലേക്ക് പോവുകയായിരുന്നു റൂമി. ശേകെരിസാൻ തെരുവീഥിയിൽവച്ച് ശംസ് തബ്രീസി അദ്ദേഹത്തെ തടഞ്ഞുനിർത്തി ചോദിച്ചു: ‘ഇസ്‌ലാമിന്റെ മഹാനായ നേതാവേ, മുഹമ്മദ് നബിയാണോ ബായസീദുൽ ബിസ്ത്വാമിയാണോ ഉന്നതൻ?’ റൂമി ഉടനടി പ്രതികരിച്ചു: ‘ഇതെന്തു ചോദ്യം. തീർച്ചയായും മുഹമ്മദ് നബിയാണ് ഉന്നതൻ.’
ശംസ് തുടർന്നു: ‘അതല്ല മഹാനേ, എൻറെ ചോദ്യത്തിന്റെ മർമം വേണ്ടവിധം നിങ്ങൾക്ക് ബോധ്യമായില്ലല്ലോ. ബായസീദുൽ ബിസ്ത്വാമി പറഞ്ഞത് ‘ഞാൻ എത്ര പരിശുദ്ധൻ, ഞാൻ രാജാധിരാജൻ, എല്ലാ ന്യൂനതകളിൽനിന്നും മുക്തൻ’ എന്നൊക്കെയല്ലേ. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?’ ഉടനെ റൂമി പ്രതിവചിച്ചു: ‘ശരി, വിദ്യയുടെ ഒരു തുള്ളി നുകർന്നപ്പോൾതന്നെ ബായസീദിന്റെ ദാഹം ശമിച്ചു. അവരുടെ ജ്ഞാനചഷകം അപ്പോൾതന്നെ കവിഞ്ഞൊഴുകി. ദിവ്യവെളിച്ചം സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ ജാലകത്തിന്റെ പ്രാപ്തിക്കനുസരിച്ചേ പ്രകാശം കിട്ടിയുള്ളൂ. എന്നാൽ മുഹമ്മദ് നബിയുടെ ദാഹം അത്യധികമായിരുന്നു. അവിടന്ന്, ദിവ്യസ്നേഹത്തിൻറെ തെളിനീരിനായി ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഖുർആൻ പറയുന്നല്ലോ: താങ്കളുടെ ഹൃദയം നാം വിശാലമാക്കിയില്ലേ?’.
ഇതു കേട്ട മാത്ര ശംസ് അട്ടഹസിച്ചു. റൂമി കഴുതയുടെ പുറത്തുനിന്ന് വീണു. ഈ സംഭാഷണം കഴിഞ്ഞശേഷം റൂമിയും ശംസും സ്വലാഹുദ്ദീൻ സെർകൂബിന്റെ വീട്ടിൽ ചെന്നു. അവിടെ മാസങ്ങളോളം തങ്ങി. ദൈവിക വിഷയങ്ങൾ ചർച്ച ചെയ്തു. ആയിരക്കണക്കിന് ചോദ്യോത്തരങ്ങൾ പരസ്പരം കൈമാറി. അവർ സമാ എന്ന പരമ്പരാഗത നൃത്തം ചവിട്ടി. റൂമിക്കുവേണ്ടി മസ്നവി എഴുതിക്കൊടുത്ത ഹുസാമുദ്ദീൻ ശലബി അദ്ദേഹത്തിന്റെ മുഴുവൻ സ്വത്തും ശംസിനുവേണ്ടി ത്യജിക്കുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. റൂമിയെ പ്രേമഭിക്ഷു എന്ന അവസ്ഥയിൽനിന്ന് ദിവ്യാനുരാഗിയാക്കി മാറ്റിയത് ശംസ് തബ്രീസിയായിരുന്നു.
‘റൂമി ശംസിന്റെ സാന്നിധ്യത്തിൽ ഒരുപാട് പാഠങ്ങൾ പഠിച്ചു. മുമ്പേ വലിയ ജ്ഞാനങ്ങൾ നേടിയ പണ്ഡിതനാണെങ്കിലും ശംസിന്റെ മുന്നിൽ പുതിയ വിദ്യാർഥിയെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. അവിടെനിന്നാണ് റൂമിയെ അറബികൾക്കോ അനറബികൾക്കോ പരിചയമില്ലാത്ത അത്ഭുതലോകത്തേക്ക് ശംസ് ആനയിച്ചുകൊണ്ടുപോയത്’ എന്ന് ഗ്രന്ഥങ്ങളിൽ കാണാം.
