ഞായറാഴ്‌ചക്കുർബാന കഴിഞ്ഞ് പള്ളിയിൽ ആളുകളുടെ തിരക്കൊഴിയുന്നതേയുള്ളൂ. സെമിത്തേരിയിൽ നിൽക്കുമ്പോൾ കിട്ടുന്ന മനഃശാന്തിക്ക് മനുഷ്യ ശബ്ദങ്ങൾ ഒരു തടസ്സമാണ്. റോസി മതിലിനിപ്പുറം കാർ നിർത്തിയിട്ട് പലതും ചിന്തിച്ചു കൂട്ടി.
‘എന്താ മോളേ. കുർബാനക്ക് കയറിയില്ലേ?’
അന്നമ്മച്ചേടത്തിയുടെ ശബ്ദം കേട്ട് റോസി കാറിൻ്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. തിരിഞ്ഞുനിന്ന് ബാക്‌സീറ്റിൻ്റെ ഡോർ തുറന്ന് അവളെ കൈപിടിച്ചു പുറത്തിറക്കി. രണ്ട് പേരും പള്ളിമണിയുടെ ശബ്ദത്തിനനുസരിച്ച് കാലടികൾ വച്ചു. റോസി നേരെ പോയത് സെമിത്തേരിയിലേക്കാണ്. കയ്യിൽ കരുതിയ ബൊക്കെകളിൽ ഒന്ന് അവളുടെ കയ്യിൽ കൊടുത്തു.
‘ഫ്രാൻസിസ് തെക്കേടത്തിൽ എന്ന് കൊത്തിവച്ച വെണ്ണക്കല്ലിൻ ചുവട്ടിൽ അവളാ പൂക്കൾ സമർപ്പിച്ച് കുറച്ചു സമയം മൗനമായി പ്രാർഥിച്ചു. മൗനത്തിൻ്റെ ഒടുക്കം പതിവ് കണ്ണുനീർച്ചാലുകൾ ആ ശവക്കല്ലറക്ക് മുകളിൽ പതിയെ ഒഴുകി. എന്തോ മറന്നെന്നപോലെ പെട്ടെന്നവൾ പിറകിലേക്ക് തിരിഞ്ഞുനോക്കി. അവൾ നിന്ന നിൽപ്പു തന്നെയാണ്. ആറു വർഷങ്ങളായി അവളെ ഇവിടെ കൊണ്ടുവരാറുണ്ടെങ്കിലും എന്തിനാണ് വരുന്നതെന്നോ ആർക്കാണ് പൂക്കൾ സമ ർപ്പിക്കുന്നതെന്നോ അവൾക്കിതുവരെയറിയില്ല.
ജീവിതത്തിലെ സകലതും നഷ്ടപ്പെട്ട ആ ദിവസത്തിൻ്റെ ജീർണിച്ച ഓർമകൾക്ക് വീണ്ടും പുതുമ കൈവന്നിരിക്കുന്നു. ഫ്രാൻസിസിൻ്റെ കൂടെയുള്ള അവസാനത്തെ നിമിഷങ്ങളോർത്ത് അവൾ വീണ്ടും വീണ്ടും പൊട്ടിക്കരഞ്ഞു.
‘റോസി…’
റോസി തിരിഞ്ഞുനോക്കി. ഫാദർ ജോൺ മത്തായിയാണ്. അദ്ദേഹത്തിനറിയുന്നത് പോലെ ഇടവകയിലെ മറ്റൊരു മനുഷ്യനും റോസിയെ അറിയില്ല. ഫ്രാൻസിസ് റോസിയെ വിളിച്ചിറക്കിക്കൊണ്ട് പോന്നപ്പോൾ രണ്ടുപേരുടെയും കെട്ട് നടത്തിക്കൊടുത്തതും ഇടവകയിലൊരു വാടകവീട് ശരിപ്പെടുത്തിക്കൊടുത്തതുമെല്ലാം ഫാദറാണ്.
‘മിനി മോളെന്താ മിണ്ടാതെ നിൽക്കുന്നത്?’