ഒരിക്കൽ റൂമി ശംസ് തബ്രീസിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹം പറഞ്ഞു: ‘ഈ വീട് മതിയാവില്ലെന്നറിയാം, എങ്കിലും ഞാൻ താങ്കളെ ആത്മാർഥമായി സ്നേഹിക്കുന്നു. എനിക്കുള്ളതെല്ലാം നിങ്ങളുടേതുമാണ്. നിസ്സംശയം നിങ്ങൾ എൻറെ യജമാനനാണ്’. റൂമിയുടെ പുത്രൻ വലീദ് അവരുടെ ആത്മബന്ധത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നത് കാണാം. അദ്ദേഹം പറയുന്നു: ‘അവരുടെ സംഗമം സർവജ്ഞനാണെന്ന് കരുതിയ മൂസാ നബിയും ജ്ഞാനസ്വരൂപമായ പ്രവാചകൻ ഖളിറും സംഗമിച്ചതു പോലെയായിരുന്നു. ഖളിർ നബിയുടേത് സീമകളില്ലാത്ത ജ്ഞാനസാഗരം; ദൈവത്തിൽനിന്ന് നേരിൽ കിട്ടിയ ബ്രഹ്മജ്ഞാനം.’
ശംസ് വന്നതിൽ പിന്നെ റൂമി അനാദിവിദ്യയിൽ മുഴുകാൻ തുടങ്ങി. കർണസുഖപ്രദമായ ധർമപ്രഭാഷണങ്ങൾ അദ്ദേഹം നിർത്തിവച്ചു. ഇത് ശിഷ്യഗണങ്ങളെ ചൊടിപ്പിച്ചു. അവർക്ക് ശംസിനോട് ശത്രുത തോന്നി. റൂമി തന്റെ പതിവ് പ്രാർഥനകൾക്കൊപ്പം സമാ നൃത്തം ചവിട്ടാനും ഗായകരുടെയും ഖവാലിക്കാരുടെയും കൂടെ കൂടാനും തുടങ്ങി. പണ്ഡിതന്റെ മകനായ ഗുരുവിന് ശരീഅത്തിന്റെ യഥാർഥ പന്ഥാവിൽനിന്ന് മാർഗഭ്രംശം സംഭവിച്ചുവെന്ന് പലർക്കും തോന്നി. ശംസിനെതിരെ പലരും രംഗത്തുവന്നു. പലതരത്തിലുള്ള അപവാദപ്രചാരണങ്ങളുണ്ടായി. അത് വലീദ് വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ജനങ്ങൾ പറഞ്ഞു: അദ്ദേഹം(റൂമി) ഞങ്ങളെ കൺതുറപ്പിച്ചു. കാണാൻ പ്രാപ്തരാക്കി. മനസ്സുകളെ അവിസന്നയോളം ജ്ഞാനനിർഭരമാക്കി. എന്നിട്ടിപ്പോൾ ആരാണിയാൾ(ശംസ്). ഞങ്ങളുടെ ഗുരുവിനെ അപഹരിക്കാൻ വന്നിരിക്കുന്നു; നദി അരുവിയെ ഒഴുക്കിക്കൊണ്ടുപോകുന്നതുപോലെ? ഇയാൾ ഒരു മന്ത്രവാദിയാവും. വല്ല കൂടോത്രവും ചെയ്ത് ഗുരുവിനെ വശപ്പെടുത്തിയതായിരിക്കും. ശംസ് ഒരു കുലീന തറവാട്ടുകാരനോ അറിയപ്പെട്ട വ്യക്തിയോ അല്ലല്ലോ, എവിടുന്ന് വന്നുവെന്നു പോലും നമുക്കറിയില്ല.’
സൂഫീസരണിയെത്തന്നെ നിന്ദിക്കുന്നവിധം ദുഷ്പ്രചാരണങ്ങളുണ്ടായപ്പോൾ ശംസ് കൊനിയ വിട്ട് ഡമസ്കസിലേക്കു പോയി. ശൈഖിന്റെ വിരഹവേദന സഹിക്കാനാകാതെ റൂമി ഭ്രാന്തചിത്തനായി. ഒരു അനാഥനെപ്പോലെ, സുപ്രസിദ്ധ സൂഫി ദുന്നൂനിൽ മിസ്രിയെപ്പോലെ അനുരാഗവിവശനായി അലയാൻ തുടങ്ങി. ശൈഖും മുഫ്തിയുമായിരുന്ന റൂമി ഇപ്പോൾ പ്രേമഭിക്ഷുവായ കവിയായി മാറിയിരിക്കുന്നു. മുന്തിരിവീഞ്ഞല്ല, പ്രത്യുത ദിവ്യപ്രകാശത്തിൻറെ ആത്മീയരസം നുകർന്ന് ഉന്മത്തനായ പ്രണയകവി. സമാ ചവിട്ടിയും പാട്ടു പാടിയും അദ്ദേഹം രാപകലുകൾ തള്ളിനീക്കി. ഭൂമിക്കു ചുറ്റും ഒരു ചക്രംപോലെ ഭ്രമണം ചെയ്തു. അദ്ദേഹത്തിന്റെ ആർത്തനാദവും രോദനവും എല്ലാവരും കേൾക്കുംവിധം ആകാശംമുട്ടെ ഉയർന്നു. സമ്പാദ്യങ്ങളെല്ലാം ത്യജിച്ചു. സ്വർണത്തിന്റെയും വെള്ളിയുടെയും നാണയങ്ങൾ ഗായകർക്ക് വിതരണം ചെയ്തു. ആടിയും പാടിയും തളർന്ന് അദ്ദേഹത്തിന്റെ കണ്ഠനാളങ്ങൾ വീർത്തുവരാൻ തുടങ്ങി. ഇത് വിവാദമായി. ജനങ്ങൾ പറയാൻ തുടങ്ങി: ‘മഹാപണ്ഡിതനും നേതാവുമായ ഇദ്ദേഹം കവിതകൾ ആലപിച്ചു നടക്കുന്നു. ജനങ്ങളും അദ്ദേഹത്തെ അനുഗമിച്ചു തുടങ്ങുന്നു. ഖുർആൻ മാത്രം ഓതിയിരുന്നവർ ദിവ്യാനുരാഗത്തിൻറെ മാസ്മരികതയിൽ മുഴുകി പാടാനും ആടാനും തുടങ്ങിയിരിക്കുന്നു’.
കുറച്ചു കാലങ്ങൾക്കുശേഷം ശംസ് തബ്രീസിയെ തേടി റൂമി മകൻ വലീദിനെ ഡമസ്കസിലേക്കയച്ചു. ഒരു കത്തും കൈവശം നൽകി. പിതാവിനെപോലെത്തന്നെ ശംസിന്റെ മാസ്മരിക സംസാരത്തിൽ ആകൃഷ്ടനായിരുന്നു വലീദും. അവിടെ വച്ച് ശംസിനെ കണ്ട രംഗം വലീദ് വിവരിക്കുന്നു: ‘ശംസ് സംസാരിക്കാൻ തുടങ്ങി; വായയിൽനിന്ന് മണിമുത്തുകൾ ചിതറിവീഴുന്നതുപോലെ. എന്റെ ഹൃദയത്തിലും ആത്മാവിലും സ്നേഹത്തിന്റെ പുതിയ അനുഭൂതി നിറച്ച സംസാരം. ഖുർആനെക്കുറിച്ചും പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുമുള്ള പറച്ചിലുകളിൽ ചില രഹസ്യങ്ങൾ പകർന്നു നൽകി. ഞാൻ ചിറകുകളില്ലാതെ ആകാശത്ത് പറക്കാൻ തുടങ്ങി. പിന്നെ നേരെ അല്ലാഹുവിന്റെ സിംഹാസനത്തിലേക്ക് ആനയിക്കപ്പെട്ടു. എന്റെ കണ്ണുകളിലെ മറകൾ നീങ്ങി. എന്റെ മുന്നിലെ രാത്രികൾ പകലുകളായി മാറി. സീമകളില്ലാത്ത ആഴിയിലേക്കാണ് അദ്ദേഹം എന്നെ കൊണ്ടുപോയത്. അപ്പോൾ എനിക്ക് മനസ്സമാധാനവും സ്വസ്ഥതയും ലഭിച്ചു. കൂട്ടിൽനിന്ന് സ്വതന്ത്രയായ പക്ഷിയെപ്പോലെ, എല്ലാവിധ ഭയാധികളിൽനിന്നും ഞാൻ മുക്തനായി’.
വലീദ് ശംസിന് കത്തുകൾ വായിച്ചു കേൾപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തപ്പോൾ കൊനിയയിലേക്കു മടങ്ങിവരാൻ അദ്ദേഹം സമ്മതിച്ചു. വൈകാതെ അവർ യാത്രയാരംഭിച്ചു. ശംസിനോടുള്ള ആദരവിന്റെ ഭാഗമായി വലീദ് കുതിരപ്പുറത്ത് കയറിയില്ല. 1247 ലാണീ സംഭവം. ഇരുവരും കൊനിയയിൽ തിരിച്ചെത്തുമ്പോൾ വലിയ ജനാവലിതന്നെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. റൂമിയുടെ ശിഷ്യന്മാർ തങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചു. പിന്നീട് റൂമി ശംസിനെക്കുറിച്ച് കവിതകൾ ആലപിക്കാൻ തുടങ്ങി. അതാണ് പിൽക്കാലത്ത് ദീവാനെ ശംസ് തബ്രീസി എന്ന പേരിൽ സമാഹരിക്കപ്പെട്ടത്. അവയിലെ ചില വരികൾ ചുവടെ ചേർക്കാം.