‘മോള് വാ.’ ഫാദർ പറഞ്ഞു.
റോസി അവളെയും കൂട്ടി മറ്റൊരു കല്ലറക്കരികിൽ ചെന്നു നിന്നു. പേരെഴുതാത്ത ശവക്കല്ലറക്ക് മുകളിൽ ആ ആറു വയസ്സുകാരി പൂക്കൾ സമർപ്പിച്ചു. ഫാദറിനെയും റോസിയെയും മാറി മാറി നോക്കി. സെമിത്തേരിയിൽനിന്നും പുറത്തു കടന്ന് ഒരു വാകമരത്തണലിൽ ഒറ്റക്കിരുന്നു.
‘ആ കുഞ്ഞിക്കുരുവിക്കറിയാമോ താൻ കൂടുകൂട്ടേണ്ട മരച്ചില്ലയാണ് ഇവിടെ വീണുകിടക്കുന്നതെന്ന്?’
ഫാദർ നിസ്സംഗമായി അവളെയൊന്ന് നോക്കി.
‘ഇല്ല ഫാദർ, അവൾക്കൊന്നുമറിയില്ല. ഇപ്പോൾ അവൾക്ക് ഞാനും എനിക്കവളും മാത്രമേയുള്ളു.’
‘പള്ളി വക ട്രസ്റ്റ് അവളെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ചിരുന്നു. ഞാൻ റോസിയുടെ കാര്യം ചിന്തിച്ചതുകൊണ്ട് അതിനൊരു മറുപടി കൊടുത്തിട്ടില്ല.’
‘വേണ്ടച്ചാ. അവളെയെനിക്ക് ദൈവം തന്നതാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും തണൽ നഷ്ടപ്പെട്ട ആ രാത്രിയിലാണ് ഞങ്ങളൊന്നായതും.’
‘റോസി പതിവ് തെറ്റിച്ചില്ലല്ലോ. എന്നാ ഒക്കെ വിശേഷങ്ങൾ?’
മേരി സിസ്റ്റർ ആണ്. അവരെ പള്ളിയിൽ വരുമ്പോഴൊക്കെ കാണാറുണ്ടെങ്കിലും ‘റോസി’ എന്നൊരു വിളിയല്ലാതെ മറ്റൊന്നും പരസ്പ്‌പരം സംസാരിക്കാറില്ല.
അപ്രതീക്ഷിതമായി അവർ റോസിയോട് ചോദിച്ചു.
‘ശരിക്കും അന്നെന്താണ് സംഭവിച്ചത്.’
റോസി ഒരു നിമിഷം സംശയിച്ചു.
‘ഇല്ല റോസി. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. നീ പറയാനാഗ്രഹിക്കുന്നുവെങ്കിൽ പറഞ്ഞോളൂ.’
റോസി സിസ്റ്ററെയും കൂട്ടി പതുക്കെ നടന്നു.
‘ഞാനും ഫ്രാൻസിച്ചായനും കൂടി ക്ലബ്ബിലൊരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇച്ചായൻ സ്വൽപം മദ്യപിച്ചിരുന്നത് കൊണ്ട് വണ്ടി ഞാനോടിക്കാം എന്ന് പലതവണ പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. സ്‌പീഡിൽ പാഞ്ഞടുത്ത ഞങ്ങളുടെ കാറിൽ എന്തോ വന്നു തട്ടി വണ്ടി മറിഞ്ഞു. എൻ്റെ മടിയിൽ കിടന്ന് രക്തം വാർന്ന് പിടയുന്ന ഇച്ചായൻ്റെ മുഖം മനസ്സിൽ തികട്ടിവരുന്നു ഫാദർ… കരഞ്ഞുതളർന്ന് സീറ്റിനടിയിൽപെട്ട് എൻ്റെ കാലുകൾ വലിച്ചൂരുന്നതിനിടയിലാണ് രക്തം പുരണ്ട ആ കൈ ഗ്ലാസ്സിൽ വന്നു തൊട്ടത്. പിന്നീടത് താഴേക്കൂർന്നിറങ്ങി.