‘ശംസ് രുചിയും വീഞ്ഞുമാണ്, വീണയും വാദ്യവുമാണ്. അദ്ദേഹമാണ് മദ്യവും ലഹരിയും പ്രകാശവും അഗ്നിയും. ദുഃഖമോ വ്യസനമോ സന്താപമോ ആളിപ്പടർത്തുന്ന അഗ്നിയല്ല; അഭിമാനവും പ്രതാപവും നൽകുന്ന ഒരുതരം ലഹരിയാണ്.’
‘ശംസ് ഉദിച്ചുവന്നു, എന്റെ മനസ്സ് കവർന്നു. ദിവ്യാനുരാഗത്തിന്റെ വീഞ്ഞിനാൽ ഈ വാതിൽപൊളികളും ചുമരുകളും ഉന്മാദലഹരിയിലായി.’
‘സൂര്യനു തെളിവ് സൂര്യൻതന്നെ, നിങ്ങൾ തെളിവിനായി നെട്ടോട്ടമോടുന്നുവെങ്കിൽ മുഖം സൂര്യനിൽനിന്ന് തിരിക്കരുത്.’
‘നിശ്ശബ്ദത പാലിക്കൂ. എന്നാൽ, പുസ്തകങ്ങളിൽനിന്നോ പ്രഭാഷണങ്ങളിൽനിന്നോ കിട്ടാത്തവ ആ സൂര്യനിൽനിന്ന് കരഗതമാകും.’
അധികകാലം പിന്നിട്ടില്ല. അപവാദങ്ങൾ പിന്നെയും പ്രചരിച്ചു. തുർക്കുമാൻ വിഭാഗവും യാഥാസ്ഥികരും ശംസ് തബ്രീസിയെ സംശയദൃഷ്ടിയോടെ കാണാൻ തുടങ്ങി. അദ്ദേഹം ഇസ്‌ലാമിക വിശ്വാസം തകർക്കുകയാണെന്ന് അവർ കരുതി. എങ്ങനെയെങ്കിലും അദ്ദേഹത്തെ ഇല്ലാതാക്കാനായി തീരുമാനം. ശംസിന്റെ തിരോധാനത്തെക്കുറിച്ച് രണ്ടു പക്ഷമുണ്ട്. ഒന്നുകിൽ 1247 ൽതന്നെ അദ്ദേഹം എന്നെന്നേക്കുമായി കൊനിയ വിട്ടുപോയി. അല്ലെങ്കിൽ റൂമിയുമായി സംഭാഷണത്തിലായിരിക്കെ ഏഴംഗ സംഘം ശംസിനെ പുറത്തു കൊണ്ടുപോയി വകവരുത്തി. എന്നാൽ വലീദ് പറയുന്നത് ശംസ് എന്നെന്നേക്കുമായി മറഞ്ഞു എന്നാണ്. ഈ നിഗമനമാണ് കൂടുതൽ ശരിയെന്നു തോന്നുന്നത്. കാരണം, പിന്നീട് റൂമി പല തവണ അദ്ദേഹത്തെ അന്വേഷിച്ച് ഡമസ്കസിൽ പോയി നിരാശനായി മടങ്ങിയത് ചരിത്രത്തിലുണ്ട്. ശംസ് ശരിക്കും അപ്രത്യക്ഷനായതു തന്നെയാകും, അല്ലാതെ തന്റെ യജമാനന്റെ അന്തിമയാത്രയെക്കുറിച്ച് തീരെ ബോധമില്ലാത്തയാളായിരുന്നു റൂമിയെന്ന് വിശ്വസിക്കാനാവില്ലല്ലോ. ഒടുവിൽ റൂമി ശംസിനെ തിരയുന്നത് അവസാനിപ്പിച്ചു. അദ്ദേഹത്തെ തന്നിൽതന്നെ റൂമി കണ്ടെത്തി: അദ്ദേഹം പറഞ്ഞു: ‘ഞാൻ അദ്ദേഹം(ശംസ്) തന്നെയായതിനാൽ പിന്നെയെന്തിന് അന്വേഷിച്ചു നടക്കണം. അദ്ദേഹത്തെപോലെ ഞാൻ ഇനി സ്വയം സംസാരിക്കും: നീ സ്വന്തം ഗുരുവിനെ യഥാവിധി അറിയുമ്പോൾ മറകളില്ലാതെ ദൈവത്തെ അറിയുന്നു.’
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച ശംസ് തബ്‌രീബി; പ്രണയത്തിന്റെ പ്രമാണങ്ങള്‍ എന്ന പുസ്തകത്തില്‍നിന്ന്)
Rand Samudrangalude Sangamam; Meeting of Rumi with Shams Tabrizi