വിജനമായ ആ വനപ്രദേശത്തെ അരണ്ട വൈദ്യുത വിളക്കിൽ ഞാനാ രൂപം കണ്ടു. നിറവയറുമായി കുഴിഞ്ഞ കണ്ണുകളടഞ്ഞു മരണത്തിലേക്ക് പോകുന്ന ഒരു സ്ത്രീരൂപം. വർഷങ്ങളായി എണ്ണ തൊടാത്ത ആ മുടിയിഴകളിലൂടെ രക്തമൊലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഇരുകാലുകളിലൂടെയും അരിച്ചിറങ്ങുന്ന ആ രക്തച്ചാലുകൾ കണ്ടപ്പോഴാണ് എനിക്ക് വീണ്ടും ജീവിക്കണമെന്ന് തോന്നിയത്. വിണുകിടക്കുന്ന ആ മരച്ചില്ലയിൽനിന്ന് ചിറക് മുളക്കാത്ത, കണ്ണുകീറാത്ത ആ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്ന് തോന്നിയത്.
ദൈവം മണ്ണിലിറക്കിയ ആ ലോറി ഡ്രൈവർ കനിഞ്ഞില്ലായിരുന്നെങ്കിൽ ഞാനും എൻ്റെ മിനിമോളും ഈ കല്ലറകളിൽ മണ്ണായി തീർന്നേനെ.’
റോസിയുടെ കണ്ണുനീർ കരഞ്ഞു തന്നെ തീർക്കട്ടെയെന്ന് കരുതി ഫാദറൊന്ന് മാറി നിന്നു.
‘സിസ്റ്റർ, എൻ്റെ ഭർത്താവാണ് അവളുടെ അമ്മയെ കൊന്നതെന്ന് മിനിമോൾ ഒരിക്കലും അറിയരുത്. അറിഞ്ഞാൽ അവളെന്നെ വെറുക്കും.’
‘ഇല്ല റോസി, അവളുടെ അമ്മ തെരുവിലലഞ്ഞു നടന്ന് ഈ പെൺകുഞ്ഞിനെ പ്രസവിച്ച് ആ തെരുവിലേക്ക് തന്നെയാണ് ഇട്ടു കൊടുക്കുന്നത്. അച്ഛനാരാണെന്നറിയാത്ത അവളും അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വന്നേക്കാം. ക്രുദ്ധരായ കഴുകന്മാരുടെ കാലിനടിയിൽ ഞെരിഞ്ഞമർന്നില്ലാതായേക്കാം. ആ വിധിയിൽ നിന്നൊക്കെയാണ് നീയും നിൻ്റെ ഭർത്താവും ഇവളെ രക്ഷിച്ചിരിക്കുന്നത്. നീ സമാധാനമായിട്ട് പോയി വരൂ. എല്ലാം ദൈവനിശ്ചയം.’
ഫ്രാൻസിസിൻ്റെയും മീനുമോളുടെ അമ്മയുടെയും കല്ലറകളിലേക്കൊന്ന് തിരിഞ്ഞു നോക്കിയിട്ട് റോസി സെമിത്തേരി വിട്ട് നടന്നു.
‘മമ്മാ…’
റോസി അവളെയും ചേർത്തുപിടിച്ച് മുന്നോട്ടു നടന്നു.
കടലാഴങ്ങളിൽ തിരതല്ലുവാനുള്ള കണ്ണീർകടലുകൾ നെഞ്ചിനുള്ളിൽ ബാക്കിയാക്കി ആ വീണ മരച്ചില്ലകൾ ആത്മനിർവൃതിയിൽ ലയിച്ചു.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച റായ്ഗല്ലിയിലെ സംഗീതരാവുകള്‍ എന്ന പുസ്തകത്തില്‍നിന്ന്)
Suhaila Vellila’s story Perillatha Kallara from the collection Raigalliyile Sangeetharavukal